ന്യൂഡൽഹി: ഇതുവരെ സെനഗൽ, കാബോ വെർദെ, ഗിനിയ-ബിസാവു, മൗറിത്താനിയ എന്നീ രാജ്യങ്ങളിലെ അപ്പസ്തോലിക് നുൺഷ്യോ ആയി സേവനമനുഷ്ഠിച്ചിരുന്ന അഭിവന്ദ്യ ആർച്ച്ബിഷപ്പ് വാൽഡെമർ സ്റ്റാനിസ്ലാവ് സോമ്മെർടാഗിനെ ഇന്ത്യയിലേക്കുള്ള പുതിയ അപ്പസ്തോലിക് നുൺഷ്യോയായി (വത്തിക്കാൻ സ്ഥാനപതി) പരിശുദ്ധ ലിയോ പതിനാലാമൻ പാപ്പ നിയമിച്ചു.
2026 നവംബർ 14 ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് റോമിലും, അതേസമയം ഇന്ത്യൻ സമയം വൈകുന്നേരം 4:30-ന് ന്യൂഡൽഹിയിലെ അപ്പസ്തോലിക് നുൺഷ്യേച്ചറിലും സി.ബി.സി.ഐ (CBCI) സെന്ററിലുമാണ് ഈ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മാസ്ട്രിച്ചിലെ ടൈറ്റുലാർ ആർച്ച്ബിഷപ്പായ വാൽഡെമർ സ്റ്റാനിസ്ലാവ് സോമ്മെർടാഗ് 1968 ഫെബ്രുവരി 6-ന് പോളണ്ടിലെ വീറ്റ്സ്ബോർക്കിലാണ് ജനിച്ചത്. 1993 മെയ് 30-ന് പോളണ്ടിലെ പെൽപ്ലിൻ രൂപതയ്ക്കായി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽ നിന്ന് നയതന്ത്രപഠനം പൂർത്തിയാക്കിയ അദ്ദേഹം 2000-ൽ ബിരുദം നേടി. അതേ വർഷം തന്നെ റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദി ഹോളി ക്രോസിൽ നിന്ന് കാനൻ നിയമത്തിലും ബിരുദം കരസ്ഥമാക്കി.
2000 ജൂലൈ 1-ന് അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര വിഭാഗത്തിൽ പ്രവേശിച്ചു. ടാൻസാനിയ (2000–2003), നിക്കരാഗ്വ (2003–2005), ബോസ്നിയ ആൻഡ് ഹെർസഗോവിന, മോണ്ടിനെഗ്രോ (2005–2010), ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് (2010–2013) എന്നിവിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2013 ജൂലൈ 1-ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ വിദേശകാര്യ വിഭാഗത്തിൽ (Section for Relations with States) നിയമിതനായ അദ്ദേഹം, 2018 വരെ പരിശുദ്ധ സിംഹാസനത്തിന്റെ വിദേശകാര്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.
2018 ഫെബ്രുവരി 15-ന് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ മാസ്ട്രിച്ചിലെ ടൈറ്റുലാർ ആർച്ച്ബിഷപ്പായും നിക്കരാഗ്വയിലേക്കുള്ള അപ്പസ്തോലിക് നുൺഷ്യോയായും നിയമിച്ചു. 2018 മാർച്ച് 19-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് ഫ്രാൻസിസ് പാപ്പയിൽ നിന്ന് അദ്ദേഹം മെത്രാഭിഷേകം സ്വീകരിച്ചു. തുടർന്ന് 2022 സെപ്റ്റംബർ 6-ന് സെനഗൽ, കാബോ വെർദെ, ഗിനിയ-ബിസാവു, മൗറിത്താനിയ എന്നിവിടങ്ങളിലെ അപ്പസ്തോലിക് നുൺഷ്യോയായി നിയമിതനായ അദ്ദേഹം പുതിയ നിയമനം ലഭിക്കുന്നതുവരെ ആ പദവിയിൽ തുടർന്നു. വിവിധ രാജ്യങ്ങളിലും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലും പ്രവർത്തിച്ച ദീർഘകാലത്തെ നയതന്ത്ര പരിചയവുമായാണ് ആർച്ച്ബിഷപ്പ് സോമ്മെർടാഗ് ഇന്ത്യയിലേക്കുള്ള നയതന്ത്ര ദൗത്യത്തിന്റെ ചുമതലയേൽക്കുന്നത്.










Comments