Foto

തൊടരുത് , ഞങ്ങളെല്ലാം ജനപ്രതിനിധികളിലെ പുന്നാര - പ്രതി -കളല്ലേ ?

ഞായറാഴ്ച ചിന്ത


തൊടരുത് ,  ഞങ്ങളെല്ലാം
ജനപ്രതിനിധികളിലെ
പുന്നാര 'പ്രതി'കളല്ലേ ?
    

അഞ്ചുവർഷത്തിനിടെ പൊതുമുതൽ  നശിപ്പിച്ചതിനെതിരെയുള്ള 128 കേസുകൾ ഇടതുസർക്കാർ പിൻവലിച്ചിരിക്കുകയാണ്. മന്ത്രിമാർ പ്രതികളായുള്ള 12 കേസുകളും , എം. എൽ. എ.മാർ പ്രതികളായ   94 കേസുകളും ഇതിൽ ഉൾപ്പെടും. 2007 മുതലുള്ള ഈ കേസുകളിലെ രാഷ്ട്രീയക്കണക്ക് കൂടി കേട്ടോളൂ: എൽ.ഡി.എഫ്.-84, യു.ഡി.എഫ്-55, ബി.ജെ.പി.15, എസ്.ഡി.പി.ഐ-5, പി.ഡി.പി-2, എ.എ.പി-1. എൽ.ഡി.എഫും യു.ഡി.എഫും ഉൾപ്പെട്ട 2  കേസുകളും പിൻവലിച്ചതിൽ പെടും. വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്കെതിരെ 13 കേസുകളും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിനെതിരെ  7 കേസുകളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സർക്കാർ 223 കേസുകൾ പിൻവലിക്കാൻ കോടതികളിൽ അപേക്ഷ നൽകിയിരുന്നു. ഈ കേസുകളിലെ 17-ലും ഇടതു ജനപ്രതിനിധികളും 150-ൽ ഇടതുയുവജന നേതാക്കളും പ്രതികളായിരുന്നു. ഇവിടെയും തീരുന്നില്ല, പൊതുമുതൽ സംരക്ഷണത്തിന്റെ പേരിലുള്ള ഉഡായിപ്പുകൾ. കാരണം, മന്ത്രി വി. ശിവൻകുട്ടിയടക്കം ആറ് ഇടത് നേതാക്കളെ പൊതുമുതൽ നശിപ്പിച്ച കേസിൽ നിന്ന് വിമുക്തരാക്കാൻ സുപ്രീംകോടതിയിൽ കേസ് നടത്തിയ വകയിൽ പൊതുഖജനാവിൽ നിന്ന് ചെലവഴിക്കാൻ പോകുന്നത് 16.5 ലക്ഷം രൂപയാണ്. പെരിയ കൊലക്കേസിൽ പ്രതികളായ പാർട്ടിക്കാരെ സംരക്ഷിക്കാനും ജനം നൽകിയ നികുതിപ്പണം തന്നെ വാരി വിതറുകയാണ്. കഷ്ടം, എന്നല്ലാതെ എന്തുപറയാൻ ?

 

ദൈവത്തിന്റെ നാട്ടിലുള്ളവരാണോ നാം ?
    
അതിഥി ദേവോ ഭവ: എന്നെല്ലാം കേരളാ ടൂറിസത്തിന്റെ പരസ്യത്തിലുണ്ട്. ആ ടൂറിസം വകുപ്പിന്റെ മേധാവി ഇപ്പോൾ ചില ആരോപണങ്ങളിൽ പെട്ട നേതാവാണ്.   കേരളത്തിൽ ആയുർവേദ ചികിത്സയ്‌ക്കെത്തിയ  ലാത്വിയൻ രാജ്യക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ  കേസിൽ 10 മാസങ്ങൾക്കുള്ളിൽ വിചാരണ നടത്തി കുറ്റക്കാര ശിക്ഷിക്കണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ്  കോടതിയോട്  കഴിഞ്ഞദിവസം ഹൈക്കോടതിക്ക് ഉത്തരവിടേണ്ടിവന്നു!  2018 ഏപ്രിൽ 20 നു നടന്ന സംഭവത്തിൽ പൊലീസ് കുറ്റപത്രം നൽകാൻ വൈകിയതുകൊണ്ട് പ്രതികൾ ജയിൽമോചിതരായി. 2018 ഓഗസ്റ്റ് 29 ന് പൊലീസ് അന്തിമകുറ്റപത്രം നൽകിയിട്ടും കഴിഞ്ഞ മൂന്നരവർഷമായി ഈ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല! കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിനുശേഷമാണ് ഇപ്പോൾ വിചാരണ 10 മാസത്തിനുള്ളിൽ തീർക്കണമെന്ന വിധിയുണ്ടായിരിക്കുന്നത് ! ഇതാണോ, ദൈവത്തിന്റെ നാട് കാണാനെത്തുന്നവരോടുള്ള സമീപനം ? കോവിഡ് കാലഘട്ടം മുതലാക്കി ഇത്തരം നീതിനിഷേധങ്ങൾ പല മേഖലകളിലുമുണ്ട്. ഇരകളേക്കാൾ, ഈ സന്ദർഭങ്ങളിൽ, കുറ്റവാളികൾക്ക് ആരൊക്കെയോ കുടപിടിച്ചുകൊടുക്കുന്നുമുണ്ട്! എല്ലാ ദിവസവുമെന്നപോലെ ഹൈക്കോടതി പൊലീസിനെതിരെ വിധി പ്രസ്താവങ്ങൾ നടത്തിയിട്ടും, മുല്ലപ്പെരിയാറിൽ നിന്ന് ജലം തോന്നുമ്പോഴെല്ലാം തുറന്നുവിടുന്ന തമിഴ്‌നാടിനെ പോലെ ആഭ്യന്തരവകുപ്പ് കുലുങ്ങാതിരിക്കുന്നതെന്താണ് ? ഒരു കാര്യം, ഇപ്പോൾ ആഭ്യന്തരവകുപ്പിൽ ചോർച്ചയേയുള്ളൂ. അത് പരിഹരിക്കാവുന്നതേയുള്ളൂ. പക്ഷെ, ഓരോ സംഭവങ്ങളും ഉയർത്തുന്ന ജനരോഷത്തിന്റെ തീ കാണാതെ പോകരുത്. പൊലീസിന്റെ ഇടിയുടെയും ചവിട്ടിന്റെയും രുചിയറിഞ്ഞവരാണ് ഇടതുനേതാക്കളിൽ പലരും. അവർ അതെല്ലം മറക്കരുത്.  കുറ്റവാളികളിൽ നിന്നും കുറ്റവാളികളായ നിയമപാലകരിൽ നിന്നും ജനത്തെ സംരക്ഷിക്കാനുള്ള അടിയന്തിര രക്ഷാദൗത്യത്തിനു സർക്കാർ ഉണർന്നു പ്രവർത്തിക്കണം.

 

ഞങ്ങൾ ഞെട്ടി മാമാ, ജനം പറയുന്നു
    
കാരണം മലയിൻകീഴ് സ്റ്റേഷനിലെ ചില പൊലീസുകാർ ആറ് വയസ്സുള്ള മകളെയും അമ്മയെയും പ്രതിയുടെ വീട്ടിൽ രാത്രി കൊണ്ടുപോയി വിട്ട സംഭവം നമ്പർവൺ പത്രം മുക്കിയതും  നാം കണ്ടതല്ലേ ? പ്രതിക്കെതിരെ പരാതി കൊടുത്ത സ്ത്രീയെ 47 ദിവസമാണ് പോലീസ് തടവിലിട്ടത്  !  പൊലീസിലെ 900-ഓളം പേർ  വകുപ്പുതല അന്വേഷണം നേരിടുന്നുണ്ട്. 700-ലേറെ പേർ കുറ്റകൃത്യങ്ങളോടു ബന്ധപ്പെട്ടവരാണെന്നു ഔദ്യോഗികരേഖകളുണ്ട്. 18 പേരെ നിവൃത്തിയില്ലാതെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നിട്ടും, ഓരോ പാർട്ടി ഭരിക്കുമ്പോഴും അവർക്ക് ദാസ്യവേല ചെയ്യുന്ന ന്യൂനപക്ഷം കേരളാപൊലീസിന്റെ സൽക്കീർത്തിക്ക് കളങ്കം ചാർത്തുന്നുണ്ട്. സി.പി.എം. ഭരിക്കുമ്പോൾ 'പാർട്ടി പറഞ്ഞാൽ കേൾക്കുന്നവരെ' മാത്രമേ ക്രമസമാധാനത്തിനായി നിയോഗിക്കാറുള്ളൂ. ആ പൊലീസുകാരാകട്ടെ, കിട്ടുന്ന 'പടി'യിൽ ഒരു ഭാഗം പ്രാദേശിക നേതാക്കൾക്ക് നൽകി കസേര ഉറപ്പിക്കും. പണമുള്ളവനെ പൂ വിതറി സ്റ്റേഷനിലേക്ക് ആനയിക്കുകയും, പണമില്ലാത്തവരെ തെറികൊണ്ട് അഭിഷേകം ചെയ്തു ഭയപ്പെടുത്തി ഓടിക്കുകയും ചെയ്യുന്ന പൊലീസുകാർ ഒരുതരത്തിൽ ഇടതുപക്ഷ പാർട്ടികളുടെ സാമൂഹിക നീതിയ്ക്കായുള്ള പോരാട്ടത്തിനു നേരെയാണ്  കത്തിവീശുന്നത്. തുടർഭരണമെന്നത്, ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന ജനം നൽകിയ സുവർണാവസരമാണ്. അത് ചില പ്രാദേശിക നേതാക്കളുടെ 'കന്നം തിരിവുകൾക്ക്' വിട്ടുകൊടുക്കരുത്.

 


ഡാമിൽ നിന്ന് തുറന്നുവിടുന്നത് ജീവിതദുരിതങ്ങൾ
    
എങ്ങനെയും മുല്ലപ്പെരിയാറിൽ 142 അടി എന്ന ജലവിതാനം നിലനിർത്താൻ തമിഴ്‌നാട് കാണിക്കുന്ന ആക്രാന്തം മുല്ലപ്പെരിയാർ അണക്കെട്ടിനു താഴെ ജീവിക്കുന്ന കുടുംബങ്ങളെ കൊടും ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. മഞ്ചുമല , ആറ്റോരം, കടശ്ശിക്കാട്, വള്ളക്കടവ് തുടങ്ങിയ പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ രാത്രി മുഴുവൻ പാറക്കെട്ടിലും ഉയർന്ന സ്ഥലങ്ങളുമായി അവരുടെ വീടുകൾ കാണാനാകുന്ന വിധം കൈക്കുഞ്ഞുങ്ങളുമായി ഉണർന്നിരിക്കുകയാണ്. തമിഴ്‌നാട് മുല്ലപ്പെരിയാർ ഡാമിൽ നിന്ന് രാത്രി തോറും തുറന്നുവിടുന്ന വെള്ളത്തിൽ ഒഴുകിപ്പോകുന്നത് അവരുടെ ജീവിത സ്വപ്നങ്ങളാണ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പോലും തമിഴ്‌നാട് ഇങ്ങനെ ചെയ്താൽ എന്തുചെയ്യുമെന്ന് പറഞ്ഞ് കൈമലർത്തുന്നു. മുഖ്യമന്ത്രിയുമായി ചൊവ്വാഴ്ച (ഡിസ.7) മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒടുവിൽ ബുധനാഴ്ച (ഡിസ.8) ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. പിണറായി വിജയനും എം.കെ. സ്റ്റാലിനും തമ്മിൽ  സ്വന്തം ജനങ്ങൾ  നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കാൻ പരസ്പരം ഫോണിൽ പോലും സംസാരിക്കാനാവാത്ത സ്ഥിതിയിലാണോ
കാര്യങ്ങൾ ? നമുക്കറിയില്ല. കേരളത്തിലല്ല, തമിഴ്‌നാട്ടിലെ ജനങ്ങൾക്കാണ് ഇത്തരമൊരു ദുരവസ്ഥയുണ്ടാകുന്നതെങ്കിലോ ? ക്ഷമയുടെ നെല്ലിപ്പടിയിലല്ല  പഴയ സിനിമാനടൻ  നെല്ലിക്കോട് ഭാസ്ക്കരന്റെ  പരുവത്തിലാണല്ലോ മലയാളി ഇപ്പോൾ .


ആന്റണി ചടയംമുറി

 

cartoon credits goes to the respected owners

Foto
Foto

Comments

leave a reply