Foto

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഇനി എല്ലാവര്‍ക്കും ലഭിക്കും

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഇനി എല്ലാവര്‍ക്കും ലഭിക്കും

അജി കുഞ്ഞുമോന്‍

കൊച്ചി: സബ്സിഡി വളങ്ങളുടേതടക്കമുള്ളവയുടെ വിതരണത്തിന് മണ്ണുപരിശോധന നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി 
'സോയില്‍ ഹെല്‍ത്ത് കാര്‍ഡ്' ആവശ്യമുള്ള എല്ലാവര്‍ക്കും ലഭ്യമാക്കും. തിരഞ്ഞെടുത്ത വില്ലേജുകളില്‍ മാത്രം നടത്തിയിരുന്ന പദ്ധതി നിലവില്‍ ആവശ്യമുള്ള ആര്‍ക്കും പ്രയോജനപ്പെടുത്താം എന്നാണ് പുതിയ വ്യവസ്ഥ. നാഷണല്‍ മിഷന്‍ ഓണ്‍ സസ്‌റ്റൈനബിള്‍ അഗ്രികള്‍ച്ചര്‍ പദ്ധതി പ്രകാരം 2015 ല്‍ തുടങ്ങിയ സോയില്‍ കാര്‍ഡ് വിതരണം ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. 2021-22 വര്‍ഷത്തേക്കുള്ള മാര്‍ഗനിര്‍ദേശത്തിലാണ് താല്‍പര്യമുള്ള ആര്‍ക്കും ഈ പദ്ധതി വഴി മണ്ണ് പരിശോധിച്ച്  സോയില്‍ കാര്‍ഡ് നേടാമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. പദ്ധതിയുടെ പൂര്‍ണമായ നടത്തിപ്പ് ലക്ഷ്യമിട്ടാണ് ഇക്കുറി ഇത് എല്ലാവര്‍ക്കും ഉപയോഗിക്കാമെന്ന നിര്‍ദേശം വന്നത്. കൃഷി വകുപ്പും മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പും സംയുക്തമായാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ സബ്സിഡി വളങ്ങളടക്കം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ വളങ്ങളുടെ വിതരണത്തിന് കേന്ദ്രം മണ്ണ് പരിശോധന ഉടന്‍ നിര്‍ബന്ധമാക്കും. കൊവിഡ് പ്രതിസന്ധി പൂര്‍ണമായി ഒഴിയുന്ന മുറയ്ക്ക് നിര്‍ദേശം നടപ്പാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇത് പൂര്‍ണമായി നടപ്പാക്കാന്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സഹായകമാകും. കാര്‍ഡില്‍ ലഭ്യമാകുന്ന പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണില്‍ കുറവുള്ള വളം അനുവദനീയമായ അളവില്‍ മാത്രം കര്‍ഷകന് ലഭ്യമാക്കാനും സാധിക്കും. ഇതോടെ അമിതവും ആശാസ്ത്രീയവുമായ വളപ്രയോഗം നിയന്ത്രിക്കാന്‍ കഴിയും. സോയില്‍ കാര്‍ഡിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് മണ്ണറിഞ്ഞ് വളം ചെയ്യുന്നതിനൊപ്പം അമിതവും ആശാസ്ത്രീയവുമായ വളപ്രയോഗത്തിന് തടയിടുക എന്നതും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ജൈവ-രാസ വളങ്ങളുടെ സമീകൃത പ്രയോഗം ഉറപ്പാക്കാനും പദ്ധതി സഹായിക്കും. തുടര്‍ച്ചയായ കാലവസ്ഥ വ്യതിയാനം മൂലം മണ്ണിന്റെ ഘടനയില്‍ വ്യത്യാസം വന്ന സാഹചര്യത്തില്‍ വളപ്രയോഗം മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിലേ ആകാവൂ എന്ന ആവശ്യവും വ്യാപകമാണ്. മണ്ണിന്റെ പുളിരസം അളക്കുന്ന പി.എച്ച്., ജൈവാംശത്തിന്റെ തോത്, മണ്ണിലെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, തുടങ്ങിയ മൂലകങ്ങളുടെ ലഭ്യത, തുടങ്ങി കൃഷിക്ക് ആവശ്യമായ മണ്ണിലെ 13 ഘടകങ്ങള്‍ സംബന്ധിച്ച
വിവരങ്ങള്‍ ലഭ്യമാകുന്നതാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്. മണ്ണ് പരിശോധനയിലൂടെയാണ് ഇവ ലഭിക്കുക. കര്‍ഷകന്റെ ആധാര്‍ നമ്പര്‍, ഭൂമിയുടെ സര്‍വേ നമ്പര്‍, ജി. പി.എസ് കണക്ടിവിറ്റിയിലൂടെ ലഭിക്കുന്ന ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ എന്നിവ ബന്ധിപ്പിച്ചാണ് കാര്‍ഡില്‍ മണ്ണ് പരിശോധനാ ഫലം ലഭ്യമാക്കുന്നത്.


 

Comments

leave a reply

Related News