Foto

ഉറങ്ങല്ലേ സൺ‌ഡേ ഈസ് എ സോക്കർ ഡേ

ഉറങ്ങല്ലേ  സൺ‌ഡേ  ഈസ്  എ  സോക്കർ  ഡേ

ഭൂലോകത്തിലെ കാൽപന്തുകളി ആരാധകർക്ക് ഇരട്ടി മധുരം വിളമ്പുന്ന ഒരു ഞായറാഴ്ചയാണ് വരുവാനിരിക്കുന്നത്. രണ്ടു വൻകരകളിലെ ഫുട്‌ബോളിലെ രാജാക്കന്മാരെ അരിയിട്ടു വാഴിക്കുവാനുള്ള നിർണായക കലാശക്കളികൾക്ക് ഇനി മണിക്കൂറുകൾ മാത്രം. ബ്രസിലിന്റെ തലസ്ഥാന നഗരമായ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ആധിപത്യത്തിനായി, കോപ്പ അമേരിക്ക ഫുട്‌ബോൾ ഫൈനലിൽ ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനലിന് പുലർച്ചെ 5.30-ന് കിക്കോഫ്. ചരിത്രമുറങ്ങുന്ന ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ യൂറോപ്യൻ വൻകരയുടെ ചാമ്പ്യൻ രാജ്യത്തിനെ നിർണയിക്കാനുള്ള യുയേഫാ യൂറോപ്യൻ ചാമ്പ്യൻ ഷിപ്പിൽ, യൂറോ 2020 ഫൈനലിൽ 61 വർഷമായി കൊതിക്കുന്ന  കിരീട നേട്ടത്തിനായി ഇംഗ്ലണ്ട് അയൽക്കാരായ ഇറ്റലിയുമായി മാറ്റുരക്കുന്നു. ഞായറാഴ്ച രാത്രി 12.30-ന് മത്സരത്തിനായി പന്തുരുണ്ടു തുടങ്ങും.

കാണികളില്ലാതെ, ആരവമില്ലാതെ ഒഴിഞ്ഞ ഗാലറികളെ സാക്ഷി നിറുത്തി, ഓരോ നിമിഷവും ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളെ മുന്നിൽ നിറുത്തിയാണ് കോപ്പ അമേരിക്ക ഫൈനൽ. ലോകമെങ്ങും ആരാധകരുള്ള ബ്രസീലും, അർജന്റീനയും തമ്മിലുള്ള സ്വപ്ന ഫൈനലിനാണ് ഇത്തവണ മറക്കാനാവാത്ത നിരവധി കളി മുഹൂർത്തങ്ങൾ കണ്ട മാറക്കാന സ്റ്റേഡിയം അരങ്ങൊരുക്കുന്നത്. 1914-ൽ ഒരു സൗഹൃദ മത്സരത്തിലാണ് ഇരുടീമുകളും ആദ്യമായി മുഖാമുഖം വരുന്നത്. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് അർജന്റീന വിജയം ആഘോഷിച്ച ആ മത്സരത്തിനു ശേഷം 111 തവണ ഇരുടീമുകളും ഏറ്റുമുട്ടി. ബ്രസീലിന് 46 വിജയങ്ങൾ അർജന്റീന 40. 25 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. കോപ്പ അമേരിക്കയിൽ 32 തവണ ഈ തെക്കൻ അമേരിക്കൻ ഫുട്‌ബോൾ ശക്തികൾ ഏറ്റുമുട്ടിയതിൽ ബ്രസീലിനു തന്നെയായിരുന്നു മുൻതൂക്കം. 15 വിജയങ്ങൾ. അർജന്റീന 10 മത്സരങ്ങളിൽ വിജയിച്ചപ്പോൾ, എട്ടു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇത്തവണ ഫൈനൽ വരെ ഇരുടീമുകളും ആറു മത്സരങ്ങളിൽ 5 വിജയങ്ങൾ കരസ്ഥമാക്കിയിരുന്നു. ബ്രസീൽ 12 ഗോളുകൾ അടിച്ചപ്പോൾ, രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. അർജന്റീന 11 ഗോളുകൾ സ്‌കോർ ചെയ്തപ്പോൾ, 3 ഗോളുകൾ വഴങ്ങി. അർജന്റീനയുടെ ടോപ് സ്‌കോർ ലോകമെമ്പാടും ആരാധകരുള്ള ലയണൽ മെസ്സി (4) തന്നെ. ബ്രസീലിന്റെ കളി ഭ്രാന്തന്മാരുടെ പ്രിയതാരം നെയ്മർ നിർണായകമായ 2 ഗോളുകളാണ് കോപ്പ അമേരിക്കയിൽ വലയിലാക്കിയത്.

കോപ്പ അമേരിക്ക ഫൈനൽ ലയണൽ മെസ്സിയും - നെയ്മറും   - തമ്മിലുള്ള ഒരു മത്സരം തന്നെയായിരിക്കും. ആരാധകർ കൂടുതൽ ബ്രസീലിയൻ വിജയത്തിനായിരിക്കുമെങ്കിലും, വ്യക്തിപരമായ ഫുട്‌ബോൾ കമ്പക്കാർ ലയണൽ മെസി തന്റെ നീണ്ട കരിയറിൽ ഒരു വലിയ ടൂർണമെന്റിൽ നായകനും, കളിക്കാരനുമെന്ന നിലയിൽ കപ്പുയർത്തുന്നതു കാണുവാൻ ഏറെക്കാലമായി ആഗ്രഹിക്കുന്നവരാണ്. ഫൈനലിൽ മെസ്സിയുടെ അർജന്റീനയുമായി കളിക്കണമെന്നായിരുന്നു നെയ്മറുടെ മോഹം. അതു സഫലമായിരിക്കുന്നു. ഈ രണ്ട് താരങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും ഇന്നു കളി നടക്കുക. സെമിഫൈനലിൽ ഇരുടീമികൾക്കും നന്നായി കളിക്കുവാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, കിട്ടിയ അവസരങ്ങൾ പാഴാക്കാതെ  വിജയമുറപ്പിക്കുവാൻ കഴിഞ്ഞിരുന്നു. കോപ്പ അമേരിക്ക കപ്പ് അർജന്റീനയ്ക്ക് മെസ്സിയുടെ നേതൃത്വത്തിൽ കിട്ടാക്കനിയാണ്. ഫൈനലിൽ ഏറ്റ പരാജയങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ മെസ്സിക്ക് ഇന്നു കഴിയണം. ആദ്യമായി ഒരു വമ്പൻ ടൂർണമെന്റ് വിജയം ലക്ഷ്യമിടുന്ന മെസ്സിയെ തളക്കുവാൻ ബ്രസീലിലെ മധ്യനിരയിൽ റോഡ്രിഗോ ഡി പോളും, ഗിയോവാനി ലോ സെൽഡോവും ഒരുങ്ങിയിറങ്ങുമ്പോൾ, തന്റെ ചടുലവും, സുന്ദരവും വേഗതയേറിയ കളികൊണ്ടും ബ്രസീലിനുമേൽ ആധിപത്യം നേടിയാൽ മാത്രമേ മെസ്സിക്ക് മാറക്കാനയിൽ നിന്നും അന്തിമ വിജയവുമായി മടങ്ങുവാൻ കഴിയൂ. സ്വന്തം മണ്ണിൽ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ് അർജന്റീനയുടെ റിച്ചാർഡ്‌സൺ പറയുന്നത്. ഏതായാലും ലോകത്തിലെ രണ്ട് സൂപ്പർ താരങ്ങൾ കളിക്കളത്തിൽ ഉറങ്ങുമ്പോൾ കാണികൾ ഇല്ലെങ്കിലും മാറക്കാനയിലെ
പുൽക്കൊടികളിൽപോലും ആവേശമിരമ്പും.

1966-ൽ ബോബി മൂറിന്റെ നായകത്വത്തിൽ സ്വന്തം ഗ്രൗണ്ടിൽ, വെംബ്ലിയിൽ ലോകകപ്പ് നേടിയ തൊഴിച്ചാൽ ക്ലബ് ഫുട്‌ബോളിന്റെ തറവാടായ ഇംഗ്ലണ്ടിന് തങ്ങളുടെ വൻകരയിൽ പോലും ആധിപത്യം നേടുവാൻ കഴിഞ്ഞിട്ടില്ല. അറുപത്തി ഒന്ന് വർഷത്തെ ചരിത്രമുള്ള യുയേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ, യൂറോകപ്പിൽ ഇത്തവണ തങ്ങളുടെ മണ്ണിൽ പരിചയപ്പെട്ട വെംബ്ലി സ്റ്റേഡിയത്തിൽ ആരാധകരുടെ അണയാത്ത ആവേശത്തിമിർപ്പിൽ കപ്പ് ഉയർത്താനുള്ള മോഹവുമായാണ് കരുത്തരായ ഇംഗ്ലണ്ട് കളിക്കളത്തിലിറങ്ങുക. 1968-ൽ ആദ്യമായും, അവസാനമായും നേടിയ യുറോകപ്പ് തിരിച്ചു പിടിക്കുവാനാണ് ഫിഫറാങ്കിങ്ങിൽ ഏഴാംസ്ഥാനക്കാരനായ ഇറ്റലി നാലാം സ്ഥാനത്തു നിൽക്കുന്ന ഇംഗ്ലണ്ടുമായി പോരാട്ടത്തിനിറങ്ങുന്നത്.

കളിച്ചിരുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായിരുന്ന റോബർട്ടോ മാൻസിനി മാനേജരും, അദ്ദേഹത്തിന്റെ സഹകളിക്കാരൻ ജിയാൻ ലൂക്ക വിയാലി ടീമിന്റെ മുഖ്യ ഡെലിഗേറ്റുമായുള്ള ഇറ്റലിയുടെ കരുത്ത് അവരുടെ മധ്യനിര തന്നെ. അസൂരിപ്പടയെ മെരുക്കുവാൻ ഇംഗ്ലീഷ് പരിശീലകൻ ഗാരി സൗത്ത് ഗേറ്റ് തന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ടാകും. ലിയാനാഡോ ബൊനൂസി, ജിയോർജിയേ ചെല്ലിനി എന്നീ കരുത്തന്മാരുടെ ഡിഫൻസും, ജോർജിനോയുടെ നേതൃത്വത്തിൽ വിശ്വസിക്കാവുന്ന മധ്യനിരയും ഇറ്റലിക്ക് കരുത്തു പകരുന്നു. ലോറൻസോ ഇൻസൈനും, ഫെഡ്രികോ കിയേസയും കിട്ടുന്ന അവസരങ്ങൾ ഗോളാക്കുവാൻ കാത്തു നിൽക്കുന്നവരാണ്. യൂറോ 2020 കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ചിട്ടുള്ള ഇറ്റലിക്ക് ഇത്തവണ കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. വ്യത്യസ്ത താരങ്ങൾ വിവിധ മത്സരങ്ങളിൽ സ്‌കോർ ചെയ്ത് വിജയങ്ങൾ നേടിയെടുത്ത ഇറ്റലിക്കായി ഇംഗ്ലണ്ടിനെതിരെ ആരെയൊക്കെയാണ് മാൻസിനി കണ്ടുവച്ചിരിക്കുന്നത് എന്ന് പറയുവാനാകില്ല.

കഴിഞ്ഞ 55 വർഷമായി ഒരു വലിയ ടൂർണമെന്റിൽ കിരീട മോഹവുമായി നടക്കുന്ന ഇംഗ്ലണ്ടിന് യൂറോ കിരീടം നേടികൊടുക്കുവാൻ ഗാരി സൗത്ത്‌ഗേറ്റിന്റെ ശിഷ്യന്മാർക്ക് കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. മഗ്യുറിയുടെ നേതൃത്വത്തിൽ കരുത്തുറ്റ പ്രതിരോധ നിരയും, ഗ്രഹാം സ്‌റ്റെർലിങ്ങിന്റെ വേഗതയും, കൃത്യതയുമാർന്ന കളിയും, ഹാരി കെയിനിന്റെ മികച്ച ഫോമും, നേതൃത്വവും, ആരാധകർക്ക് മുമ്പിൽ, സ്വന്തം തട്ടകത്തിൽ കിട്ടാക്കനിയായി നില്ക്കുന്ന യൂറോ കിരീടം ഇംഗ്ലണ്ടിന്റെ ഷോകേസിൽ എത്തിക്കുവാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നു.

ആഴ്ചകൾ നീണ്ട ഫുട്‌ബോൾ രാവുകൾക്കും, പ്രഭാതങ്ങൾക്കും അവസാനമാകുന്നു. ഞായറാഴ്ച രണ്ടു വൻകരകളിൽ നടക്കുന്ന ആവേശ ഫൈനലിൽ, ഫുട്‌ബോളിന്റെ ശക്തിയും, സൗന്ദര്യവും, കേളീശൈലിയും നമുക്കു കാണുവാൻ കഴിയും. ഇനി മാറക്കാനയിലേക്ക്. തുടർന്ന് അർധരാത്രി വെംബ്ലിയിലേക്കും.

എൻ.എസ്. വിജയകുമാർ

 

 

Foto
Foto

Comments

  • Augustine Kaniamattam
    10-07-2021 08:33 PM

    Excellent articles

leave a reply