ഫാ. സ്റ്റാന്‍ സ്വാമിക്കുള്ള പൊതുജന പിന്തുണ വര്‍ദ്ധിക്കവേ 'സാമൂഹിക താല്‍പ്പര്യ' ത്തിന്റെ പേരില്‍
ജാമ്യാപേക്ഷ കോടതി നിരസിച്ചത് വിരോധാഭാസം; പ്രസ്താവനയില്‍ ഒപ്പിട്ടത് പ്രമുഖ അക്കാദമിക്
വിദഗ്ധരും നിയമജ്ഞരും കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും വിരമിച്ച ബ്യൂറോക്രാറ്റുകളും
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഏകതാ പരിഷത്ത് കേസില്‍ തടവിലാക്കിയ ആദിവാസി അവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് സഭാംഗവുമായ ഫാ. സ്റ്റാന്‍ സ്വാമി (83)ക്ക് അനിശ്ചിതമായി ജാമ്യം നിഷേധിക്കുന്നതിനെതിരെ നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ 2500 ല്‍ അധികം പേര് പരസ്യ പ്രസ്താവനയുമായി രംഗത്ത്. നിരവധി പ്രശസ്ത അക്കാദമിക് വിദഗ്ധര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരന്മാര്, ചലച്ചിത്ര നിര്‍മ്മാതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, ജെസ്യൂട്ടുകള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, വിരമിച്ച ബ്യൂറോക്രാറ്റുകള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുള്ളത്. അദ്ദേഹത്തിനെതിരെ ചുമത്തിയ യുഎപിഎ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
അഡ്മിറല്‍ ലക്ഷ്മിനാരായണ രാംദാസ്, അലോക കുജുര്‍, ആല്പ ഷാ, ആനന്ദ് പട്വര്ധന്, അനുരാധ തല്‍വാര്‍, അപൂര്‍വാനന്ദ്, അരുണ റോയ്, ആശിഷ് കോത്താരി, ബേല ഭാട്ടിയ, ഭാരത് ഭൂഷണ് ചൗധരി, സെഡ്രിക് പ്രകാശ്, ദയാമണി ബാര്‍ല, എലീന ഹൊറോ, ഫറാ നഖ്വി, ജയതി ഘോഷ്, ജീന്‍ ഡ്രെസ്, ജോണ്‍ ദയാല്‍, കവിത ശ്രീവാസ്തവ, ലിത രാംദാസ്, നന്ദിത ദാസ്, നിഖില്‍ ദേ മുഖര്‍ജി, ടീസ്റ്റ സെതല്‍വാദ്, വാസവി കിറോ, വിര്‍ജീനിയസ് സാക്സ, വജാഹത്ത് ഹബീബുള്ള, യോഗേന്ദ്ര യാദവ് തുടങ്ങിയവര്‍ പ്രസ്താവനയെ പിന്തുണയ്ക്കുന്നു.2020 ഒക്ടോബറിലാണ് റാഞ്ചിയില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കി. എന്‍.ഐ.എ കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പല തവണ തള്ളി.
ഫാ. സ്റ്റാന്‍ സ്വാമിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടെന്നും രണ്ട് ചെവികളുടേയും കേള്‍വിശക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്‍ഐഎ ജാമ്യാപേക്ഷയെ എതിര്‍ത്തു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വയോധിക വൈദികന് പിന്തുണ നല്‍കിയതിന് തെളിവുണ്ടെന്നും ഇത് ഗൗരവകരമായ കുറ്റമാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍.ഐ.എ കോടതിയില്‍ വാദിച്ചു.
2017 ഡിസംബര്‍ 31ന് പൂനെയിലെ ശനിവാര്‍വാഡയില്‍ നടന്ന യോഗത്തില്‍ രാജ്യത്ത് അക്രമം നടത്താനുള്ള ഗൂഢാലോചന നടന്നതെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ കബീര്‍ കാല മഞ്ച് നടത്തിയ വിദ്വേഷ പ്രസംഗമാണ് വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയതെന്നും ഇത് 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയെന്നുമാണ് എന്‍.ഐ.എയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ കൂരുക്കു മുറുക്കി ഫാ. സ്റ്റാന്‍ സ്വാമിയുടെ ജയില്‍ വാസം അനന്തമായി നീട്ടുന്നത്. രാജ്യത്തെ കര്‍ദ്ദിനാള്‍മാര്‍ സംയുക്തമായി ഈ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അനുകൂല നീക്കമുണ്ടായില്ല.
പ്രമുഖര്‍ ഉള്‍പ്പെടെ 2500 പേര് ഒപ്പിട്ട പ്രസ്താവന ഇപ്രകാരമാണ്:
ഭീമ കൊറേഗാവ് കേസില്‍ ഫാ. സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ 2021 മാര്‍ച്ച് 22 ന് പ്രത്യേക എന്‍ഐഎ കോടതി നിരസിച്ചത് ഞങ്ങളെ ഞെട്ടിച്ചു. 2020 ഒക്ടോബര്‍ 8 ന് അറസ്റ്റിലായ അദ്ദേഹം ജയിലില്‍ തന്നെ തുടരുന്നു. എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമി പാര്‍ക്കിന്‍സണ്‍സ് രോഗിയാണ്. രണ്ട് കൈകള്‍ക്കും വിറയലുണ്ട്. ഗ്ലാസില്‍ നിന്ന് എന്തെങ്കിലും കുടിക്കാനും കുളിക്കാനും സ്വന്തമായി വസ്ത്രങ്ങള്‍ കഴുകാനും അദ്ദോഹത്തിന് ബുദ്ധിമുട്ടുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്.
അറസ്റ്റിലാകുന്നതിന് മുമ്പ് ഫാ. സ്റ്റാന്‍ സ്വാമി റാഞ്ചിയിലെ ബാഗൈച്ചയില്‍ ആയിരുന്നു കൂടുതല്‍ സമയം ചെലവഴിക്കാറുണ്ടായിരുന്നത്.ആദ്യം മഹാരാഷ്ട്ര പോലീസും പിന്നീട് എന്‍ഐഎയും ഈ കേസ് 2018 മുതല്‍ കൈകാര്യം ചെയതപ്പോഴെല്ലാം അദ്ദേഹം ബാഗൈച്ചയില്‍ താമസിക്കുകയും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുകയും ചെയ്തു. പരിമിത ചലനാത്മകതയുള്ള, മറ്റുള്ളവര്‍ക്കെതിരായ അക്രമത്തിന്റെ ചരിത്രമില്ലാത്ത വയോധിക രോഗിയുടെ ജാമ്യം നിരസിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണ്.
അസാധാരണമായ സൗമ്യത, സത്യസന്ധത, നിസ്വാര്‍ത്ഥത എന്നിവ സ്വന്തമായുള്ള വ്യക്തിയായി ഞങ്ങള്‍ ഫാ. സ്റ്റാനെ അറിയുന്നു. അദ്ദേഹത്തോടും അദ്ദേഹം നിറവേറ്റിപ്പോന്ന സേവനത്തോടും ഞങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ബഹുമാനമുണ്ട്. ആദിവാസികളുടെ അവകാശങ്ങള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം ജാര്‍ഖണ്ഡില്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ചു.
ഫാ. സ്റ്റാന്‍ സ്വാമിക്കുള്ള പൊതുജന പിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, 'സാമൂഹിക താല്‍പ്പര്യ' ത്തിന്റെ പേരില്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചു എന്നത് വിരോധാഭാസമാണ്. ആദിവാസികള്‍, ഗ്രാമസഭകള്‍, സിവില്‍ സൊസൈറ്റി, നിരവധി രാഷ്ട്രീയ നേതാക്കള്‍, പാര്‍ട്ടികള്‍, ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രി എന്നിവര്‍ തന്നെ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ അപലപിക്കുകയും അദ്ദേഹത്തിന് പിന്തുണയും ഐക്യദാര്‍ഢ്യ വും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഭീമ കൊറെഗാവ്, ഏകതാ പരിഷത്ത് കേസിലെ പ്രതികളുടെ കമ്പ്യൂട്ടറുകളില്‍ എങ്ങനെയാണ് വ്യാജ രേഖകള്‍ നട്ടതെന്ന് എന്‍ഐഎ ശേഖരിച്ച ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലൂടെ അടുത്തിടെ ആഴ്സണല്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ കമ്പ്യൂട്ടറില്‍ നിന്ന് എടുത്ത ചില ഫയലുകള്‍ കെട്ടിച്ചമച്ചതാണെന്നും അവ തെറ്റാണെന്നും ഫാ.സ്റ്റാന്‍ തന്നെ എന്‍ഐഎയോട് വ്യക്തമായി പറഞ്ഞു. തെളിവുകള്‍ കെട്ടിച്ചമച്ചതു കണക്കിലെടുക്കാതെ കോടതി ജാമ്യാപേക്ഷ നിരസിച്ചത് ആശങ്കാജനകമാണ്.
കെട്ടിച്ചമച്ച യുഎപിഎ ആരോപണങ്ങളാല്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവരുന്ന ആയിരക്കണക്കിന് തടവുകാരുടെ ദുരവസ്ഥയുടെ പ്രതീകമാണ് ഫാ.സ്റ്റാന്‍ സ്വാമി. നിരാലംബര്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെയും സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയും ഉപദ്രവിക്കാന്‍ യുഎപിഎ പലപ്പോഴും ദുരുപയോഗിക്കപ്പെടുന്നു. യുഎപിഎ കേസുകളിലെ ശിക്ഷാ നിരക്ക് വളരെ കുറവാണ് (പാര്‍ലമെന്റില്‍ സൂചിപ്പിച്ചതുപോലെ 2016-19 കാലയളവില്‍ 2.2%). ആരോപണങ്ങളില്‍ പലതും അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിക്കുന്നു ഈ കണക്ക്. ഫാ. സ്റ്റാന്‍ സ്വാമിക്ക് ഉടനടി ജാമ്യം നല്‍കാനും യുഎപിഎ റദ്ദാക്കാനും ജാമ്യം അനുവദിക്കുന്ന മാനദണ്ഡത്തിലേക്ക് കേസ് നവീകരിക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ബാബു കദളിക്കാട്
Comments
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MySQL server version for the right syntax to use near 'ഫാ. സ്റ്റാന്‍ സ്വാമിക്ക് ജാമ്' at line 1
SELECT * FROM Comments where isActive = 2 AND heading = ''ഫാ. സ്റ്റാന്‍ സ്വാമിക്ക് ജാമ്യം ആനുവദിക്കണം' : പരസ്യ ആവശ്യവുമായി 2500 പേര്' order by id desc;
Filename: views/News/view.php
Line Number: 96