Foto

വൈറസിനെതിരെ പോരാടി നഴ്സ് ദിനാചരണം ഇന്ന്

ജീവന്‍ പണയം വച്ചു പോരാടുന്ന നഴ്‌സുമാരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

ഇന്ന്   രാജ്യാന്തര നഴ്സ് ദിനം. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത് മുതല്‍ സ്വന്തം ആരോഗ്യവും ജീവനും കുടുംബവും നോക്കാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വെള്ള വസ്ത്രമണിഞ്ഞ കാവല്‍ മാലാഖമാരെ ലോകം സവിശേഷമായി ആദരിക്കുന്നു ഇന്ന് .

ആധുനിക നഴ്‌സിങ്ങിന് അടിത്തറ പാകിയ ഫ്‌ളോറന്‍സ് നൈറ്റിന്‍ഗേല്‍ എന്ന 'വിളക്കേന്തിയ വനിത'യുടെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ഫ്‌ളോറന്‍സിന്റെ ജനനം.  മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്‍ നിരയിലാണ് മിക്ക രാജ്യങ്ങളിലും നഴ്സുമാരിപ്പോള്‍. ലോകം അതിജീവനത്തിനു ക്‌ളേശിക്കവേ, 'സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്' നിബന്ധനകളുടെ ചട്ടക്കൂടിലും തങ്ങളുടെ ദുരിതമത്രയും മറന്ന് മാനവരാശിയുടെ ക്ഷേമത്തിനായി അഹോരാത്രം അദ്ധ്വാനിക്കുന്നു അവര്‍.

നഴ്സുമാര്‍ ഉയര്‍ത്തുന്ന പ്രതിരോധമാണ് കോവിഡ് രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്തായി മാറുന്നത് - മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.അദ്ദേഹത്തിന്റെ വാക്കുകള്‍:

'നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയില്‍ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്‌നത്തില്‍. ആ യുദ്ധത്തിന്റെ ഏറ്റവും മുന്‍നിരയില്‍, അക്ഷരാര്‍ത്ഥത്തില്‍, ജീവന്‍ പണയം വച്ചു പോരാടിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളില്‍ ഒന്ന് നഴ്‌സുമാരാണ്.

അപകടകാരിയായ ഒരു വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ വകവയ്ക്കാതെ നാടിനു വേണ്ടി രാപ്പകലെന്നില്ലാതെ അവര്‍ അദ്ധ്വാനിക്കുകയാണ്. അവരില്‍ രോഗബാധിതരായവര്‍ പോലും ഭയന്നു പിന്‍വാങ്ങാതെ സേവനസന്നദ്ധരായി വീണ്ടും മുന്നോട്ടു വന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്ന കാഴ്ചകളാണ് നമ്മള്‍ കണ്ടത്. അവരുയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്തായി മാറുന്നത്.

കേരളത്തില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഈ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ മലയാളികളായ നഴ്‌സുമാര്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഈ നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. ലോക നഴ്‌സസ് ദിനത്തില്‍ ഈ ഘട്ടത്തില്‍ അവരുള്‍പ്പെടെ എല്ലാ നഴ്‌സുമാരും കാഴ്ചവച്ച മഹനീയ സേവനങ്ങളെ അഭിനന്ദിക്കുന്നു. നിപ്പ പകര്‍ച്ച വ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുള്‍പ്പെടെയുള്ളവരുടെ ത്യാഗങ്ങളെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. അവരോട് ഈ ലോകം കടപ്പെട്ടിരിക്കുന്നു.'

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News