Foto

വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിൽ മനുഷ്യ ജീവന് പുല്ലുവില , നടപടിയെടുക്കാതെ പോലീസ് ബധിരനും മൂങ്ങനും കളിയിൽ !

വൈപ്പിൻ മുനമ്പം  സംസ്ഥാന  പാതയിൽ
മനുഷ്യ ജീവന് പുല്ലുവില ,
നടപടിയെടുക്കാതെ പോലീസ്
ബധിരനും മൂങ്ങനും കളിയിൽ  !

കോവിഡ്  കാലം കഴിഞ്ഞുള്ള  പണക്കൊയ്ത്തിന്  സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങിക്കഴിഞ്ഞു. വൈപ്പിൻ മുനമ്പം റൂട്ടിലെ ബസ്സുകളുടെ  
മൽസരയോട്ടം   ടു-വീലർകാർക്കും കാൽനട യാത്രക്കാർക്കും പേടി സ്വപ്നമാണിപ്പോൾ.    
മരണപ്പാച്ചിൽ നടത്തിയ സ്വകാര്യ ബസ്സ്‌ കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാരായ രണ്ട് പേരുടെ ജീവനെടുത്തത് . ഇതോടെ  വൈപ്പിൻ പള്ളിപ്പുറം സംസ്ഥാനപാത വീണ്ടും കുരുതിക്കളമായി. അമിതവേഗത്തിലെത്തിയ ബസ്സ്‌ ഒരു കാറിനെ മറികടക്കുമ്പോൾ എതിരെവന്ന ബൈക്കിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു.  ഹോളിലാൻഡ് ബസ്സാണ് ബൈക്ക് യാത്രക്കാരായ ഫ്രഡി (21) അലീന (31) എന്നിവരുടെ ജീവനെടുത്തത്. ഏതാനും ദിവസങ്ങൾക്ക്  മുൻപ്  നായരമ്പലത്തും പള്ളിപ്പുറത്തും അപകടമുണ്ടായി .
പള്ളിപ്പുറം ആതിര സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. വിദേശത്തുള്ള അമ്മയുടെയടുത്തേക്ക് പോകുന്നതിനുവേണ്ടി അലീന ആതിരയിലെ ജോലി രണ്ടുമാസംമുൻപ് രാജിവച്ചിരുന്നു. അലീനയുടെ പിതാവിന് മൊബൈൽ ഫോൺ വാങ്ങുന്നതിനുവേണ്ടി എറണാകുളത്ത് പോയി വരുമ്പോഴായിരുന്നു അപകടം. ഫ്രഡിയുടെ ബൈക്കിലിടിച്ചതിനുശേഷം ബസ്സ്‌ മറ്റൊരു ബൈക്കിൽക്കൂടിയിടിച്ചെങ്കിലും ബൈക്ക് യാത്രക്കാരന് പരിക്കില്ല. സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടംമൂലം നിരവധി അപകടങ്ങളാണ് വൈപ്പിൻ സംസ്ഥാനപാതയിൽ ഇതിനുമുമ്പും ഉണ്ടായിട്ടുള്ളത്.കാൽനടക്കാരും നടക്കുന്നത് റോഡിനരികിലൂടെയാണ്. ഇരുവശവും കാന പണിത് മുകളിൽ സ്ലാബിട്ട് മൂടിയതിനുശേഷം ടൈൽ വിരിച്ചു കാൽനടക്കാർക്ക് സുരക്ഷിത യാത്രയൊരുക്കുമെന്ന് പറയുവാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും പദ്ധതി നടപ്പായിട്ടില്ല.

ഒരപകടം നടന്നുകഴിഞ്ഞാൽ കുറെനാളത്തേക്ക് ബസ്സുകളുടെ മത്സരയോട്ടവും മരണപ്പാച്ചിലിനും ശമനമുണ്ടാകുമെങ്കിലും അതുകഴിയുമ്പോൾ  പഴയപടിതന്നെയാകും. മത്സരയോട്ടംപോലെതന്നെ അസഹ്യമാണ് എയർഹോൺ കൊണ്ടുള്ള കാറൽ. ഇതൊക്കെ നിയന്ത്രിക്കേണ്ട പോലീസുകാരാകട്ടെ ബധിരൻ മൂങ്ങൻ കളിയിലാണ് .

സ്വകാര്യ ബസ്ജീവനക്കാരിൽ ചിലരെങ്കിലും ലഹരിയുപയോഗിച്ചാണ് ജോലിചെയ്യുന്നതെന്ന ആരോപണവും നിലനിൽക്കുന്നു. ബസ്സുടമകളുടെ സംഘടിതശക്തിക്കുമുന്നിൽ പലപ്പോഴും പോലീസും കണ്ണടയ്ക്കുന്നു. നിസ്സംഗതവെടിഞ്ഞു പോലീസ് ഉണർന്ന് പ്രവർത്തിക്കണമെന്നാണ് പൊതുജനാഭിപ്രായം.

ഫ്രാൻസിസ്  ചമ്മണി

Foto
Foto

Comments

leave a reply

Related News