കോവിഡ് താണ്ഡവമാടി:
യു.എസിലെ ആയുര്‍
ദൈര്‍ഘ്യം ഇടിഞ്ഞു
കഴിഞ്ഞ വര്‍ഷം മരിച്ചത് 3.3 ദശലക്ഷത്തിലേറെ അമേരിക്കക്കാര്‍. ഏതൊരു മുന്‍ വര്‍ഷത്തേക്കാളും വളരെ കൂടുതല്‍
അമേരിക്കയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 2020 ല്‍ ഒന്നര വര്‍ഷം കുറഞ്ഞു; കോവിഡ് മൂലമുള്ള മരണം ഏറിയതു തന്നെ മുഖ്യ കാരണം. ഇത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക ഇടിവാണെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കറുത്ത വംശജരുടെയും ലാറ്റിനമേരിക്കന്‍, സ്പാനിഷ് വംശജരായ ഹിസ്പാനിക് അമേരിക്കക്കാരുടെയും ആയുര്‍ദൈര്‍ഘ്യത്തില്‍ ഇതിനേക്കാള്‍ കുറവ് സംഭവിച്ചതായാണ് കണക്ക്.
ആയുര്‍ദൈര്‍ഘ്യത്തില്‍ വന്ന 74% കുറവിനു കാരണമായ ഘടകം കോവിഡ് ആണെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 3.3 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ മരണമടഞ്ഞു. യുഎസ് ചരിത്രത്തിലെ മറ്റേതൊരു വര്‍ഷത്തേക്കാളും വളരെ കൂടുതലാണീ സംഖ്യ. മരണങ്ങളില്‍ 11% കോവിഡ് മൂലമായിരുന്നു.പതിറ്റാണ്ടുകളായി യുഎസിന്റെ ആയുര്‍ദൈര്‍ഘ്യം ക്രമേണ ഉയരുകയായിരുന്നു. എന്നാല്‍ ഈ പ്രവണത 2015 ല്‍, 78 വര്‍ഷമായ ശേഷം 3 ആണ്ടുകള്‍ മാറാതെ നിന്നു. 2019 ല്‍ 78 വര്‍ഷം 10 മാസമായ ശേഷമാണ് കഴിഞ്ഞ വര്‍ഷം ഇത് 77 വര്‍ഷം 4 മാസമായി കുറഞ്ഞതെന്ന് സിഡിസി പറഞ്ഞു. കറുത്ത വംശജരുടെ ആയുര്‍ദൈര്‍ഘ്യം മഹാമാന്ദ്യം നേരിട്ട 1930 കളുടെ പകുതിക്കുശേഷം കഴിഞ്ഞ വര്‍ഷത്തെയത്രയും ഇതുവരെ കുറഞ്ഞിട്ടില്ല. പെട്ടെന്നുള്ള ഈ ഇടിവ് 'അടിസ്ഥാനപരമായി ദുരന്തമാണ്,'- യുഎസ് മരണനിരക്കിലെ മാറ്റങ്ങള്‍ പഠിക്കുന്ന ടെക്സസ് യൂണിവേഴ്സിറ്റി സോഷ്യോളജി പ്രൊഫസര്‍ മാര്‍ക്ക് ഹേവാര്‍ഡ് അഭിപ്രായപ്പെട്ടു.
മരണ നിരക്കില്‍ കോവിഡിന്റെ പങ്ക് വംശീയതയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഹിസ്പാനിക് വിഭാഗത്തിലെ ആയുര്‍ ദൈര്‍ഘ്യ താഴ്ചയ്ക്ക് 90% കാരണം കൊറോണ വൈറസ് ആയിരുന്നു. വെള്ളക്കാര്‍ക്കിടയില്‍ 68%, കറുത്ത അമേരിക്കക്കാര്‍ക്കിടയില്‍ 59%. പൊതുവേ, പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ഏകദേശം രണ്ട് വര്‍ഷത്തോളമായി കുറഞ്ഞു. പക്ഷേ സ്ത്രീകളുടെ കാര്യത്തില്‍ വന്ന ഇടിവ് ഒരു വര്‍ഷമേയുള്ളൂ. ഇതോടെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 74 വര്‍ഷം 6 മാസമാണ്. സ്ത്രീകളുടേത് 80 വര്‍ഷം 2 മാസവും.കോവിഡ് മരണങ്ങളില്‍ 80 ശതമാനത്തിലധികവും 65 വയസോ അതില്‍ കൂടുതലോ ഉള്ള ആളുകള്‍ക്കാണു സംഭവിച്ചതെന്ന്് സിഡിസി കണക്കുകള്‍ വ്യക്തമാക്കുന്നു.പല കാരണങ്ങളാല്‍ ആയുര്‍ ദൈര്‍ഘ്യം പഴയ നിലയിലേക്ക് തിരിച്ചുവരാന്‍ ഈ വര്‍ഷം ഇടയില്ലെന്ന് പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകയായ നോറീന് ഗോള്‍ഡ്മാന്‍ പറഞ്ഞു.
കോവിഡിനു പുറമേ ചില ഘടകങ്ങളും ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നുണ്ട്. ഇതില്‍ പ്രധാനം മയക്കുമരുന്ന് അമിതമായി കഴിക്കുന്നത് തന്നെ. പ്രത്യേകിച്ച് വെള്ളക്കാരാണ് ഇതില്‍ കൂടുതലും. വര്‍ദ്ധിച്ചുവരുന്ന നരഹത്യകള്‍ കറുത്ത അമേരിക്കക്കാരുടെ ആയുര്‍ദൈര്‍ഘ്യ ഇടിവിന് ഒരു കാരണമാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടിന്റെ പ്രധാന രചയിതാവ് എലിസബത്ത് ഏരിയാസ് പറഞ്ഞു. കറുത്ത വര്‍ഗ്ഗക്കാരെയും ഹിസ്പാനിക് ജനതയെയും താരതമ്യേന കൂടുതലായി ബാധിച്ച മറ്റ് പ്രശ്നങ്ങള്‍ ഇവയാണ്: ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയുടെ അഭാവം, കൂടുതല്‍ തിരക്കുള്ള ജീവിതസാഹചര്യങ്ങള്‍, കുറഞ്ഞ ശമ്പളമുള്ള ജോലി, പകര്‍ച്ചവ്യാധി ഏറ്റവും മോശമായപ്പോഴും ജോലി തുടരേണ്ടിവന്നത്.പുതിയ സിഡിസി റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകള്‍:
ഹിസ്പാനിക് അമേരിക്കക്കാര്‍ക്ക് വെളുത്തവരേക്കാളും കറുത്ത അമേരിക്കക്കാരേക്കാളും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുണ്ട്, എന്നാല്‍ 2020 ല്‍ ഇവരുടെ കാര്യത്തിലും 3 വര്‍ഷത്തെ ഇടിവ് സംഭവിച്ചു. കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയാണിത്. കറുത്തവരുടെ കാര്യത്തിലും ഏകദേശം മൂന്ന് വര്‍ഷമാണ് കുറവുണ്ടായത്. 71 വര്‍ഷം 10 മാസമായി. 2000 ന് ശേഷം ഇത്രയും താഴ്ന്നിട്ടില്ല. വെളുത്തവരുടെ ആയുര്‍ദൈര്‍ഘ്യം ഏകദേശം 14 മാസം കുറഞ്ഞ് 77 വര്‍ഷം 7 മാസമായി. 2002 ന് ശേഷം ഏറ്റവും താഴെയാണിത്.
ബാബു കദളിക്കാട്
Comments