Foto

മലയാള ഭാഷയിലെ അക്കങ്ങൾകൊണ്ട് ഒരു നാഴികമണി

മലയാള ഭാഷയിലെ അക്കങ്ങൾകൊണ്ട് ഒരു നാഴികമണി

തിരുവനന്തപുരം : മലയാളത്തിലെ അക്കങ്ങൾ കൊണ്ട് നാഴികമണി നിർമ്മിച്ച സോഹൻ ബാലചന്ദ്രൻ  ലോക ശ്രദ്ധയിലേക്ക്. നാഴിക എന്നു തന്നെയാണ് ഇതിന്റെ പേര്. ഇതാദ്യമാണ് മലയാളത്തിലുള്ള അക്കങ്ങൾ കൊണ്ട് ഒരു ഘടികാരം നിർമ്മിച്ചിട്ടുള്ളതെന്ന്  ന്യൂ  ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
    2019ലാണ് സോഹൻ ബാലചന്ദ്രന്റെ നേതൃത്വത്തിൽ  പഴയകാല വാച്ചുകളുടെ ശേഖരമുള്ള കുറേപേർ ചേർന്ന് ടൈംഗ്രാഫർ എന്ന പ്രസ്ഥാനം സ്ഥാപിച്ചത്. (ഘടികാര നിർമ്മാണ കലയുമായി ബന്ധപ്പെട്ട ശാസ്ത്രത്തിന് ഹോറോളജി എന്നാണ് ഇംഗ്ലീഷിൽ പറയുക.) തിരുവനന്തപുരത്തായിരുന്നു തുടക്കം. കോവിഡ് വന്നതോടെ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ളവർ സോഹനുമായി ബന്ധപ്പെടാൻ തുടങ്ങി.
    ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കെയാണ് മലയാളത്തിലുള്ള അക്കങ്ങൾ ശ്രദ്ധയിൽ പെട്ടത്. പക്ഷെ പഴയ തലമുറകളിലുള്ളവർക്കുപോലും ഈ മലയാള അക്കങ്ങൾ അറിയില്ല. ഒടുവിൽ കേരളായൂണിവേഴ്‌സിറ്റിയിലെ മലയാള വിഭാഗത്തിന്റെ തലവൻ ദേശമംഗലം രാമകൃഷ്ണനാണ് കൂടുതൽ വിശദീകരണം നൽകിയത്. അറബിയിലുള്ള അക്കങ്ങൾ പ്രചാരത്തിലായതോടെ മലയാള ഭാഷയിലെ അക്കങ്ങൾ കാലഹരണപ്പെടുകയായിരുന്നുവെന്ന് രാമകൃഷ്ണൻ പറഞ്ഞു.
    സ്വാതന്ത്ര്യ പ്രാപ്തിക്കുമുമ്പ് ദൂരമളക്കാനും സമയം നിർണ്ണയിക്കാനും നാഴികക്കണക്കായിരുന്നു. ഒരു നാഴിക 24 മിനിറ്റാണ്. ഭൂമി ആറ് ഡിഗ്രിയിൽ കറങ്ങാനെടുക്കുന്ന സമയമാണിത്. അതുകൊണ്ട് വാച്ചിൽ 24 മണിക്കൂർ പുറമേയുള്ള വൃത്തത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അകത്തെ വലയത്തിൽ 40 നാഴികയുടെ രേഖാ സൂചനയുമുണ്ട്.
    ബോംബെവാച്ചിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ അലി ബഗാസ്രവാലയാണ് വാച്ച് നിർമ്മാണത്തിനുള്ള സാമഗ്രികൾ നൽകിയത്. ഗ്രാഫിക് ഡിസൈനർ ദിലീപ് മണിയപ്പനാണ് ഡയൽ രൂപകൽപ്പന ചെയ്തത്. കൈകൊണ്ട് കീ കൊടുക്കാവുന്ന ഈ വാച്ച് 40 മണിക്കൂർ നിർത്താതെ പ്രവർത്തിക്കും.
    കേരളത്തിന്റെ തനതു സംസ്‌ക്കാരങ്ങളിലേക്ക് വെളിച്ചം വീഴ്ത്തുകയാണ് ടൈംഗ്രാഫറിന്റെ ലക്ഷ്യം. ഇപ്പോൾ നാഴികയുടെ  40 യൂണിറ്റുകളേ നിർമ്മിച്ചിട്ടുള്ളു. നാഴികയ്ക്ക് നാൽപ്പതുവട്ടം എന്ന പഴഞ്ചൊല്ലിനെ ഓർമ്മപ്പെടുത്താനാണിത്. ജൂലൈ 9ന് തിരുവിതാംകൂർ രാജകുടുംബത്തിലെ ആദിത്യ വർമ്മ  - നാഴിക - പ്രകാശനം ചെയ്തു.

Foto

Comments

leave a reply

Related News