Foto

മരവും മരമണ്ടന്മാരും മ കാരമൊപ്പിച്ച് ഒരു ഞായറഴ്ച ചിന്ത

മരവും  മരമണ്ടന്മാരും
മ  കാരമൊപ്പിച്ച്
ഒരു ഞായറഴ്ച ചിന്ത   

കാലാവസ്ഥാ  വ്യതിയാനങ്ങൾക്കും പരിസ്ഥിതി ചൂഷണത്തിനുമെതിരെ കത്തോലിക്കാസഭ അരനൂറ്റാണ്ട്  മുൻപേ  തന്നെ മുന്നറിയിപ്പ് നല്കിയിരുന്നു. പരിസ്ഥിതി സ്നേഹത്തിന്റെ ജീവിതസാക്ഷ്യം നല്കി വിശുദ്ധനായ ഫ്രാൻസിസ് അസീസി മരണമടഞ്ഞത് 1226-ലാണ്. കൃത്യമായി പറഞ്ഞാൽ 795 വർഷങ്ങൾക്കുമുമ്പ്.
ഇപ്പോൾ കേരളമെന്ന സംസ്ഥാനം അഭിമുഖീകരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ കത്തിമുനകൾക്കു മുൻപിൽ  മലയാളി പകച്ചു നിൽക്കുന്നു. ഇന്ത്യയിലാകട്ടെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായ മഹാരാഷ്ട്ര മുതൽ ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം പ്രളയം വിതച്ച ദുരിതങ്ങൾക്കു മുന്നിൽ കൂനി വിറച്ചു നിൽക്കുന്നു.
ഇൗ സന്ദർഭത്തിൽ എങ്കിലും സഭാപ്രബോധനങ്ങളിലൂടെ മാർപാപ്പാമാർ ലോകത്തിനു നല്കിയ മുന്നറിയിപ്പുകളെക്കുറിച്ച്  ക്രൈസ്തവരായ  നാം പരിചിന്തിക്കേണ്ടതുണ്ട്.
നമുക്ക് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമനിൽ നിന്നു തുടങ്ങാം. 1963-ലാണ് ഭൂമിയിൽ സമാധാനം എന്ന ചാക്രികലേഖനം മാർപാപ്പാ പുറപ്പെടുവിച്ചത്. ഈ  ചാക്രികലേഖനത്തിലൂടെ യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും സമാധാനത്തിലേക്ക് തിരിച്ചു വരണമെന്നും പാപ്പാ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ലോകം ന്യൂക്ലിയർ യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുമ്പോഴായിരുന്നു പാപ്പായുടെ ഈ  ആഹ്വാനം.
വീണ്ടും എട്ടു വർഷം കഴിഞ്ഞപ്പോൾ 1971 ൽ വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പാ അനിയന്ത്രിതമായ മാനുഷിക പ്രവർത്തനമെന്നോണം പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടുകൊണ്ട് അപ്പസ്തോലികത്ത് എഴുതി (14 മേയ് 1971) യു.എന്നി. ന്റെ ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ 1970ൽ  ഇതേ മാർപാപ്പ തന്നെ ഒരു കത്തെഴുതിയിരുന്നു. ആ കത്തിലെ വാചകങ്ങൾക്ക് എത്രത്തോളം പ്രവചനസ്വഭാവമുണ്ടെന്ന് നോക്കാം. ആ വാക്കുകൾ ഇങ്ങനെ: ''സാമൂഹികവും ധാർമ്മികവുമായ യഥാർത്ഥ പുരോഗതി കൂട്ടിനില്ലെങ്കിൽ ഏറ്റവും അസാധാരണമായ ശാസ്ത്രീയ മുന്നേറ്റങ്ങളും ഏറ്റവും വിസ്മയിപ്പിക്കുന്ന സാങ്കേതിക കഴിവുകളും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്ന സാമ്പത്തിക വളർച്ചയുമെല്ലാം തീർച്ചയായും മനുഷ്യനു നേരെ തിരിയും!”

1979 മാർച്ച് 4-ന് പ്രസിദ്ധീകരിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ തന്റെ പ്രഥമ ചാക്രികലേഖനത്തിൽ ആഗോളവ്യാപകമായി പരിസ്ഥിതി സംബന്ധമായ ഒരു മാനസാന്തരത്തിനായി ആഹ്വാനം ചെയ്യുകയുണ്ടായി. 1987 ഡിസംബർ 20, 1991 മേയ് 1 എന്നീ തീയതികളിൽ പ്രസിദ്ധീകരിച്ച ചാക്രികലേഖനങ്ങളിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പരിസ്ഥിതി നശീകരണത്തിനെതിരെ  മുന്നറിയിപ്പു നല്കി. ജീവിതശൈലികളിലും ഉത്പാദനത്തിലും ഉപഭോഗത്തിലും വരുത്തേണ്ട കാതലായ മാറ്റങ്ങൾ, യഥാർത്ഥമായ മാനുഷികവീക്ഷണത്തിന്റെ ധാർമ്മിക സ്വഭാവത്തിനു അനുസൃതമായിരിക്കണമെന്ന് പാപ്പാ പറയുകയുണ്ടായി.

2007 ജനുവരി 8-ന് നയതന്ത്ര പ്രതിനിധികളെ സംബോധന ചെയ്യവേ ബെനഡ്കിട് പതിനാറാമൻ മാർപാപ്പാ പറഞ്ഞു:  ലോകസാമ്പത്തിക ക്രമത്തിന്റെ തകരാറുകൾക്കു പിന്നിലുള്ള വ്യവസ്ഥിതിപരമായ കാരണങ്ങളെ ഇല്ലായ്മ ചെയ്യണം. പരിസ്ഥിതിയോടുള്ള ബഹുമാനം ഉറപ്പ് വരുത്താൻ കഴിയാത്തത്  എന്നു തെളിഞ്ഞിട്ടുള്ള വളർച്ചാ മാതൃകകളെ തിരുത്തണം. 2005 ജൂൺ 29-ന് പ്രസിദ്ധീകരിച്ച ചാക്രികലേഖനത്തിലും ബെനഡിക്ട് മാർപാപ്പായുടെ പ്രവാചകശബ്ദമുണ്ട്. പ്രൃകൃതിഗ്രന്ഥം ഏകവും അവിഭാജ്യവുമാണ്. പ്രകൃതിയുടെ ക്ഷയം മാനുഷിക സഹാസ്തിത്വത്തെ രൂപപ്പെടുത്തുന്ന സംസ്കാരവുമായി അവഗാഢം  ബന്ധപ്പെട്ടിരിക്കുന്നു. 2008-ൽ വൈദികരുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ബെനഡിക്ട് മാർപാപ്പാ വീണ്ടും പറഞ്ഞു:  ''അവസാന വാക്ക് നമ്മുടേത് മാത്രമായിരിക്കുകയും എല്ലാം നമ്മുടെ സ്വന്തം വസ്തുവായിരിക്കുകയും അവയെല്ലാം നമുക്കുവേണ്ടി മാത്രമായി ഉപയോഗിക്കുകയും ചെയ്യുന്നിടത്ത് സൃഷ്ടി പരുക്കേൽക്കുന്നു. നമ്മെക്കാൾ ഉന്നതമായ ഒന്നും നാം അംഗീകരിക്കാതിരിക്കുകയും നമ്മെത്തന്നെയല്ലാതെ മറ്റൊന്നിനെയും നാം നമ്മൾ കാണാതിരിക്കുകയും ചെയ്യുമ്പോൾ സൃഷ്ടിയുടെ ദുരുപയോഗം തുടങ്ങുന്നു.''

ഒരു കാര്യം കൂടി പറയട്ടെ. നാം നടന്നു നീങ്ങിക്കൊണ്ടിരിക്കുന്ന ദുരന്തമയമായ കടൽപ്പാലങ്ങളിൽ നിന്ന് ലോകത്തിനു തിരിച്ചു നടക്കാൻ എക്കാലത്തും  കത്തോലിക്കാസഭയുടെ പരമാചാര്യന്മാർ  നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. മേൽ ഉദ്ധരിച്ച മാർപാപ്പാമാരുടെ മുന്നറിയിപ്പുകളെല്ലാം ആമുഖമായി പറഞ്ഞുകൊണ്ടാണ് വിശുദ്ധനായ ഫ്രാൻസിസ് അസീസിയുടെ നാമത്തിൽ അറിയപ്പെടുന്ന ഫ്രാൻസിസ് പാപ്പാ ലൗദാത്തോ സീ എന്ന ചാക്രികലേഖനം ആരംഭിച്ചിട്ടുള്ളത് (പേജ് 14, 15, 16, 17).
ലോകമെങ്ങും കാലാവസ്ഥാ വ്യതിയനാം ദുരിതം വിതയ്ക്കുമ്പോൾ സഭയുടെ ഇൗ മുന്നറിയിപ്പുകളെക്കുറിച്ച് ആദ്യം ബോധവാൻമാരാകേണ്ടത്
ക്രൈസ്തവർ തന്നെയാണ്. അതല്ലെങ്കിൽ  ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള മഴുവിന് മൂർച്ച കൂട്ടുന്നമരമണ്ടന്മാരുടെ  നിരയിൽ നാം നിലകൊള്ളുന്നുവെന്ന് പറയേണ്ടിവരില്ലേ?

ആന്റണി ചടയംമുറി

 

Foto
Foto

Comments

leave a reply