Foto

നൈജീരിയയിലെ പള്ളിയില്‍ ആക്രമണം:വൈദികനും 5 അത്മായരും കൊല്ലപ്പെട്ടു

നൈജീരിയയിലെ ക്രൈസ്തവര്‍ വിശുദ്ധ വാരം ആചരിക്കുന്നത് ഭയാശങ്കകളോടെ നിഴലില്‍


ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ അഴിച്ചുവിടുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നൈജീരിയയിലെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തില്‍ പങ്കെടുക്കുന്നത് തികഞ്ഞ ഭയാശങ്കകളോടെ. കിഴക്കന്‍ നൈജീരിയയിലെ ബെനു സംസ്ഥാനത്ത് കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ വൈദികനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു.

കട്‌സിന-അല രൂപതയുടെ കീഴിലുള്ള അയേത്വാറിലെ സെന്റ് പോള്‍ ഇടവക പള്ളിയിലെ ഫാ. ഫെര്‍ഡിനാന്റ് ഫാനെന്‍ എന്‍ഗുഗാനും അഞ്ച് അത്മായരുമാണ് ഏതാനും ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള ക്രിസം കുര്‍ബാനയ്ക്ക് പോകുവാന്‍ തയ്യാറെടുക്കവേയാണ് ആക്രമണം നടന്നത്. പള്ളിയെ കൊള്ളക്കാര്‍ ആക്രമിച്ചതായി ബെനു സ്റ്റേറ്റിലെ പ്രാദേശിക അധികാരികള്‍ സ്ഥിരീകരിച്ചു.വാരി രൂപതയില്‍ നിന്നും ബന്ധിയാക്കപ്പെട്ട നൈജീരിയന്‍ വൈദികന്‍ ഫാ. ഹാരിസണ്‍ എഗവുയേനു മോചിതനായി ദിവസങ്ങള്‍ക്കുള്ളിലാണ് ഫാ. ഫെര്‍ഡിനാന്‍ഡ് ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്.  

ദേവാലയത്തിലുണ്ടായിരുന്ന വിശ്വാസികള്‍ പ്രാണരക്ഷാര്‍ത്ഥം ചിതറിയോടി. ബഹളം കേട്ട് പുറത്തിറങ്ങിയ ഫാ. ഫെര്‍ഡിനാന്‍ഡ് അക്രമികളെ തടയുവാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റു വീണതെന്ന് രൂപതാ ചാന്‍സിലര്‍ ഫാ. ഫിദെലിസ് ഫെല്ലെ അക്ജുംബുല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഫാ. ഫെര്‍ഡിനാന്‍ഡ് 2018 മുതല്‍ സെന്റ് പോള്‍ ഇടവകയിലെ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തുവരികയായിരുന്നു. ഇടവകയില്‍ അഭയം തേടിയെത്തിയ ഭവനരഹിതരെ സഹായിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. 2015 മുതല്‍ 2016 വരെ കട്‌സിന അലാ രൂപതയിലെ അസിസ്റ്റന്റ് കത്തീഡ്രല്‍ അഡ്മിനിസ്‌ട്രേറ്ററായും, 2016 മുതല്‍ 2018 വരെ ഗ്‌ബോര്‍-ടോങ്ങോവിലെ സെന്റ് പീറ്റര്‍ ഇടവക വൈദികനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകാലയളവില്‍ ക്രൈസ്തവ നരഹത്യയില്‍ നടപടി എടുക്കണമെന്ന നിര്‍ദേശം നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്ക് നല്‍കിയിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം അരങ്ങേറുന്ന രാജ്യമായി നൈജീരിയ മാറിയിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ അഴിച്ചുവിടുന്ന ആക്രമണത്തില്‍ നിരവധി വൈദികരും കൊല്ലപ്പെടുന്നുണ്ട്. ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം അക്രമികള്‍ക്ക് വളമായി മാറുന്നു.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News