Foto

അന്യന്റെ തീറ്ഭൂമിക്ക് വിലയിട്ട് ചുവപ്പ് നാടകൾ

അന്യന്റെ  തീറ്ഭൂമിക്ക്  വിലയിട്ട്  ചുവപ്പ് നാടകൾ

ഓരോതുണ്ട് ഭൂമിയും ഉടമ വാങ്ങുന്നത് സ്വകാര്യ ഭൂമിക്ക് സർക്കാർ ചാർത്തിയിട്ടുള്ള വിലയുടെ നിശ്ചിത ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി നൽകി, 2 ശതമാനം രജിസ്ട്രേഷൻ ഫീസ് നൽകിയുമാണ്. അങ്ങനെ വാങ്ങിയതൊ, പരമ്പരാഗതമായി കൈവശംവെച്ചിരിക്കുന്നതൊ ആയ സ്വകാര്യഭൂമി സർക്കാർ രേഖയിൽ നിലമായി കാണുന്നെങ്കിൽ, അത് ഉപയോഗയോഗ്യമാക്കുന്നതിന്, തരം മാറ്റുന്നതിന് ഉടമ പിന്നെയും പണം നൽകണം. അതാണ് 'ആ സാദി കാ അമൃത മഹോത്സവ്' കൊണ്ടാടുന്ന രാജ്യത്തിൻറെ സാക്ഷര കേരളത്തിലെ നിയമം.

പിന്നീട് നിവൃത്തിയില്ലാതെ വന്നപ്പോൾ 25 സെൻറ് വരെ ഭൂമി സൗജന്യമായി തരം മാറ്റാം എന്നായി. അതുതന്നെ ഉത്തരവിറങ്ങിയ തീയതിക്ക് ശേഷം അപേക്ഷ നൽകുന്നവർക്ക് മാത്രം എന്ന പേരിൽ കുറെ പുകിലുണ്ടാക്കി. നിയമമനുസരിച്ച് ആദ്യമേ അപേക്ഷ നൽകിയവരെ ഇളിഭ്യരാക്കിയ ഈ തീയതി മഹാത്മ്യം ഹൈക്കോടതി ഇടപെട്ട് റദ്ദാക്കി.

എറണാകുളം ജില്ലയിലെ  ദേശീയപാതയ്ക്ക് ഇരുവശങ്ങളിലും കണ്ണോടിച്ചാൽ ഉയർന്നു കാണുന്ന വൻകിട കെട്ടിടങ്ങൾ പലതും നിലംനികത്തി തന്നെ ഉണ്ടാക്കിയതാണ്. അപ്പോഴും നികത്ത് ഭൂമിയായി കിടക്കുന്ന അഞ്ചു സെൻറ്കാരന് ഭൂമി തരം മാറി കിട്ടണമെങ്കിൽ ഈയടുത്ത കാലം വരെ വീണ്ടും തുക ഒടുക്കണമായിരുന്നു. 30.12.2017 തീയതി പ്രബല്യത്തിൽ  കൈവശമുള്ള 25 സെൻറ് വരയുള്ള ഭൂമി സൗജന്യമായി തരം മാറ്റാമെന്ന് ഉത്തരവ് ഇറങ്ങിയെങ്കിലും ഉത്തരവിറങ്ങിയ തീയതിക്ക് മുന്നേ അപേക്ഷ കൊടുത്തു പോയി എന്ന കാരണത്താൽ മാത്രം പിന്നെയും എത്രയോ പേരിൽ നിന്ന് പണം പിടിച്ചുവാങ്ങി. അതത് ഭൂമിയുടെ ന്യായവിലയാണ് ഈടാക്കേണ്ടത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അപ്പുറം കിടക്കുന്ന നികത്ത് ഭൂമിയുടെ വില ഇട്ട എത്രയെത്ര സംഭവങ്ങൾ!

അന്യൻറെ മുതലിനു വിലയിട്ട് ചുവപ്പുനാടയിൽ കുരുക്കിയതിൻറെ പരിണിത ഫലം സജീവൻ എന്ന മത്സ്യതൊഴിലാളിയിലെ ജീവൻറെ വിലയിലൂടെ  കേരളം കഴിഞ്ഞദിവസം നേരിട്ടറിഞ്ഞു. 4 സെൻറ് ഭൂമി തരംമാറ്റം അനുവദിക്കുന്നതിനു മുന്നോടിയായി 32,400 രൂപ ഫീസ് അടയ്ക്കാന്‍ ഫോര്‍ട്ട് കൊച്ചി റവന്യു ഡിവിഷനല്‍ ഓഫിസില്‍നിന്ന് ഒക്ടോബറില്‍ സജീവന് നോട്ടിസ് ലഭിച്ചിരുന്നു. സൗജന്യ മനംമാറ്റം ലഭിക്കണമെങ്കിൽ ഉത്തരവ് വന്ന തിയതിക്കുശേഷം (25.2.2021) അപേക്ഷ നൽകണമായിരുന്നത്രേ. നിയമം ആദ്യം തന്നെ  അനുസരിച്ച പൗരനായി എന്നതാണ് അയാൾ ചെയ്ത തെറ്റ്.  കോടതിയെ സമീപിക്കാൻ കഴിവുള്ളവരും, നിയമ സഹായവഴികൾ അറിയാവുന്നവരും കോടതി വഴി കാര്യം കാണാൻ ശ്രമിച്ചു. ഫോർട്ടുകൊച്ചി ആർഡിഒ ഓഫീസിൽ ഫയൽ തീർപ്പാക്കാൻ കോടതി നിശ്ചയിച്ചിരിക്കുന്ന സമയം മൂന്നു മാസമാണ്. പിന്നെ കോടതിയലക്ഷ്യം, അങ്ങനെ കൂടുതൽ സമയം ചുമതലപ്പെട്ടവർ  തരപ്പെടുത്തിയെടുക്കും. ചുവപ്പുനാടകളഴിയട്ടെ ! ഇനിയൊരു കുടുംബവും അനാഥമാകാതിരിക്കട്ടെ !

അഡ്വ. ഷെറി ജെ തോമസ്

Comments

leave a reply