Foto

മറവിൽ തിരിവിൽ അപകടം.....

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാഷ്ട്രമാണ് ഫെഡറൽ റിപ്പബ്ലിക് ഓഫ് സോമാലിയ. ഫെഡറൽ, റിപ്പബ്ലിക് എന്നീ പദങ്ങൾ പേരിലുണ്ടെങ്കിലും ഏകാധിപത്യം ഭരണമാണ് നിലവിലുള്ളത്. ഏത്യോപ്യാ ഏദൻ, കെനിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന കേവലം 1.54 കോടി മാത്രം ജനസംഖ്യയുള്ള ഈ ചെറിയ രാജ്യത്ത് വിവിധ ഗോത്രങ്ങളുടെ തലവന്മാർ ചേരിതിരിഞ്ഞുള്ള സംഘട്ടനത്തെത്തുടർന്ന് ആഭ്യന്തരമായി ക്രമസമാധാനനില വലിയ അപകടത്തിലാണ്.
ആഫ്രിക്കൻ പ്രവിശ്യയിൽ ഏറ്റവുമധികം സമുദ്രതീരം ഉള്ള രാജ്യമാണ് സോമാലിയ. അതുവഴി ജനങ്ങൾ ജീവസന്ധാരണത്തിനായി മത്സ്യബന്ധനത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ എന്താണ് ഇപ്പോഴത്തെ സ്ഥിതി. ലോകത്തിന്റെ നാവിക ഭൂപടത്തിൽ ഏറ്റവും അപകടം പിടിച്ച സ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്ന ദേശമായി സോമാലിയ മാറിയിരിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിലായി അധികാരം കയ്യാളിയിരുന്ന ദുർബലരും, രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയും കൂറും ഇല്ലാത്ത ഭരണാധികാരികളെ വേണ്ടവണ്ണം കൈകാര്യം ചെയ്ത് പാശ്ചാത്യസമ്പന്ന രാജ്യങ്ങൾ കൂറ്റൻ ഫാക്ടറി കപ്പലും വിനാശകരമായി വലയും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് സോമാലിയയുടെ കടലാകെ അരിച്ചു കോരി പെറുക്കിയെടുത്തു. ഇപ്പോൾ അവിടെമാകെ പൊടിമീൻ പോലും ലഭിക്കാത്തവണ്ണം കടല് കാലിയായിരുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോയാൽ വെറും കൈയോടെ തിരിച്ചു വന്നു. വീടുകളിലാകെ പട്ടിണി ദേവത പിടിമുറുക്കി. ചെറിയ യാനങ്ങളും വലയും ചൂണ്ടയുമായി കടലിൽ പോയി, ഒന്നുമില്ലാതെ തിരിച്ചു വന്ന മത്സ്യത്തൊഴിലാളികൾ, കൂരകളിലെ അടുപ്പിൽ കാലിയായ കഞ്ഞിക്കലത്തിലെ അവസ്ഥയിൽ ഖിന്നരായി, എരിയുന്ന വയറ്റിലെ വിശപ്പകറ്റാൻ കടൽ കൊള്ളക്കാരായി മാറുകയായിരുന്നു. ഇന്ന് സോമാലിയാക്കാർ കടലിൽ പോകുന്നത് വലയുമായിട്ടല്ല മറിച്ച് വലിയ തോക്കും ബോംബും ഒക്കെ ആയിട്ടാണ്.
ആഴക്കടലിലെ ജലപാതയിൽ കൂടി പോകുന്ന യാത്രക്കപ്പൽ, ചരക്കുകപ്പൽ, ഓയിൽ ടാങ്കർ, ഉല്ലാസ നൗകകൾ തുടങ്ങിയവ തോക്കും ബോംബും കാട്ടി പിടിച്ചെടുത്ത്, ആളുകളെ തടവുകാരാക്കി, ജാമ്യപ്പണത്തിനു വിലപേശി, യാനങ്ങളുടെ ഉടമകളിൽ നിന്നും കമ്പനികളിൽ നിന്നും, രാജ്യങ്ങളിൽ നിന്നും വൻതുകകൾ വസൂലാക്കി, ആ പണം കൊണ്ട് തിന്നും കുടിച്ചും മദിച്ചും അവർ ജീവിക്കുന്നു. ഇവരെ ഉപരോധിക്കാനും, പ്രതിരോധിക്കാനും, ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാനും, എല്ലാ കപ്പലുകളിലും ഇപ്പോൾ സായുധരായ നേവി സേനാംഗങ്ങളെ യന്ത്രത്തോക്കുമായി നിറുത്തിയിരിക്കുന്നു. പലപ്പോഴും ഈ നേവി സേനാംഗങ്ങളുടെ വെടിയേറ്റ് സോമാലിയൻ കടൽക്കൊള്ളക്കാർ മരിക്കുന്ന വാർത്തകളും ഇപ്പോൾ ഒരു സാധാരണ സംഭവമായിരിക്കുന്നു. മത്സ്യബന്ധനവും, വിപണനവും അതോടനുബന്ധിച്ചു വിവിധ തൊഴിലുകളും ചെയ്ത് സമാധാനപരമായി ജീവിച്ചു പോന്നിരുന്ന തീരെ ചെറിയ ഒരു രാജ്യമായി സോമാലിയയെ ഇന്ന് നാവികലോകം ഭയക്കുന്ന ഭീകരകേന്ദ്രമായി മാറ്റിയത് അവർക്ക് അന്നം നല്കിയിരുന്ന കടലാകെ അരിച്ചുപെറുക്കി കോരിയെടുത്ത്, അവിടെമാകെ ഊഷരഭൂമിയാക്കി മാറ്റിയ പാശ്ചാത്യകടൽ കൊള്ളക്കാരാണ്.
2018 തുടങ്ങി തികച്ചും രഹസ്യവും ഗോപ്യവുമായി നടപടികൾ നീക്കി, ഘട്ടം ഘട്ടമായി വകുപ്പുകളും ഉപവകുപ്പുകളും പരുവപ്പെടുത്തി, അമേരിക്കൻ സായിപ്പിന് കേരളത്തിന്റെ കടലാകെ കൊള്ളയടിക്കാൻ പ്രോജക്ടുകൾക്കു രൂപം കൊടുത്ത്, ആയതിനുള്ള കരാറുകളും ധാരണാപത്രവും ഒപ്പിട്ടുകൊടുക്കുക വഴി, ഇത് പ്രാവർത്തികമായിരുന്നുവെങ്കിൽ കേരളവും ഇന്ത്യയിലെ തീരദേശമുള്ള എട്ടു സംസ്ഥാനങ്ങളിലെയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ മറ്റൊരു ''സോമാലിയക്കാർ'' ആയി രൂപാന്തരപ്പെടുത്തുവാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢപദ്ധതിയാണ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയുടെ അവസരോചിതമായ ഇടപെടൽ മൂലം പൊളിച്ചടുക്കിയത്. ഈ സത്കൃത്യത്തിന് ആധികാരികമായ രേഖകളും മറ്റുവിവരങ്ങളും നല്കി സഹായിച്ച കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ശ്രീ ജാക്‌സൺ പൊള്ളയിലിനെ നന്ദിപൂർവ്വം സ്മരിക്കുന്നു.
2020 നവംബർ 16-ന് കേരള ഗവർണ്ണർ ശ്രീ ആരിഫ് ഖാൻ ഒപ്പിട്ടു നടപ്പിൽ വരുത്തിയ ഒരു ഓർഡിനൻസിന്റെ പിന്നാമ്പുറകഥയെപ്പറ്റിയും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അടിയന്തിരപ്രാധാന്യമുള്ള വിഷയം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ അസാധാരണ ഓർഡിനൻസിൽ ഗവർണ്ണറെ കൊണ്ട് ഒപ്പു വയ്പിച്ചത്. ഭരണത്തിന്റെ അഞ്ചാം വർഷം അവസാനിക്കാറായപ്പോൾ, ഇനിയൊരു വട്ടം നിയമസഭ കൂടുവാൻ സാഹചര്യമില്ലാതിരിക്കെ തിടുക്കപ്പെട്ട് ബഹു മുഖ്യമന്ത്രി പിണറായി വിജയനും, ഫിഷറീസ് മന്ത്രി ശ്രീമതി മേഴ്‌സികുട്ടിയമ്മയും സമ്മർദ്ദം ചെലുത്തിയാണ് ഈ ഓർഡിനൻസ് ഒപ്പിടിച്ചത്. ഈ ഓർഡിനൻസിലെ വകുപ്പ് പ്രകാരമാണ് 15 വർഷം കഴിഞ്ഞ ഇരുമ്പു ബോട്ടുകളും, 12 വർഷം കഴിഞ്ഞ തടിബോട്ടുകളും, 8 വർഷം കഴിഞ്ഞ ഫൈബർ ഗ്ലാസ് വള്ളങ്ങളും പൊളിച്ചു നീക്കണമെന്നുള്ള നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഈ നിയമം പ്രാവർത്തികമാക്കുമ്പോൾ, കേരളത്തിൽ നിലവിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന 18000 ഫൈബർ ഗ്ലാസ്സ് വള്ളങ്ങൾ, 4000 ട്രോളിംഗ് ബോട്ടുകൾ, 700 ഇൻബോർഡ് വള്ളങ്ങൾ ഇങ്ങനെ മൊത്തം 22,700 യാനങ്ങളിൽ ഏകദേശ പകുതിയിൽ കൂടുതൽ എണ്ണവും പൊളിച്ചു മാറ്റണം. ഇതിന്റെ ഭോക്താവ് അമേരിക്കൻ സായ്പിന്റെ ഋങഇഇ കൺസോർഷ്യം കമ്പനിയാണെന്നുള്ള ഭീകരസത്യത്തെപ്പറ്റിയുള്ള ബോധ്യം നമ്മളിൽ എത്രപേർക്കുണ്ട്. അമേരിക്കൻ സായ്പിന്റെ 405 കപ്പലുകൾക്ക് ഇന്ത്യയുടെ കടലാകെ അരിച്ചു പെറുക്കുന്നതിന് കടലിലെ തിരക്ക് കുറയ്‌ക്കേണ്ടുന്നത് അത്യാവശ്യഘടകമാണ്. സാധാരണ മത്സ്യത്തൊഴിലാളികളുടെ പതിനായിരത്തിൽപ്പരം യാനങ്ങളെ കടലിൽ നിന്നും ഒഴിവാക്കിക്കൊടുത്ത് സായിപ്പിന്റെ സുഗമസഞ്ചാരത്തിന് ചുവന്ന പരവതാനി വിരിച്ചു കൊടുക്കുന്ന ഈ പ്രക്രിയയുടെ പിന്നാമ്പുറത്ത് പതിയിരിക്കുന്ന അപകടം ഇതിനും വേണ്ടത്ര ഗൗരവത്തിൽ നാം തിരിച്ചറിഞ്ഞിട്ടുണ്ടോ!
ഇത്തരുണത്തിലാണ് ബഹുമാനപ്പെട്ട കേരളത്തിന്റെ പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല 2021 മാർച്ച് ഫെബ്രുവരി, മാർച്ച് അവസാനവാരം പുറത്തുവിട്ട്, കേരള സമൂഹമാകെ ചർച്ച ചെയ്ത അറബിക്കടൽ വില്പനയുടെ ഗൗരവം നമുക്ക് മനസ്സിലാകുന്നത്. കേരളത്തിലെ പാവം മത്സ്യത്തൊഴിലാളികളുടെ അന്നന്നേരത്തേക്കുള്ള അന്നത്തിന് കോടാലിയായി ഭവിച്ച അതുവഴി അവരുടെ അന്തകനായി അവതരിച്ച ഇടതുപക്ഷ സഖാക്കളുടെ കാപട്യം തുറന്നു കാട്ടിയ നല്ല മനസ്സിന് ആയിരം സ്തുതികളും നന്ദിയും നേർന്നുകൊള്ളുന്നു.

മാർഷൽ ഫ്രാങ്ക്

Foto
Foto

Comments

leave a reply