Foto

കൊവിഡ് രഹിത പഞ്ചായത്തെന്ന പേര് ഇടമലക്കുടിക്ക് സ്വന്തം; മാതൃകയായി ആദ്യ ഗോത്ര വർഗ പഞ്ചായത്ത്

കൊവിഡ് രഹിത പഞ്ചായത്തെന്ന പേര് ഇടമലക്കുടിക്ക് സ്വന്തം; മാതൃകയായി ആദ്യ ഗോത്ര വർഗ പഞ്ചായത്ത്

ഇടുക്കി: നാടെങ്ങും കൊവിഡ്  മഹാമാരി അതിവേഗം പടർന്നുപിടിക്കുമ്പോഴും ഒരാൾക്ക് പോലും രോഗം റിപ്പോർട്ട് ചെയ്യാത്ത ഒരു പഞ്ചായത്തുണ്ട് ഇടുക്കി ജില്ലയിൽ.സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയാണ് കേരളത്തിനാകെ മാതൃകയായി തലയുയർത്തി നിൽക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒരാൾക്ക് പോലും കൊവിഡ് ബാധയേൽക്കാത്ത ഏക പഞ്ചായത്താണ് ഇടമലക്കുടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കൊവിഡ് കേരളത്തിൽ എത്തിയ 2020 മുതൽ ഇതുവരെ പഞ്ചായത്തിലെ ഒരാൾക്ക് പോലും രോഗം ബാധിച്ചിട്ടില്ലെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും സാക്ഷ്യപ്പെടുത്തുന്നു. മൂന്നാറിൽ നിന്ന് 35 കിലോ മീറ്റർ അകലെ സംരക്ഷിത വനമേഖലയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഇടമലക്കുടിയിൽ മുതുവാൻ സമുദായത്തിൽപ്പെട്ട ആദിവാസികളാണ് അധിവസിക്കുന്നത്. 26 കുടികളിലായി 3200 ലധികം ആദിവാസികളാണ് പഞ്ചായത്തിലുള്ളത്. പുറം ലോകവുമായി അധികം ബന്ധമില്ലാത്തതാണ് ഇടമലക്കുടിക്കാരെ വൈറസിൽ നിന്ന് ഇത്രയും നാളും സംരക്ഷിച്ച് നിറുത്തിയതെന്ന് പറയാം.
കുടിയിൽ തന്നെയുള്ള റേഷൻ കടകളിൽ നിന്ന് അരിയും മറ്റും വാങ്ങുന്ന ആദിവാസികൾ സ്വന്തം കൃഷിയിടത്തിലെ പച്ചക്കറികളും വനവിഭവങ്ങളുമാണ് പ്രധാനമായും ഭക്ഷിക്കുന്നത്. ഭക്ഷണ സാമഗ്രികൾ വാങ്ങിക്കാൻ കൂട്ടമായി പോകാതെ കുറച്ച് പേർ മാത്രം പോയി ഒരുമിച്ച് വേണ്ടത് വാങ്ങിച്ചുകൊണ്ടുവരുന്നതാണ് ഇവരുടെ പതിവ്. ആധുനിക സൗകര്യങ്ങളോ ഭക്ഷണ ശീലങ്ങളോ ഇല്ലാത്ത ഇവർക്ക് മലയാളികളെ പിടികൂടിയിരിക്കുന്ന ജീവിതശൈലീ രോഗങ്ങളും ഇല്ലെന്നുള്ളതാണ് പ്രത്യേകത. സാധാരണയായി പച്ചമരുന്നുകളെയാണ് രോഗ പ്രതിരോധ മാർഗത്തിനായി പ്രയോജനപ്പെടുത്താറുള്ളത്. രോഗം എത്തിപ്പെട്ടിട്ടില്ലെങ്കിലും സർക്കാർ നിർദേശ പ്രകാരം ഇടമലക്കുടിയിൽ വാക്‌സിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ   ആരംഭിക്കാനിരിക്കുകയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.

അജോ കുറ്റിക്കൻ

Foto
Foto

Comments

leave a reply

Related News