സൗമ്യമധുരം മലയാളത്തിന്റെ സ്വന്തം ലീലാവതി ടീച്ചര്‍
സാഹിത്യനിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി ടീച്ചര്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര നിറവില്‍. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരം. സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ സജീവ സാന്നിധ്യമാണ് ലീലാവതി ടീച്ചര്‍. പത്മശ്രീ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹയായിട്ടുണ്ട്.1927 സെപ്തബര്‍ 16 ന് ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്ക്കൂള്, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ജി. ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ച കുട്ടികൃഷ്ണമാരാരെ വിമര്‍ശിച്ചുകൊണ്ടാണ് ലീലവതി ടീച്ചര്‍ മലയാള സാഹിത്യത്തില്‍ പ്രവേശിക്കുന്നത്. ഈ ലേഖനം സ്ത്രീയുടെ പേരില്‍ ഒരു പുരുഷന് എഴുതിയതാണെന്നാണ് അന്ന് പലരും കരുതിയത്. കാരണം സ്ത്രീകള്‍ കടന്നുചെല്ലാന്‍ മടിച്ചിരുന്ന മേഖലയായിരുന്നു സാഹിത്യ നിരൂപണം.
നിരൂപണത്തില്‍ സ്വന്തമായൊരു വഴി വെട്ടിതെളിച്ച എഴുത്തുകാരിയാണ് ലീലാവതി. സൗമ്യമധുരമാണ് ടീച്ചറുടെ ശൈലി. നിരൂപണത്തിന്റെ പൊതുസ്വഭാവം ടീച്ചറുടെ എഴുത്തില്‍ ഇല്ല. കാവ്യങ്ങളുടെ ആന്തരികതലങ്ങളെ വെളിച്ചത്ത് കൊണ്ടുവരാനാണ് ലീലാവതി ടീച്ചര്‍ ശ്രമിച്ചത്.മലയാള സാഹിത്യത്തിലെ പ്രാചീനവും ആധുനികവുമായ കാവ്യലോകത്തെ വായനക്കാരില്‍ എത്തിച്ചതില്‍ ടീച്ചര്‍ക്ക് വലിയ പങ്കുണ്ട്. കൃതികളുടെ പുനര്വായനക്കൊപ്പം, സ്ത്രീപക്ഷ വായനകള്‍ക്കും ടീച്ചര്‍ പ്രാധാന്യം നല്കി. ലീലാവതിയുടെ നിരൂപണങ്ങള്‍ വ്യക്തിഹത്യയിലധിഷ്ഠിതമായിരുന്നില്ല. അതിനാല്‍ പഠന, ഗവേഷണ രംഗങ്ങളില്‍ സ്വീകാര്യമായതാണ്.സ്ത്രീകള്‍ മടിച്ചിരുന്ന നിരൂപണ മേഖല ടീച്ചര്‍ മനോഹരമായി കൈകാര്യം ചെയ്തപ്പോള്‍ ശീലാവതി മലയാളം എന്നു പരിഹസിച്ചവരുമുണ്ട്. പരിഹസിച്ചവരെല്ലാം പിന്നീട് ആ കരുത്തുറ്റ ഭാഷയുടെ ആസ്വദകരായി മാറി. കഥാപാത്രങ്ങളുടെ സാമൂഹികപശ്ചാത്തലം, സാംസ്കാരിക സന്ദര്‍ഭങ്ങള്‍, വ്യക്തി എന്ന നിലയിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ അവര്‍ നിരൂപണത്തില്‍ ഉള്‍പ്പെടുത്തി. കവിത, നോവല്‍, ചെറുകഥ, വേദാന്തം എന്നിവയെല്ലാം മുന്‍നിര്‍ത്തി നിരൂപണങ്ങള്‍ നടത്തിയിട്ടുണ്ട്.
Comments