ഭക്ഷ്യസംവിധാനങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്താനാകും ?
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യസംവിധാന ഉച്ചകോടിയിൽ വത്തിക്കാൻറെ വിദേശകാര്യലായത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഭക്ഷ്യസംവിധാനങ്ങളെ രൂപാന്തരപ്പെടുത്തുകയും ഭക്ഷ്യസുരക്ഷാരാഹിത്യത്തിനും പോഷണവൈകല്യത്തിനുമെതിരെ പോരാടുകയും ചെയ്യുന്ന അന്താരാഷ്ട്രനടപടികൾ തീവ്രതരമാക്കേണ്ടതിൻറെ ആവശ്യകത പരിശുദ്ധസിംഹാസനം ചൂണ്ടിക്കാട്ടുന്നു.
ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച (23/09/21) അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോക്കിൽ, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യസംവിധാന ഉച്ചകോടിയെ സംബോധന ചെയ്യുകയായിരുന്നു വത്തിക്കാൻറെ വിദേശകാര്യലായത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പട്ടിണി നരകുലത്തിന് ഒരു ദുരന്തം മാത്രമല്ല യഥാർത്ഥ ലജ്ജാകാരണം കൂടി ആയിരിക്കുമെന്ന് ഫ്രാൻസീസ് പാപ്പാ ഊന്നിപ്പറഞ്ഞിട്ടുള്ളത് അദ്ദേഹം അനുസ്മരിച്ചു. 2030 സുസ്ഥിരവികസന അജന്ത നടപ്പാക്കുന്നതിൽ മുന്നേറാൻ സാധിക്കത്തക്കവിധം ഭക്ഷ്യസംവിധാനങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്താനാകും എന്നത് നിർണ്ണായകമായ ഒരു ചോദ്യമാണെന്ന് ആർച്ചുബിഷപ്പ് ഗാല്ലഗെർ പറഞ്ഞു.
എല്ലാവർക്കും ഭക്ഷണം എന്നത് മൗലിക മനുഷ്യാവകാശവും അന്തസ്സാർന്ന ജീവിതത്തിന് അത്യന്താപേക്ഷിതവും നമ്മുടെ ധാർമ്മിക കടമയും ആണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈയൊരു പശ്ചാത്തലത്തിൽ, ആർച്ചുബിഷപ്പ് ഗാല്ലഗെർ, മാനവസമഗ്രവികസന പരിപോഷണം പൊതുനന്മ അനുധാവനം എന്നീ ലക്ഷ്യങ്ങളോടെ ശാസ്ത്രത്തെയും ആധുനിക സാങ്കേതിക വിദ്യകളെയും എറ്റവും മെച്ചപ്പെട്ടരീതിയിൽ ഉപയോഗപ്പെടുത്തേണ്ടതിൻറെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
Comments