ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന്
മൊത്തം നടന്ന വായ്പാ തട്ടിപ്പ്
5 ലക്ഷം കോടി രൂപയുടേത്
കോടികളുടെ വായ്പാ തട്ടിപ്പു നടത്തി ആന്റിഗ്വയില്‍ ചേക്കേറിയ
രത്ന വ്യാപാരി മെഹുള്‍ ചോക്സി മുങ്ങിയതായി റിപ്പോര്‍ട്ട്
ഇന്ത്യയിലെ ബാങ്കുകള്‍ 2021 മാര്‍ച്ച് 31 വരെ 4.92 ലക്ഷം കോടി രൂപയുടെ വായ്പാ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തു. ആകെ വായ്പാ ശേഷിയുടെ 4.5 ശതമാനം വരും ഈ തുകയെന്ന് റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം വിവരാവകാശ പ്രവര്ത്തകന് സൗരഭ് പന്ഥാരെ അറിയിച്ചു.
ഏറ്റവും കൂടുതല്‍ വായ്പാ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 78072 കോടി രൂപയാണ് ആകെ തുക. പഞ്ചാബ് നാഷണല്‍ ബാങ്ക് 39733 കോടി രൂപയുടെ തട്ടിപ്പും ബാങ്ക് ഓഫ് ഇന്ത്യ 32,224 കോടി രൂപയുടെ തട്ടിപ്പും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ 29,572 കോടി രൂപയുടെ തട്ടിപ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പട്ടികയിലെ ആദ്യ അഞ്ച് ബാങ്കുകളില്‍ നിന്ന് മാത്രം 42.1 ശതമാനത്തിന്റെ തട്ടിപ്പ് നടന്നു. ആകെ തുക 206941 കോടി രൂപ.
സ്വകാര്യ ബാങ്കുകളില്‍ വായ്പാ തട്ടിപ്പ് ഏറെയും നടന്നത് ഐസിഐസിഐ ബാങ്കിലാണ്, 5.3 ശതമാനം. 4.02 ശതമാനം യെസ് ബാങ്കിലും 2.54 ശതമാനം ആക്സിസ് ബാങ്കിലുമാണ്. ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 0.55 ശതമാനമാണ്.രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കു പുറമേ ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള 90 സ്ഥാപനങ്ങള്‍ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട 45,613 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടെ, കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്ന വ്യാപാരി മെഹുള്‍ ചോക്സി എവിടെയെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ബാങ്കുകള്‍. ഇന്ത്യ വിട്ട് ചേക്കേറിയ ആന്റിഗ്വയില്‍ മെഹുള്‍ ചോക്സിയെ കാണാനില്ല എന്ന വാര്‍ത്തകളെ തുടര്‍ന്ന് ഇദ്ദേഹത്തിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.മെഹുള്‍ ചോക്സി എവിടേയെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുന്നതായി പൊലീസ് കമ്മീഷണര്‍ അറ്റ്ലി റോഡ്നി പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ അമ്മാവനാണ് മെഹുള്‍. പഞ്ചാബ് സിന്ധ് ബാങ്കില്‍ നിന്ന് മെഹുള്‍ ചോക്സി വായ്പ എടുത്ത വിവരവും പിന്നീട് പുറത്തുവന്നിരുന്നു. ഞായറാഴ്ചയാണ് അവസാനമായി മെഹുള്‍ ചോക്സിയെ കണ്ടത്. കരീബിയന്‍ ദ്വീപില്‍ ബിസിനസുകാരന് വാഹനം ഓടിച്ചുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെഹുള്‍ ചോക്സിയുടെ വാഹനം കണ്ടെത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
മെഹുള്‍ ചോക്സിയും അദ്ദേഹത്തിന്റെ സ്ഥാപനവും ചേര്‍ന്ന്് വിവിധ ബാങ്ക് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ബാങ്ക് തട്ടിപ്പ് നടത്തി എന്നാണ് കേസ്. കള്ളപ്പണ്ണം വെളുപ്പിക്കല്‍ നയം അനുസരിച്ച് ഇദ്ദേഹത്തിന്റെ 14.45 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. മെഹുള്‍ ചോക്്സി 2017ലാണ് നിക്ഷേപത്തിന്റെ മറവില്‍ ആന്റിഗ്വയുടെ പൗരത്വം സ്വീകരിച്ചത്.
ഇതിനിടെ, പ്രവര്‍ത്തനം അവസാനിപ്പിച്ച കിങ്ങ് ഫിഷര്‍ വിമാനക്കമ്പനിയുടെ പേരില്‍ ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നെടുത്ത 10,000 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനെത്തുടര്ന്ന്് ബ്രിട്ടനിലേക്കു മുങ്ങി നിയമനടപടികള്‍ നേരിടുന്ന വിജയ് മല്യ ലണ്ടനിലെ കോടതി ഫണ്ട് ഓഫീസില്‍ നിന്ന് 758,000 ഡോളര്‍ (7.8 കോടി രൂപ) നല്‍കണമെന്ന് കാണിച്ച് യുകെയിലെ ഒരു കോടതിയില്‍ അപേക്ഷ നല്കി.
ലണ്ടനിലെ കോടതി ഫണ്ട് ഓഫീസില്‍ നിന്ന് 758,000 ഡോളര്‍ (7.8 കോടി രൂപ) നല്‍കണമെന്ന് വിജയ് മല്യ യുകെയിലെ ഒരു കോടതിയില്‍ അപേക്ഷ നല്കി. പാപ്പരത്ത നടപടികളുടെ ഭാഗമായി സ്വത്തുക്കള്‍ മരവിപ്പിച്ചതിനാല്‍ നിയമ സഹായം ചെയ്യുന്ന ഇന്ത്യയിലെ അഭിഭാഷകര്‍ക്ക് പണം നല്കാന് കഴിയാത്തതിനാലാണ് തുക ആവശ്യമായി വന്നതെന്ന് അപേക്ഷയില്‍ പറയുന്നു. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഗുരുതര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നീ ഏജന്‍സികള്‍ മല്യക്കെതിരേ കേസെടുത്തിരുന്നു. 2016 മുതല്‍ വിജയ് മല്യ യുകെയിലാണ്.
ബാബു കദളിക്കാട്
Comments