Foto

പെഗാസസ് കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിൽ അന്വേഷണം

പെഗാസസ് കേസില്‍  സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിൽ  അന്വേഷണം

 പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജഡ്ജിമാരുടേയും രാഷ്ട്രീയ നേതാക്കളുടേയും  മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി ആളുകളുടെയും  ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

ഇന്ന് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണക്ഷനും ഒരു സ്മാര്‍ട്ട് ഫോണുമുള്ള ഏതൊരാളും ഏത് നിമിഷവും ഭരണകൂടഭീകരതയുടെ ഇരയായേക്കാം.
അതിന് സര്‍ക്കാര്‍ സഹായം തേടിയിരിക്കുന്നത് ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ഉല്‍പ്പന്നമായ ചാര സോഫ്റ്റുവെയര്‍ 'പെഗാസസിനെയാണ്.  
മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാത്രമല്ല, ഇതൊരു പൗരനും സ്വകാര്യതയ്ക്ക് അവകാശമുണ്ട്. പൗരന്‍മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. സ്വകാര്യത ഹനിയ്ക്കപ്പെട്ടു എന്ന് ഒരു പൗരന് സംശയമുണ്ടാകുമ്പോള്‍ അത് വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കാന്‍ മോദി സര്‍ക്കാര്‍  തയ്യാറായിരുന്നില്ല.  പെഗാസസ്  ഉപയോഗിച്ചു എന്ന കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പൊതുചര്‍ച്ചയോ കോടതി ഇടപെടലോ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ  നിലപാട്. പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സമിതിയെ നിയമിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അധിക സത്യവാങ്മൂലം നല്‍കാനാവില്ലെന്ന് കേന്ദ്രം വീണ്ടും വ്യക്തമാക്കിയതോടെയാണ് സുപ്രീം കോടതി തന്നെ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ മുന്നിട്ടിറങ്ങിയത്.

ഒട്ടേറെ ആശങ്കകള്‍ക്ക്  കാരണമായ  ഈ വിഷയത്തെ കേന്ദ്ര സര്‍ക്കാര്‍ നിസ്സാരവല്‍ക്കരിക്കാനാണ് ആദ്യം മുതല്‍ക്കെ ശ്രമിച്ചുകൊണ്ടിരുന്നത്. പെഗാസസ് വിഷയത്തില്‍ മോദി-ഷാ-ഡോവല്‍ ഉപജാപക സംഘത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ എന്തുവില കൊടുത്തും അടിച്ചമര്‍ത്താനാണ്  ശ്രമിച്ചുകൊണ്ടിരുന്നത്. ഇന്ത്യയാകെ നിരീക്ഷണ വലയത്തിലാക്കി അധികാരത്തില്‍ കടിച്ചുതൂങ്ങാമെന്ന വ്യാമോഹത്തിനാണിപ്പോള്‍ സുപ്രീം കോടതിയുടെ  രൂക്ഷവിമര്‍ശനം.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസും നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
ദി ഹിന്ദു ദിനപത്രത്തിന്റെ  മുന്‍ ചീഫ് എഡിറ്ററാണ് എന്‍. റാം. ഏഷ്യാനെറ്റ് സ്ഥാപകനും ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം, ഏഷ്യാവില്‍ എന്നിവയുടെ  ഡയറക്ടറാണ് ശശി കുമാര്‍. ജോണ്‍ ബ്രിട്ടാസാകട്ടെ കൈരളി ടിവിയുടെ മുന്‍ മേധാവിയും.

ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുകയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്  ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്. ഇതോടെ ദേശരക്ഷ എന്ന പേരിലുള്ള  കേ്ന്ദ്രത്തിന്റെ കള്ളക്കളിക്ക് തിരിച്ചടിയായി. സ്വകാര്യത എന്നത് മൗലീക അവകാശമാണെന്ന് ഊന്നിപ്പറയുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.
റോ മുന്‍ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്രോയ്, ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷനല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി), ഡോ.പി. പ്രഭാകരന്‍( കൊല്ലം അമൃത വിശ്വവിദ്യാലയം സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രഫസര്‍), ഡോ. അശ്വിന്‍ അനില്‍ ഗുമസ്തെ( മുംബൈ ഐഐടി പ്രഫസര്‍) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

് സത്യത്തില്‍ പെഗാസസ് ആളുകളുടെ വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം വരിക്കുന്ന സോഫ്റ്റ്വെയറാണ്. . സൈബര്‍ ആയുധമെന്ന നിലയില്‍ ഒരു ഇസ്രയേലി കമ്പനി 2016ല്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറായ പെഗാസസ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ അടക്കം ഉള്‍പ്പെടുത്താം.

ഇത് വ്യക്തികള്‍ക്ക് ലഭ്യമ എന്നാണ് കമ്പനിയുടെ അവകാശവാദം. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് നല്‍കാറുള്ളതത്രെ.  ഫോണ്‍ ചോര്‍ത്തുന്നതിനുള്ള ഏറ്റവും എളുപ്പമായ ആയുധമാണ് പെഗാസസ് എന്നാണ് സൈബര്‍ ഗവേഷകര്‍ ഇതിനെ വിേേശഷിപ്പിക്കുന്നത്.
വിവരങ്ങള്‍ എളുപ്പം ചോര്‍ത്തിയെടുക്കാന്‍ പെഗാസസിന് കഴിയും. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ഒരു ലിങ്കിലൂടെയോ വോയ്‌സ് കോളിലൂടെയോ മിസ്ഡ് കോളിലൂടെയോ ഫോണുകളിലേയ്ക്ക് കടത്തിവിടുകയും ഫോണ്‍ ഹാക്ക് ചെയ്യുകയും ചെയ്യുകയാണ് പെഗാസസിന്റെ പതിവ് രീതി. വാട്‌സാപ് മിസ്ഡ് വിഡിയോ കോള്‍, മെസേജിലെ ലിങ്ക് തുടങ്ങിയവ വഴി ഉപയോക്താവ് അറിയാതെ പെഗാസസ് സോഫ്റ്റ് വെയര്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാം. പാസ്‌വേഡുകള്‍, ഫോണ്‍ നമ്പരുകള്‍, എസ്എംഎസ്, ലൈവ് കോളുകള്‍ എന്നിവയെല്ലാം ചോര്‍ത്താം.
ഫോണിന്റെ ഉടമ ഇതൊന്നും അറിയുകയില്ല.  ക്യാമറയും മൈക്രോഫോണും എല്ലാം പ്രവര്‍ത്തിപ്പിക്കാനും അതുവഴി വിവരങ്ങള്‍ ശേഖരിക്കാനും പെഗാസസിന് സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ പെഗാസസ് ഫോണില്‍ ചാരപ്പണി നടത്തുമ്പോള്‍, അതിന്റെ ഒരു ലക്ഷണങ്ങളും പ്രകടമാവില്ല. ഫോണ്‍ സ്ലോ ആവുക പോലുമില്ല.

ഒരുവര്‍ഷം പരമാവധി 500 ഫോണുകള്‍ വരെയാണ് പെഗാസിസ് വഴി നിരീക്ഷിക്കാന്‍ സാധിക്കുക. ഒരേസമയം പരമാവധി 50 ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനാകും. പെഗാസസ് ഡൗണ്‍ലോഡ് ആയിക്കഴിഞ്ഞാല്‍, വിദൂരതയില്‍ എവിടെയെങ്കിലും ഉള്ള ഹാക്കറുടെ കമാന്‍ഡ് കമ്പ്യൂട്ടറുമായി അത് ഫോണിനെ ബന്ധിപ്പിക്കുകയായി. എന്തൊക്കെ വിവരങ്ങളാണ് ഫോണില്‍ നിന്ന് ചോര്‍ത്തേണ്ടത് എന്നത് ഹാക്കര്‍ നല്‍കുന്ന വിവരം അനുസരിച്ച് പെഗാസസ് ചോര്‍ത്തിനല്‍ക്കിക്കൊണ്ടിരിക്കും.
പാസ് വേര്‍ഡുകള്‍, കോണ്ടാക്ട് ലിസ്റ്റ്, കലണ്ടര്‍ ഇവന്റുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ലൈവ് വോയ്സ് കോളുകള്‍ തുടങ്ങിയവയെല്ലാം ചോര്‍ത്തി എടുക്കാന്‍ പെഗാസസിന് കഴിയും.
എന്‍ക്രിപ്റ്റഡ് ഓഡിയോ സ്ട്രീമുകളും എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളും വരെ ചോര്‍ത്താന്‍ പെഗാസസിന് കഴിയും എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.
എഴുപത് മുതല്‍ എണ്‍പത് ദശലക്ഷം ഡോളര്‍ വരെയാണ് പെഗാസസിന്റെ ഒരുവര്‍ഷത്തെ ലൈസന്‍സ് ചെലവ്  ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏതാണ്ട് അറുപത് കോടിയോളം വരും.
പെഗാസസിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജി, നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നു റിപ്പോര്‍ട്ട്. ലോകമെങ്ങുമുള്ള ആയിരക്കണക്കിന് പേരുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

പട്ടികയിലുള്ള ഇന്ത്യക്കാരില്‍ 10 പേരുടെ ഫോണുകളില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു.
പുണെയിലെ ഭീമ കോറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്‍ഗര്‍ പരിഷത് കേസില്‍ പ്രതികളായ തൃശൂര്‍ സ്വദേശി ഹനി ബാബു, കൊല്ലം സ്വദേശി റോണ വില്‍സന്‍, കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവുവിന്റെ മകള്‍ കെ.പാവന, പാര്‍ലമെന്റ് ആക്രമണക്കേസില്‍ അറസ്റ്റിലാകുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ എസ്.എ.ആര്‍ ഗീലാനി തുടങ്ങിയവരുടെ നമ്പരുകളും ചോര്‍ത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ മലയാളികളായ എം.കെ. വേണു (ദി വയര്‍ സ്ഥാപക പത്രാധിപര്‍), സന്ദീപ് ഉണ്ണിത്താന്‍, ജെ.ഗോപീകൃഷ്ണന്‍ എന്നിവരും അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ബിസിനസ് വളര്‍ച്ചയെക്കുറിച്ചു വാര്‍ത്തയെഴുതിയ രോഹിണി സിങ്ങുമുണ്ട്. കൊച്ചി സ്വദേശിയായ ആക്ടിവിസ്റ്റ് ജയ്‌സന്‍ കൂപ്പറാണു മറ്റൊരു മലയാളി. അഭിഭാഷകര്‍, ബിസിനസുകാര്‍, ശാസ്ത്രജ്ഞര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമുണ്ട്. കൂടുതല്‍ നിരീക്ഷണവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് 2017-19 കാലയളവിലായിരുന്നുവെന്നാണു വിവരം.
ഇന്ത്യയിലെ ജനങ്ങളുടെ കോടിക്കണക്കിന് നികുതി പണം ചെലവിട്ട് ചാരസോഫ്റ്റ്വെയര്‍ വാങ്ങി സ്വന്തം മന്ത്രിയുടെ വീട്ടുജോലിക്കാരന്റെയും അവരുടെ പാറാവുകാരുടേയും  ഫോണുകള്‍വരെ ചോര്‍ത്തുന്ന നിലവാരത്തിലേക്ക് സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നു.
ഒന്നാലോചിച്ചുനോക്കു. ജനാധിപത്യത്തിന്റെ   ചരിത്രത്തില്‍ ആദ്യമായായിരിക്കണം നാലു തൂണും നിരീക്ഷണവലയത്തിലാകുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്. പാര്‍ലമെന്റംഗങ്ങളും ജഡ്ജിമാരും മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മന്ത്രിമാരും നിരീക്ഷണവലയത്തിലാണ് എന്നതാണ് കൗതുകം..!

ജോഷി ജോര്‍ജ്

 

 

Video courtesy : THE GUARDIAN

Comments

leave a reply

Related News