Foto

പാറേമാക്കൽ ജയന്തി കടനാട്ടിൽ ആചരിച്ചു

പാറേമാക്കൽ ജയന്തി കടനാട്ടിൽ ആചരിച്ചു

പാലാ: പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ശുദ്ധമാന സഭയെ നയിക്കുകയും വൈദേശികാധിപത്യത്തിനെതിരെയും മത തീവ്രവാദങ്ങൾക്കെതിരെയും  മാർത്തോമാ നസ്രാണികളുടെ ഐക്യത്തിനു വേണ്ടിയും അക്ഷീണം പ്രയത്നിക്കുകയും ചെയ്ത പാറേമ്മാക്കൽ മാർ തോമ്മാ കത്തനാർ എന്ന ചരിത്രപുരുഷന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കടനാട് ഇടവകയിൽ വല്ല്യാത്ത് വച്ച് പുറത്തു നമസ്കാരവും അനുസ്മരണ  സമ്മേളനവും നടന്നു. കടനാട് ഫൊറോനാ പള്ളി വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയുടെ മുഖ്യ കാർമികത്വത്തിൽ റംശാ നമസ്കാരം ചൊല്ലി പ്രാർത്ഥിച്ചു. തുടർന്ന്

പാറേമാക്കൽ മാർ തോമാ ഗോവെർണദോർ എഴുതിയ മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമായ വർത്തമാനപുസ്തകത്തിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും  പാറേമ്മാക്കൽ കുടുംബ യോഗം പ്രസിഡന്റ് മാത്യു പള്ളിക്കുന്നേൽ, രൂപത ഡയറക്ടർ ഫാ. സിറിൽ തോമസ് തയ്യിൽ, അനിൽ തോണിക്കുഴിയിൽ, പയസ്  വലിയകുന്നേൽ തുടങ്ങിയവർ സംസാരിച്ചു. വൈദേശിക ആധിപത്യത്തിനെതിരെസ്വരമുയർത്തി ദേശീയ പ്രസ്ഥാനങ്ങൾക്ക് രൂപം കൊടുത്ത ആദ്യ കാല മഹദ് വ്യക്തിയാണ് മാർ പാറേമ്മാക്കൽ എന്നും പാറേമ്മാക്കലിനെയും അദ്ദേഹത്തിന്റെ കൂടെ എട്ടു വർഷമെടുത്തു ക്ലേശകരമായ റോമാ- പോർച്ചുഗൽ യാത്ര നടത്തിയ കരിയാറ്റിൽ മാർ യൗസേപ്പ് മെത്രാപ്പോലീത്തായുടെയും ജീവചരിത്രവും ജീവിത ദൗത്യങ്ങളും പഠിച്ചാൽ സഭയിലും സമൂഹത്തിലും രാഷ്ട്രത്തിലും ഇന്ന് നിലവിലുള്ള ഭിന്നതകൾ, മതതീവ്രവാദപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകുമെന്ന് ഡയറക്ടറച്ചൻ അഭിപ്രായപ്പെട്ടു. ചരിത്രബോധമില്ലാത്ത വർക്ക് ചരിത്രത്തിൽ ഇടം നഷ്ടപ്പെടുമെന്ന് അനിൽ തോണിക്കുഴി പറഞ്ഞു. എസ്. എം. വൈ. എം. പാലാ രൂപത ജനറൽ സെക്രട്ടറി കെവിൻ ടോം മൂങ്ങാമാക്കൽ, വൈസ് പ്രസിഡന്റ്‌ സുസ്മിത സ്കറിയ, കെ സി വൈ എം സംസ്ഥാന സിൻഡിക്കേറ്റംഗം നിഖിൽ ഫ്രാൻസിസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആൽഫിൻ ടോം, റോസ്മോൾ എൻ, ജോസ് പ്ലാശനാൽ, വിവിധ  നസ്രാണി യൂത്ത് പ്രതിനിധികൾ, കുടുംബ കൂട്ടായ്മ പ്രതിനിധികൾ തുടങ്ങിയവർ സാമൂഹിക അകലം പാലിച്ചു പ്രാർഥനയിലും തുടർന്നുള്ള അനുസ്മരണ സമ്മേളനത്തിലും പങ്കുചേർന്നു. സമ്മേളനത്തിനൊടുവിൽ യുവാക്കൾ പാറേമാക്കൽ  ഗോവർണ്ണദോർ  ജനിച്ച് വളർന്ന  വീടിരിക്കുന്ന സ്ഥലത്തെത്തി കത്തനാരുടെ അമ്മ കൈ കൊണ്ട് സ്വന്തമായി നിർമ്മിച്ചതും ഇപ്പോഴും സംരക്ഷിച്ചു പോരുന്നതുമായ  വറ്റാത്ത കിണറും പുരാതനമായ അറയും നിരയും ഉള്ള വീടും  സന്ദർശിക്കുകയും  ചെയ്തു.

Comments

leave a reply