Foto

മീനമാസം തീരുമ്പോൾ പൊക്കാളി കൃഷിപാടങ്ങളിലേക്ക്‌ വന്നോളൂ മീൻപിടിച്ചോളൂ...

മീനമാസം തീരുമ്പോൾ പൊക്കാളി കൃഷിപാടങ്ങളിലേക്ക്‌ വന്നോളൂ മീൻപിടിച്ചോളൂ...

പൊക്കാളി പാടത്തെ മൽസ്യകൃഷി വിളവെടുപ്പ് മഹോത്സവത്തിന് ചൊവ്വാഴ്ചയോടെ(ഏപ്രിൽ13,മീനം 30)  പരിസമാപ്തിയാകുകയാണ്.മാർച്ച് ഏപ്രിൽ മാസങ്ങളിൽ പൊക്കാളി പാടശേഖരങ്ങളിലെ മീൻ വളർത്തുകെട്ടുകളിലെ മീൻപിടുത്തം ഒരു വലിയ ആഘോഷമായിരുന്നു.മേടം ഒന്നിനുമുൻപ് കെട്ടുനടത്തുന്നയാൾ മുഴുവൻ മീനും പിടിച്ചെടുക്കുന്നതിനുവേണ്ടി കെട്ടിലെ വെള്ളത്തിൽ ഡി ഡി ടി പൗഡർ കലക്കാറുണ്ടെന്ന് മൽസ്യത്തൊഴിലാളികൾ പലപ്പോഴും ആരോപിക്കാറുണ്ട്.അങ്ങനെയുള്ള അവസരങ്ങളിൽ മൽസ്യത്തൊഴിലാളികൾ നേരം വെളുക്കുന്നതിനുമുമ്പ് വലിയൊരുകൂട്ടമായ് വന്ന് മൽസ്യകെട്ടുകളിൽ അതിക്രമിച്ചു കയറി മീൻപിടിക്കുന്ന രംഗങ്ങളും മുൻകാലങ്ങളിൽ ഇവിടെയുണ്ടായിട്ടുണ്ട്.അതിനെത്തുടർന്ന് പലപ്പോഴും മത്സ്യത്തൊഴിലാളികളും കെട്ടുടമകളും തമ്മിൽ സംഘർഷവുമുണ്ടാക്കാറു ണ്ട്. മേടം ഒന്നുമുതൽ ഇത്തരം കെട്ടുകളിൽനിന്ന് മീൻപിടിക്കുവാനുള്ള അവകാശം മൽസ്യത്തൊഴിലാളികൾക്കാണെന്നാണ് അലിഖിത നിയമം.അതിനാലാണ് മീനം 30 നുമുൻപ് മുഴുവൻ മീനുകളെയും പിടിച്ചെടുക്കുവാൻ കെട്ടുടമകൾ ശ്രമിക്കുന്നത്. വൈപ്പിൻകരയിലെയും അനുബന്ധദ്വീപുകളിലെയും പൊക്കാളിപ്പാടങ്ങളിൽ ആറുമാസം നെൽകൃഷിയും ആറുമാസം മൽസ്യകൃഷിയുമാണ് പരമ്പരാഗതമായി ചെയ്തുപോന്നിരുന്നത്. പൂർണ്ണമായും കാലാവസ്ഥയെയും മഴവെള്ളത്തിനേയും മാത്രം  ആശ്രയിച്ചുനടത്തുന്നതാണ് പൊക്കാളികൃഷി.  അതിനാൽ വർഷത്തിലൊരുതവണ മാത്രമേ പൊക്കാളി കൃഷി നടത്തുവാൻ കഴിയുകയുള്ളൂ.. ചിങ്ങം-കന്നിമാസങ്ങളിലാണ്‌   പൊക്കാളി പാടശേഖരങ്ങളിലെ കൊയ്ത്തു കഴിയുന്നത് .പിന്നീടുള്ള കാലാവസ്ഥ വേനൽ ആയതിനാലും കായൽജലം ഉപ്പുരസമുള്ളതായതിനാലും  അടുത്ത കൃഷിയിറക്ക് പണികൾ  മെയ്,  ജൂൺ മാസങ്ങളിൽ മാത്രമേ ആരംഭിക്കുവാൻ കഴിയുകയുള്ളൂ. കാലവർഷം വരുന്നതുവരെ കായൽജലം പൂർണ്ണമായും   ഉപ്പുരസമുള്ളതായിരിക്കും.ഉപ്പുരസമുള്ള ഈ പുഴവെള്ളമാണ് പാടശേഖരങ്ങളിൽ കയറിയിറങ്ങുക.  അതുകൊണ്ടാണ് നെൽകൃഷിയും മൽസ്യകൃഷിയും ഒരുമിച്ചുകൊണ്ടുപോകുവാൻ ഇവിടത്തുകാർ തയ്യാറായത്.

കാലാവസ്ഥയിലെ വ്യതിയാനവും,കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാതായതും കൃഷിച്ചെലവ് ക്രമാതീതമായി വർധിച്ചതും  കാരണം കൃഷി ലാഭകരമല്ലാതായതോടെ കർഷകർ നെൽകൃഷിയിൽനിന്നു ഏതാണ്ട് പൂർണ്ണമായും പിൻവാങ്ങിയിരിക്കുകയാണ്. ഇപ്പോൾ നെൽപ്പാടങ്ങളിൽ ആറുമാസത്തെ മൽസ്യകൃഷിമാത്രമാണ് നടത്തുന്നത്.ചിലപാടങ്ങളിൽ നെൽകൃഷിസമയത്തും മത്സ്യകൃഷി നടത്തുന്നതായി കണ്ടുവരുന്നു.നെൽകൃഷി ചെയ്യാതെ പൂർണ്ണമായും മത്സ്യകൃഷിയാണ് ചെയ്യുന്നതെങ്കിൽ ഫിഷറീസ് വകുപ്പിൽനിന്ന്  പ്രത്യേക അനുമതിയും ലൈസൻസും സമ്പാദിക്കണമെന്നതാണ് ചട്ടം.

പുഴയിൽനിന്നുള്ള വെള്ളം തൂമ്പുവഴി കയറ്റിയിറക്കിക്കൊണ്ടാണ് കെട്ടിലെ വെള്ളത്തിൻറെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്.

മുൻകാലങ്ങളിൽ പുഴയിൽനിന്നുള്ള വെള്ളത്തോടൊപ്പം കയറുന്ന മത്സ്യങ്ങളാണ് കെട്ടിൽ കിടന്നു വളർന്നിരുന്നത്.എന്നാൽ ഇപ്പോൾ പുഴയിൽനിന്നുള്ള  മീനുകൾ ആവശ്യത്തിന് കിട്ടാതെ വന്നപ്പോൾ ശാസ്ത്രീയമായി വിരിയിച്ചെടുത്ത മൽസ്യക്കുഞ്ഞുങ്ങളെയും ചെമ്മീൻ കുഞ്ഞുങ്ങളെയും വാങ്ങി കെട്ടിൽ നിക്ഷേപിച്ച് വളർത്തുന്നരീതിയാണ്   കർഷകർ അവലംബിക്കുന്നത്.അതിനാൽ പ്രകൃത്യാലുള്ള മൽസ്യങ്ങൾ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്.അത്യുത്പാദനശേഷിയുള്ള ഇത്തരം വളർത്തുമൽസ്യങ്ങൾ കെട്ടുകളിൽ വളർത്തുന്നതുമൂലം പരമ്പരാഗതമായി ഇവിടെ ഉണ്ടായിരുന്ന  നാടൻ മൽസ്യങ്ങൾ  ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.പരീക്ഷണശാലയിൽനിന്ന് ലഭ്യമാവുന്ന മൽസ്യക്കുഞ്ഞുങ്ങൾ വളർന്നുണ്ടാകുന്ന മത്സ്യങ്ങൾക്ക് കൂടുതൽ മാംസം ലഭ്യമാണെങ്കിലും രുചി വളരെ കുറവാണ്.

നെൽകൃഷിയും മൽസ്യകൃഷിയും മാറിമാറി ചെയ്യുമ്പോൾ മേടം ഒന്നാം തീയ്യതിയായ വിഷുവിന് മുൻപ് പാടത്തെ മീൻപിടുത്തം കഴിഞ്ഞ് നിലമുടമകൾക്ക് നെൽകൃഷി ചെയ്യുവാൻ  പാടം തിരിച്ചുനല്കണമെന്നത് ഒരു പ്രധാന വ്യവസ്ഥയാണ്.സാധാരണ ഇങ്ങനെയുള്ള പാടങ്ങളിൽ അടുത്ത തവണത്തെ നെൽകൃഷിക്ക് വേണ്ടി നിലമൊരുക്കുന്നതിനുള്ള ജോലികളാണ് പിന്നീട് നടത്തുന്നത്.ആറുമാസത്തോളം കെട്ടുകളിൽ മൽസ്യകൃഷിക്കുവേണ്ടി ഉപ്പുവെള്ളമാണ് പുഴയിൽനിന്ന് കയറിയിറങ്ങിയിരുന്നത്.അതിനാൽ പാടത്തെ മണ്ണും ചെളിയും ഉപ്പുനിറഞ്ഞതായിരിക്കും.ഇത് പാടത്ത്നിന്ന് ഒഴുക്കിക്കളഞ്ഞ് ശുദ്ധീകരിക്കുകയാണ് ആദ്യജോലി.പാടത്തെ വെള്ളം പൂർണ്ണമായും വറ്റിച്ചതിനുശേഷം പാടം നിറയെ കൊച്ചുകൊച്ചു മണ്ണുകൂനകളുണ്ടാക്കുന്നു.ഇടയ്ക്കു കിട്ടുന്ന  വേനൽ മഴയിൽ നിന്ന് ലഭിക്കുന്നവെള്ളം കൊണ്ട്   ഉപ്പുമുഴുവനും തൂമ്പുവഴി കായലിലേക്ക്  ഒഴുക്കിക്കളയുന്നതോടൊപ്പം കുറെ മഴവെള്ളം കെട്ടിൽത്തന്നെ കിടക്കുന്നതിനാൽ പാടത്തെ ലവണാംശം മുഴുവനും ഭൂമിക്കടിയിലേക്ക് ഇറങ്ങുകയും ചെയ്യുന്നു. പാടത്തുകൂട്ടിയിരിക്കുന്ന മൺകൂനകൾക്ക് മുകളിൽ വെള്ളം ഉയരാത്തവിധത്തിൽ കെട്ടുകളിലെ ജലവിതാനം തൂമ്പുവഴി പുഴയിലേക്ക് ഒഴുക്കിക്കളഞ്ഞു ക്രമീകരിക്കുന്നു.ഇടവപ്പാതിയുടെ ശക്തികുറഞ്ഞു ഞാറ്റുവേല തുടങ്ങുമ്പോളാണ് പാടത്തെ കൂനകളിൽ നെൽവിത്തുകൾ വിതച്ച് പൊക്കാളികൃഷിയാരംഭിക്കുന്നത് .പിന്നീടങ്ങോട്ട് ഓണക്കാലം വരെ പൊക്കാളി നെൽകൃഷിയുടെ കാലമാണ്. ആറുമാസം മഴയിൽനിന്നുള്ള നല്ലവെള്ളമുപയോഗിച്ചു നടത്തുന്ന നെൽകൃഷിയും അടുത്ത ആറുമാസം ഓരുവെള്ള മത്സ്യകൃഷിയും ഒരേ നിലത്തിൽ തന്നെ ചെയ്യുന്ന ഒരു പ്രദേശം മറ്റെങ്ങും കാണുകയില്ല.

 -ഫ്രാൻസിസ് ചമ്മണി

Foto
Foto

Comments

leave a reply