ചില മേഖലകളിൽ നിയമം നിശബ്ദമാകും. കൊലക്കുറ്റവും വധശ്രമവും ആരോപിക്കപ്പെട്ട് കോടതിയിൽ തുടരുന്ന കേസ് പോലും പിൻവലിക്കുന്നതിന് കോടതികൾക്ക് തന്നെ മുൻകൈ എടുക്കേണ്ടിവരും. അത്തരം നിശബ്ദത അനുഭവപ്പെട്ട ഒരു കേസാണ് എൻറിക്കാ ലെക്സി (Enrica Lexie) കേസ്.
2012 ഫെബ്രുവരി 15 ന് ഇന്ത്യൻ തീരമേഖലയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അപ്പുറത്ത് 22.5 നോട്ടിക്കൽ മൈൽ പ്രദേശത്ത് രണ്ട് മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായ വെടിവെപ്പിൽ, ആദ്യം നീണ്ടകര പോലീസ് എഫ്ഐആർ ഫയലാക്കുകയും, പിന്നീട് അന്വേഷണത്തിനുശേഷം ഇന്ത്യൻ ശിക്ഷാനിയമം വകുപ്പുകൾ 302 (കൊലക്കുറ്റം), 307 (വധശ്രമം) എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിച്ച് കോടതിയിൽ പോലീസ് ഫൈനൽ റിപ്പോർട്ട് ഫയലാക്കിയതുമാണ്.
ഇറ്റാലിയൻ നിയമപ്രകാരം,(Act of Parliament of Italy, Law Decree no.107 dated July 12, 2007 converted into Law No.130 on August 2, 2011) വാണിജ്യ കപ്പലിന്റെ സംരക്ഷണ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ചുമതലയുടെ ഭാഗമായി നടത്തിയ വെടിവെപ്പിൽ എങ്ങനെ ഇന്ത്യൻ കോടതിയിൽ കുറ്റപത്രം നൽകാനാകും ? ഇന്ത്യൻ തീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ അപ്പുറം നടന്ന ഈ സംഭവത്തിന് കേസെടുക്കാൻ ഇന്ത്യൻ പോലീസിനും കോടതികൾക്കുമെന്ത് അധികാരം ? ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് മറുപടി ഒന്നേയുള്ളൂ - ഇന്ത്യൻ നിയമങ്ങൾ നിശബ്ദമാകുന്ന ഇടനാഴികളാണിത്. അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നുവെന് ആശ്വസിക്കാം. അതേസമയം ആ തുക സ്വീകരിക്കുന്നതോടുകൂടി, കൊലപാതകകുറ്റം ആരോപിച്ച് കോടതിയിൽ ഫയലാക്കപ്പെട്ട കുറ്റപത്രം ഇന്ത്യൻ നിയമം നിശബ്ദമാകുന്ന ഇടനാഴികളിലേക്ക് വലിച്ചെറിയപ്പെടും, തുടർ നടപടികൾ അവസാനിപ്പിക്കേണ്ടി വരും. ബ്ലൂ എക്കണോമി (blue economy) പോലുള്ള വലിയ ആശയങ്ങൾ ഈ രാജ്യത്ത് ചർച്ചാവിധേയമാക്കപ്പെടുമ്പോഴും ഇത്തരം നിശബ്ദ മേഖലകളിൽ നിയമനിർമ്മാണങ്ങൾ ഉണ്ടാകേണ്ടത് സംബന്ധിച്ചും, അന്താരാഷ്ട്ര തലങ്ങളിൽ അതിന് പിന്തുണ നേടേണ്ടത് സംബന്ധിച്ചും കൂടുതൽ പര്യാലോചനകൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
Comments