Foto

ചാറ്റ് റൂമിൽ മിണ്ടിപ്പറയുന്നതിന്റെ രസവും രസക്കേടുകളും

ചാറ്റ് റൂമിൽ മിണ്ടിപ്പറയുന്നതിന്റെ രസവും രസക്കേടുകളും

ക്ലബ്ഹൗസിലേക്ക് ഇടിച്ചു കയറുകയാണ് ആളുകൾ. മമ്മൂട്ടിയുടെയും മോഹൻലാലിന്റിന്റെയുമൊക്കെ സൂപ്പർ ഹിറ്റ് സിനിമ റീലിസ് ചെയ്ത ആദ്യ ആഴ്ചയിലുള്ള അതേ ഇടി. എല്ലാ പ്രയക്കാരും ഉണ്ടെങ്കിലും ചെറുപ്പക്കാരാണ് കൂടുതൽ. കഴിഞ്ഞ ഓഴ്ചയ്ക്കുള്ളിൽ കേരളക്കരയിൽ നിന്ന് മാത്രം ക്ലബ്ഹൗസിൽ കയറിയവരുടെ എണ്ണം ഏകദേശം അഞ്ച് ലക്ഷം കവിയും.
എന്താണ് ഈ ക്ലബ്ഹൗസ് എന്നു പരിചയമില്ലാത്ത വർക്കായി ചുരുക്കി പറയാം. തരംഗമായി മാറിയ പുതിയ സോഷ്യൽ മീഡിയ ആപ്പാണ് ക്ലബ്ഹൗസ് . ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും  പോലെ ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം . ലോകത്താകമാനമുള്ള ആളുകൾ ഒന്നിച്ചു കൂടി നടത്തുന്ന 'ചർച്ച' അഥവാ 'ലൈവ് ഡിസ്കഷൻ ' ആണ് ക്ലബ്ഹൗസിന്റെ കാതൽ. ആപ്പ് ഡൗൺലോഡ് ചെയ്ത ആർക്കും ലൈവ് വോയ്സ് ചാറ്റ് റും തുടങ്ങാം. അതിനുളളിൽ കൂട്ടിന് ആളെക്കൂട്ടി വർത്തമാനം പറയാം. അയ്യായ്യിരം പേരെ വരെ കേൾവിക്കാരാക്കാം. പങ്കെടുക്കുന്നവരുടെ ശബ്ദം മാത്രമേ കേൾക്കാനാകൂ എന്നതാണ് ക്ലബ്ഹൗസ് ചർച്ചയുടെ പ്രത്യേകത. ടെക്സ്റ്റ്, വീഡിയോ എന്നിവ സാധ്യമല്ല. ശബ്ദത്തിനും വർത്തമാനം പറച്ചിലിനുമൊക്കെ ഇത്രമാത്രം സാധ്യതകൾ ഉണ്ടായിരുന്നോ എന്ന് ആരും ചിന്തിച്ചു പോകും ഇതിനുള്ളിലെ മിണ്ടിപ്പറച്ചിലുകൾ കേട്ടാൽ.
 വന്ന വഴി
 ശരിക്കും പറഞ്ഞാൽ 2020 മാർച്ചിലാണ് ക്ലബ്ഹൗസ് രംഗത്തെത്തിയത്. തുടക്കത്തിൽ  കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കാര്യമായ മാറ്റങ്ങളോടെയുള്ള രണ്ടാം വരവ് ശരിക്കും  ഒരു 'ഒന്നൊന്നര' വരവായി. 2021 ഏപ്രിൽ, മേയ് മാസങ്ങളിലാണ്  ഏറ്റവും കൂടുതൽ  ആളുകൾ ക്ലബ്ഹൗസ് ഡൗൺലോഡ് ചെയ്തത്. ഇതും മറികടക്കും വിധമാണ് ജൂണിലെ പോക്ക്. ഇതുവരെ ഒരു കോടിയിലധികം ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.
ക്ലബ്ഹൗസിൽ അക്കൗണ്ടുള്ള ആരുടെയെങ്കിലും ക്ഷണം ലഭിക്കുകയോ അല്ലെങ്കിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് നിലവിൽ അക്കൗണ്ടുള്ള സുഹൃത്തുക്കൾ ആഡ് ചെയ്‌തോ മാത്രമാണ് ഇതിൽ പ്രവേശനം. സ്വന്തം ചാറ്റ് റൂം തുടങ്ങി ആളുകളെ ആകര്‍ഷിച്ച് ചര്‍ച്ച നടത്താൻ മൂന്ന് ഒപ്ഷനുകളുണ്ട്. ഓപ്പണ്‍, സോഷ്യല്‍, ക്ലോസ്ഡ് എന്നിങ്ങനെ. ഓപ്പണ്‍ എന്ന ഒപ്ഷനിലാണ് റൂം തുടങ്ങുന്നതെങ്കില്‍ ആര്‍ക്കും വന്ന് കേള്‍ക്കാനും  നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ സംസാരിക്കാനും സാധിക്കും.   സോഷ്യല്‍ ഗ്രൂപ്പ് ആണെങ്കില്‍ നിങ്ങള്‍ ഫോളോ ചെയ്യുന്നവരുമായി മാത്രമേ ചർച്ച  സാധിക്കുകയുള്ളു. മുറി അടച്ചിരുന്നു രഹസ്യം പറയുന്നതു പോലെയാണ് ക്ലോസ്ഡ് ഗ്രൂപ്പിലെ ചർച്ച. അഡ്മിൻ അനുവദിക്കുന്നവർക്ക് മാത്രമേ ഇതിൽ പങ്കെടുക്കാനാകൂ.
 എന്താണ് ക്ലബ് ഹൗസിൽ നടക്കുന്നത്? ചർച്ചകൾ. ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് ക്ലബ്ഹൗസിൽ നടക്കുന്നത്. ആകാശത്തിനു കീഴിലും മുകളിലുമുള്ളതോ ഇനി അതിനപ്പുറമുള്ള തോ ആയ എന്തിനെപ്പറ്റിയും ചർച്ച ചെയ്യാം. പ്രേത കഥകളും  അന്താക്ഷരി കളിയും മുതൽ കോവിഡ്  വാക്സിനും  ചൊവ്വാ പര്യവേഷണവും വരെ  നീളുന്ന വിഷയങ്ങൾക്ക് ഇവിടെ സ്ഥാനമുണ്ട്. ചിലത് ഗൗരവമുള്ളതാകുമ്പോൾ ചിലത് വെറും തമാശയായിരിക്കും.
 വിവാദമായി പ്രെപ്പോസൽ കളി
ആൺകുട്ടികളും പെൺകുട്ടികളും  പരസ്പരം പ്രൊപ്പോസ് ചെയ്യുന്ന പരിപാടിയുടെ പേരിലാണ് ക്ലബ് ഹൗസ് ഏറ്റവുമൊടുവിൽ ചർച്ചയായത്. ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങളുമായി ഇതിനു ബന്ധമുണ്ട് എന്നതായിരുന്നു ഉയർന്നു വന്ന പ്രധാന വിമർശനം. മുസ്ലിം  വിഭാഗത്തിൽപ്പെട്ട ആൺകുട്ടികളാണ് കൂടുതലായി ഇത്തരം ചർച്ചകൾ സംഘടിപ്പിക്കുന്നത് എന്നും അതിൽ പങ്കെടുക്കുന്നവർ  ഹിന്ദു - ക്രിസ്ത്യൻ വിഭാഗത്തിലുള്ള പെൺകുട്ടികളാണെന്നും വിമർശനമുയർന്നു. മുസ്ലിം പെൺകുട്ടികൾ ഇത്തരം പരിപാടിയിൽ പങ്കെടുക്കുന്നില്ല  എന്നും കണ്ടെത്തലുണ്ടായി. ഇതിലൂടെ പെൺകുട്ടികളുടെ ഫോൺ നമ്പരും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും സ്വന്തമാക്കി  അടുപ്പം സ്ഥാപിക്കുകയും,  പിന്നീട് പല മുതലെടുപ്പുകളും  നടത്തുകയും ചെയ്യും എന്നതാണ് പൊതുവായി ഉയർന്ന ആശങ്ക.
 ക്ലബ് ഹൗസിന് വേലിക്കെട്ടണമോ?
 ഒന്നിനെയും വേലി കെട്ടി അകറ്റി നിർത്തുക എന്നത് ഈ ഡിജിറ്റൽ കാലത്തിനു ചേർന്ന സമീപനമല്ല. മാറി നിൽക്കുക എന്നത് പ്രായോഗികവുമല്ല.  വിവേകത്തോടെയുള്ള ഇടപെടലാണ് ഏക പ്രതിവിധി. ആണായാലും  പെണ്ണായാലും ഫെയ്സ്ബുക്കായാലും ക്ലബ്ഹൗസായാലും അതു തന്നെയാണ് ഉത്തമം. തീർത്തും  അപരിചിതരായ ആളുകളോട്  ഒറ്റ നിമിഷം കൊണ്ട് അടുപ്പം സ്ഥാപിക്കുകയും സ്വകാര്യ വിവരങ്ങളും രഹസ്യങ്ങളും  കൈമാറുന്നതും വിവരക്കേടല്ലാതെ മറ്റൊന്നുമല്ല എന്ന തിരിച്ചറിവാണ് ആവശ്യം. ചതിക്കുഴികൾ തേടിപ്പിടിച്ചു  ചെന്നു ചാടുന്നവർ സഹതാപം പോലും    അർഹിക്കുന്നില്ല എന്നതാണ് വാസ്തവം. ഒരോ മാധ്യമത്തിനും
അതിൻ്റേതായ മേൻമകളും ഒപ്പം  കുറവുകളുമുണ്ട്. ക്ലബ്ഹൗസ്  എന്ന പുതുമുഖ മാധ്യമത്തിന്റെ കാര്യത്തിലും മാറ്റമൊന്നുമില്ല. ഓരോ  മാധ്യമത്തിന്റെയും  സാധ്യതകൾ പ്രയോജനപ്പെടുത്തനാണ് ശ്രമിക്കേണ്ടത്. അതാണ് ക്രിസ്തീയ മാർഗ്ഗം.
 പുതിയ അറിവുകൾ നേടാൻ, നിലപാടുകളറിയിക്കാൻ, നല്ല വ്യക്തി ബന്ധങ്ങൾ സൃഷ്ടിക്കാൻ നവ മാധ്യമങ്ങളെ പ്രയോജനപ്പെടുത്താം. തിൻമയുള്ള മനസ്ഥിതിയോടെ ആകരുത് ഡിജിറ്റൽ ഇടത്തിലെ ലോഗ് ഇൻ. ഗൂഢ താൽപര്യക്കാർക്കു  ജീവിതത്തിന്റെ പാസ് വേഡ് നല്കുകയും ചെയ്യരുത്.
കോവിഡിന്റെ കാര്യത്തിലെന്നപോലെ ക്ലബ്ഹൗസിന്റെ  കാര്യത്തിലും പേടി വേണ്ട. ജാഗ്രതയാണ് ആവശ്യം.  അതാകണം ആഗോള മാധ്യമ ദിനത്തിലെ പ്രതിജ്ഞ.

സി. ഗ്ലാഡിസ്  o.s.s.

Foto

Comments

  • Anargha I S
    06-06-2021 05:27 PM

    Good one sister❤

leave a reply