Foto

സൂയസ് കുരുക്കഴിയാന്‍ വൈകുമെന്ന് ആശങ്ക

സൂയസ് കുരുക്കഴിയാന്‍
വൈകുമെന്ന് ആശങ്ക

ചരിത്രത്തിലെ തന്നെ വമ്പന്‍ പ്രതിസന്ധി നേരിട്ട് ആഗോള ചരക്കുഗതാഗത മേഖല;
ഇന്ത്യയില്‍ നിന്നുള്ള ചരക്കുകപ്പല്‍ ഗതാഗതത്തിന്റെ 90 ശതമാനവും സൂയസ് വഴി

പടുകൂറ്റന്‍ ചരക്കുകപ്പല്‍ മണ്ണിലുറച്ച് സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം സ്തംഭിച്ചതു മൂലം ആഗോള തലത്തില്‍ ചരക്കുഗതാഗത മേഖല അഭിമുഖീകരിക്കുന്നത് ചരിത്രത്തിലെ തന്നെ വമ്പന്‍ പ്രതിസന്ധി. ചെങ്കടലില്‍ ' കപ്പല്‍ ഗതാഗതക്കുരുക്ക് ' രൂക്ഷമാകുകയാണ്. തീരത്തുറച്ച  'എവര്‍ ഗിവണ്‍' കപ്പലിനെ നീക്കാന്‍ അനേകം ടഗ്ബോട്ടുകളും ഡ്രെഡ്ജറുകളും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളില്‍ തെല്ലും പുരോഗതിയുണ്ടായിട്ടില്ല. യത്‌നം ഏറ്റെടുക്കുന്നതിനായി പ്രാരംഭ പഠനം നടത്തിത്തുടങ്ങി അമേരിക്കന്‍ നാവിക സേനാ വിദഗ്ധര്‍.

ദൗത്യം വിജയിക്കാന്‍ എത്ര ദിവസമെടുക്കുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. രണ്ടു ദിവസം കൂടി  കാത്തിരിക്കേണ്ടി വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതെങ്കിലും ഒരു മാസം വരെ ഇത് നീണ്ടുപോയേക്കാമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരമെന്ന് ട്രാന്‍സ് വേള്‍ഡ് ഷിപ്പിംഗിന്റെ കൊച്ചിയിലെ മാനേജരും കൊച്ചിന്‍ സീമര്‍ എജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ എം കൃഷ്ണകുമാര്‍ പറയുന്നു. കപ്പലിലെ കണ്ടെയ്‌നറുകള്‍ ഇപ്പോഴത്തെ നിലയില്‍ ഇറക്കേണ്ടിവരുമെങ്കില്‍ ദൗത്യം നീളും. ഈജിപ്ഷ്യന്‍ ഭരണകൂടം ഇതിനുള്ള തീവ്രശ്രമത്തിലാണ്. തീരം ഡ്രഡ്ജ് ചെയ്ത് നീക്കി കപ്പലിനെ കടലിലേക്ക് ഇറക്കാനാണ് ശ്രമം നടക്കുന്നത്.മാധ്യമങ്ങളുമായി ഇതേക്കുറിച്ച് സംസാരിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ട അധികൃതരെയെല്ലാം ഭരണകൂടം വിലക്കിയിരിക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നിന്നുള്ള ചരക്കുകപ്പല്‍ ഗതാഗതത്തിന്റെ 90 ശതമാനവും നടക്കുന്നത് സൂയസ് കനാലിലൂടെയായതിനാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ സൂയസ് കനാല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ പോകുന്ന ആഘാതം കനത്തതാകുമെന്ന ആശങ്ക ശക്തമാണ്. കപ്പല്‍ ഗതാഗത ശൃംഖല തകര്‍ന്നതോടെ എത്രയായിരിക്കും ഇതുമൂലം സംഭവിക്കാന്‍ പോകുന്ന സാമ്പത്തിക നഷ്ടം എന്ന വിലയിരുത്തലിലേക്ക് കപ്പല്‍ ഗതാഗതമേഖല കടക്കുന്നതേയുള്ളൂ. സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടാല്‍ മണിക്കൂറില്‍ 400 ദശലക്ഷം ഡോളറിന്റെ നഷ്ടം എന്നാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. ദിവസങ്ങളോ ആഴ്ചകളോ നീണ്ടാല്‍ നഷ്ടക്കണക്ക് ഊഹാതീതമായി ഉയരും. വൈകിയാല്‍ നശിച്ചുപോകാന്‍ സാധ്യതയുള്ള സമുദ്രോല്‍പന്നങ്ങളടക്കമുള്ള ചരക്കുകളുടെ നാശം കയറ്റുമതി മേഖലയില്‍ വന്‍ നഷ്ടം സൃഷ്ടിക്കും.

ഇന്ധനകപ്പലുകളുടെ വരവ് നിലച്ചാല്‍ വരും നാളുകളില്‍  ലോക വിപണികളില്‍ കനത്ത ഇന്ധനക്ഷാമവും വിലക്കയറ്റവുമുണ്ടാകാനിടയുണ്ട്. ചരക്കുകള്‍ എത്താന്‍ വൈകുന്നതു മൂലം അസംസ്‌കൃത വസ്തുക്കളും യന്ത്രസാമഗ്രികളും അടക്കമുള്ളവ വൈകുന്നത് ഉല്‍പാദന മേഖലയില്‍ സ്തംഭനാവസ്ഥയുണ്ടാക്കും. കാലിയായ കപ്പലുകള്‍ തിരിച്ചെത്താതാകുമ്പോള്‍ കണ്ടെയ്‌നര്‍ ക്ഷാമം വരും ദിവസങ്ങളില്‍ രൂക്ഷമാകും. പ്രതിസന്ധി വളര്‍ന്നാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചു കുലുക്കുന്ന വിധത്തിലുള്ള പ്രത്യാഘാതങ്ങളാകും സംഭവിക്കുകയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കപ്പല്‍ നീക്കം ചെയ്യാന്‍ ഏറെ വൈകിയാല്‍ മുന്നിലുള്ള പോംവഴി ആഫ്രിക്കന്‍ വന്‍കര മുഴുവനായി ചുറ്റി ലക്ഷ്യസ്ഥാനത്തെത്തുക എന്നത് മാത്രമാണ്. ഇതു മൂലം സംഭവിക്കുന്ന നഷ്ടം ഭീമമായിരിക്കും.അതേസമയം, ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയെ സൂയസിലെ തടസ്സം കാര്യമായി ബാധിക്കില്ല.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്നുള്ള ചരക്കുകപ്പല്‍ നീക്കം ഇതുവരെ തടസപ്പെട്ടിട്ടില്ലെന്ന് ഡി പി വേള്‍സ് സി ഇ ഒ പ്രവീണ്‍ തോമസ് ജോസഫ് അറിയിച്ചു. എന്നാല്‍ സൂയസ് കനാലിലെ ഗതാഗത സ്തംഭനം തുടര്‍ന്നാല്‍ ചരക്കു നീക്കം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നിന്നും കപ്പലുകള്‍ പുറപ്പെടുന്നുണ്ടെങ്കിലും ഗതാഗത ശൃംഖല തകര്‍ന്നു കിടക്കുന്നതിനാല്‍ ശ്രീലങ്കക്കപ്പുറത്തേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തുന്ന ചരക്കുകളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുകളും കയറ്റുമതിക്ക് ശേഷം തിരിച്ചെത്തേണ്ട കാലിയായ കപ്പലുകളും സുയസ് കനാലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി കാത്തു കിടക്കുകയാണ്.

400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയും 224000 ടണ്‍ ശേഷിയുമുള്ള എവര്‍ ഗിവണ്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നാണ്. 20,000 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ കഴിയും. ചൈനയില്‍ നിന്നും നെതതര്‍ലാന്റ്‌സിലെ റോട്ടര്‍ഡാം തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു ഈ കപ്പല്‍. 1869ല്‍ തുറന്ന സൂയസ് കനാലിന് 2015ല്‍ ഈജിപ്ഷ്യന്‍ ഭരണകൂടം വീതി കൂട്ടിയിരുന്നു. വീതി കൂട്ടിയ ഭാഗത്തേക്കാണ് കപ്പല്‍ ഇടിച്ചുകയറിയിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ 7.45 ഓടെയാണ് 25 ജീവനക്കാരുള്ള കപ്പല്‍ ദിശ തെറ്റി തീരത്തേക്ക് കയറിയത്. ഇടുങ്ങിയ കപ്പല്‍ ചാലിലൂടെ കപ്പല്‍ കൊണ്ടു പോകുന്നതിന് സഹായിക്കാന്‍ കയറിയ ഈജിപ്ഷ്യന്‍ കനാല്‍ അതോറിട്ടിയുടെ രണ്ട് ഉദ്യോഗസ്ഥരും കപ്പലിലുണ്ടായിരുന്നു. ചെങ്കടലില്‍ നിന്ന് സൂയസ് കനാലിലേക്ക് പ്രവേശിച്ച കപ്പല്‍ കനത്ത കാറ്റില്‍ ദിശതെറ്റ മണല്‍ത്തീരത്ത് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് കപ്പലിന്റെ ഉടമസ്ഥരായ തായ്‌വാന്‍ കേന്ദ്രമായ എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പറേഷന്‍ കമ്പനി വൃത്തങ്ങള്‍ പറയുന്നത്. കണ്ടെയ്‌നറുകള്‍ക്ക് നാശം സംഭവിക്കുകയോ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. 50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് ചൊവ്വാഴ്ച ഈ മേഖലയില്‍ വീശിയതായി ഈജിപ്ഷ്യന്‍ അധികൃതരും വ്യക്തമാക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തീരത്ത് ഇടിച്ചുകയറുന്നതിന് മുമ്പായി കപ്പലിലെ വൈദ്യുതി വിതരണം നിലച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും കമ്പനി അത് നിഷേധിക്കുകയാണ്. സാങ്കേതിക തകരാറുകളോ എഞ്ചിന്‍ തകരാറുകളോ കപ്പലിന് ഉണ്ടായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News