Foto

ന്യൂയോര്‍ക്കില്‍ സൂര്യനു ചെന്നിറം; കാട്ടുതീയുടെ പുക അന്തരീക്ഷത്തില്‍

ന്യൂയോര്‍ക്കില്‍ സൂര്യനു
ചെന്നിറം; കാട്ടുതീയുടെ
പുക അന്തരീക്ഷത്തില്‍

ഒറിഗോണിലെ 300,000 ഏക്കര്‍ സ്ഥലത്ത് അഗ്നി നാശം വിതച്ചു.

കാട്ടു തീ രൂക്ഷമായി വരുന്ന പടിഞ്ഞാറന്‍ അമേരിക്കയിലും കാനഡയിലും നിന്നുള്ള കറുത്ത പുക ന്യൂയോര്‍ക്ക് നഗരത്തിലേക്കുമെത്തി.അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും സൂര്യന്‍ പ്രത്യക്ഷപ്പെടുന്നത് നേരിയ ചുവപ്പ്, ഓറഞ്ച് നിറങ്ങളിലാണ്. വായുവില്‍ പുക മൂലം നേര്‍ത്ത കണികാ സാന്നിധ്യം ഉയര്‍ന്നെങ്കിലും ഭീതി വേണ്ടെന്ന് ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണ സേവന വിഭാഗം അറിയിച്ചു.

പുക ഭൂഖണ്ഡത്തിലുടനീളം വീശിയതോടെ പല പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം താഴ്ന്നതായി വിദഗ്ധര്‍ പറഞ്ഞു. പശ്ചിമ ന്യൂയോര്‍ക്കില്‍ ആകാശത്തിനുണ്ടായിട്ടുള്ള നിറം മാറ്റം വൈകാതെ മഴ വരുന്നതോടെ അകലാനാണു സാധ്യത. എന്നിരുന്നാലും, കാട്ടുതീ ഇപ്പോഴും നിയന്ത്രിതമായിട്ടില്ലെന്നതിനാല്‍ പുകയുടെ സാന്ദ്രത വീണ്ടും കൂടിയേക്കാം.വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കാടുകളിലെ തീപിടുത്തങ്ങളില്‍ നിന്നുള്ള പുക ന്യൂയോര്‍ക്ക് പ്രദേശത്ത് എത്തുന്നത് അസാധാരണമല്ല. പക്ഷേ, അത് വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുക അപൂര്‍വം. ഇത്തവണ ഇതുവരെ പുക പതിവിലും കുറവായിരുന്നുവെന്ന് ഒരു വിദഗ്ദ്ധനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഒറിഗോണില്‍, 300,000 ഏക്കര്‍ സ്ഥലത്ത് അഗ്നി നാശം വിതച്ചു.160 വീടുകളും കെട്ടിടങ്ങളും നശിച്ചു. ആയിരക്കണക്കിന് ആളുകളെയാണ്  ഒഴിപ്പിക്കേണ്ടി വന്നത്. വിവിധ നഗരങ്ങളില്‍ നിന്നും ഒഴിപ്പിച്ചവര്‍ക്കായി രണ്ടിടങ്ങളിലായി ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഒറിഗോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്. തീ നിയന്ത്രണവിധേയമാക്കാനായി പരിശ്രമിക്കുന്നത് രണ്ടായിരത്തിലധികം അഗ്‌നിശമനാസേനാംഗങ്ങളാണ്. ജൂലൈ ആറിന് ആരംഭിച്ച കാട്ടുതീ, ലോസ് ഏഞ്ചലസ് നഗരത്തിന്റെ വിസ്തൃതിയോളം വരുന്ന സ്ഥലങ്ങളെ മുഴുവനും വിഴുങ്ങിക്കളഞ്ഞു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച എണ്‍പതോളം കാട്ടുതീകളില്‍ ഏറ്റവും ശക്തിയുള്ളതാണിത്.

തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് ഓപ്പറേഷന്‍സ് വിഭാഗം മേധാവി ജോണ്‍ ഫ്‌ളാനിഗന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൂട് ക്രമാതീതമായി ഉയരുകയാണ്. ഈ ആഴ്ചത്തെ കാലാവസ്ഥാ പ്രവചന പ്രകാരം തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കില്ലെന്നാണ് സൂചന.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചൂടും കാട്ടുതീയും വര്‍ധിക്കുകയാണ്. ഇത് കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രകടമായ ലക്ഷണങ്ങളായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply