Foto

മടിച്ചു നിൽക്കാതെ കടന്നു.. വരൂ... കടന്നു... വരൂ... എന്ന് കൊച്ചി നഗരം എന്ന് പറയും ?

മടിച്ചു നിൽക്കാതെ കടന്നു.. വരൂ... കടന്നു... വരൂ...
എന്ന്  കൊച്ചി നഗരം എന്ന്  പറയും ?  

വൈപ്പിൻ:  വൈപ്പിൻ ബസ്സുകൾ കൊച്ചി നഗരത്തിൽ കടന്നാൽ എന്ത് സംഭവിക്കും ? ഒരു ചുക്കും സംഭവിക്കില്ലെന്ന്  എല്ലാവർക്കും അറിയാം എന്നിട്ടും ഗോശ്രീ ദ്വീപുകളിൽ നിന്നുള്ള ബസ് യാത്രക്കാർ രാവിലെ ഹൈകോർട്ട്  ജംഗ്ഷനിൽ ഇറങ്ങി തിക്കിയും തിരക്കിയും നടന്നു സിറ്റി ബസുകളിൽ  കയറുന്നതും വൈകുന്നേരം അതേ യാത്രക്കാർ  അതേ  ബസ്സുകളിലേക്ക്  ഇടിച്ചു കയറുന്നതും കണ്ട്  ഉള്ളാലെ സന്തോഷിക്കുന്നവർ ആരാണ്  ?
ഗോശ്രീ ദ്വീപുകളിൽനിന്നുള്ള ബസ്സുകളുടെ നഗരപ്രവേശം  ഇന്നും ഒരു കീറാമുട്ടിയായിത്തന്നെ  നിലനിൽക്കുകയാണ്. പാലങ്ങൾ  ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോൾ മുതൽ തന്നെ  ദ്വീപുനിവാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടുകൊണ്ടിരിന്ന ഒരു പ്രധാന കാര്യമാണ് വൈപ്പിൻ കരയിലെ ബസ്സുകളുടെ നഗരപ്രവേശം. പാലം വന്നതിന്റെ മുഴുവൻ പ്രയോജനവും അനുഭവപ്പെടണമെങ്കിൽ നഗരത്തിന്റെ  വിവിധ ഭാഗങ്ങളിലേക്കു വൈപ്പിൻകരയിൽനിന്നും ബസ്സുകൾ  സർവീസ് നടത്തണം. എന്നാൽ അതുമാത്രം നടക്കുന്നില്ല.

പാലത്തിന്റെ  നിർമ്മാണം ഏതാണ്ട് പൂർത്തിയായപ്പോൾ ഒരു പ്രമുഖ പത്രം വൈപ്പിന്കരയിലെ രാഷ്ട്രീയക്കാരെയും പൊതുപ്രവർത്തകരെയും മറ്റും വിളിച്ചു ചേർത്ത് ഒരു വികസന സെമിനാർ നടത്തുകയുണ്ടായി.സെമിനാറിൽ അന്നത്തെ ജില്ലാകളക്ടർ ഗ്യാനേഷ് കുമാറും പങ്കെടുത്തു.വൈപ്പിൻബസ്സുകൾ നഗരത്തിലേക്ക് പ്രവേശിച്ചാൽ എറണാകുളം നഗരത്തിൽ അനിയന്ത്രിതമായ ഗതാഗതക്കുരുക്കുണ്ടാകുമെന്നും അതിനാൽ വൈപ്പിൻ ബസ്സുകൾക്കു വേണ്ടി സി. എം. എഫ് .ആർ. ഐ. ക്കു സമീപം നികത്തുഭൂമിയിൽ ഒരു ബസ് ടെർമിനൽ പണിത് അവിടേയ്ക്കു നഗരത്തിലെ ബസ്സുകളേയുമെത്തിച്ച് വിവിധ പ്രദേശങ്ങളിലേക്ക് വൈപ്പിൻകരക്കാർക്ക്   യാത്രചെയ്യുവാനുള്ള സൗകര്യമുണ്ടാക്കാമെന്നും  മറ്റും കളക്ടർ പ്രഖ്യാപിച്ചു. കളക്റ്റേഴ്‌സ് സ്‌ക്വയർ എന്ന് അവിടം അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ടെർമിനലും വന്നില്ല, കളക്ടറും പോയി, കളക്ടേഴ്‌സ് സ്ക്വയറും പോയി , ബസ്സുകൾ നഗരത്തിലേക്ക് എത്തിയതുമില്ല. വൈപ്പിൻ ബസ്സുകൾ നഗരത്തിലെത്തിയാൽ വൻഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നു പറഞ്ഞവർ തന്നെ നഗരത്തിന്റെ   മറ്റു പ്രാന്തപ്രദേശങ്ങളിലെ ബസ്സുകൾക്ക് യഥേഷ്ടം പെർമിറ്റുകൾ നൽകി. .പോരാത്തതിന് ആയിരക്കണക്കിന് ഓട്ടോറിക്ഷകൾക്കും നഗരത്തിലോടുവാൻ പുതിയ പെർമിറ്റുകൾ നൽകി.വൈപ്പിൻകരക്കാർക്കു   മാത്രം ഭ്രഷ്ട് കൽപ്പിച്ചു.

 നഗരപ്രവേശം തടയുവാൻ വലിയൊരു ലോബിതന്നെ  പ്രവർത്തന നിരതരായുണ്ടെന്നാണ് പൊതുവെയുള്ള സംസാരം.പതിനായിരങ്ങൾ നിത്യേന  ഹൈക്കോർട്ട് ജംക്‌ഷനിൽ എത്തുന്നത് ഇല്ലാതായാൽ എറണാകുളം ഭാഗത്തെ വ്യാപാരത്തെത്തന്നെ  സാരമായി ബാധിക്കുമെന്നു എല്ലാവർക്കുമറിയാം.

എറണാകുളത്തെ ബസ്സുകളിൽ കയറുമ്പോൾ അവർക്കു  ലഭിക്കുന്ന മിനിമം ചാർജിലെ നഷ്ടവും കൂടുതൽ ബസ്സുകൾ വരുമ്പോൾ വരുമാനം വീതിക്കപ്പെടുമെന്നതും എറണാകുളത്തെ  പ്രൈവറ്റ് ബസ്സുകാരും  മുൻകൂട്ടിക്കണ്ടു.അവരും ബന്ധപ്പെട്ടവരിൽ സമ്മർദ്ദം പ്രയോഗിച്ചിട്ടുണ്ടാകാം.എല്ലാത്തിനും പുറമെ വൈപ്പിൻകരയിലെ ബസ്സുകാർക്കു എറണാകുളത്തേക്കു വരുന്നതിനോട് അത്രതന്നെ താല്പര്യവുമുണ്ടായില്ല,ഇപ്പോൾ അതിൽനിന്നും ചെറിയ മാറ്റമുണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.വൈപ്പിൻകരയിലെ നേരെയുള്ള റോഡിൽമാത്രം ഓടുന്നതിനേക്കാളും റിസ്ക് ആണ് എറണാകുളത്ത് ഓടുന്നതെന്നതും  എതിർപ്പിനു കാരണമാകാം .അവരും വേണ്ടരീതിയിൽ   സമ്മർദ്ദം പ്രയോയോഗിച്ചിട്ടുണ്ടാകും.

2004 ജൂൺ 5 നായിരുന്നു ഗോശ്രീ പാലങ്ങൾ എന്ന് വിളിക്കുന്ന വൈപ്പിൻ എറണാകുളം  പാലങ്ങളുടെ ഉദ്ഘാടനം. പാലങ്ങൾ ഗതാഗതത്തിന് തുറന്നുകിട്ടിയെങ്കിലും ബസ്സുകൾ എറണാകുളം ഹൈക്കോർട്ട്  വരെ യെങ്കിലും എത്തുവാൻ ഒട്ടേറെ കടമ്പകൾ കടക്കേണ്ടതായിവന്നു.
ഉദ്ഘാടനം കഴിഞ്ഞിട്ടും കുറച്ചുനാൾ വൈപ്പിൻബസ്സുകൾക്ക്  പാലം കയറുവാൻ അനുവാദം ലഭിച്ചില്ല,പെർമിറ്റിൽ മാറ്റം വരുത്തണമെന്നതായിരുന്നു ആദ്യവൈതരണി.അങ്ങിനെ കുറേ ദിവസങ്ങൾ,അതുകഴിഞ്ഞപ്പോൾ ബസ്സുകൾ പാലം കടന്നു.
പക്ഷെ, ഹൈക്കോർട്ട് ജങ്‌ഷനിലേക്ക് എത്തിയില്ല.ഇത്തവണ തടസ്സം സി. എം. ആർ. എഫ്. ഐ. ക്കു  സമീപത്തുള്ള റെയിൽവേ പാലത്തിനു ബലക്ഷയമെന്നരീതിയിലായിരുന്നു .കുറേനാൾ അങ്ങനെപോയി.അവസാനം ബസ്സുകൾ ഹൈക്കോർട്ട്  ജംക്ഷൻ വരെയെത്തി. പിന്നെയൊരടി മുന്നോട്ട് പോയില്ല.നിവേദനങ്ങളും ധർണ്ണകളും മറ്റുസമരമാർഗങ്ങളും നടത്തിനോക്കി.അധികൃതർ മാത്രം കണ്ണുതുറന്നില്ല.

തെരഞ്ഞെടുപ്പുകൾ പലതും വന്നു,വാഗ്ദാനങ്ങൾ  പലതും വാരിക്കോരി വിളമ്പി. ഫലം വന്നപ്പോൾ ഭരണമാറ്റമുണ്ടായി, വീണ്ടും ഭരണമാറ്റം,  തുടർഭരണത്തിലുമെത്തി. അപ്പോഴും വൈപ്പിൻ ബസ്സുകൾക്ക് നഗരപ്രവേശം മരീചികയായിത്തന്നെ നിലനിൽക്കുന്നു.

പതിറ്റാണ്ടുകൾ സമരം ചെയ്തു നേടിയതാണ് ഗോശ്രീപാലങ്ങൾ.പാലം വന്നിട്ട് ഇപ്പോൾത്തന്നെ പതിനേഴു വര്ഷം കഴിഞ്ഞിരിക്കുന്നു.ഇനിയും പതിറ്റാണ്ടുകൾ വേണ്ടിവരുമോ വൈപ്പിൻ ബസ്സുകൾ നഗരത്തിന്റെ  ഹൃദയം തൊടുവാൻ.  

ഫ്രാൻസിസ് ചമ്മണി

Foto
Foto

Comments

leave a reply

Related News