ചിക്ലായോ (പെറു): മിഷ്ണറിയും മെത്രാനുമായി ഇരുപതു വര്‍ഷത്തോളം അജപാലന ശുശ്രൂഷ ചെയ്‌ത ചിക്ലായോ രൂപതയിൽ പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ലെയോ പാപ്പ ആദ്യമായി അർപ്പിച്ച വിശുദ്ധ ബലി അവിസ്മരണീയ നിമിഷങ്ങളായി. ഇന്നലെ നവംബർ 13 വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ 10.30-നായിരുന്നു (ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9 മണി) വിശുദ്ധ കുർബാന. വര്‍ഷങ്ങളോളം തങ്ങളുടെ ഇടയില്‍ വൈദികനായും മെത്രാനായും സേവനം അനുഷ്ഠിച്ച ഇടയന്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കടന്നുവന്നപ്പോള്‍ അത് ചിക്ലായോ ജനങ്ങള്‍ക്ക് മറക്കാനാവാത്ത നിമിഷങ്ങളായി.
“പാമ്പാസ് ദെ പിമെന്തെൽ” മൈതാനത്ത് വിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ താൻ ദീർഘകാലം ശുശ്രൂഷ ചെയ്‌ത ചിക്ലായോയിലേക്ക് വീണ്ടും തിരിച്ചെത്താൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രസംഗത്തിന്റെ ആരംഭത്തിൽ തന്നെ പാപ്പ പങ്കുവെച്ചിരിന്നു. അടുത്തിടെ താൻ നേരിട്ട ആരോഗ്യപ്രശ്നങ്ങൾക്കിടയിൽ തനിക്ക് പ്രാർത്ഥനയിലൂടെയും സ്നേഹത്തിലൂടെയും വിശ്വാസികൾ പിന്തുണ നൽകിയത് പാപ്പ നന്ദിയോടെ അനുസ്മരിച്ചു. തുടര്‍ന്നു നല്‍കിയ സന്ദേശത്തില്‍ ക്രൈസ്തവ ജീവിതസാക്ഷ്യത്തിലൂടെയും സ്നേഹത്തിലൂടെയും ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷവും ലോകത്തോട് പ്രഘോഷിക്കാൻ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
വൈദികരെന്നോ സമർപ്പിതരെന്നോ അൽമായരെന്നോ ഉള്ള വ്യത്യാസം കണക്കിലെടുക്കാതെ, എല്ലാ ക്രൈസ്തവരും പ്രേഷിത ശിഷ്യരാണെന്നും, സ്വന്തം ജീവിതസാക്ഷ്യത്തിലൂടെ യേശുക്രിസ്തുവിനെ ലോകത്തിന് മുന്നിൽ അറിയിക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുള്ളതാണെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. സംഭാഷണങ്ങളിലൂടെയും, സഭയിലെ വ്യത്യസ്തമായ സുവിശേഷപ്രഘോഷണ സംവിധാനങ്ങളിലൂടെയും എന്നതിനേക്കാൾ, ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലൂടെയാണ് സുവിശേഷവത്കരണം കൂടുതൽ അനുഭവഭേദ്യമായ രീതിയിൽ സാധ്യമാകുകയെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു.
വിശുദ്ധ കുർബാന, ദൈവവചനം, സഭയുടെ കൂട്ടായ്മ, സഹോദരങ്ങളോടുള്ള തുറന്ന മനോഭാവം തുടങ്ങിയവ ക്രിസ്തുവിന്റെ സാന്നിദ്ധ്യം അനുഭവിക്കാൻ ഉപകാരപ്രദമാണ്. സുവിശേഷപ്രഘോഷണമെന്നത് ആനന്ദപ്രദമായ ഒരു ദൗത്യമാണ്. സുവിശേഷത്തിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് വഴി ഈ ആനന്ദം വർദ്ധിപ്പിക്കും. സുവിശേഷപ്രഘോഷണം കാരുണ്യത്തോടും സഹോദരസ്നേഹത്തോടും കൂടിയുള്ളതാകണമെന്ന് ഓർമ്മിപ്പിച്ച പാപ്പ, ദരിദ്രരെയും ആലംബഹീനരേയും സഹായിക്കേണ്ടതിന്റെ ആവശ്യകതയും സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരിന്നു.










Comments