Foto

വെള്ളിലാംകണ്ടം കുഴൽപ്പാലം അധികൃതരുടെ അവഗണനയാൽ നാശത്തിന്റ വക്കിൽ

അജോ കുറ്റിക്കൻ

വെള്ളിലാംകണ്ടം കുഴൽപ്പാലം അധികൃതരുടെ അവഗണനയാൽ നാശത്തിന്റ വക്കിൽ;? നശിക്കുന്നത് ചരിത്രത്തിലിടം നേടിയ മൺപാലം

ഇടുക്കി: ചരിത്രമുറങ്ങുന്ന വെള്ളിലാംകണ്ടം മൺപാലം അവഗണനയിൽ. ഇടുക്കി പദ്ധതിക്ക് വേണ്ടി അയ്യപ്പൻ കോവിലിൽ കുടിയിറക്ക് ഉണ്ടായപ്പോഴാണ് വെള്ളിലാംകണ്ടത്ത് കുഴൽപ്പാലം നിർമിക്കുന്നത്.

    ചരിത്ര പ്രാധാന്യമുള്ള വെള്ളിലാംകണ്ടം മൺപാലം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മണ്ണ് കൊണ്ടുള്ള കുഴൽപ്പാലമാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നത്.

    ഇടുക്കി ഡാമിന്റ പ്രായമാണ് വെള്ളിലാംകണ്ടം പാലത്തിന്. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പാലം അന്ന് പൂർത്തിയാക്കിയത്. കല്ലും മണ്ണും മരവും ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. ഇപ്പോൾ പാലം       ദുർബലാവസ്ഥയിലാണ്.

    റോഡ് തുറന്ന് കൊടുക്കുന്നതിന് മുൻപ് പാലം നിർമിച്ച എഞ്ചിനീയർ പാലത്തിൽ നിന്നും മണ്ണൊലിച്ച് പോകുന്ന സാഹചര്യം ഉണ്ടാവരുതെന്ന കർശന നിർദേശം പൊതുമരാമത്ത് വകുപ്പിന് നൽകിയിരുന്നു.   

     പാലത്തിന്റ ഇരുവശത്തും ചെറിയ ചെടികൾ വച്ച് പൂന്തോട്ടമാക്കണമെന്നും പാലം സംരക്ഷിക്കാൻ ജീവനക്കാരെ നിയമിക്കണമെന്നും പറഞ്ഞിരുന്നു.

    ആദ്യ കാലങ്ങളിൽ പാലം സംരക്ഷിക്കാൻ ജീവനക്കാരും ഉണ്ടായിരുന്നു. പിൽക്കാലത്ത് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ജീവനക്കാരെ പിൻവലിച്ചു. ഇതോടെ നാഥനില്ലാത്ത അവസ്ഥയിലായി കുഴൽപ്പാലം.

     ചിലർ പാലത്തിന്റെ ഇരുവശങ്ങളിലും പാഴ്മരങ്ങൾ മണ്ണിളക്കി കുഴിച്ചുവച്ചു. മരങ്ങൾ തഴച്ച് വളരുകയും ചെയ്തു. മരത്തിന്റ വേരുകൾ കാരണം മൺപാലത്തിലെ മണ്ണിളകുകയും മഴയിൽ ഒലിച്ച് പോവുകയും ചെയ്തു. ഇതോടെ പാലം ദുർബലമാവുകയായിരുന്നു.

    പാലത്തിലെ കുഴലിന്റെ ഇരുവശങ്ങളിലും മണ്ണൊലിച്ച് പോയ അവസ്ഥയിലാണ്. എന്നാൽ അപകടം മുന്നിൽ കണ്ടിട്ടും അധികാരികൾക്കു യാതൊരു കുലുക്കവുമില്ല. പുരാവസ്തു വകുപ്പ് ഈ പാലം ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ്  ആവശ്യം.

Comments

leave a reply