Foto

തീവ്ര പ്രതിഷേധം; തൊഴില്‍ നിയമ ഭേദഗതി തല്‍ക്കാലം മാറ്റിവച്ച് കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന് തടസമുള്ളതിനാല്‍ മരവിപ്പിക്കല്‍ എന്നു വിശദീകരണം

രാജ്യത്തെ അസംഘടിത മേഖലയിലടക്കം തൊഴില്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റം ഫലപ്രദമാക്കുന്നതിനായി ആവിഷ്‌കരിച്ച നാല് ലേബര്‍ കോഡുകള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. വലിയ എതിര്‍പ്പിനിടയാക്കിയ നീക്കമാണ് ഇതോടെ താല്‍ക്കാലികമായെങ്കിലും നിലയ്ക്കുന്നത്. സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന് കാലതമാസമുള്ളതിനാലാണ് മരവിപ്പിക്കല്‍ എന്നാണു വിശദീകരണം.

പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തൊഴില്‍ മേഖലയില്‍ മാറ്റംവരുത്തുന്നതിന്റെ ഭാഗമായാണ് 29 തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ച് നാല് ലേബര്‍ കോഡുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്.ഇതു വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രം തയ്യാറെടുത്തിരുന്നു. പക്ഷേ, സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അതിന് തടസ്സമാണ്. ഇക്കാര്യത്തില്‍ മാറ്റം വരുത്തിയാല്‍ നടപ്പാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.പുതിയ പരിഷ്‌കരണത്തെ  വെല്ലുവിളിച്ച് എല്ലാ ട്രേഡ് യൂണിയനുകളും രംഗത്തു വന്നിരുന്നു. ലേബര്‍ കോഡിലെ തൊഴിലാളി വിരുദ്ധ വകുപ്പുകള്‍ക്കെതിരെ തുടര്‍ച്ചയായ അഖിലേന്ത്യാതല പ്രക്ഷോഭം നടത്തുമെന്ന് ഭാരതീയ മസ്ദൂര്‍ സംഘ് പ്രഖ്യാപിച്ചിരുന്നു. കര്‍ഷക സമരത്തിനിടെ തൊഴില്‍ സമരവും പ്രതിരോധിക്കുക വലിയ വെല്ലുവിളിയാകുമെന്ന് സര്‍ക്കാര്‍ കരുതുന്നതായി പറയപ്പെടുന്നു.
 
തൊഴില്‍ രംഗം പുനഃസംഘടിപ്പിക്കുന്നതിനും തൊഴില്‍ നിയമങ്ങള്‍ ഉടച്ചുവാര്‍ത്ത് പുതിയ  തൊഴില്‍ മേഖലയ്ക്കും തൊഴില്‍ സംസ്‌കാരത്തിനും രൂപം നല്‍കുന്നതിനും തൊഴിലാളി-തൊഴിലുടമ മാനേജ്മെന്റ് ബന്ധങ്ങള്‍ പുനര്‍നിര്‍വചനം ചെയ്യുന്നതിനും വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് നടപടികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു. അതിന്റെ ഒരേകദേശ പരിസമാപ്തിയാണ് 2019-ല്‍ പാര്‍ലമെന്റ് പാസാക്കിയ ദി കോഡ് ഓണ്‍ വേജസ് ആക്ട് (വേതന ചട്ടം), 2020-ല്‍ പാസാക്കിയ സോഷ്യല്‍ സെക്യൂരിറ്റി കോഡ് (സാമൂഹിക സുരക്ഷാ ചട്ടം), ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് (വ്യവസായ ബന്ധ ചട്ടം), ഒക്യുപ്പേഷന്‍ സേഫ്റ്റി കോഡ് (തൊഴില്‍ സുരക്ഷാ ചട്ടം) എന്നിവ. ഈ നിയമങ്ങളില്‍ ആശങ്കയും ഉത്കണ്ഠയും തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ടവര്‍ പ്രകടിപ്പിച്ചിരുന്നു.

ഈ നാലു നിയമങ്ങള്‍ പ്രാബല്യത്തിലായാല്‍  നിലവിലുള്ള മുപ്പത്തിമൂന്ന് നിയമങ്ങള്‍ ഇല്ലാതാകും. 1936-ലെ പെയ്മെന്റ് ഓഫ് വേജസ് ആക്ട്, 1948-ലെ മിനിമം വേജസ് ആക്ട്, 1976-ലെ ഈക്വല്‍ റെമ്യൂണറൈസേഷന്‍ ആക്ട് 2019-ലെ വേതനാ ചട്ടം നിലവില്‍ വന്നതോടെ  ഇല്ലാതായി. സാമൂഹിക സുരക്ഷാ ചട്ടം നടപ്പിലാകുമ്പോള്‍ എംപ്ലോയീസ് കോമ്പന്‍സേഷന്‍ നിയമം, ഇ.എസ്.ഐ നിയമം, ഇ.പി.എഫ് നിയമം, മെറ്റേണിറ്റി ബെനിഫിറ്റ് നിയമം, ഗ്രാറ്റുവിറ്റി നിയമം തുടങ്ങിയ ഒന്‍പത് നിയമങ്ങളാണ് ഇല്ലാതാകുന്നത്.

തൊഴിലാളി, തൊഴിലുടമ, സ്ഥാപനം, വേതനം എന്നിവയ്ക്ക് നാലു നിയമങ്ങളിലും സമാന നിര്‍വചനമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ സംബന്ധിച്ച ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളും എല്ലാം ഒഴിവാകുമെന്നായിരുന്നു അവകാശ വാദം. റദ്ദാക്കപ്പെടുന്ന നിയമങ്ങള്‍ വഴി ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതേപടി പുതിയ നിയമങ്ങള്‍ പ്രകാരവും ലഭിക്കും. ഗ്രാറ്റുവിറ്റി ലഭിക്കാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷത്തെ തൊഴില്‍ കാലയളവ് വേണമെന്ന നിലവിലെ നിബന്ധന ഒഴിവാക്കി തൊഴിലിന്റെ സ്വഭാവമനുസരിച്ച് ഗ്രാറ്റുവിറ്റിക്ക് അര്‍ഹത നിശ്ചയിക്കാന്‍ സാമൂഹിക സുരക്ഷാ ചട്ടം വ്യവസ്ഥ ചെയ്യുന്നു. സ്ഥിരം ജീവനക്കാര്‍ക്ക്  5 വര്‍ഷത്തെ  കാലയളവ് തുടരുമ്പോള്‍ കരാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ കാലയളവിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രാറ്റുവിറ്റി ലഭിക്കുക.

അതിഥി തൊഴിലാളികളെയും സാമൂഹിക സുരക്ഷാ ചട്ടത്തില്‍ ഉള്‍പ്പെടുത്തി്. മാധ്യമ പ്രവര്‍ത്തകര്‍ക്കും 3 വര്‍ഷത്തിന് ശേഷം ഗ്രാറ്റുവിറ്റി ലഭിക്കും. അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം സംസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്രാ ബത്ത തൊഴില്‍ദാവ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
അപകടകരമോ ജീവനു ഭീഷണി ഉള്ളതോ ആയ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളില്‍  ഒരു തൊഴിലാളി മാത്രമാണ് ജോലി ചെയ്യുന്നതെങ്കിലും ഇ.എസ്.ഐ ആനുകൂല്യവും 20 ജോലിക്കാരുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും പുതിയ കോഡനുസരിച്ച് ഇ.പി.എഫ് ആനുകൂല്യങ്ങളും ലഭിക്കും. വീട്ടുവാടക ബത്ത, ഓവര്‍ടൈം അലവന്‍സ്, കമ്മീഷന്‍, യാത്രാ ബത്ത എന്നിവ  വേതനം എന്ന പദത്തിന്റെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കിയതിലൂടെ ഇ.പി.എഫ്, ഇ.എസ്.ഐ, കോണ്‍ട്രിബ്യൂഷനുകളില്‍ തൊഴിലാളിക്കും തൊഴിലുടമയ്ക്കും കോണ്‍ട്രിബ്യൂഷന്‍ ബാധ്യത കുറയും. 100 തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ കാന്റീനും, 50 ലേറെ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ പുരുഷ-വനിത, ട്രാന്‍സ്ജെന്റര്‍ ജീവനക്കാര്‍ക്ക് വേവ്വേറെ വിശ്രമ മുറികളും ഭക്ഷണമുറികളും ഒരുക്കണം.


കോഡ് ഓണ്‍ ഒക്യുപ്പേഷണല്‍ സേഫ്റ്റി പ്രാബല്യത്തില്‍ വരുന്നതോടെ ഫാക്ടറീസ് ആക്ട്, കോണ്‍ട്രാക്ട് ലേബര്‍ ആക്ട് തുടങ്ങിയ പതിമൂന്ന് നിയമങ്ങളാണ് ഇല്ലാതാകും. പുതിയ നിയമം അനുസരിച്ച് തൊഴിലാളികളെ ഓവര്‍ടൈം ജോലിക്ക് നിയോഗിക്കണമെങ്കില്‍ അവരുടെ രേഖാമൂലമുള്ള അനുമതി മുന്‍കൂറായി വാങ്ങിയിരിക്കണം. കോണ്‍ട്രാക്ട് ലേബര്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികളുടെ എണ്ണത്തിന്റെ പരിധി നിലവിലുള്ള 20-ല്‍ നിന്ന് 50 ആയി പുതിയ നിയമത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്. കരാര്‍ തൊഴിലാളികളുടെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് പ്രധാന തൊഴിലുടമ നല്‍കണമെന്ന വ്യവസ്ഥയും പുതിയ നിയമത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.  


വ്യവസായ ബന്ധ ചട്ടം പ്രാബല്യത്തില്‍ വന്നാല്‍ നിലവിലുള്ള ട്രേഡ് യൂണിയന്‍ ആക്ട്, സ്റ്റാന്റിംഗ് ഓര്‍ഡേഴ്സ് ആക്ട്, ഇന്‍സ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് എന്നിവ റദ്ദാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളെയും വ്യവസായ ബന്ധ ചട്ടത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാക്ടറി, ഖനികള്‍, പ്ലാന്റേഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ എണ്ണം മുന്നൂറോ അതില്‍ കൂടുതലോ ആണെങ്കില്‍ മാത്രം ജീവനക്കാരെ പിരിച്ചു വിടുന്നതിനും ലേ ഓഫ് ചെയ്യുന്നതിനും സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ മതി. നേരത്തെ തൊഴിലാളികളുടെ എണ്ണത്തിന്റെ പരിധി നൂറോ അതില്‍ കൂടുതലോ ആയിരുന്നു. നേരത്തെയുള്ളതില്‍ നിന്നും വ്യത്യസ്തമായി സമരത്തിന് 14 ദിവസത്തെ നോട്ടീസ് നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമം.


14 ദിവസത്തെ നോട്ടീസില്ലാതെ സമരം പാടില്ലെന്ന് നിയമം പറയുന്നുണ്ട്. സ്ഥാപനത്തിലെ പകുതിയിലേറെ ജീവനക്കാര്‍ സംഘടിതമായി അവധിയെടുത്താലും അത് സമരമായി കണക്കാക്കും. അതുപോലെ തന്നെ തര്‍ക്ക പരിഹാര ഓഫീസര്‍ മുമ്പാകെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിയ്ക്കെ സമരം ചെയ്യുന്നതും നിയമ വിരുദ്ധമാകും. സിവില്‍ കോടതിക്കുളള പല അധികാരങ്ങളും തര്‍ക്കപരിഹാര ഓഫീസര്‍മാര്‍ക്കും പുതിയ നിയമത്തിലൂടെ ലഭിക്കും. കോഡ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് കര്‍ക്കശമായ ശിക്ഷകളായണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ചെറിയ വീഴ്ചകള്‍ക്കു പോലും മൂന്നു മാസം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. തൊഴിലാളികള്‍ നിയമലംഘനം നടത്തിയാല്‍ പരമാവധി പിഴ 10,000 രൂപയാണ്.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News