Foto

ടോമിന്‍ തച്ചങ്കരിയെ ഒതുക്കി; പൊലീസ് സേനാ മേധാവി സ്ഥാനത്തേക്ക് ബി.സന്ധ്യ?

ടോമിന്‍ തച്ചങ്കരിയെ ഒതുക്കി;
പൊലീസ് സേനാ മേധാവി
സ്ഥാനത്തേക്ക് ബി.സന്ധ്യ?

മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച കേസ് സുദേഷ് കുമാറിനു തടസം

സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള 3 പേരുടെ പട്ടികയില്‍ നിന്നു ഡിജിപി ടോമിന്‍ തച്ചങ്കരിയെ യുപിഎസ്സി സമിതി ഒഴിവാക്കിയതോടെ ബി.സന്ധ്യക്കു സാധ്യതയേറി. നിലവില്‍ അഗ്‌നിശമന സേനാ മേധാവിയായ ഈ പാലാക്കാരിക്ക് നറുക്കു വീണാല്‍
കേരളത്തില്‍ പൊലീസ് സേനാ മേധാവിയാകുന്ന ആദ്യ വനിതയാകും ബി.സന്ധ്യ.    

ആര്‍.ശ്രീലേഖ ഡിസംബറില്‍ വിരമിച്ച ശേഷം ഡിജിപി പദവിയിലുള്ള ഏക വനിത ബി.സന്ധ്യയാണ്. സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ പെരുകുമ്പോള്‍ സ്ത്രീസുരക്ഷയില്‍ സര്‍ക്കാരിനുള്ള ജാഗ്രത ചൂണ്ടിക്കാട്ടാന്‍ വനിതാ മേധാവിയുടെ നിയമനം ഉപകരിക്കുമെന്ന നിരീക്ഷണം ഇടതുമുന്നണിയിലുണ്ടെന്നാണ് സൂചന. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍ കാന്ത് എന്നിവരാണു പട്ടികയിലുള്ള മറ്റു രണ്ടു പേര്‍.പട്ടികയില്‍ ഒന്നാം സ്ഥാനമുണ്ടെങ്കിലും  മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച കേസ് സുദേഷ് കുമാറിനു തടസമാണ്. അതേസമയം, വടക്കേ ഇന്ത്യയിലെ ഐപിഎസ് ലോബി അദ്ദേഹത്തിനു വേണ്ടി ചരടുവലി നടത്തുന്നുണ്ട്.
 
പുതിയ സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നത് പരമാവധി 2 വര്‍ഷത്തേക്കാണ്. യുപിഎസ്സി അംഗം സ്മിത നാഗരാജ്, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ്, ആഭ്യന്തര മന്ത്രാലയ സ്‌പെഷല്‍ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു സമിതിയിലുണ്ടായിരുന്നത്. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 1987 മുതല്‍ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ 9 ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നല്‍കിയത്. അതില്‍ സീനിയോറിറ്റിയില്‍ ഒന്നാമനായ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ ഈ പദവിയിലേക്കു തന്നെ പരിഗണിക്കേണ്ടതില്ലെന്ന് സമിതി യോഗത്തിനു മുന്‍പു രേഖാമൂലം അറിയിച്ചു.ബി എസ് എഫ് മേധാവിയായി നിയമനം വരാനുള്ള സാധ്യത അദ്ദേഹം മുന്‍കൂട്ടി കാണുന്നു.

മുഖ്യമന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന ടോമിന്‍ തച്ചങ്കരിക്കായിരുന്നു രണ്ടാം സ്ഥാനമെങ്കിലും അവിഹിത സ്വത്ത് സമ്പാദന കേസ് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ അദ്ദേഹത്തിന് വിനയായി.മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയാണു നിലവില്‍ തച്ചങ്കരി. തച്ചങ്കരിയെ ഒഴിവാക്കിയതോടെ സീനിയോറിറ്റിയില്‍ 3 മുതല്‍ 5 വരെയുള്ള സ്ഥാനക്കാര്‍ പട്ടികയില്‍ ഇടം നേടി.ഡി.ജി.പി പദവിയുള്ള ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ജൂലൈയില്‍ വിരമിക്കും. വിരമിക്കാന്‍ കുറഞ്ഞത് ആറു മാസത്തെ കാലാവധിയുണ്ടെങ്കിലേ പൊലീസ് മേധാവിയാകാന്‍ കഴിയൂ.  

അമിത വരുമാനമുണ്ടാക്കിയെന്ന കുറ്റപത്രം നിര്‍വീര്യമാക്കി വിജിലന്‍സ് ഡയറക്ടറെക്കൊണ്ടു പുനരന്വേഷണം സാധ്യമാക്കാന്‍  ടോമിന്‍.ജെ.തച്ചങ്കരി നടത്തിയ നീക്കത്തിനെതിരെ  ഹൈക്കോടതിയില്‍ ഹര്‍ജി വന്നിരുന്നു. ഇതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) ടി.കെ ജോസ് ഇറക്കിയ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. തച്ചങ്കരിയുടെ ഐ പി എസ് ജീവിതത്തിലെ ഗുരുതര പന്തികേടുകള്‍ ചൂണ്ടിക്കാട്ടി 2002 മുതല്‍ പലരും നടത്തി വരുന്ന നിയമ പോരാട്ടത്തിലെ ഏറ്റവും പുതിയ അങ്കമാണ് ആലപ്പുഴ മിത്രക്കരി കരുവേലിത്തറ ബോബി കുരുവിള നല്‍കിയിട്ടുള്ള ഹര്‍ജി.

കോട്ടയത്തെ വിജിലന്‍സ് കോടതിയില്‍ തയ്യാറായിരിക്കുന്ന കുറ്റപത്രം നിര്‍വീര്യമാക്കാന്‍ ഉതകുന്ന ഉത്തരവ്  കഴിഞ്ഞ ജനുവരി 28 നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയത്. തച്ചങ്കരി അമിത വരുമാനമുണ്ടാക്കിയെന്ന ആരോപണത്തില്‍ പുനരന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന്് ഇതിലൂടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.തച്ചങ്കരി സമര്‍പ്പിച്ച കത്തു പരിഗണിച്ച് പുതിയ വിവരങ്ങളുടെ നിജസ്ഥിതി വിലയിരുത്താനുള്ള പുനരന്വേഷണമെന്നാണ് ഉത്തരവില്‍ പറയുന്നത്. തച്ചങ്കരി ഉന്നയിച്ച വാദങ്ങളെ പിന്തുണച്ച് അഡ്വക്കറ്റ് ജനറല്‍ അനുകൂല അഭിപ്രായം നല്‍കിയ കാര്യവും ടി.കെ ജോസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് മേധാവിയായിരിക്കവേ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാനും സിഎംഡിയുമായി കഴിഞ്ഞ സെപ്റ്റംബറില്‍ ടോമിന്‍ ജെ.തച്ചങ്കരി നിയമിതനായത്. ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാന്റെയും സിഎംഡിയുടെയും പദവി വിജിലന്‍സ് ഡയറക്ടറുടേതിനു തുല്യമാക്കുകയും ചെയ്തു. ഒരു വകുപ്പില്‍ രണ്ടു ഡിജിപി തസ്തിക സാധ്യമല്ലാത്തതിനാലാണ് തച്ചങ്കരിയെ പുറത്തുള്ള തസ്തികയില്‍ നിയമിച്ചത്.

തച്ചങ്കരി 94,37,376 രൂപയുടെ അനധികൃത സമ്പാദ്യമുണ്ടാക്കിയതായി വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളതായി കെ എസ് ശബരീനാഥന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2017 ഓഗസ്റ്റ് 14 ന് നിയമസഭയെ അറിയിച്ചിരുന്നു. 1986 ബാച്ച് ഐപിഎസ് ഓഫിസറാണ് തച്ചങ്കരി. കെഎസ്ആര്‍ടിസിയിലും ക്രൈം ബ്രാഞ്ചിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, ഫയര്‍ ഫോഴ്സ് മേധാവി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

2003 നും 2007 നും ഇടയില്‍ അറിയപ്പെടുന്ന വരുമാന സ്രോതസുകളുമായി ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ടതാണ് തച്ചങ്കരിക്കെതിരായ വിജിലന്‍സ് കേസ്. അമിത സ്വത്തുക്കള്‍ സ്വരൂപിച്ചുവെന്ന് വിഎസിബി കണ്ടെത്തിയതിനെത്തുടര്‍ന്ന്,  പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടുപോകാന്‍  കേന്ദ്രം അനുമതി നല്‍കിയിരുന്നു. അന്വേഷണ  സംഘം മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും കേസ് പിന്നീട് കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. തച്ചങ്കരി ആദ്യം വിജിലന്‍സ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും കുറ്റപത്രം അസാധുവാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചതിനാല്‍  കുറ്റം ചുമത്തുന്ന നടപടി അനിശ്ചിതത്വത്തിലാവുകയായിരുന്നു.

പക്ഷേ, തച്ചങ്കരിയുടെ നീക്കത്തിന് പച്ചക്കൊടി കാട്ടാന്‍ ഹൈക്കോടതി തുനിഞ്ഞില്ല. ഇതോടെ ഹര്‍ജി ഹൈക്കോടതിയില്‍ നിന്ന് പിന്‍വലിക്കുകയും പുനര്‍വിചാരണ ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കുകയും ചെയ്തു. ചില രേഖകള്‍ പ്രകാരമുള്ള പ്രസക്തമായ തെളിവുകള്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതായി തച്ചങ്കരി ആരോപിച്ചു. ഭാര്യയുടെ വരുമാനം കണക്കില്‍ ഉള്‍പ്പെടുത്തിയില്ല, സഹോദരങ്ങളും അമ്മയും നല്‍കിയ സമ്മാനങ്ങള്‍ പരിഗണിച്ചില്ല തുടങ്ങിയവയായിരുന്നു വാദങ്ങള്‍. കൂടാതെ, പരിശോധനാ കാലയളവിന്റെ തുടക്കത്തിലും അവസാനത്തിലുമുള്ള സ്വത്തുക്കള്‍ ശരിയായി കണക്കാക്കിയിട്ടില്ലെന്നും വില്‍പ്പന പോലുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനവും വാടക വരുമാനവും മറ്റും പഗിഗണനയ്ക്കെടുത്തിട്ടില്ലെന്നുമെല്ലാമുള്ള ന്യായങ്ങള്‍ തച്ചങ്കരി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.ഇക്കാര്യങ്ങള്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ വിശദമായി പരിശോധിക്കവേ  ഭൗതിക തെളിവുകള്‍ സംബന്ധിച്ച് തച്ചങ്കരി നല്‍കിയ നിവേദനത്തിലെ വാദങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്നുള്ള നിരീക്ഷണവും ഉള്‍പ്പെടുന്നുണ്ട് ടി.കെ ജോസിന്റെ ഉത്തരവില്‍.

സൂപ്പര്‍ ന്യൂസ് എഡിറ്റര്‍ പി ഡി ജോസഫ് 2002 ല്‍ തൃശൂര്‍ സ്പെഷല്‍ കോടതിയില്‍ നല്‍കിയ പരാതിയാണ് 18 വര്‍ഷം പിന്നിട്ട് വിജിലന്‍സ് കുറ്റപത്രമായി പരിണമിച്ചത്. കേരളത്തിലെ ഐ പി എസ് ഉദ്യോഗസ്ഥരില്‍ ഇത്രയേറെ പ്രാവശ്യം സസ്പെന്‍ഷന്‍ വാങ്ങിയ മറ്റാരുമില്ലെന്നും ഉദ്യോഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത ആളാണ് തച്ചങ്കരിയെന്നും ഹൈക്കോടതിയില്‍ ബോബി കുരുവിള നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) ഇറക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉള്‍പ്പെടുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടിരുന്നില്ല. വിചാരണക്കോടതിയിലെ നടപടികള്‍ തുടരാന്‍ അനുവദിച്ചു. കോട്ടയം വിജിലന്‍സ് കോടതിയിലെ രേഖകള്‍ വിളിച്ചു വരുത്തണമെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തച്ചങ്കരിയുടെ ഹര്‍ജി. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍നാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. കണക്കുകള്‍ തിട്ടപ്പെടുത്തിയതില്‍ അന്വേഷണ ഉദ്യോഗസ്ഥന് പിഴവ് പറ്റിയിട്ടുണ്ടെന്നും താന്‍ നല്‍കിയ വിശദീകരണം വിജിലന്‍സ് അവഗണിച്ചെന്നുമുള്ള വാദം തങ്കച്ചങ്കരി കോടതിയില്‍ ആദ്യം ഉന്നയിച്ചത് 2020  ജൂണിലാണ്.

തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റാന്‍ 2019 ഡിസംബറിലാണ്
ഹൈക്കോടതി അനുമതി നല്‍കിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലുള്ള കേസ് വേറെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന തച്ചങ്കരിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്. തനിക്കെതിരായ കേസ് മൂവാറ്റുപുഴ കോടതിയിലുണ്ടെന്നും ഇതിനിടെ മരട് ഫ്ളാറ്റ് കേസിലെ അഴിമതി തന്റെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. താന്‍ പ്രതിയായ കേസ് കോടതിയില്‍ നിലനില്‍ക്കെ, മറ്റൊരു അഴിമതി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ താന്‍ അതേ കോടതിയില്‍ എത്തുന്നത് ഗുരുതര സ്ഥിതിവിശേഷം ഉണ്ടാക്കുമെന്നും കോടതിയെക്കുറിച്ച് മുന്‍വിധിക്ക് കാരണമാകുമെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ഇതിനിടെ, പോലീസ് ആസ്ഥാനത്തെ കളളനാണ് ടോമിന്‍ തച്ചങ്കരിയെന്ന് 2017 ജൂലൈയില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ തുറന്നു പറഞ്ഞത് കേരളത്തെ ഞെട്ടിച്ചിച്ചിരുന്നു. പൊലീസ് ആസ്ഥാനത്ത് നിന്ന് തച്ചങ്കരി ഫയലുകള്‍ കടത്തിയെന്നും സെന്‍കുമാര്‍ ആരോപിച്ചു. തച്ചങ്കരിയെക്കുറിച്ച് നടന്ന അന്വേഷണങ്ങളുടെ ഫയലുകളാണ് കടത്തിയതത്രേ. കോടതി ആവശ്യപ്പെട്ടാല്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്നും ഒരു ന്യൂസ് ചാനലിന്റെ  ചോദ്യം ഉത്തരം പരിപാടിയില്‍ സെന്‍കുമാര്‍ അന്നു വെളിപ്പെടുത്തി. രണ്ട് സര്‍ക്കാരുകളുടെയും സംരക്ഷണം തച്ചങ്കരിക്ക് ലഭിച്ചിരുന്നതായും സെന്‍കുമാര്‍ പറഞ്ഞു.  

എന്തായാലും പോലീസ് ആസ്ഥാനത്തെ എഡിജിപി സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ വൈകാതെ ഫയര്‍ഫോഴ്സ് മേധാവിയായി മാറ്റിയിരുന്നു. നേരത്തെ,  തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്ത് സാമൂഹിക പ്രവര്‍ത്തകനായ ജോസ് തോമസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ ആരോപണ വിധേയനായ തച്ചങ്കരിക്ക് പോലീസ് ആസ്ഥാനത്തിന്റെ ചുമതല നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രഹസ്യപ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെപ്പോലെ ആരോപണം നേരിടുന്ന ഒരാളെ നിയമിച്ചപ്പോള്‍ വേണ്ടത്ര ജാഗ്രത കാട്ടിയോ എന്ന്  ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.

തുടര്‍ന്ന് ആ സ്ഥാനത്തു നിന്നു നീക്കിയെങ്കിലും അഗ്നിശമന സേനാ മേധാവിയായും അധിക കാലം തുടരാനായില്ല തച്ചങ്കരിക്ക്. കേരളാ ബുക്സ് ആന്‍ഡ് പബ്ളിഷിങ് സൊസൈറ്റി (കെബിപിഎസ്) യുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തായിരുന്നു പിന്നീടെത്തിയത്. പക്ഷേ, ആ സ്ഥാനത്തു നിന്നും നാലു മാസത്തിനകം  സര്‍ക്കാര്‍ നീക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജര്‍മനിയിലെ കമ്പനിയില്‍ നിന്ന് വില കൂടിയ അച്ചടി യന്ത്രം വാങ്ങാന്‍ ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു അക്കാലത്തെ വാര്‍ത്ത. ജര്‍മനിയിലെ ബെര്‍ലിനില്‍ അന്താരാഷ്ട്ര എക്സ്പോയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് തച്ചങ്കരി കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്തി. തച്ചങ്കരിക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന്് പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെബിപിഎസ് സന്ദര്‍ശിക്കുകയും ജര്‍മന്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയല്‍ കണ്ടെടുക്കുകയും ചെയ്തു. കെബിപിഎസിലെ വിവിധ സംഘടനകളും തച്ചങ്കരിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.

പിന്നീട് കെഎസ്ആര്‍ടിസി എം ഡി യായ തച്ചങ്കരി 2019 ജനുവരി വരെ ആ സ്ഥാനത്തു തുടര്‍ന്നു. കാമുകിയെ എന്നതു പോലെയാണ് കെഎസ്ആര്‍ടിസിയെ സ്നേഹിച്ചതെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. കെഎസ്ആര്‍ടിസിയെ കൂടുതലായി സ്നേഹിച്ചതുകൊണ്ടാകാം തനിക്ക് സിഎംഡി സ്ഥാനത്ത് തുടരാന്‍ സാധിക്കാതെ പോയതെന്നും പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ വിവിധ തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് രൂക്ഷമായിരുന്നു. യൂണിയനുകള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടാണ് തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്ന് നീക്കിയത്. ഡിജിപി റാങ്കിലുളള തച്ചങ്കരിയുടെ സ്ഥാനത്ത് പകരം ഡിഐജി റാങ്കിലുളള എംപി ദിനേശിനെ് നിയമിച്ചു.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒ ശരവണില്‍ നിന്ന് മൂന്നു ലക്ഷം രൂപ ഇടനിലക്കാരന്‍ വഴി കൈക്കൂലി വാങ്ങിയെന്ന കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് കിട്ടി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് അന്വേഷണ സംഘം തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയത്. ആര്‍.ടി.ഒ ശരവണന്റേതെന്നു പറയുന്ന ഓഡിയോ ടേപ്പ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിലുള്ള ശബ്ദം തന്റേതല്ലെന്ന് ശരവണന്‍ പറഞ്ഞു. മാത്രമല്ല ഇതു തെളിയിക്കാനുള്ള മറ്റ് തെളിവുകളില്ലെന്നും അതുകൊണ്ടുതന്നെ അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ഡോ. ജേക്കബ് തോമസ് വിജിലന്‍സ് ഡയരക്ടറായിരിക്കെയാണ് തച്ചങ്കരിക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് അന്നത്തെ അഡീഷണന്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ അടക്കം തച്ചങ്കരിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നു.

ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ജീവിതത്തില്‍ ഇപ്പോള്‍ മറ്റ് ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെയായെന്നും  മനോരമ ന്യൂസിനോട് സംസാരിക്കവേ 2019 ഡിസംബറില്‍ തച്ചങ്കരി പറഞ്ഞിരുന്നു. 2006ല്‍ തച്ചങ്കരിയുടെ ഭാര്യ അനിത തമ്പിയുടെ പേരിലുളള വൈറ്റില, തമ്മനം റോഡിലെ റിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നിന്ന് ആന്റി പൈറസി നോഡല്‍ ഓഫിസറായിരുന്ന ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരം വ്യാജ സിഡികളുടെ വന്‍ശേഖരം പിടികൂടിയതോടെയാണ് വിവാദവാര്‍ത്തകളില്‍ തച്ചങ്കരി നിറഞ്ഞത്.

2019 ഓഗസ്റ്റിലാണ് തച്ചങ്കരിയുടെ ഭാര്യ അനിത ക്യാന്‍സര്‍ മൂലം മരിക്കുന്നത്. സംഘര്‍ഷഭരിതമായ തന്റെ കരിയറും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും അനിതയെ ഏറെ ഭയപ്പെടുത്തിയിരുന്നെന്നു തച്ചങ്കരി പരിതപിച്ചു. അനാരോഗ്യകരമായ ജീവിതശൈലി കൊണ്ട് താനാദ്യം മരിക്കുമെന്നാണ് താനും അനിതയും കരുതിയിരുന്നതെന്നും എന്നാല്‍ 53-ാം വയസ്സില്‍ അപ്രതീക്ഷിതമായി വിടപറയേണ്ടി വന്നത് അനിതയ്ക്കായിരുന്നുവെന്നുമാണ് നിറകണ്ണുകളോടെ ടോമിന്‍ തച്ചങ്കരി പറഞ്ഞത്. അനിതയുടെ വിലാപയാത്രയ്ക്കിടെ തന്റെ പാട്ട് കേള്‍ക്കേണ്ടി വന്ന നിമിഷവും കണ്ണീരോടെ തച്ചങ്കരി ഓര്‍ത്തെടുത്തു. 'പോവുന്നേ ഞാനും എന്‍ ഗൃഹം തേടി' എന്നു തുടങ്ങുന്നതാണ് ആ ഗാനം.ചിറ്റൂര്‍ ഗോപി എഴുതി തച്ചങ്കരി തന്നെ ഈണം പകര്‍ന്ന ഈ ഭക്തിഗാനത്തിലെ 'ദേഹമെന്ന വസ്ത്രമൂരി ഞാന്‍, ആറടിമണ്ണില്‍ താഴ്ത്തവേ...' എന്നു തുടങ്ങുന്ന വരികള്‍ കേട്ടപ്പോള്‍ ആ വരികളിലൂടെ ഭാര്യ തന്നോട് സംസാരിക്കുന്നതുപോലെ തോന്നിയെന്നും തച്ചങ്കരി ഓര്‍ത്തെടുത്ത ഭാഗം സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിനു പേരാണു കണ്ടത്.

ബാബു കദളിക്കാട്

Comments

leave a reply

Related News