കേന്ദ്ര സര്‍ക്കാര്‍ 50000 ടണ്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യും;
റഷ്യയില്‍ നിന്ന് സ്പുട്നിക് 5 വാക്സിന് ഈ മാസം തന്നെ
കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ കോവിഡ് -19 കേസുകളുടെ എണ്ണം കുതിച്ചുയരുന്നതു മൂലം ഓക്സിജനു ക്ഷാമം വരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ഇതോടെ 50000 ടണ്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു.
കോവിഡ് വ്യാപനം വീണ്ടും അനിയന്ത്രിതമാകുന്നതായുള്ള ആശങ്ക കണക്കിലെടുത്ത് ദേശീയ തലത്തിലുള്ള മെഡിക്കല്‍ സപ്ലൈ ശാക്തീകരണ സംഘത്തിന്റെ ഉന്നതതല യോഗം ചേര്‍ന്നു. അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെയും ഓക്സിജന്റെയും ലഭ്യത യോഗം അവലോകനം ചെയ്തു. മെഡിക്കല്‍ ഓക്സിജന്റെ യുക്തിസഹമായ ഉപയോഗം നടത്താനും ഓക്സിജന്‍ പാഴാകുന്നില്ലെന്ന് ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ, ആവശ്യാനുസരണം ജില്ലകളിലേക്ക് ഓക്സിജന്‍ സുഗമമായി വിതരണം ചെയ്യുന്നതിനായി കണ്ട്രോള് റൂമുകള്‍ സ്ഥാപിക്കാനും സിലിണ്ടറുകളുടെയും ടാങ്കറുകളുടെയും ആവശ്യകത അവലോകനം ചെയ്യാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
പല സംസ്ഥാനങ്ങളിലും ഓക്സിജന്റേയും വാക്സിന്റേയും വലിയ ക്ഷമാം നേരിടുകയാണ്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗികളെക്കൊണ്ട് ആശുപത്രി നിറഞ്ഞു. രോഗികളെ ആശുപത്രിക്ക് പുറത്ത് ആംബുലന്‍സുകളിലും മറ്റുമാണ് കിടത്തുന്നത്. ഡല്‍ഹി എയിംസിലെ സ്ഥിതി ഏറെ ഗുരുതരമാണെന്ന് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ചികിത്സ തേടുന്നവരില്‍ 90% ആളുകള്‍ക്കും കോവിഡ് പോസിറ്റീവാണെന്നും എയിംസിലെ നിരവധി ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലും മറ്റും മരണപ്പെട്ടവരെ സംസ്കരിക്കാന്‍ പോലും പ്രയാസം നേരിടുകയാണ്. അതേസമയം, റഷ്യന്‍ നിര്‍മിത സ്പുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വേങ്കിടേഷ് വര്‍മ അറിയിച്ചു.
വ്യാവസായികാവശ്യത്തിനു മാറ്റിയിട്ടുള്ളതുള്പ്പെടെ രാജ്യത്തെ നിലവിലെ ഓക്സിജന്‍ സ്റ്റോക്ക് 50,000 മെട്രിക് ടണ്ണിലധികം വരും. എങ്കിലും, മെഡിക്കല്‍ ഓക്സിജന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് 50,000 ടണ്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ടെണ്ടര്‍ എടുക്കാന്‍ യോഗം തീരുമാനിച്ചത്.രാജ്യത്ത് പ്രതിദിനം 7,127 മെട്രിക് ടണ്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കുന്നതിനു ശേഷിയുണ്ട്. അതേസമയം ഏപ്രില്‍ 12 ലെ കണക്കനുസരിച്ച് ഉപഭോഗം 3,842 മെട്രിക് ടണ്‍ ആയിരുന്നു. അതായത് ദൈനംദിന ഉല്പാദന ശേഷിയുടെ 54%.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ദില്ലി, ഛത്തീസ്ഗഢ ്, കര്‍ണാടക, കേരളം, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നിവയാണ് കോവിഡ് -19 കേസുകളുടെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള വ്യാപനം നടന്നുവരുന്ന സംസ്ഥാനങ്ങള്‍.
രണ്ടാമത്തെ തരംഗത്തില്‍ കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവ് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലേതിനേക്കാള്‍ കൂടുതലാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഗുരുതരമായ കേസുകളുടെ വിഹിതവും ഗണ്യമായി വര്‍ദ്ധിച്ചു.നിലവില്‍, 4.5% സജീവ കേസുകളില്‍ ഓക്സിജന്‍ പിന്തുണ അനിവാര്യമാകുന്നുണ്ട്. ഈ രോഗികളില്‍ 2.31% ഐസിയുവിലും 0.46% വെന്റിലേറ്ററിലുമാകുന്നുണ്ട്. 2020 ഓഗസ്റ്റ് മധ്യത്തില്‍, വ്യാപനം തീവ്രമായിരിക്കവേ 2.43% കേസുകള്‍ക്കേ ഓക്സിജന്‍ പിന്തുണ വേണ്ടിവന്നുള്ളൂ. 1.77% കേസുകള്‍ മാത്രമാണ് ഐസിയുവിലും 0.25% വെന്റിലേറ്ററിലും ആയത്.
തുടര്‍ച്ചയായി രണ്ടാം ദിനവും രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് മുകളിലെത്തിയ സാഹചര്യത്തിലായിരുന്നു മെഡിക്കല്‍ സപ്ലൈ ശാക്തീകരണ സംഘത്തിന്റെ ഉന്നത തല യോഗം. 24 മണിക്കൂറിനിടെ 2,17,353 കോവിഡ് കേസും 1185 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തംരഗത്തില്‍ ഓരോ ദിവസം കഴിയുന്തോറും കേസുകളും മരണങ്ങളും കുതിച്ച് ഉയരുകയാണ്. ഇതേ സമയം രോഗുക്തി നിരക്ക് കുറയുന്നത് ആശങ്ക ഇരട്ടിക്കുന്നു. രോഗമുക്തി നിരക്ക് 88.3 ശതമാനമായാണ് താഴ്ന്നത്. നേരത്തെ ഇത് 95 ശതമാനത്തിന് മുകളിലായിരുന്നു. രാജ്യത്ത് ഇതിനകം 1,42,91,917 കേസുകളും 1,74,308 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.
ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം അരലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 58,982 കേസുകളും 278 മരണവും മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെയുണ്ടായി. യു പിയില്‍ ഇരുപതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി എന്നിവടങ്ങളില്‍ പതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത 14,738 കേസുകളില്‍ 10,497 കേസുകളും തലസ്ഥാനമായ ബെംഗളൂരുവിലാണ്. ഡല്‍ഹിയില്‍ മാത്രം ഇന്നലെ നൂറിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഢില്‍ കുംബമേളയിയില് പങ്കെടുത്തവരില്‍ മാത്രം ഇതിനകം 3000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് വന്‍ തോതില്‍ ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബാബു കദളിക്കാട്
Comments