Foto

നിലയ്ക്കുകയില്ല ആ ഒറ്റക്കമ്പിനാദം

നിലയ്ക്കുകയില്ല ആ ഒറ്റക്കമ്പിനാദം

മൂന്നു തലമുറകളുടെ ജീവിതത്തില്‍ സംഗീതത്തിന്റെ കുളിര്‍മഴി പൊഴിയിച്ച ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമല ഇനി ഓര്‍മ്മ മാത്രം..! നാളുകള്‍ എത്ര പിന്നിട്ടാലും മലയാള സംഗീത പ്രേകളുടെ നാവിന്‍ തുമ്പത്ത് തത്തിക്കളിക്കും ഈ പ്രതിഭാദനന്റെ ഗാനങ്ങളും താരാട്ടുപാട്ടുകളും.
സി.ജെ. ഭാസ്‌കരന്‍ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13-നാണ് ബിച്ചു തിരുമല ജനിച്ചത്. യഥാര്‍ഥ പേര് ബി ശിവശങ്കരന്‍ നായര്‍ എന്നാണ്.
രണ്ടാം വയസ്സില്‍ അന്തരിച്ച ബാലഗോപാലന്‍, വിജയകുമാര്‍, ഡോ. ചന്ദ്ര, ശ്യാം , ജയലക്ഷ്മി  പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍.
1972-ല്‍ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ.ആര്‍. റഹ്‌മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും ഇദ്ദേഹമാണ്.

ബിച്ചു തിരുമലയുടെ അവസാനമായി എഴുതിയ സിനിമ പാട്ട് സംവിധായകന്‍ പി.കെ ശ്രീകുമാറിനുവേണ്ടിയായിരുന്നു. ആഞ്ജനേയ കാത്തിടണേ എന്ന ഗാനം 'ശബ്ദം' എന്ന ചിത്രത്തിന് വേണ്ടിയാിതെഴുതിയത്. ബധിര- മൂകര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തിയ മലയാളത്തിലെ ആദ്യ സിനിമയായിരുന്നു ശബ്ദം.
അര മണിക്കൂര്‍ കൊണ്ടു പാട്ടെഴുതി പതിവു പോലെ ഭാര്യയെ കേള്‍പ്പിച്ചശേഷം സംവിധായകന്‍ ശ്രീകുമാറിന്റെ കയ്യില്‍ കൊടുത്തു. ആ സിനിമയുടെ മുഴുവന്‍ സത്തയും ആ പാട്ടില്‍ ഉള്‍ചേര്‍ന്നിരുന്നുവെന്നാണ് ശ്രീകുമാര്‍ പറയുന്നത്.

അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തിലധികം ഗാനങ്ങള്‍ മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്. രാകേന്ദു കിരണങ്ങള്‍, വാകപ്പൂമരം ചൂടും, മൈനാകം, ഓലത്തുമ്പത്തിരുന്ന്, ആലിപ്പഴം, തേനും വയമ്പും തുടങ്ങി മലയാളികളുടെ ഓര്‍മയില്‍ എന്നും നിലനില്‍ക്കുന്ന പാട്ടുകള്‍ ബിച്ചുവിന്റെ തൂലികത്തുമ്പില്‍ നിന്നാണ് നമുക്കുലഭിച്ചത്. മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്‌കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്. ഈ അനുഗ്രഹീതനായ കലാകാരന് ഒരുപിടി കണ്ണുനീര്‍പൂക്കള്‍ അര്‍പ്പിക്കട്ടെ...!

ജോഷി ജോര്‍ജ്

Video Courtesy : wilson video film songs

Foto
Foto

Comments

leave a reply