Foto

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ നാനൂറാം വാര്‍ഷികത്തില്‍ ലെയോ പാപ്പയുടെ ബലിയര്‍പ്പണം

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ ഇടവക ദേവാലയമെന്ന പേരില്‍ അറിയപ്പെടുന്ന വത്തിക്കാനില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രതിഷ്ഠാദിനത്തിന്റെ 400-ാം വാർഷികത്തോടനുബന്ധിച്ച് ലെയോ പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു. ഇന്നലെ ബുധനാഴ്ച നടന്ന ദിവ്യബലിയര്‍പ്പണത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ബസിലിക്ക രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത വ്യക്തികളെ പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം അനുസ്മരിച്ചു. "അക്കാലത്തെ ഏറ്റവും മികച്ച ബുദ്ധിജീവികൾ" എന്ന് അവരെ വിശേഷിപ്പിച്ച പാപ്പ - തങ്ങളുടെ കഴിവുകൾ, അധ്വാനം, വിഭവങ്ങൾ എന്നിവയിലൂടെ ദൈവത്തിന് മഹത്വം നൽകുകയായിരിന്നുവെന്നും പറഞ്ഞു.

ബസിലിക്കയുടെ വലിയ കവാടങ്ങളിലേക്കും കമാനങ്ങളിലേക്കും ബാൽക്കണികളിലേക്കും ജനലുകളിലേക്കും നോക്കൂ. അവ ചത്വരത്തിലേക്ക് തുറക്കുന്നതോടൊപ്പം, ലോകം മുഴുവനുമുള്ളവർക്കായി ഒരു ക്ഷണം നൽകുന്നു: 'വരൂ, പ്രവേശിക്കൂ, കാണൂ, ആസ്വദിക്കൂ, വിശ്വസിക്കൂ എന്നാണെന്നും കാലപ്പഴക്കത്താൽ നശിച്ചുപോകാൻ സാധ്യതയുള്ള ഈ മനോഹരമായ കല്ലുകൾ കണ്ടിട്ടല്ല നാം വിശ്വസിക്കുന്നത്; മറിച്ച്, അവയിലൂടെ പ്രകാശിക്കുന്ന വിശ്വാസം കണ്ടിട്ടാണെന്നും പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശാലത, മറ്റുള്ളവരെ സ്വാഗതം ചെയ്യുക എന്ന സഭയുടെ ശാശ്വതമായ വിളിയെ പ്രതിഫലിപ്പിക്കുകയാണെന്നും കഴിയുന്നത്ര ആളുകൾക്ക് സഭയിൽ ഒരിടം കണ്ടെത്താൻ കഴിയണം എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. 

1506 ഏപ്രിൽ 18-ന് ജൂലിയസ് രണ്ടാമൻ പാപ്പയാണ് നിലവിലുള്ള സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് തറക്കല്ലിട്ടത്. കൃത്യം 120 വർഷങ്ങൾക്ക് ശേഷം, 1626 നവംബർ 18-ന് ഉർബൻ എട്ടാമൻ പാപ്പ ബസിലിക്കയുടെ കൂദാശ നിർവ്വഹിച്ചു. ഈ 120 വർഷത്തിനിടയിൽ 20 പാപ്പമാരുടെ ഭരണകാലഘട്ടങ്ങളിലൂടെയാണ് നിർമ്മാണം കടന്നുപോയത്. 12 പ്രമുഖ വാസ്തുശില്പികൾ ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകി. മൈക്കലാഞ്ചലോ, ദൊണാറ്റോ ബ്രമാന്തെ, റാഫേൽ, ജിയാക്കോമോ ഡെല്ല പോർട്ട, കാർലോ മദേർണോ തുടങ്ങിയ പ്രമുഖരായിരിന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. 

Comments

leave a reply

Related News