Foto

പി വി തമ്പി പരിസ്ഥിതി അവാർഡ് 40000 ത്തോളം കണ്ടൽ ചെടികൾ നട്ടു പരിപാലിച്ച മുരുകേശന്

 

പി വി തമ്പി പരിസ്ഥിതി അവാർഡ്
40000 ത്തോളം കണ്ടൽ  ചെടികൾ
നട്ടു പരിപാലിച്ച മുരുകേശന്


കൊച്ചി : കടലും കരയും എന്നുമുണ്ടാകണമെന്നാണ്  മുരുകേശന്റെ ആഗ്രഹം. അതുകൊണ്ട്  വൈപ്പിൻ മാലിപ്പുറത്തെ  മൽസ്യ തൊഴിലാളിയായ മുരുകേശൻ കണ്ടൽ ചെടികൾ നട്ടുകൊണ്ടേയിരിക്കുന്നു . മുരുകേശനാണ് ഈ വർഷത്തെ പി വി തമ്പി സ്മാരക അവാർഡ് ജേതാവ് .   ആദ്യകാല പത്രപ്രവർത്തകനും പരിസ്ഥിതി വാദിയുമായ യശശ്ശരീരനായ പി.വി. തമ്പിയുടെ സ്മരണയ്ക്കായി എൻവയർമെന്റ് മോണിറ്ററിംഗ് ഫോറമാണ്  ഏർപ്പെടുത്തിയ ഈ പരിസ്ഥിതി പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്   25,000/- രൂപയും ഫലകവുമാണ് അവാർഡ്.
    
സാധാരണക്കാരായ വ്യക്തികൾ നടത്തുന്ന അസാധാരണങ്ങളായ പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. വനംവകുപ്പുമായി സഹകരിച്ച് വൈപ്പിനിലെ എല്ലാ പഞ്ചായത്തുകളിലും, ചെറായി , മുളവുകാട്, വല്ലാർപാടം, ചെല്ലാനം, കടമക്കുടി എന്നീ പ്രദേശങ്ങളിൽ നാൽപ്പതിനായിരത്തോളം കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്ത വൈപ്പിൻ മാലിപ്പുറത്തെ മത്സ്യത്തൊഴിലാളി മുരുകേശൻ പരിസ്ഥിതിപ്രവർത്തനത്തിന്റെ അസാധാരണ മാതൃകയാണ്. കടൽത്തീരത്ത് മുപ്പതിനായിരത്തോളം കാറ്റാടി മരങ്ങളും മുരുകേശൻ നട്ടിട്ടുണ്ട്. മുരുകേശന്റെ നേതൃത്വത്തിൽ കടലാമ സംരക്ഷണവും വൈപ്പിനിൽ നടന്നുവരുന്നു.
    
നവംബർ മാസത്തിൽ കൊച്ചിയിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ഇരുപത്തി മൂന്ന് വർഷക്കാലത്തിനിടയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഇത്തരം വ്യക്തികളെയും സംഘടനകളെയും തേടിയെത്തി ആദരിക്കുവാൻ എൻവയർമെന്റ് മോണിറ്ററിംഗ് ഫോറത്തിന് കഴിഞ്ഞിട്ടുണ്ട്. ജലവിഭവ സംരക്ഷണത്തിനായി പ്രവർത്തിച്ചിരുന്ന തൃശ്ശൂരിലെ യശശ്ശരീരനായ    ടി.എൻ. എൻ ഭട്ടതിരിപ്പാട്, കോട്ടയത്തെ തണൽ വൃക്ഷങ്ങൾ നട്ടുവളർത്തിയ യശശ്ശരീരനായ ഇത്താപ്പി, കടലാമകളെ സംരക്ഷിക്കുകയും, മണൽവാരലിനെതിരെ ചെറുത്തു നിൽപ്പു നടത്തുകയും ചെയ്ത    മത്സ്യതൊഴിലാളി യുവാക്കളുടെ കൂട്ടായ്മയായ കൊളാവിയിലെ തീരം, കണ്ടൽക്കാടുകൾ നട്ടുവളർത്തിയ യശശ്ശരീനായ കല്ലൻ പൊക്കുടൻ, 32 ഏക്കർ സ്ഥലം വാങ്ങി കാട് വച്ച് പിടിപ്പിച്ച പുലിയൻകുളത്ത് അബ്ദുൾ കരീം, വനം നശീകരണത്തിനും വന്യമൃഗവേട്ടയും തടയാൻ പെരിയാർ ടൈഗർ റിസർവ്   വനത്തിന്റെ കാവലുകളായി മാറിയിട്ടുള്ള വസന്തസേന, കടലാമ സംരക്ഷണം തീരപരിസ്ഥിതി  സംരക്ഷണം എന്നീ പ്രവർത്തനങ്ങൾ നടത്തുന്ന നീലേശ്വരം ഗ്രാമപഞ്ചായത്തിലെ തൈക്കടപ്പുറം   കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നെയ്തൽ എന്നീ വ്യക്തികളും പ്രസ്ഥാനങ്ങളും അവാർഡ് ജേതാക്കളിൽ പെടും.

പരിസ്ഥിതി സംരക്ഷണം ജീവിത വ്രതമാക്കിയവർ

പേങ്ങാട്ടിരിയിൽ വൃക്ഷങ്ങൾ  വച്ചു നട്ടുപിടിപ്പിച്ച യശശ്ശരീരനായ മുണ്ടൻ, പാലക്കാട് ജില്ലയിലെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് ഭാരതപ്പുഴയുടെ    സംരക്ഷണത്തിന് തുടക്കം മുതലേ നേതൃത്വം നൽകി വരുന്ന യശശ്ശരീരനായ ഇന്ത്യനൂർ ഗോപി,   കണ്ടലിന്റെ വളർത്തമ്മ എന്നറിയപ്പെടുന്ന ചെപ്പന്നക്കരയിൽ യശശ്ശരീരയായ മറിയാമ്മ പാറയിൽ രാജൻ, മേലേമുരളിയിലെ വൃക്ഷസ്‌നേഹിയായ നക്കോലക്കൽ കബീർ, കല്ലട ആറിന്റെ തീരങ്ങളിൽ പിടിമുറക്കിയ മണൽ മാഫിയക്ക് എതിരെ ഒറ്റയാൾ പട്ടാളമായി പൊരുതി വിജയം നേടിയ പള്ളിക്കൽ ഭവാനി, കണ്ണുർ ജില്ലയിലെ മുട്ടിൽ പുഴയോരത്ത് ആയിരത്തോളം കണ്ടൽ നട്ട് പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്ത പതിനാലു വയസ്സുകാരൻ കെ. എസ്. സനോജ്, നാടൻ നെല്ലിനങ്ങളുടെ പ്രവാചകനും സംരക്ഷകനുമായ ചെറുവയൽ രാമൻ, പാലക്കാട് -തൃശ്ശുർ ജില്ലകളിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ലക്ഷങ്ങളിലേറെ തണൽ മരങ്ങൾ നട്ട കല്ലൂർ ബാലൻ, പിതൃസ്വത്തായി കിട്ടിയ  അഞ്ചേക്കർ മണ്ണിൽ വനം സൃഷ്ടിച്ച പുണ്ടികുളം ദേവസ്യാച്ചൻ, സൈലന്റ് വാലിയിലെ വാച്ചർ മാരി, അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ പോരാടുന്ന ഗീത വാഴച്ചാൽ, പെരിയാർ ടൈഗർ റിസേർവിലെ വനപാലകനായിരുന്ന കണ്ണൻ, മാവൂർ കുറ്റിക്കടവ് ചെറുപുഴയിൽ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പതിവായി നീക്കുകയും റീസൈക്ലീംഗിനായി നൽകുകയും ചെയ്യുന്ന പാലയ്ക്കൽ ഖാദർ, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വള്ളികൾ ഉപയോഗിച്ച് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന മലപ്പുറം നടുവട്ടം സ്വദേശി മനോഹരൻ, ഇരുപത്തിമൂവായിരത്തോളം വൃക്ഷത്തൈകൾ നട്ട് പരിപാലിച്ച പാലക്കാട്  ജില്ലയിലെ  തേങ്കുറിശ്ശിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ശ്യാംകുമാർ എന്നിവരും   മുൻ വർഷങ്ങളിലെ  അവാർഡ്  ജേതാക്കളുടെ നിരയിലുണ്ട്.

 

Video Courtesy : India Ahead News

Foto

Comments

leave a reply