Foto

മേരി റോയ് അന്തരിച്ചു

മേരി റോയ് അന്തരിച്ചു

കോട്ടയം: സ്ത്രീകളുടെ അവകാശത്തിനായുള്ള നിയമ പോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസ്സ് ആയിരുന്നു വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ സാഹിത്യകാരി അരുന്ധതി റോയിയുടെ അമ്മയാണ്.

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തെ ചോദ്യം ചെയ്ത മേരി റോയ് നടത്തിയ നിയമപോരാട്ടമാണ് സ്ത്രീകള്‍ക്ക് പിതൃസ്വത്തിന് അര്‍ഹതയുണ്ടെന്ന സുപ്രധാന വിധിക്ക് വഴിവെച്ചത്. 1986ലാണ് തിരുവിതാംകൂര്‍ കൊച്ചിന്‍ പിന്തുടര്‍ച്ച അവകാശനിയമം അസാധുവാക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പിവി ഐസക്കിന്റെയും മകളായി 1933-ല്‍ ജനിച്ച മേരി ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലും ബിരുദത്തിന് ചെന്നൈ ക്വീന്‍ മേരീസിലുമാണ് പഠിച്ചത്. ബംഗാളിയായ രാജീബ് റോയിയായിരുന്നു ഭര്‍ത്താവ്.

വിവാഹാനന്തരം ആസമിലായിരുന്നു മേരി താമസിച്ചത്. അവിടെ, ഒരു തേയിലത്തോട്ടത്തില്‍ മാനേജരായിരുന്നു രാജീബ് റോയ്. പിന്നീട്, രാജീബ് റോയുടെ അമിതമായ മദ്യപാനം മൂലം ദാമ്ബത്യം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ മേരി തന്റെ മുപ്പതാം വയസ്സില്‍ രണ്ട് മക്കളുമായി ഊട്ടിയിലുള്ള പിതാവിന്റെ പൂട്ടിക്കിടന്ന കോട്ടേജില്‍ താമസം തുടങ്ങി. ഇതോടെയാണ് തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാനിയമത്തിനെതിരെയുള്ള സുപ്രധാനമായ ആ നിയമ പോരാട്ടം ആരംഭിച്ചത്.

അപ്പന്റെ വീട് മേരി കൈവശപ്പെടുത്തിയാലോ എന്ന് ഭയന്ന് സഹോദരന്‍ ജോര്‍ജ്, ആ വീട്ടില്‍നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് മേരിയോട് ആവശ്യപ്പെട്ടു. എന്നാല്‍, മേരി അതിന് തയ്യാറായില്ല. തുടര്‍ന്ന്, ജോര്‍ജ് ഗുണ്ടകളുമായെത്തി അവരെ ആ വീട്ടില്‍ നിന്നും ബലമായി ഇറക്കി വിട്ടു. ഇതേത്തുടര്‍ന്നാണ്, 1916-ലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമത്തെ ചോദ്യംചെയ്ത് മേരിറോയ് കോടതി കയറുന്നത്. 1960കളുടെ പാതിയോടെ കീഴ്‌കോടതികളില്‍ നിന്നും ആരംഭിച്ച മേരിയുടെ ഈ നിയമപോരാട്ടം 1984-ല്‍ സുപ്രീംകോടതിയുടെ മുന്‍പിലെത്തി. 1986-ല്‍, തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം സുപ്രീംകോടതി അസാധുവാക്കി. വില്‍പ്പത്രമെഴുതാതെ മരിക്കുന്ന അപ്പന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന ക്രിസ്ത്യന്‍ പുരുഷസമൂഹത്തെ ഞെട്ടിച്ച ആ വിധിയാണ് മേരിയെ പ്രശസ്തയാക്കിയത്.

Comments

leave a reply

Related News