Foto

മോദിയെ പാവങ്ങളുടെ രക്ഷകൻ ആക്കാന്‍ ബിജെപി; 14 കോടി റേഷന്‍ കിറ്റുകള്‍ നല്‍കും

മോദിയെ 'പാവങ്ങളുടെ രക്ഷകൻ'
ആക്കാന്‍ ബിജെപി; 14 കോടി
റേഷന്‍ കിറ്റുകള്‍ നല്‍കും


അടിപൊളി ജന്മദിനാഘോഷത്തിനെതിരെ പ്രതിപക്ഷ കക്ഷി നേതാക്കള്‍


കോവിഡ് മൂലം ജനങ്ങള്‍ നരകിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മൂന്ന് ആഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്ന ബിജെപിയെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷി നേതാക്കള്‍.മോദിയുടെ ചിത്രം പതിപ്പിച്ച 14 കോടി റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മോദിക്ക് നന്ദി പറഞ്ഞു കൊണ്ട് അഞ്ച് കോടി പോസ്റ്റ്കാര്‍ഡുകള്‍ അയക്കാനുമൊക്കെയുള്ള പരിപാടികള്‍ മോദിയുടെയും സര്‍ക്കാരിന്റെയും ജനപ്രീതി കുത്തനെ ഇടിഞ്ഞുവരുന്നതിലുള്ള ബിജെപിയിലെ അസ്വസ്ഥത കുറയ്ക്കാനും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വയം രക്ഷിക്കാനുമുള്ള തന്ത്രം മാത്രമാണെന്ന അഭിപ്രായമാണ് ജയറാം രമേശ്, സീതാറാം യെച്ചൂരി, ഡെറിക് ഒബ്രിയന്‍ തുടങ്ങിയവരും ആക്ടിവിസ്റ്റ് കൂടിയായ സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും പങ്കുവച്ചത്.

സെപ്റ്റംബര്‍ 17 നാണ് മോദിയുടെ 71 -ാം ജന്മദിനം. ഭരണാധികാരിയായുള്ള 20 വര്‍ഷത്തെ പൊതുജീവിതത്തിന്റെ വാര്‍ഷികാഘോഷവും ഇതോടൊപ്പമുണ്ടാകും.വ്യാപകമായ സോഷ്യല്‍ മീഡിയ ക്യാമ്പയിനും ബിജെപി ഇക്കാലത്തു സംഘടിപ്പിക്കും. 71 നദികള്‍ ശുചീകരിക്കാനുള്ളതാണ് മറ്റൊരു പ്രധാന പരിപാടി. 2001 ഒക്ടോബര്‍ 7 നാണ് അദ്ദേഹം ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനു ശേഷം നടത്തുന്ന ക്യാമ്പയിന്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന കാഴ്ചപ്പാടാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് പ്രചാരണത്തിന്റെ രൂപരേഖ പാര്‍ട്ടിയുടെ ദേശീയ ഭാരവാഹികളോടും സംസ്ഥാന ഭാരവാഹികളോടും മുതിര്‍ന്ന സംസ്ഥാന ഘടക ഭാരവാഹികളോടും വെളിപ്പെടുത്തവേ പ്രകമാക്കിയത്.

'സമ്പദ്വ്യവസ്ഥ വന്‍ പ്രതിസന്ധിയിലാണ് പക്ഷേ ആസൂത്രിതമായ ആഘോഷങ്ങള്‍ത്താണ് ബിജെപിയുടെ തയ്യാറെടുപ്പ്.അവരുടെ ഖജനാവ് കവിഞ്ഞൊഴുകുകയാണല്ലോ' - രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ് പറഞ്ഞു. സ്വയം പുകഴ്ത്തലില്‍ അഭിരമിക്കുന്നവരുടെ മെഗലോമാനിയാക്' ശൈലിയാണ് നിര്‍ദ്ദിഷ്ട ക്യാമ്പയിനിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിരീക്ഷിച്ചു.'റോം കത്തിക്കൊണ്ടിരുന്നപ്പോള്‍ വീണ വായിച്ച നീറോയെ ഓര്‍മ്മിക്കാതെ വയ്യാ. ജനങ്ങള്‍ പട്ടിണിയും തൊഴിലില്ലായ്മയും അനുഭവിക്കവേയാണ് മോദിയുടെ ആഘോഷം. ഇതാണ് ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം.'

തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവ് ഡെറിക് ഒബ്രിയന്‍ പറഞ്ഞു: മോദി 'മാര്‍ഗദര്‍ശക് മണ്ഡലിന് ' പോകാന്‍ ഇനി നാല് വര്‍ഷം ശേഷിക്കുന്നു.അതുവരെ ആരോഗ്യത്തോടെയിരിക്കട്ടെ; മെഗലോമാനിയക്കലായി തുടരട്ടെ. ബിജെപിയില്‍, 75 വയസ്സിനു മുകളിലുള്ള നേതാക്കള്‍ സാധാരണയായി പാര്‍ട്ടിയില്‍ നിന്ന് വിരമിക്കുന്നു. എല്‍.കെ. അദ്വാനിയെയും മറ്റുള്ളവരെയും പോലുള്ള മുതിര്‍ന്ന നേതാക്കളെ ഇതിന്റെ ഭാഗമായാണ് 'മാര്‍ഗദര്‍ശക് മണ്ഡലത്തിലേക്ക്' മാറ്റിയത്. പാര്‍ട്ടിയുടെ ഇളയ നേതൃത്വത്തെ ഉപദേശിക്കാന്‍ ഉദദ്ദേശിച്ചുള്ള പ്രായമായ നേതാക്കളുടെ ഗ്രൂപ്പാണിത്.

പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു: 'ഈ സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെയും തൊഴില്‍ മേഖലയെയും പൂര്‍ണ്ണമായി തകര്‍ത്തു. ഇപ്പോള്‍ പൊതുമേഖലയെ അംബാനി/അദാനി പോലുള്ള ചങ്ങാതിമാര്‍ക്ക് കൈമാറുകയാണ്. ബിരുദധാരികളായ യുവാക്കള്‍ക്കിടയില്‍ 64 ശതമാനമാണ് തൊഴിലില്ലായ്മ. സങ്കല്‍പ്പിക്കാനാകില്ല ഇത്. അക്കാരണത്താല്‍ മോദിയുടെ ജന്മദിനമായ 17 രാജ്യത്തെ യുവാക്കള്‍ 'ബെറോസ്ഗര്‍ ദിവസ്' (തൊഴിലില്ലായ്മാ ദിനം) എന്ന് അടയാളപ്പെടുത്തും.'

അതേസമയം, പാവപ്പെട്ടവരുടെ മിശിഹാ ആയി മോദിയെ അവതരിപ്പിക്കാനാണ് ബിജെപി കരുക്കള്‍ നീക്കുന്നത്.കോവിഡ് മൂലമുണ്ടായ മരണങ്ങളും ദുരിതങ്ങളും പല കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ട്. അത് മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ കാര്യമായി ബാധിച്ചിരിക്കുന്നുവെന്ന സംസാരം പാര്‍ട്ടിക്കുള്ളില്‍ പോലും ഉയരുന്നുണ്ട്. അതിനിടയിലാണ് ഇത്തരമൊരു ക്യാമ്പയിനുമായി ബിജെപി വരുന്നത്.

കോവിഡ് രണ്ടാം തരംഗം കുറഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി മന്ത്രിസഭ അഴിച്ചുപണിതിരുന്നു. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ആ മാറ്റം പ്രതിഫലിച്ചില്ലെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ മന്ത്രിമാര്‍ക്കായി ബിജെപി ജന-ആശിര്‍വാദ് യാത്ര ആരംഭിച്ചു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ജന്മദിന ക്യാമ്പയിനും വരുന്നത്.

പ്രധാനമന്ത്രിയുടെ ചിത്രമുള്ള റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത് 'ഗരീബോണ്‍ കെ മസിഹ ഹേ' എന്ന ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് അരുണ്‍ സിങ്ങ്് തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരോട് പറഞ്ഞു.'മതിലിലെ പെയിന്റിംഗുകള്‍ മാഞ്ഞുപോകും, പക്ഷേ ഒരു റേഷന്‍ കിറ്റ് വീട്ടിലെത്തുമ്പോള്‍, സ്ത്രീകള്‍ അത് ശ്രദ്ധയോടെ സൂക്ഷിക്കും. ബിജെപി എന്നത് എല്ലായിടത്തും ദൃശ്യമാകും,'- അദ്ദേഹത്തിന്റെ നിരീക്ഷണം ഇങ്ങനെ.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ എല്ലാ പ്രമുഖ സാമൂഹിക ക്ഷേമ പദ്ധതികളുടെയും മിക്കവാറും എല്ലാ പ്രധാന ബിജെപി രാഷ്ട്രീയ പ്രചാരണങ്ങളുടെയും മുഖം മോദിയാണ്.കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ജന്മദിനം പാര്‍ട്ടി 'സേവാ സപ്താഹ്'' ആയാണ് ആചരിച്ചത്. എന്നാല്‍ ഈ വര്‍ഷത്തെ ക്യാമ്പയിന്‍ ''സേവാ ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍'' എന്ന പേരിലാണ് ആചരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രണ്ടാം കോവിഡ് തരംഗത്തില്‍ കനത്ത തിരിച്ചടി നേരിട്ട പാര്‍ട്ടിയെയും അണികളെയും ഊര്‍ജ്ജസ്വലമാക്കുക എന്നതാണ് ഇത്തവണത്തെ ക്യാമ്പയിനിന്റെ ലക്ഷ്യം.

രണ്ടാം തരംഗം കുറയുകയും 70 കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനെങ്കിലും ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ അത്തരമൊരു പ്രചാരണം പാര്‍ട്ടിയുടെ മുഖം മിനുക്കാന്‍ സഹായിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണ് ക്യാമ്പയിനിന് മേല്‍നോട്ടം വഹിക്കുക. ചില പ്രധാന പരിപാടികള്‍്:

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി ഓരോ വ്യക്തിക്കും 5 കിലോഗ്രാം റേഷന്‍ നല്‍കിയതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് മോദിയുടെ ചിത്രമുള്ള 14 കോടി കിറ്റുകള്‍ വിതരണം ചെയ്യും.കോവിഡ് സമയത്തെ മോദിയുടെ സഹായത്തിന് നന്ദി പറയുന്ന 'ഗരീബോണ്‍ കാ മസിഹ മോദി ജി ഹേ ' (മോദി പാവങ്ങളുടെ മിശിഹാ  ആയി) എന്ന വീഡിയോകള്‍ പ്രചരിപ്പിക്കും.ബൂത്ത് തലത്തില്‍ ജനങ്ങളെ അണിനിരത്തി 5 കോടി പോസ്റ്റ് കാര്‍ഡുകള്‍ 'നന്ദി മോദിജി' എന്ന് കുറിച്ച് പ്രധാനമന്ത്രിക്ക് നേരിട്ട് അയക്കും. 71 പ്രദേശങ്ങളില്‍ പുഴകള്‍ വൃത്തിയാക്കും.

വാക്‌സിനേഷന്‍ എടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന് മോദിയോട് നന്ദി പറയുന്ന വീഡിയോകള്‍ രാജ്യമെങ്ങും പ്രചരിപ്പിക്കും.
പ്രധാനമന്ത്രിയുടെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും കുറിച്ച് ജില്ലാ, സംസ്ഥാന തലങ്ങളില്‍ വിവിധ മേഖലകളിലെ (കല, സംസ്‌കാരം, കായികം മുതലായവ) പ്രമുഖര്‍ ഉള്‍പ്പെടുന്ന മീറ്റിംഗുകള്‍/സെമിനാറുകള്‍ സംഘടിപ്പിക്കും. പ്രാദേശിക മാധ്യമങ്ങളില്‍ മോദിയുടെ ഭരണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പ്രമുഖ എഴുത്തുകാരുടെ കുറിപ്പുകള്‍ വരുത്തും.പി എം കെയറില്‍ ഉള്‍പ്പെട്ടിട്ടുള്ള, രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കും.മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിക്കാറുള്ള 'സേവാ സപ്താഹി' ന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് പുറമെയാണിത്.

ബാബു കദളിക്കാട്

 

Video Courtesy: NDTV

Foto

Comments

leave a reply

Related News