Foto

മൂന്ന് മമ്മൂട്ടി ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ... ലോകറെക്കോർഡിന്റെ ഓർമ്മയിൽ കലൂർ ഡെന്നീസ്

മൂന്ന് മമ്മൂട്ടി ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ... ലോകറെക്കോർഡിന്റെ ഓർമ്മയിൽ കലൂർ ഡെന്നീസ്
    
ഒരേ ദിവസം, മമ്മൂട്ടി നായകനായ മൂന്ന് സിനിമകൾ റിലീസ് ചെയ്തതിന്റെ ഓർമ്മയുടെ    ത്രില്ലിലാണ് കലൂരാൻ എന്ന് മമ്മൂട്ടി വിളിക്കുന്ന കലൂർ ഡെന്നിസ്. 1986ലായിരുന്നു കലൂർ ഡെന്നിസ് എന്ന  ഒരേ എഴുത്തുകാരന്റെ മൂന്ന് സിനിമകളിൽ നായകനായി മമ്മൂട്ടി അഭ്രപാളികളിൽ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിക്ക് എഴുപതാം പിറന്നാൾ ആശംസിച്ചുകൊണ്ട് ലോകറെക്കാഡായി മാറിയ ആ സിനിമാ റിലീസുകളാണ് കലൂർ ഡെന്നീസ് മെഗാസ്റ്റാറിനായി സമർപ്പിച്ചത്. ഈ മൂന്നു ചിത്രങ്ങളുടെയും പേരുകൾ ഡെന്നീസ് ഓർമ്മിച്ചെടുത്തു : ക്ഷമിച്ചു എന്നൊരു വാക്ക്, പ്രത്യേകം ശ്രദ്ധിക്കുക, മലരും കിളിയും.
    
1980 ലാണ് കലൂർ ഡെന്നീസ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. ആ രാത്രി എന്ന സിനിമയാണ് ഡെന്നീസ് ആദ്യമായി മമ്മൂട്ടിക്കുവേണ്ടി   എഴുതിയത്. ജോഷിയായിരുന്നു സംവിധായകൻ. ജൂബിലി പിക്ച്ചേഴ്‌സായിരുന്നു നിർമ്മാതാക്കൾ. ആദ്യമായി ഒരു മലയാള സിനിമയ്ക്ക് ഗ്രോസ് കളക്ഷൻ ഒരു കോടി രൂപ കവിഞ്ഞ ചിത്രമായിരുന്നു അത്. രണ്ടാമത്തെ മമ്മൂട്ടി-ഡെന്നീസ് - ജോഷി ചിത്രം സന്ദർഭം. സ്ത്രീ പ്രേക്ഷകർക്ക് ഈ                   ചിത്രത്തോടെ മമ്മൂട്ടി പ്രിയങ്കരനായി മാറി. കുടുംബ പ്രേക്ഷകർ കൂടുതലായി തിയേറ്ററുകളിൽ എത്തിയതോടെ മമ്മൂട്ടിക്ക് താരപരിവേഷമായി.
    
മമ്മൂട്ടിയെ നായകനാക്കി ഡെന്നീസ് എഴുതിയത് 22 സിനിമകൾ. ഓരോ വിജയത്തിനുശേഷവും പുതിയ പരീക്ഷണത്തിനായുള്ള കഠിനാധ്വാനം നടത്തുന്നതിൽ മമ്മൂട്ടി മറ്റാരെക്കാളും മുന്നിലാണ്.   മമ്മൂട്ടിക്ക് കോപം വരാൻ  ഒറ്റ നിമിഷം മതി. ആ കോപമെല്ലാം മറക്കാനും  ഒരു നിമിഷം മതി. എനിക്ക് തോന്നുന്നു, മമ്മൂട്ടിയുടെ ഉള്ളിൽ സ്‌നേഹമുണ്ടെങ്കിലും പുറത്തുകാണാത്തത്  കുറെയൊക്കെ  നമ്മുടെ മുൻവിധിയാണെന്ന്.   പരുഷമായ ആ പൊതിഞ്ഞു നിൽപ്പിനുള്ളിൽ  മൃദുവായ ഒരു മനുഷ്യനുണ്ട്. എന്തെങ്കിലും പറഞ്ഞ് മമ്മൂട്ടി ഒരാളുമായി ഉടക്കിയെന്നിരിക്കട്ടെ. ആ പിണക്കം തീർക്കാൻ അയാളെ ആദ്യം സമീപിക്കുന്നത് മമ്മൂട്ടി തന്നെയായിരിക്കും. ഒരു മഹാനടൻ  ആ പിണക്കം തീർക്കാൻ നമ്മുടെ തോളത്തു ചേർത്തുപിടിക്കുമ്പോൾ, ചെറുതാകുന്നത് പിണങ്ങിയ ആൾ തന്നെയായിരിക്കും.
    
മലയാള ഭാഷയുടെ പ്രാദേശികമായ ചേരുവകളെ ഇത്ര ഭംഗിയോടെ മലയാള സിനിമയിൽ    അവതരിപ്പിച്ച മറ്റൊരു നടനില്ല. കാസർകോട് മുതൽ തിരുവനന്തപുരത്തെ  വെഞ്ഞാറമൂട് വരെയുള്ള   'പ്രാദേശിക പേച്ചു'കളെ  അവതരിപ്പിച്ച മമ്മൂട്ടിയുടെ സിനിമകൾ എല്ലാം മെഗാഹിറ്റുകളായിട്ടുണ്ട്.
    
ജോഷി സംവിധാനം ചെയ്ത ന്യൂഡെൽഹി, ചെന്നെയിൽ  ദിവസേന 3 പ്രദർശനങ്ങളോടെ 100 ദിവസം തികച്ചത് ഇന്നും റെക്കോഡാണ്. രാജമാണിക്യം, അമരം, കോട്ടയം കുഞ്ഞച്ചൻ, പ്രാഞ്ചിയേട്ടൻ, പലേരി മാണിക്യം, ചട്ടമ്പിനാട്, പുത്തൻ പണം, തുറുപ്പുഗുലാൻ എന്നിങ്ങനെ എത്രയോ ചിത്രങ്ങളിലാണ് മലയാളത്തിന്റെ വേറിട്ട സംസാര ശൈലികളെ മമ്മൂട്ടി വിജയകരമായി അവതരിപ്പിച്ചിട്ടുള്ളത്.
    
എഴുപതാം വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറുക്ക് നിലനിർത്താൻ മമ്മൂട്ടി അത്യധ്വാനം   ചെയ്യുന്നുണ്ട്. ഒരർത്ഥത്തിൽ, നിരവധി നടന്മാർ വന്ന്  സിനിമയിൽ മിന്നിമറയുമ്പോഴും ഈ 'മെഗാസ്റ്റാർ' ഇങ്ങനെ തന്നെ കത്തിനിൽക്കുന്നത് ഈ കഠിനാധ്വാനത്തിന്റെ ബലത്തിൽ തന്നെ.

ആന്റണി ചടയംമുറി

 

Video Courtesy: Linto Kurien

Foto
Foto

Comments

leave a reply

Related News