Foto

ഗൂഢാലോചന കേസില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

ഗൂഢാലോചന കേസില്‍
സിബി മാത്യൂസിന്
മുന്‍കൂര്‍ ജാമ്യം

മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍ അടക്കം ഐ ബി യിലെയും
പോലീസിലെയും  ഉദ്യാഗസ്ഥരായിരുന്ന 18 പേര്‍ പ്രതികള്‍


ഐ.എസ്.ആര്‍.ഒ ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബിഐ നാലാം പ്രതിയാക്കിയ മുന്‍ ഡിജിപി സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മറ്റൊരു മുന്‍ ഡിജിപി ആയ ആര്‍ ബി ശ്രീകുമാര്‍, എസ് പിമാരായിരുന്ന എസ് വിജയന്‍, കെ കെ ജോഷ്വ എന്നിവരടക്കം കേരള പോലീസിലെയും ഐ ബി യിലെയും 18 പേരെ പ്രതി ചേര്‍ത്താണ് സി ബി ഐ യുടെ ഡല്‍ഹി യൂണിറ്റ് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ഡി.ഐ.ജി. ആയിരിക്കവേയാണ് സിബി മാത്യൂസ്  ചാരക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനു നേതൃത്വം നല്‍കിയത്. കരിക്കിന്‍വില്ല കൊലപാതകം, സൂര്യനെല്ലി പെണ്‍വാണിഭം, കല്ലുവാതുക്കല്‍ മദ്യദുരന്തം, ഐസക് വധം തുടങ്ങിയ  പ്രമാദമായ കേസുകള്‍ അന്വേഷിച്ചു തെളിയിച്ച മികവാര്‍ന്ന ട്രാക്ക് റെക്കോര്‍ഡും സത്യസന്ധതയും സ്വന്തമായുള്ളയാള്‍. ഇന്റലിജന്‍സ്   മേധാവിയും ഡി.ജി.പി.യുമായി സ്ഥാനക്കയറ്റം ലഭിച്ചു.പിന്നീട് മുഖ്യ വിവരാവകാശ കമ്മീഷണറായി.

ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിര്‍ദേശം നല്‍കിയത്. സംഭവ സമയത്ത് പേട്ട സിഐ ആയിരുന്ന എസ് വിജയന്‍ ഒന്നാം പ്രതിയും പേട്ട എസ് ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് രണ്ടാം പ്രതിയുമാണ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി ആര്‍ രാജീവനാണ് മൂന്നാം പ്രതി.  ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാര്‍ ഏഴാം പ്രതിയുമാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കവേ വര്‍ഗീയ കലാപം അരങ്ങേറുമ്പോള്‍ ഗുജറാത്തില്‍ ഡി.ജി.പി ആയിരുന്ന ആര്‍.ബി. ശ്രീകുമാറിനെ പൂട്ടാന്‍  പ്രധാനമന്ത്രിയുടെ ഇംഗിതപ്രകാരം സി. ബി. ഐ ഉന്നമിടുന്നുണ്ടെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.

ചാരക്കേസ് കെ കരുണാകരനെതിരെ ചിലര്‍ ഒരു രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോസ്ഥര്‍ മാത്രമല്ല, അഞ്ച് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കൂടി കേസിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും 2018 സെപ്തംബറില്‍ തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചിരുന്നു. മുന്‍ മന്ത്രി ടി എച്ച് മുസ്തഫ ഉള്‍പ്പെടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കേസിനു പിന്നില്‍ കളിച്ച ചില പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ തുറന്നു പറയുകയും ചെയ്തു.

നമ്പി നാരായണന്‍ അടക്കമുള്ളവര്‍ക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് നേരത്തെ, കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കി. ഇത് സംബന്ധിച്ച് നടന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
അടിസ്ഥാനമില്ലാതെ കെട്ടിപ്പൊക്കിയതെന്നു പറയപ്പെടുന്ന ചാരക്കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള ചുമതല സി. ബി. ഐ ഏറ്റെടുക്കുന്നത് മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ട രണ്ടു ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്ന ആരോപണം പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.

ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് പിന്നില്‍ സംഘ് പരിവാര്‍ ആണെന്നതിന് താന്‍ തെളിവ് ഹാജരാക്കിയിരുന്നു. അതാണ് തനിക്കെതിരെയുള്ള പകയ്ക്ക് കാരണം. അന്ന് ഒപ്പം പ്രവര്‍ത്തിച്ച മറ്റൊരു ഐ പി എസ് ഓഫീസര്‍ ആയ സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചത് പോലെ വേട്ടയാടാനുള്ള നീക്കത്തിന്റെ ഭാഗമാണ് സി.ബി.ഐ അന്വേഷണമെന്നും ആര്‍.ബി ശ്രീകുമാര്‍ പറഞ്ഞിരുന്നു. 'ഒരു വ്യക്തിക്കു പറയാനുള്ളത് കേള്‍ക്കാതെ അയാളെ വിധിക്കരുതെന്നും കുറ്റക്കാരനെന്ന് മുദ്ര കുത്തരുതെന്നുമുള്ള സ്വഭാവിക നീതിയുടെ ബലത്തിലുള്ള നിയമം സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ബാധകമല്ലെന്നുണ്ടോ?' - ചാരവൃത്തിക്കേസില്‍ സിബി മാത്യൂസ് അനാവശ്യമായി പഴി കേള്‍ക്കേണ്ടിവരുന്നു എന്നു വിശ്വസിക്കുന്ന ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചതിങ്ങനെ.

ബാബു കദളിക്കാട്

 
 

 

Foto

Comments

leave a reply

Related News