ബാബു കദളിക്കാട്
പൊതുമേഖലാ ബാങ്കുകളില്‍ നിന്നു വായ്പ വാങ്ങി കോര്‍പറേറ്റുകളാണ്
രാജ്യത്തെ തുറമുഖങ്ങളും വിമാനത്താവളങ്ങളും മറ്റും നിര്‍മിക്കുന്നത്
അതുല്യ പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുമ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്ന കേന്ദ്ര ബജറ്റ് , കുറച്ചുകാലം മുമ്പു വരെ ബി ജെ പിയും പ്രാധാനമന്ത്രി നരേന്ദ്ര മോദിയും സമീപകാല സ്വപ്‌നമെന്നു കൊട്ടിഘോഷിച്ച അഞ്ച് ട്രില്യന്‍ ഡോളര്‍ ഇക്കോണമിയും ഇന്ത്യയുമായുള്ള ദൂരം വര്‍ധിപ്പിക്കുമെന്ന നിരീക്ഷണം പങ്കുവയ്ക്കുന്നു നിരവധി സാമ്പത്തിക വിദഗ്ധര്‍. അതേസമയം, കോര്‍പ്പറേറ്റുകളെ സമ്പദ്ഘടനയുടെ നെടുംതൂണാക്കി മാറ്റാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പദ്ധതികള്‍ ബജറ്റിലൂടെ പുറത്തു വരുന്നതിനാല്‍ 'ഫൈവ് ട്രില്യന്‍ ഡോളര്‍ ടാര്‍ഗെറ്റിലേക്കുള്ള' യാത്രയില്‍ ആഗോള കോര്‍പ്പറേറ്റ് ഭീമന്മാരുടെ കൈത്താങ്ങ് ഉറപ്പാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ഇപ്പോള്‍ പശ്ചാത്തല സൗകര്യ വികസനം നടക്കുന്നത് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ അല്ല. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോര്‍പറേറ്റ് മേഖലയ്ക്ക് വലിയ വായ്പ നല്‍കി കോര്‍പറേറ്റുകളാണ് രാജ്യത്തെ തുറമുഖങ്ങളും വിമാനത്താവളങ്ങളും മറ്റും നിര്‍മിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡും തിരുവനന്തപുരം വിമാനത്താവളവും അദാനി അടക്കമുള്ള കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള വ്യഗ്രത ബജറ്റില്‍ വ്യക്തമാണ്. അസ്സറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപവത്കരിച്ച് രാജ്യത്തെ പൊതുസ്ഥലങ്ങള്‍ ചെറിയ വിലയ്ക്ക് കോര്‍പറേറ്റുകള്‍ക്ക് വിറ്റഴിക്കാനുള്ള നിര്‍്‌ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. കോര്‍പറേറ്റുകളുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ രീതിയിലുള്ള പശ്ചാത്തല സൗകര്യ വികസനം തന്നെ തുടര്‍ന്നും പിന്തുടരാനാണ് സാധ്യത എന്നതു വ്യക്തം. കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലും ചൂഷണത്തിലും വിഷമിക്കുന്ന രാജ്യത്തെ ബാങ്കുകളുടെ പ്രതിസന്ധി വര്‍ധിക്കുന്നതിനും ഇതു കാരണമാകും.
ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം എന്ത് പരിഹാരം കണ്ടെത്തിയെന്ന ചോദ്യം ബാക്കിയാകുന്നു. ഒപ്പം, മാന്ദ്യ കാലത്ത് ജനങ്ങള്‍ക്ക് ഉപകരിക്കും വിധമുള്ള വായ്പകളെ സംബന്ധിച്ചോ മൊറൊട്ടോറിയത്തെ കുറിച്ചോ ധനമന്ത്രി ഒന്നും പറഞ്ഞില്ല. അതേസമയം അടിസ്ഥാന വികസന മേഖലയില്‍ ധനമന്ത്രി എടുത്തുപറഞ്ഞ മിക്കതും അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളെ ലാക്കാക്കിയാണെന്ന നിരീക്ഷണം ഉയരുന്നുണ്ട്്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തിരഞ്ഞെടുപ്പിലാണല്ലോയെന്ന അനുബന്ധ ചോദ്യവുമുണ്ട്.
്
കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റായതിനാല്‍ തന്നെ ഒരു സമഗ്ര ക്ഷേമ ബജറ്റ് ജനങ്ങള്‍ പ്രതീക്ഷിച്ചതു സ്വാഭാവികം. അത്രയ്ക്കില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ചടുല നീക്കങ്ങള്‍ നടത്താന്‍ മോദി സര്‍ക്കാരിനാവില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്ന സ്ഥിതിക്ക് താഴെത്തട്ടില്‍ പണമെത്തിക്കുന്ന ഒരു ശരാശരി ബജറ്റെങ്കിലും വേണമായിരുന്നില്ലേയെന്ന ചോദ്യം പ്രസക്തം. എന്നാല്‍ അതുമുണ്ടായില്ലെന്ന വിശകലനമാണ് പൊതുവെയുള്ളത്. ഭാരതം കരുത്താര്‍ജിക്കുന്നതിന്റെ പ്രതീകമാണ് ഈ ബജറ്റ് എന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിന് അത്ര വലിയ മൂല്യമൊന്നും സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നില്ല.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ക്രിയാത്മക പദ്ധതികള്‍ ആവശ്യമായിരുന്നിടത്ത് ഒന്നുമുണ്ടായില്ല. നിലവിലെ പദ്ധതികള്‍ വിപുലപ്പെടുത്തുന്ന വേളയില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാം എന്ന ന്യായം തൊഴില്‍ മേഖലയില്‍ യാതൊരു വീക്ഷണവുമില്ലാത്ത സര്‍ക്കാരാണിതെന്ന് വ്യക്തമാക്കുന്നതായി വിമര്‍ശനമുയരുന്നു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ തവണ 1,15,000 കോടി രൂപ നീക്കിവെച്ചിരുന്നു. അതുതന്നെ അതുവരെയുള്ള വേതന കുടിശ്ശിക തീര്‍ക്കാനും വേതനം കൊടുക്കാനും തികയില്ലായിരുന്നു. എന്നിട്ടും ഇത്തവണ നീക്കിവെച്ചിരിക്കുന്നത് വെറും 73,000 കോടി.
മാന്ദ്യ കാലത്ത് ജനങ്ങളുടെ ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടിയിരുന്നത്. അതിന് ജനങ്ങളുടെ കൈയില്‍ പണമെത്തണം. അതിനവര്‍ക്ക് തൊഴിലുണ്ടാകണം. നികുതിയിളവുകളും വേണം. ഇന്ധന വിലയിലെ നികുതി അടക്കം എടുത്തുമാറ്റി ജനങ്ങളുടെ കൈയില്‍ പണം ഉണ്ടാക്കാനും ശ്രമിക്കണമായിരുന്നു. എന്നാല്‍ തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരെ ശ്രദ്ധിച്ചിട്ടില്ല. ഇതിന് പുറമെ, ജനക്ഷേമ പദ്ധതികളായ പെന്‍ഷന്‍ പദ്ധതികളും കേന്ദ്രം അട്ടിമറിച്ചു. ഇന്ദിരാ ഗാന്ധി വാര്‍ധക്യ പെന്‍ഷന്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാള്‍ 2,000 കോടി കുറച്ചു. വികലാംഗ പെന്‍ഷനും കുറച്ചു.
അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം മുതല്‍ 20 ശതമാനം വരെ മാന്ദ്യ നിവാരണത്തിനായി ചെലവഴിക്കുന്നുണ്ട്. ഇത് ആ രാജ്യങ്ങളില്‍ ധനക്കമ്മി വര്‍ധിക്കുന്നതിന് കാരണമായി. ഈ കമ്മി പരിഹരിക്കാന്‍ ഈ രാജ്യങ്ങള്‍ ഉയര്‍ന്ന രീതിയില്‍ പണം അച്ചടിച്ച് ഇറക്കി. സ്വതവേ കുറഞ്ഞ പലിശ നിരക്കുള്ള ഈ രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന പലിശ നിരക്ക് നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപം കടന്നുവരാനാണ് ഇത് കാരണമായത്. 518 ബില്യന്‍ ഡോളര്‍ വിദേശ നിക്ഷേപം 2020 ഡിസംബര്‍ മാസത്തോടെ ഇന്ത്യയിലെത്തി. ഈ പണം കേവലം റിസര്‍വ് രൂപത്തില്‍ ഇന്ത്യയില്‍ സൂക്ഷിക്കുന്നത് രാജ്യത്തിന് വലിയ നഷ്ടമാണുണ്ടാക്കുന്നത്. മാന്ദ്യ നിവാരണ പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാരിന് ഈ പണം ഉപയോഗിക്കാമായിരുന്നുവെന്ന നിരീക്ഷണം വദഗ്ധര്‍ പങ്കു വയ്ക്കുന്നു. രാജ്യത്തെ സാധാരണ ജനങ്ങളെ കടുത്ത വരുമാന ശോഷണത്തില്‍ നിന്ന് സംരക്ഷിക്കാനും സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാനുമുള്ള ഏറ്റവും നല്ല അവസരമാണ് ഈ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതെന്നും നിരീക്ഷണമുണ്ട്.
സമ്പദ് വ്യവസ്ഥ 'വി' രൂപത്തില്‍ തിരികെ വരും എന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഒരു സര്‍ക്കാരിനും സമ്പദ് വ്യവസ്ഥയെ ഒരു നേര്‍രേഖയില്‍ ചലിപ്പിക്കാന്‍ ആകുകയില്ല. ഇതിനായി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 13 ശതമാനം തുക മിനി ബജറ്റുകള്‍ എന്ന രൂപത്തില്‍ ഉപയോഗിച്ചുവെന്നാണ് കേന്ദ്ര മന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ പ്രകാരം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കേവലം മൂന്ന് ശതമാനം മാത്രമാണ് ചെലവഴിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരികെ വരണമെങ്കില്‍ രാജ്യത്തെ ഉപഭോഗം വര്‍ധിക്കണം. കാര്‍ഷിക മേഖലയിലെ വരുമാനം ഉയരണം. കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുമെന്ന കേവല പ്രഖ്യാപനങ്ങള്‍ മതിയാകില്ലെന്നത് മന്ത്രി ഗൗനിച്ച മട്ടില്ല.
രണ്ടായിരത്തിന് ശേഷം പ്രതിസന്ധിയില്‍ തുടരുന്ന വ്യാവസായിക മേഖലയെ പുനരുദ്ധരിക്കാന്‍ ഉതകുന്ന വിധത്തിലുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇല്ലെന്നതും വസ്തുത. ജന്‍ശക്തി, റോഡ് ട്രാന്‍സ്‌പോര്‍ട്ട്, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും പ്രഖ്യാപിച്ച വലിയ പാക്കേജുകള്‍ക്കും മറ്റു നീക്കിയിരിപ്പുകള്‍ക്കും ഒക്കെയായി വരുമാന മാര്‍ഗമെന്താണെന്ന ചോദ്യത്തിന് ബജറ്റിലോ വകുപ്പ് മന്ത്രിക്കോ സര്‍ക്കാരിനോ ഉത്തരമില്ല.നിലവിലുള്ള ഭീമമായ ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ കടമെടുക്കേണ്ടിവരും. തുടര്‍ന്ന്, ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന അപകടകരമായ സ്ഥിതിയിലേക്ക് വരും.
പ്രത്യക്ഷത്തില്‍ കാര്‍ഷിക മേഖലയെ വല്ലാതെ പരിഗണിച്ചെന്നു തോന്നിപ്പിക്കുന്ന ബജറ്റാണ് ഇത്. കര്‍ഷക സമരങ്ങള്‍ സര്‍ക്കാരിനെ എത്രത്തോളം പിടിച്ചുലച്ചു എന്ന് തെളിയിക്കുന്നതാണ് കാര്‍ഷിക മേഖലയ്ക്കുള്ള പ്രഖ്യാപനങ്ങള്‍. താങ്ങുവില ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പുറമെ പ്രധാന വിളകളുടെ കര്‍ഷകര്‍ക്ക് മുമ്പത്തേതിനേക്കാള്‍ നല്ലൊരു മടങ്ങ് തുക നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം എ പി എം സികള്‍ നവീകരിക്കുമെന്ന് കേന്ദ്ര ബജറ്റ് വാഗ്ദാനം നല്‍കുമ്പോള്‍ ഇപ്പോള്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം ഇതിനു വിരുദ്ധമായി നില്‍ക്കുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജനയ്ക്ക് കഴിഞ്ഞ ബജറ്റില്‍ നീക്കി വെച്ചതിനേക്കാള്‍ 10,000 കോടി കുറച്ച് 65,000 കോടി രൂപയേ ഇത്തവണയുള്ളൂ.
അതേസമയം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ 3 ട്രില്യണ്‍ ഡോളറില്‍ നിന്ന് 5 ട്രില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തുന്നതിന് കേന്ദ്ര ബജറ്റ് അടിത്തറയിട്ടിട്ടുണ്ടെന്ന ശക്തമായ അഭിപ്രായം രേഖപ്പെടുത്തുന്നു ഐസിഐസിഐ സെക്യൂരിറ്റീസ് എംഡിയും സിഇഒയുമായ വിജയ് ചന്ദോക്. അടിസ്ഥാന സൗകര്യങ്ങള്‍, ഉല്‍പാദനം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ വലിയ മുതല്‍മുടക്ക് നടത്തി ആത്മനിര്‍ഭറിനു ബലമേകുന്നത് രചനാത്മക നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്‍ഫ്രാ, മാനുഫാക്ചറിംഗ് മേഖലകള്‍ക്കായി മെച്ചപ്പെടുത്തിയ ധനവിഹിതം മൊത്തത്തിലുള്ള ഡിമാന്‍ഡ് ഉയര്‍ത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് ചന്ദോക് പറഞ്ഞു. കോര്‍പ്പറേറ്റ് കൈത്താങ്ങ് ഗുണകരമാകുമെന്ന പരോക്ഷ അഭിപ്രായമാണ് അദ്ദേഹത്തിന്റേത്.
നിര്‍മ്മല സീതാരാമന്റെ വാര്‍ഷിക ബജറ്റ് ധീരവും ദര്‍ശനാത്മകവുമാണെന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് ആന്റ് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) വിശേഷിപ്പിച്ചു. ഇത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ വളര്‍ച്ചാ പാതയിലേക്ക് നയിക്കുമെന്നാണ് ഫോറത്തിന്റെ വിലയിരുത്തല്‍. ഇന്ത്യയെ 5 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കു നയിക്കുന്ന ബജറ്റാകുമിതെന്ന് യുഎസ്ഐഎസ്പിഎഫ് പ്രസിഡന്റ് മുകേഷ് അഗി പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക മേഖലകളായ കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പ്രതിരോധം എന്നിവയില്‍ സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കുന്നത് തികച്ചും പ്രസക്തമാണെന്ന് അഗി അഭിപ്രായപ്പെട്ടു. ഈ നടപടികള്‍ക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭജനവും, ഇന്‍ഷുറന്‍സ് പോലുള്ള മേഖലകളുടെ വികസ്വരമാക്കലും, കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റിനായി സ്ഥാപന ചട്ടക്കൂട് സ്ഥാപിക്കാനുള്ള നീക്കവും വഴി സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ മൂലധനം ലഭിക്കുമെന്ന് ഫോറം വിശ്വസിക്കുന്നു.
'വളര്‍ച്ചയ്ക്കുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത, അത് മുന്നോട്ട് വച്ച നാഴികക്കല്ലുകളിലും സമയപരിധികളിലും പ്രതിഫലിക്കുന്നു. അടുത്ത 12-24 മാസങ്ങളില്‍ ആഗോള നിക്ഷേപ സമൂഹം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വികാസത്തെ അംഗീകരിക്കു'മെന്ന് യുഎസ്ഐഎസ്പിഎഫിന് ഉറപ്പുണ്ടെന്നും അഗി പറഞ്ഞു. പുതിയ വികസന ധനകാര്യ സ്ഥാപനം അടിസ്ഥാന സൗകര്യങ്ങളില്‍ വിദേശ നിക്ഷേപം സുഗമമാക്കും. സെക്യൂരിറ്റീസ് മാര്‍ക്കറ്റ് കോഡ് ഏകീകരിക്കുന്നത് നിക്ഷേപ കാലാവസ്ഥയിലേക്ക് വിദേശ മൂലധനത്തെ കൂടുതല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. രാജ്യത്തെ നികുതി കോഡ് ലളിതമാക്കുന്നതിനുള്ള ഒന്നിലധികം നടപടികളും തര്‍ക്ക പരിഹാര സംവിധാനവും നികുതി അന്തരീക്ഷത്തില്‍ കൂടുതല്‍ വിശ്വാസ്യത സാധ്യമാക്കും. ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ നടപടികളാണിതെന്നും അഗി പറഞ്ഞു.കോര്‍പ്പറേറ്റുകളെ ആഹ്‌ളാദിപ്പിക്കുന്ന നീക്കങ്ങളിലുള്ള ചാരിതാര്‍ത്ഥ്യമാണ് യുഎസ്ഐഎസ്പിഎഫ്് പങ്കുവയ്ക്കുന്നത്.
അതേസമയം, വിപരീത സാഹചര്യങ്ങളെ വകഞ്ഞു മാറ്റാന്‍ ധനമന്ത്രി സ്വീകരിക്കുന്ന നടപടികള്‍ വിവേക പൂര്‍വമല്ലെന്ന അഭിപ്രായവും ശക്തം. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 2020 ധന വര്‍ഷം ഒന്നാം പാദത്തില്‍ 23 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി. പിന്നീടും ഈ ഇടിവില്‍ കുറവ് വന്നു.എന്നാല്‍ ഇപ്പോള്‍ സമ്പദ് വ്യവസ്ഥ തിരികെ വരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ കേവലം നാല് മണിക്കൂര്‍ സമയം നല്‍കി നടപ്പാക്കപ്പെട്ട ലോകത്തിലെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ ഇന്ത്യയുടെ നഗര മേഖലയിലും ഗ്രാമീണ മേഖലയിലും തൊഴിലില്ലായ്മ ഗണ്യമായി വര്‍ധിപ്പിച്ചതിന്റെ കെടുതി ഗുരുതരമായി തുടരുകയണ്.
സി എം ഐ ഇയുടെ കണക്കുകള്‍ പ്രകാരം തൊഴില്‍ ഉണ്ടായിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടം മാത്രമല്ല, തൊഴില്‍ തേടുന്നവരുടെ എണ്ണത്തിലും വലിയ കുറവ് വന്നിരിക്കുന്നു. കാര്‍ഷിക മേഖലയിലും ഉത്പാദന മേഖലയിലും ലോക്ക്ഡൗണ്‍ ജനങ്ങളുടെ സ്വാഭാവികവും പരമ്പരാഗതവുമായ ജീവിതോപാധികള്‍ ഇല്ലാതെയാക്കി. എന്നാല്‍ മറുഭാഗത്ത് രാജ്യത്തെ കോര്‍പറേറ്റ് മേഖലയ്ക്ക് സര്‍ക്കാര്‍ 1.45 കോടി രൂപയുടെ നികുതി ഇളവാണ് നല്‍കിയത്. കോര്‍പറേറ്റ് സംരംഭങ്ങളുടെ പ്രവര്‍ത്തനലാഭം ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട് എന്ന് റിസര്‍വ് ബേങ്കും കേന്ദ്ര സര്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഉയര്‍ന്ന നികുതി ഇളവും പ്രവര്‍ത്തന ലാഭവും വന്നെങ്കിലും കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ തെല്ലും വര്‍ധിപ്പിച്ചില്ലെന്നത് വേറെ കാര്യം.
കോര്‍പറേറ്റ് മേഖല നികുതി ഇളവിലൂടെയും ഉയര്‍ന്ന പ്രവര്‍ത്തന ലാഭത്തിലൂടെയും അവര്‍ക്ക് ലഭിച്ച അധിക ലാഭം പുനര്‍ നിക്ഷേപത്തിന് വിനിയോഗിക്കാതെ സ്വന്തം ആസ്തി വികസനത്തിന് ഉപയോഗിച്ചു എന്നതാണ് സമകാലീന സാമ്പത്തിക അവസ്ഥ കാണിക്കുന്നത്. കുറഞ്ഞ ഡിമാന്‍ഡ് നിലനില്‍ക്കുന്ന സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപിക്കുന്നതിന് കോര്‍പറേറ്റുകള്‍ക്ക് തീരെ താത്പര്യമില്ല. സ്വകാര്യ കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ സമ്പദ് ഘടനയില്‍ കടന്നു വരാത്ത ഈ അവസ്ഥയില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും പ്രതീക്ഷിക്കുന്നത് ഒരു കൗണ്ടര്‍സൈക്ലിക്കല്‍ ബജറ്റ് ആണ് എന്ന കാര്യം സര്‍ക്കാരും അംഗീകരിച്ചിട്ടുണ്ട്.താന്‍ അവതരിപ്പിച്ചത് കൗണ്ടര്‍ സൈക്ലിക്കല്‍ ബജറ്റാണ് എന്ന് കേന്ദ്ര മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യ ഇന്ന് കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ബജറ്റില്‍ ഇല്ലെന്നതാണു വസ്തുത.
പൊതു ഉപഭോഗം ഉയര്‍ത്തുന്നതിനും ജനങ്ങളുടെ വരുമാന ശോഷണം പരിഹരിക്കുന്നതിനും അവരുടെ കൈയില്‍ പണം എത്തിക്കുന്നതിനും നിര്‍ദേശങ്ങള്‍ ഇല്ല. റെയില്‍വേക്കും റോഡ് വികസനത്തിനും കാര്‍ഷിക മേഖലയിലെ പശ്ചാത്തല വികസനത്തിനും വലിയ തുകയാണ് വകയിരുത്തിയിരിക്കുന്നത്.അതേസമയം ഇതിനായി 1,75,000 കോടി രൂപ കണ്ടെത്തുന്നത്, ലാഭത്തിലോടുന്നതടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലൂടെയാണ്. രണ്ട് പൊതുമേഖലാ ബാങ്കുകള്‍ അടക്കം വില്‍ക്കുന്നത് രാജ്യത്തെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതടക്കമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്താനാണ്. എന്നാല്‍ പശ്ചാത്തല സൗകര്യ വികസനത്തിന് ഈ പണം മതിയാകുകയില്ല.
വിദ്യാഭ്യാസ മേഖലയിലും ധൈഷണികമായ വീക്ഷണം ബജറ്റില്‍ പ്രതിഫലിക്കുന്നില്ലെന്ന നിരീക്ഷണമാണുള്ളത്. ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ഉണ്ടാക്കുന്നതിന്റെ ലക്ഷ്യം വിദ്യാഭ്യാസ മേഖലയിലെ അപടകരമായ ഏകശിലാത്മകവത്കരണമല്ലേയെന്ന സംശയം തീവ്രം. അതുപോലെ ദേശീയ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംബന്ധിച്ച് ഇത്തവണയും പ്രഖ്യാപനമുണ്ടായി. ഇതും സങ്കുചിത ദേശീയതയുടെ പ്രചാരണത്തിന് വേണ്ടി ഉണ്ടാക്കുന്നതാണെന്ന വിമര്‍ശനം കനക്കുകയാണ്. എന്‍ ജി ഒകളുടെ സഹായത്തോടെ 15,000 പുതിയ സ്‌കൂളുകള്‍ വരുമെന്നാണ് പറയുന്നത്. ആര്‍ എസ് എസിന്റെ എന്‍ ജി ഒകളാണിവയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇക്കുറി വിദ്യാഭ്യാസ പദ്ധതികള്‍ക്ക് പ്രത്യേക പ്രഖ്യാപനങ്ങള്‍ ഇല്ല. കഴിഞ്ഞ തവണ 310 കോടി ഉണ്ടായിരുന്ന മേഖലയിലാണ് ഇത്തവണ ഒന്നുമില്ലാത്തത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ നൂറ് കോടിയോളം രൂപ കുറവാണ് ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ളത്. ന്യൂനപക്ഷ ഫെല്ലോഷിപ്പുകളും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകളുമെല്ലാം വെട്ടിക്കുറച്ചു. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള നാഷനല്‍ ഫെല്ലോഷിപ് ഫോര്‍ എസ് ടി, നാഷനല്‍ ഫെല്ലോഷിപ്പ് ഫോര്‍ ഒ ബി സി തുടങ്ങിയ ഫെല്ലോഷിപ്പുകള്‍ക്ക് ഇത്തവണ നീക്കിവെപ്പില്ല. സ്ത്രീശാക്തീകരണത്തിലെ സര്‍ക്കാര്‍ അലംഭാവം ബജറ്റിലൂടെ വ്യക്തമാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ തവണ 30,000 കോടി രൂപയാണ് ഈ മേഖലയിലേക്ക് നീക്കിവെച്ചതെങ്കില്‍ 10,000 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവാക്കിയില്ല. ഇത്തവണ നീക്കിയിരിപ്പ് തന്നെ 24,000 കോടി മാത്രം.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയാണ് നിര്‍മല സീതാരാമന്‍. തുടര്‍ച്ചയായി മൂന്ന് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ വനിത എന്ന ഖ്യാതികൂടി നിര്‍മലാ സീതാരാമന് സ്വന്തമായി. ഇന്ദിരാ ഗാന്ധിയാണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത. മൊറാര്‍ജി ദേശായി ധനമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ധനകാര്യ വകുപ്പ് ഏറ്റെടുത്ത ശേഷം 1970 ല്‍ ആണ് ഇന്ദിര 1970-71ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്.
നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റ് 'അതുല്യ'മായിരിക്കും എന്നായിരുന്നു മുന്‍കൂട്ടിയുള്ള അവരുടെ അവകാശവാദം.പക്ഷേ, ആദ്യമായി സമ്പൂര്‍ണ കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നു എന്നതിലേക്ക് ആ അതുല്യത ഒതുങ്ങുന്നുവെന്ന വിമര്‍ശനം ഉയരുന്നുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ബജറ്റ് രേഖകള്‍ അച്ചടിയ്ക്കാത്തത് എന്ന പ്രത്യേകതയുമുണ്ട്. പ്രിന്റിങ് പ്രക്രിയയ്ക്കായി രണ്ടാഴ്ചയോളം നിരവധി പേര്‍ പ്രസ്സില്‍ തന്നെ തുടരേണ്ടിവരുമെന്നതിനാലാണ് ഇത്തവണത്തെ ബജറ്റ് കടലാസ് രഹിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2021-22ല കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട രേഖകള്‍ തടസ്സരഹിതമായി ലഭ്യമാക്കുന്നതിനായി, ബജറ്റ് തയ്യാറെടുപ്പിനു മുന്നോടിയായുള്ള ഹല്‍വ ചടങ്ങിനിടെ ധനമന്ത്രി 'യൂണിയന്‍ ബജറ്റ്' എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരുന്നു. ആപ്പ് വഴി എംപിമാര്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകള്‍ ഒരുപോലെ ലഭ്യമാക്കുന്നു.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ഫൈവ് ട്രില്യന്‍ ഡോളര്‍ ടാര്...' at line 1
SELECT * FROM Comments where isActive = 2 AND heading = 'കോര്‍പ്പറേറ്റുകളില്‍ കണ്ണ്; 'ഫൈവ് ട്രില്യന്‍ ഡോളര്‍ ടാര്‍ഗെറ്റ്' കിനാവുമായ്...' order by id desc;
Filename: views/News/view.php
Line Number: 96