Foto

ഇലക്ടറല്‍ ബോണ്ട്: സംശയങ്ങളുമായി സുപ്രീം കോടതി

അനധികൃത സ്വത്ത് കൈമാറാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കോഴ
നല്‍കാനുമുള്ള വഴി ഇലക്ടറല്‍ ബോണ്ട് എന്ന്് പ്രശാന്ത് ഭൂഷണ്‍


രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുന്നതിനുള്ള  ഇലക്ടറല്‍ ബോണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള  ആരോപണത്തില്‍ കഴമ്പുണ്ടാകാനുള്ള സാധ്യത തള്ളാതെ സുപ്രീം കോടതി. തിരഞ്ഞെടുപ്പു കടപ്പത്രത്തിന്റെ വിനിയോഗം പരിശോധിക്കണമെന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസിന്റേതാണ് ഹര്‍ജി.

അനധികൃത സ്വത്ത് കൈമാറാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കോഴ നല്‍കാനുമുള്ള വഴിയായി ഇലക്ടറല്‍ ബോണ്ട് മാറുന്നുവെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കവേ, ഏപ്രില്‍ ഒന്നിനു നിശ്ചയിച്ചിരിക്കുന്ന ബോണ്ടിന്റെ പുതിയ ഗഡു വില്‍പന തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി. ഇലക്ടറല്‍ ബോണ്ട് നിലവില്‍ വന്ന ശേഷം തിരഞ്ഞെടുപ്പു സംഭാവനകളായി കള്ളപ്പണം എത്തുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു.

സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്് (എ ഡി ആര്‍) സമര്‍പ്പിച്ച കണക്കുകള്‍ പ്രാകാരം രാജ്യത്തെ ഏഴ് ദേശീയ പാര്‍ട്ടികളുടെ സമ്പത്തില്‍ 50.29 ശതമാനവും ബി ജെ പിയുടെ കൈവശമാണുള്ളത്. 2904.18 കോടി രൂപ വരും ബി ജെ പിയുടെ 2018-19 വര്‍ഷത്തെ ആസ്തി.രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന കണക്കുകള്‍ വിശകലനം ചെയ്താണ് എ ഡി ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നോ കള്ളപ്പണക്കാരുള്‍പ്പെടെ വ്യക്തികളില്‍ നിന്നോ രാഷട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്.ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകളും വാങ്ങാം.

കോണ്‍ഗ്രസിന്റെ ആസ്തി 928.84 കോടിയാണ് (17.36 ശതമാനം). സി പി എം 510.71 കോടി, തൃണമൂല്‍ കോണ്‍ഗ്രസ് 210.19 കോടി, എന്‍ സി പി 32.01 കോടി, സി പി ഐ 25.32 കോടി എന്നിങ്ങനെയാണ് മറ്റു ദേശീയ പാര്‍ട്ടികളുടെ ആസ്തി. കരുതല്‍ നിക്ഷേപത്തിന്റെ കാര്യത്തിലും (കാപിറ്റില്‍ റിസര്‍വ് ഫണ്ട്) ബി ജെ പി തന്നെ മുന്നില്‍. 2866.72 കോടി രൂപയാണ് അവരുടെ കരുതല്‍ നിക്ഷേപം. കോണ്‍ഗ്രസ് 850.42, സി പി എം 507.33 കോടി, തൃണമൂല്‍ കോണ്‍ഗ്രസ് 199.61 കോടി, എന്‍ സി പി 31.05 കോടി, സി പി ഐ 24.87 കോടി എന്നിങ്ങനെയാണ് മറ്റു ദേശീയ പാര്‍ട്ടികളുടെ കരുതല്‍ നിക്ഷേപം. രാജ്യത്തെ 41 പ്രാദേശിക പാര്‍ട്ടികളുടെ വശം 2073.71 കോടിയുടെ ആസ്തിയുണ്ട്.

പാര്‍ട്ടികള്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ച സംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണിത്. ഇതിന്റെ അനേക മടങ്ങ് വരും ഓരോ പാര്‍ട്ടിയുടെയും കണക്കില്‍ പെടാത്ത സംഖ്യകള്‍. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചെലവഴിച്ചത് 60,000 കോടി രൂപയാണ്. ഇതനുസരിച്ചു ഒരു ലോക്സഭാ മണ്ഡലത്തിന് 100 കോടിയോളം രൂപയും ഒരു പൗരന് വോട്ട് ചെയ്യാന്‍ 700 രൂപയും ചെലവായിട്ടുണ്ട്. ഇതില്‍ സിംഹഭാഗവും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളുമാണ് ചെലവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാകുന്നത് പരമാവധി 70 ലക്ഷമാണ്. എന്നാല്‍ ഒരു സ്ഥാനാര്‍ഥിയും ഈ പരിധിയില്‍ ഒതുങ്ങിയല്ല ചെലവിടുന്നത്. പൊരിഞ്ഞ പോരാട്ടം നടക്കുന്ന ചില മണ്ഡലങ്ങളില്‍ ദശകോടികളാണ് ചെലവിടുന്നത്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 77ാം വകുപ്പിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ കൃത്യമായി അറിയിക്കണമെന്നുമാണ് വ്യവസ്ഥ. സ്ഥാനാര്‍ഥികള്‍ നിയമം പാലിക്കുന്നുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ നിരീക്ഷണ സംഘങ്ങളെയും നിയമിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായി ഒരു സ്ഥാനാര്‍ഥിയും അത് ബോധിപ്പിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യാറില്ല. ജനപ്രാതിനിധ്യ നിയമം ലംഘിക്കുന്നില്ലെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള കണക്കാണ് അവര്‍ സമര്‍പ്പിക്കുന്നത്. ഇത് കള്ളക്കണക്കാണെന്നു നിയമവൃത്തങ്ങള്‍ക്ക് അറിയാമെങ്കിലും അതിനു നേരെ കണ്ണടയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതമാകുകയാണ്. സമര്‍പ്പിക്കപ്പെട്ട ചെലവ് യഥാര്‍ഥ ചെലവുമായി ഒത്തുപോകുന്നില്ലെന്നതിനാല്‍ ഒരു സ്ഥാനാര്‍ഥിയെയും അയോഗ്യരാക്കാറില്ല. സ്ഥാനാര്‍ഥികള്‍ക്ക് ചെലവാക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അങ്ങനെ ഒരു പരിധിയില്ലെന്നത് സ്ഥാനാര്‍ഥികള്‍ക്ക് രക്ഷാമാര്‍ഗമാകുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മത്രമല്ല, തങ്ങളുടെ രാഷ്ട്രീയ ശത്രുക്കള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ എം എല്‍ എമാരെ ചാക്കിട്ടു പിടിച്ചു ഭരണം അട്ടിമറിക്കുന്നതിനും വേണം വന്‍ തുക. കര്‍ണാടകയില്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന്റെ ഭാഗമായി ബി ജെ പി ഓരോ എം എല്‍ എക്കും വാഗ്ദാനം ചെയ്തത് നൂറ് കോടിയാണെന്നു വാര്‍ത്ത വന്നു. കള്ളപ്പണക്കാരും കോര്‍പറേറ്റകളുമാണ് ഇതിനുള്ള സ്രേതസ്സ്. അതിനാണു നിയമപരവും ഭരണഘടനാപരവുമായ നടപടിക്രമങ്ങള്‍ നോക്കുകുത്തിയാക്കി മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി ആവിഷ്‌ക്കരിച്ചത്. ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവന നിയന്ത്രണചട്ടം, ആര്‍ ബി ഐയുടെ നിബന്ധനകള്‍ എന്നിവയിലെല്ലാം ഭേദഗതികള്‍ വരുത്തി ധന ബില്ലിന്റെ രൂപത്തിലാണ് 2018ല്‍ ഇതുസംബന്ധിച്ച ബില്‍ കേന്ദ്രം പാസ്സാക്കിയത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് പണം സംഭാവന ചെയ്യാന്‍ നേരത്തെയുണ്ടായിരുന്ന നിബന്ധനകളും പിരിധികളും ഇലക്ടറല്‍ ബോണ്ടില്‍ എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. ബോണ്ടുകളില്‍ ആരാണ് പണം നല്‍കുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ലെന്ന വ്യവസ്ഥ കള്ളപ്പണക്കാരില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.നേരത്തേ രാഷ്ട്രീയത്തില്‍ സമ്പന്നരുടെ ഇടപെടലിനെ ഒരു പരിധി വരെ മനസ്സിലാക്കാന്‍ സാധ്യമായിരുന്നു. ഇലക്ടറല്‍ ബോണ്ട് രീതി വന്നതോടെ സംഭാവനകള്‍ നല്‍കുന്നവരെ കുറിച്ചും അവരുടെ പശ്ചാത്തലത്തെകുറിച്ചും വ്യക്തതയില്ലാതായി.

സ്വദേശത്തും വിദേശത്തുമുള്ള കോര്‍പറേറ്റുകളില്‍ നിന്നും കള്ളപ്പണക്കാരില്‍ നിന്നും ഇത്തരത്തില്‍ വന്‍തുക രാഷട്രീയ കക്ഷികളുടെ ഫണ്ടിലേക്ക് വന്നു കൊണ്ടിരിക്കുന്നു. പാര്‍ട്ടികളെയും നേതാക്കളെയും സ്വാധീനിച്ചു ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താനും തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതിനു തന്നെയും കോര്‍പറേറ്റുകള്‍ക്ക് ഇത് സഹായകമായിത്തീരും. സുകാര്യത അന്യമായ ഈ സമ്പ്രദായം തുടരുന്ന കാലത്തോളം രാഷ്ട്രീയത്തിലെ ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്ക് അറുതി വരുത്താനോ കള്ളപ്പണം നിയന്ത്രിക്കാനോ സാധിക്കില്ലെന്ന പരാതിയാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്് സമര്‍പ്പിച്ച ഹര്‍ജിയിലുള്ളത്.

ബാബു കദളിക്കാട്    

Foto

Comments

leave a reply

Related News