Foto

അതിവേഗ റെയിലേറിവരുന്നൂ നിരക്ക് വർധനകളും വിലക്കയറ്റവും


ഞായറാഴ്ച ചിന്ത

അതിവേഗ റെയിലേറിവരുന്നൂ  
നിരക്ക് വർധനകളും    
വിലക്കയറ്റവും
    
ബാലഗോപാലനെ എണ്ണ തേപ്പിക്കുന്ന ഭാവനാവിലാസം കഴിഞ്ഞ ദിവസം അന്തരിച്ച പാട്ടെഴുത്തുകാരൻ ബിച്ചു തിരുമലയുടേതാണ്. നമ്മുടെ ധനമന്ത്രിയുടെ പേരും ബാലഗോപാൽ എന്നു തന്നെ. പക്ഷെ സിനിമാപ്പാട്ടിലെ ബാലഗോപാലന്റെ എണ്ണ തേച്ചുള്ള സുഖസ്‌നാനത്തിന്റെ പരുവത്തിലല്ല നമ്മുടെ ധനമന്ത്രി ഇപ്പോൾ.
    
വൻപദ്ധതികളെക്കുറിച്ച് വീമ്പടിക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ ആറ് മാസം കടന്നപ്പോൾ തന്നെ ബജറ്റിൽ പ്രതീക്ഷിക്കുന്ന റവന്യൂ  കമ്മി 150.66 ശതമാനമായി. വായ്പ എടുക്കുന്നതിന്റെ സൂചകമായ ധനക്കമ്മീയാകട്ടെ 110.38%.   2021 ഏപ്രിൽ മുതൽ സെപ്തംബർ വരെ സംസ്ഥാനത്തിനുണ്ടായ കടവും ബാധ്യതകളും 37783.61 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മൊത്തത്തിലുള്ള കടബാധ്യത 38189.85 കോടിരൂപയായിരുന്നു. പലിശച്ചെലവ് മാത്രം 1438.25 കോടി രൂപയായി. സെപ്തംബർ ശമ്പളയിനത്തിൽ 25684 കോടി രൂപയും പെൻഷൻ ഇനത്തിൽ 14,600 കോടിരൂപയും ചെലവിട്ടു കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ആകെ ശമ്പളച്ചെലവ് മാത്രം 28,763 കോടിയും പെൻഷൻ 18, 924 കോടിയുമായിരുന്നു. ഈ കണക്കിൽ മാത്രമുണ്ടായ വർദ്ധനവ് ഈ വ്യത്യാസത്തിൽ നിന്നു മനസ്സിലാക്കാൻ കഴിയും. ഇതുമൂലം സെപ്തംബർ വരെയുള്ള റവന്യൂ കമ്മി 30,282.40 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇത് 23,256 കോടി രൂപയായിരുന്നു. ധനക്കമ്മിയിലുമുണ്ട് സാരമായ വർധന. കഴിഞ്ഞവർഷം 38,189.85 കോടിയായിരുന്നത് ഈ വർഷം തന്നെ സെപ്തംബർ വരെയുള്ള ആറ് മാസം കൊണ്ടുതന്നെ 37,783 കോടിയായിക്കഴിഞ്ഞു. ജി.എസ്.ടി. പിരിവിലാകട്ടെ ഇതേ കാലയളവിൽ ബജറ്റിൽ പ്രതീക്ഷിച്ചതിനെക്കാൾ 28.94% വർധനയുണ്ടായി. കഴിഞ്ഞവർഷം ജി.എസ്.ടി. പിരിവ് 21.44% മാത്രമായിരുന്നു.
    
റവന്യൂച്ചെലവിലും മാറ്റമുണ്ടായി. 22660.80 കോടിയിൽ നിന്ന് 22937.17 കോടിയായി. മൂലധനച്ചെലവാകട്ടെ, 5087.55 കോടിയിൽ നിന്ന് 6084.55 കോടി രൂപയായി. സാമൂഹിക മേഖലയിലെ ചെലവിലും വർധനയുണ്ട്-42.58 ശതമാനത്തിൽ നിന്ന് 52.48 ശതമാനം.
    
സംസ്ഥാനം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാകാം വൈദ്യൂതി, ബസ് തുടങ്ങിയ നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കരുതാം. കോവിഡ്  ആഘാതവും മഴക്കെടുതികൾ ഉണ്ടാക്കിയ വൻ നഷ്ടങ്ങളും ജനങ്ങൾക്ക് 'ശ്വാസം വിടാൻ' സമയം നൽകാതിരിക്കെ, ഇത്തരം നിരക്കുവർധനയുടെ വരും വരായ്കകൾ ഭരണകൂടം ചിന്തിക്കേണ്ടതല്ലേ ?
    
സർക്കാരിന്റെ ദൈനംദിന സാമ്പത്തികസ്ഥിതി പോലും ഗുരുതരമായിരിക്കെ, ഇത്തരം കാര്യങ്ങൾ അക്കമിട്ടു പറയാൻ ചാനലുകളും പത്രങ്ങളുമെല്ലാം പിശുക്ക് കാണിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ, തിരഞ്ഞെടുപ്പിൽ സി.പി.എം. ന് പിരിഞ്ഞുകിട്ടിയ 58.86 കോടി രൂപയിൽ നിന്ന് പരസ്യങ്ങൾക്ക് 17 കോടി നൽകിയ കാര്യം മാത്രം ഇവിടെ ഓർമ്മിച്ചാൽ മതി. ഉണ്ട ചോറിനോ, കിട്ടിയ കാശിനോ നന്ദി പറയാൻ ചാനലുകാരെയും പത്രക്കാരെയുമൊന്നും ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ, അല്ലേ ?


മിനിമം ദൂരവും മാക്‌സിമം ചാർജും
    
ആദ്യം നമുക്ക് ബസ് ചാർജ് നിരക്കിനെക്കുറിച്ച് ചർച്ച ചെയ്യാം. ശരിയാണ് ഡീസലിനും സ്‌പെയർപാർട്‌സിനും വില കൂടിയിട്ടുണ്ട്. ഇൻഷ്വറൻസ് പ്രീമിയവും വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, പുതിയ നിരക്കിൽ പഴയതുപോലെ ഫെയർ സ്റ്റേജിൽ തരികിടയുണ്ടാകുമോ ? 1980 വരെ 10 പൈസയുടെ ഗുണിതങ്ങളായിരുന്നു ബസ് ചാർജ്. 1985 വരെ യാത്ര ചെയ്യാമായിരുന്ന ദൂരം 5 കിലോമീറ്ററായിരുന്നു. പിന്നീട് അത് 3 ഉം 2 ഉം കിലോമീറ്ററായി. ഫെയര്‍‌സ്റ്റേജ് അപാകതകൾ പരിഹരിച്ചു മാത്രമേ ബസ് ചാർജ് പുതുക്കാവൂ എന്ന് 1985 മുതൽ വിവിധ കോടതി വിധികളിലുണ്ട്. 1970 കളിൽ ഇടുക്കി, വയനാട് ജില്ലകളിലെ ടാറിടാത്ത ഗട്ടർ റോഡുകൾക്കായി 25 ശതമാനം ബസ്ചാർജ് വർധന നടപ്പാക്കിയിരുന്നു. ഇന്ന് ഗട്ടർ റോഡുകളെല്ലാം ടാറിട്ടതായി. എന്നിട്ടും ടിക്കറ്റ് നിരക്കിലെ 25% വർധന പിൻവലിച്ചിട്ടില്ല. മിനിമം ചാർജിലെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് പഴയ ചീഫ് സെക്രട്ടറിയായിരുന്ന രവീന്ദ്രൻ നായർ കമ്മീഷന്റെ 2003- ലെ റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്നു വന്ന ഷീല തോമസ് കമ്മീഷനും ഇതേ ആവശ്യം സർക്കാരിന് സമർപ്പിച്ചിരുന്നു. 2006 ഡിസബർ 12 ന് ഗതാഗത വകുപ്പ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മിനിമം ദൂരം 5 കിലോമീറ്ററാക്കി നിജപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. സത്യവാങ്മൂലത്തിലെ ഈ നിർദ്ദേശം നടപ്പാക്കാൻ സർക്കാർ 6 വർഷമെടുത്തു! കോവിഡ് മൂലം വീണ്ടും മിനിമം ദൂരം രണ്ടര കിലോമീറ്ററാക്കി 2020 ജൂലൈയിൽ ഗതാഗതവകുപ്പ് ഉത്തരവിറക്കി. കിലോമീറ്റർ നിരക്ക് 90 പൈസയാക്കി. കോവിഡ് നിയമങ്ങൾ സർക്കാർ പിൻവലിച്ചിട്ടും മിനിമം ദൂരം 5 കിലോമീറ്ററാക്കിയിട്ടില്ല.
    
ഇപ്പോൾ കിലോമീറ്റർ നിരക്ക് 90 പൈസ, മിനിമം ചാർജ് 10 രൂപ എന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ അപാതകളെല്ലാം പഠിച്ച് പരിഹാരം കാണാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ നിയോഗിച്ചത് 2004-ൽ ആണ്. ഫെയർ സ്റ്റേജ് അപാകതകളെക്കുറിച്ച് ഈ കമ്മീഷൻ മൗനം പാലിച്ചു. ഇതുവരെയുള്ള ബസ് ചാർജ് നിരക്കിൽ ഏറ്റവും വർധിച്ച ശതമാനനിരക്ക് (28.57 ശതമാനം) ജനങ്ങളിൽ അടിച്ചേൽപ്പിക്കുമ്പോൾ, ജനം കോവിഡാനന്തര കാലത്ത് നട്ടം തിരിയുകയാണെന്നു ചിന്തിക്കാൻ സർക്കാരും മുതിരുന്നില്ല. കോവിഡിനു മുമ്പ്, കേരളത്തിലെ റോഡുകളിൽ 12,600 ബസുകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ നിരത്തിലുള്ളത് 7000 ബസുകൾ മാത്രം! അതായത്, പഴയതുപോലെ നിരന്തരമുള്ള ബസ് സർവീസ് തിരക്കുള്ള റൂട്ടിൽ മാത്രമായിരിക്കും. തിരക്കില്ലാത്ത റൂട്ടിൽ, യാത്രക്കാർ തിരക്ക് കൂട്ടിയാലും ബസ്സുകൾ തിരക്കിട്ട് ഓടിവരില്ല! വല്ലപ്പോഴും വരുന്ന ബസിൽ കയറാൻ 'വല്ലാത്തതും വയ്യാത്തതുമായ' നിരക്ക് കൊടുക്കേണ്ടി വരാം.


ജനങ്ങളുടെ പോക്കറ്റടിക്കാൻ സ്മാർട്ട് തന്ത്രങ്ങളോ ?
    
അടുത്ത ഐറ്റം വൈദ്യുതി നിരക്കാണ്. ഇവിടെ നിരക്ക് വർധന മാത്രമല്ല വില്ലൻ. സ്മാർട് മീറ്റർ എന്നൊരു ധനാകർഷണയന്ത്രം കൂടി കേന്ദ്രസർക്കാരിന്റെ ആശിർവാദത്തോടെ കേരളത്തിലെ 1.3 ലക്ഷം ഗാർഹിക വൈദ്യുതി ഉപയോക്തളെ പിഴിയാനായി നമ്മുടെ വീടുകളിലേയ്‌ക്കെത്തുന്നുവെന്ന  ചതി വേറെയുമുണ്ട്.  പെട്രാൾ, ഡീസൽ, പാചക വാതകം തുടങ്ങിയവയ്‌ക്കെല്ലാം ഒടുക്കത്ത വില വാങ്ങി ഖജനാവ് നിറയ്ക്കുന്ന കേന്ദ്രം, കേന്ദ്ര റെഗുലേറ്ററി കമ്മീഷൻ എന്നൊരു തരികിട സംവിധാനം ഇതിനകം സജ്ജീകരിച്ചു കഴിഞ്ഞു. കേരളാ ഇലക്ട്രസിറ്റി ബോർഡും, അതിന്റെ ധനാഗമന വഴികളും മിനിമം ജീവനക്കാരെ വച്ച് കുത്തകകൾക്ക് മൊത്തമായി വിറ്റുതുലയ്ക്കാൻ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഉപയോക്താവിന് എത്തും പിടിയും കിട്ടാത്ത സ്മാർട്ട് മീറ്റർ വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണിവരെ വൈദ്യുതിയേ ഉപയോഗിക്കരുതെന്ന മട്ടിലുള്ള ചാർജ് വർധന നടപ്പാക്കുമെന്നാണറിയുന്നത്.
    
യഥാർത്ഥത്തിൽ മഴക്കെടുതികളിൽ കേരളം വലയുമ്പോഴും കുമ്പ കുലുക്കി ചിരിക്കുന്ന ഒരു പ്രസ്ഥാനമേ സംസ്ഥാനത്തുള്ളൂ. അത് കെ.എസ്.ഇ.ബി.യാണ്. ഇക്കൊല്ലം ബോർഡിന്റെ അണക്കെട്ടുകളിൽ ഉള്ള വെള്ളം കൊണ്ട് 10, 000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. മഴക്കെടുതികളിൽ ബോർഡിന് ട്രാൻസ്‌ഫോമറുകളും മറ്റും തകർന്ന് 24.24 കോടി രൂപയുടെ നഷ്ടമുണ്ടായെങ്കിലും അതിലും എത്രയോ അധികം ലാഭം കൊയ്യാൻ ഈ ജലസമൃദ്ധി തന്നെ ധാരാളം. എന്നിട്ടും, ബോർഡിന് പിടിച്ചു നിൽക്കാനാവുന്നില്ലെന്നും ചാർജ് കൂട്ടേണ്ടിവരുമെന്നും മന്ത്രി പറയുന്നതിന്റെ ഗുട്ടൻസാണ് പിടികിട്ടാത്തത്.

 

മുടങ്ങിയും ഇഴഞ്ഞും നൂറോളം പദ്ധതികൾ
    
ഒരു കാര്യം കൂടിപറയട്ടെ. മന്ത്രി എന്ന നിലയിൽ കെ. കൃഷ്ണൻ കുട്ടി അധികാരമേറ്റിട്ട് 6 മാസം കഴിഞ്ഞു. പല കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നൂറോളം ചെറുകിട വൈദ്യുതി പദ്ധതികളുടെ നിർമ്മാണം വീണ്ടും തുടങ്ങാൻ മന്ത്രി ഇതുവരെ എന്തു ചെയ്തു ? ഇതുമൂലം ബോർഡിന് നഷ്ടം 30,000 കോടി രൂപയാണ്. 2007 മാർച്ചിൽ നിർമ്മാണമാരംഭിച്ച 60 മെഗാവാട്ടിന്റെ പള്ളിവാസൽ 2011 മാർച്ച് 1 ന് പൂർത്തിയാകേണ്ടതായിരുന്നു. ഇതുപോലെ മുടങ്ങിക്കിടക്കുന്നത് മൊത്തം 805 മെഗാവാട്ട് ശേഷിയുള്ള 128 ചെറുകിട വൈദ്യുത നിലയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ്! ഉദാഹരണം ഒന്നുകൂടി പറയട്ടെ: സി.പി.എം-ന്റെ ശക്തികേന്ദ്രമായ കണ്ണൂർ ജില്ലയിലെ വഞ്ചിയം പദ്ധതിയുടെ നിർമ്മാണം തുടങ്ങിയിട്ട് 25 വർഷം കഴിഞ്ഞുവത്രെ! ഇപ്പോൾ  അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി കരാർ നീക്കുന്ന മന്ത്രി കൃഷ്ണൻ കുട്ടി ചേട്ടൻ, ഈ നിർദ്ദിഷ്ട പദ്ധതി എൽ.ഡി.എഫിന്റെ കഴിഞ്ഞ പ്രകടന പത്രികയിൽ ഉണ്ടായിരുന്നില്ലെന്ന കാര്യം മനഃപൂർവം മറന്നതാണോ ? തെന്മല പരപ്പാർ അണക്കെട്ടിലെ 2 ജനറേറ്ററുകൾ പണിമുടക്കിയിട്ട് 3 വർഷമായി. എന്തേ അവ ഇനിയും നന്നാക്കാത്തത് ? ഒറ്റ കാരണമേ പറയാനുള്ളു. പ്രതിവർഷം 12, 000 കോടി രൂപയുടെ വൈദ്യുതിയാണ് കേരളം പുറത്തുനിന്നു വാങ്ങുന്നത്. ഇടുക്കിയും ശബരിയും ഒഴിച്ചു 34 വൈദ്യുതിയുൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് വൻതോതിൽ വൈദ്യുതി ലഭ്യതയില്ല. എന്നാൽ, ചെറുകിട പദ്ധതികൾ അതിവേഗം പൂർത്തിയാക്കാനുള്ള തിടുക്കമൊന്നും സർക്കാരിനുമില്ല. ഒരു വർഷത്തേയ്ക്ക് കേരളത്തിന് ശരാശരി വേണ്ടത് 25, 000 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. നമ്മുടെ ശരാശരി ആദ്യന്തര ഉൽപ്പാദനം 6000 ദശലക്ഷം യൂണിറ്റും!
    
കെ.എസ്.ഇ.ബി.യുടെ പദ്ധതി നടപ്പാക്കൽ പ്രക്രിയയുടെ മെല്ലെപ്പോക്ക് പരിഹരിക്കാതെ, വൻകിടക്കാരിൽ നിന്നുള്ളു കുടിശ്ശികകൾ പിരിച്ചെടുക്കാതെ പിടിച്ചുനിൽക്കാൻ ഇപ്പോൾ തന്നെ പലവിധ കാരണങ്ങളാൽ ആടിയും ചെരിഞ്ഞും നിൽക്കുന്ന പൊതുജനത്തെ പിഴിയുന്ന ഏർപ്പാടുണ്ടല്ലോ, അത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.


മദ്യം വിറ്റും, ഭാഗ്യം വിറ്റും ഒരു ഭരണം...
    
രണ്ടാം പിണറായി സർക്കാർ രണ്ട് മേഖലകളിൽ ചടുലമായ നീക്കമാണ് നടത്തുന്നത്. ഒന്നാമതായി മദ്യ ലഭ്യത കേരളത്തിൽ കൂടിയിട്ടേ കാര്യമുള്ളൂ. എന്നതാണ് ആദ്യത്തെ കാര്യം. അതിനായി കോടതിയിൽ മദ്യലഭ്യത കേരളത്തിൽ കുറവാണെന്നതിനുള്ള കണക്കുകളും നിരത്തിക്കഴിഞ്ഞു. കേരളത്തിൽ 1, 12, 745 പേർക്ക് ഒരു മദ്യക്കടയേയൂള്ളു. തമിഴ്‌നാട്ടിൽ ഇത് 6320 ഉം കർണ്ണാടകയിൽ 7851 ഉം ആണത്രെ. അതുകൊണ്ട് ഐ.ടി. പാർക്കുകളിലും മറ്റും പബ്ബുകളും മറ്റും തുടങ്ങി ഈ 'കുറവ്' പരിഹരിക്കേണ്ടേ ?
    
മറ്റൊന്ന് സർക്കാരിന്റെ ഭാഗ്യം വിൽക്കൽ മേഖലയാണ്. പൂജ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റത് 37 ലക്ഷമാണ്. പുതിയ ക്രിസ്തമസ് ബമ്പർ ടിക്കറ്റ് 24 ലക്ഷം അടിച്ചുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പൂജയ്ക്ക് ബമ്പർ ടിക്കറ്റ് 30 ലക്ഷമേ വിറ്റുള്ളൂ. ഓണം ബമ്പറാണ് തകർത്തത്. 54 ലക്ഷം വിറ്റു. ജനങ്ങളെ കോടീശ്വരന്മാരാക്കാൻ ഇതുപോലൊരു കുലുക്കിക്കുത്ത് നടത്തിയാലും സർക്കാരിന് ലാഭമല്ലേ ? പിടിച്ചുനിൽക്കാൻ മദ്യം വിൽക്കലും ഭാഗ്യം വിൽക്കലുമെല്ലാമാണ് ഇപ്പോഴത്തെ ഭരണമെന്നു പറയാം. അത്രതന്നെ.

ആന്റണി ചടയംമുറി

Foto

Comments

leave a reply