ബാബു കദളിക്കാട്
കേസില്‍ 'സെന്‍സേഷണലിസം' അമിതമാകുന്നതു തടയാന്‍ പ്രധാന നിരീക്ഷണങ്ങളുമായി ഡല്‍ഹി ഹൈക്കോടതി
സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റുമായി ബന്ധപ്പെട്ട് ദിശ രവി അറസ്റ്റിലായത് കോര്‍പറേറ്റ് താത്പര്യം മുന്‍നിര്‍ത്തി ആവിഷ്‌കരിച്ച പുതിയ കാര്‍ഷിക നിയമത്തോട് വിയോജിക്കുന്നവരെയെല്ലാം എന്തെങ്കിലും വ്യാജ കുറ്റങ്ങള്‍ ചുമത്തി വേട്ടയാടുന്നതിന്റെ ഭാഗമാണെന്ന ആരോപണം രൂക്ഷമായി നില്‍ക്കേ കേസില്‍ 'സെന്‍സേഷണലിസം' അമിതമാകുന്നതു തടയാന്‍ പ്രധാന നിരീക്ഷണങ്ങളുമായി ഡല്‍ഹി ഹൈക്കോടതി.
കഴിഞ്ഞ ദിവസം ദിശാ രവിയുടെ ഹര്‍ജിയില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്താനാണിത്. അതേസമയം, പോലീസിനെയും മറ്റ് അധികൃതരെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമമില്ലെന്ന് ഉറപ്പാക്കണമെന്ന് ദിശാ രവിയോടും കോടതി നിര്‍ദേശിച്ചു.
കേബിള്‍ ടി വി ചട്ടങ്ങള്‍ ലംഘിച്ച് തന്റെ സ്വകാര്യ ചാറ്റുകള്‍ പ്രസിദ്ധീകരിച്ചതിനെതിരെയായിരുന്നു 22 കാരിയുടെ ഹര്‍ജി.ന്യൂസ് 18, ഇന്ത്യാ ടുഡേ, ടൈംസ് നൗ എന്നീ വാര്‍ത്താ ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദിശാ രവി ആവശ്യപ്പെട്ടിരുന്നത്.
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിശയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിനായി ഒരു ടൂള്‍ കിറ്റ് സൃഷ്ടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിനാണ് ദിശയുടെ അറസ്റ്റ്്.
ദിശയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‌സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്.
ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്നെ കര്‍ണാടകയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.ഞായറാഴ്ച ബെംഗളൂരുവില്‍ വച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് ന്യൂഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്ത ദിശാ രവി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. വിമതരെ നിശബ്ദരാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മറ്റ് സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും വിമര്‍ശനം രൂക്ഷമായിട്ടുണ്ട്.
ദിശ രവിയെ 'ദിശ രവി ജോസഫാക്കി' ട്വിറ്ററില്‍ വ്യാജപ്രചാരണം നടന്നിരുന്നു. ദിശ രവി ജോസഫ് കേരളത്തില്‍ നിന്നുള്ള സിറിയന്‍ ക്രിസ്ത്യന്‍ വിശ്വാസിയാണെന്നാണ് പ്രചരിപ്പിച്ചത്. ഇതോടെ മതം പറഞ്ഞ് ഒട്ടേറെ പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി. എന്നാല്‍ ഇത് വ്യാജപ്രചാരണമാണെന്ന് വ്യക്്തമാക്കുന്ന ട്വീറ്റുകളും പിന്നാലെ വന്നു. കര്‍ണാടകയിലെ ലിങ്കായത്ത് സമുദായത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ആളാണ് ദിശ എ രവി എന്ന് ട്വിറ്ററില്‍ ചിലര്‍ വ്യക്തമാക്കുന്നു. തമിഴ് സൂപ്പര്‍ താരം വിജയ്‌യെ ജോസഫ് വിജയ് ആക്കിയ പോലെ ദിശയെ മലയാളിയും ക്രിസ്ത്യനുമൊക്കെയാക്കി കടുത്ത വ്യാജപ്രചാരണമാണ് ഒരു വിഭാഗം നടത്തുന്നതെന്നും ചിലര്‍ പ്രതികരിച്ചു.
ഓണ്‍ലൈന്‍ രേഖ തയ്യാറാക്കി അത് ഷെയര്‍ ചെയ്തതാണ് ദിശയ്‌ക്കെതിരെ ഉയരുന്ന ആരോപണം. കഴിഞ്ഞ മാസം തലസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിടാന്‍ രൂപീകരിച്ച കര്‍മപദ്ധതികള്‍ ഈ രേഖകളില്‍ അടങ്ങിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും തമ്പടിച്ചിരിക്കുന്നത്. ജനുവരി 26 ന് പ്രതിഷേധക്കാരില്‍ ഒരു കൂട്ടം കര്‍ഷകര്‍ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് കടക്കാന്‍ ശ്രമിച്ചു. പൊലീസുമായി ഏറ്റുമുട്ടുകയും ചെങ്കോട്ട ആക്രമിക്കുകയും ചെയ്തു. തന്‍ബെര്‍ഗുമായി ദിശ രവി ഷെയര്‍ ചെയ്ത 'ടൂള്‍കിറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓണ്‍ലൈന്‍ പ്രമാണത്തില്‍ ഇത്തരം നടപടികള്‍ക്കായുള്ള പദ്ധതികള്‍ ഉള്ളതായി പോലീസ് ആരോപിക്കുന്നു. എന്നാല്‍ ദിശ രവിയുടെ അഭിഭാഷകന്‍ ഇക്കാര്യം സംബന്ധിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ആ രേഖകളുടെ ലിങ്ക് ട്വീറ്റ് ചെയ്യുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്ത തന്‍ബെര്‍ഗ് തിങ്കളാഴ്ച രവിയുടെ അറസ്റ്റിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി.
'ടൂള്‍കിറ്റ് ' ആയുധപ്പുരയെന്ന്
തലസ്ഥാനനഗരിയില്‍ പ്രവേശിക്കുന്ന പ്രതിഷേധക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ജനുവരിയില്‍ നടത്താനിരുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെയും മറ്റ് നടപടിയുടെയും വിശദാംശങ്ങള്‍ 'ടൂള്‍കിറ്റ്' എന്ന രേഖയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് തിങ്കളാഴ്ച നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് ടൂള്‍കിറ്റിന്റെ പ്രധാന ലക്ഷ്യമെന്നും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ പ്രേം നാഥ് നിരീക്ഷിച്ചു. വിവിധ ട്വീറ്റുകളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 4ന് ആ രേഖ തയ്യാറാക്കിയവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു. രാജ്യദ്രോഹം, അക്രമം ഉണ്ടാക്കാനായി പ്രകോപനപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക, ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കര്‍ഷകരുടെ പ്രക്ഷോഭം അന്താരാഷ്ട്ര തലത്തിലേയ്ക്ക് എത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിഷേധത്തില്‍ എങ്ങനെ പങ്കെടുക്കാമെന്നും സംഘടിപ്പിക്കാമെന്നും ഉള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആണ് ഈ രേഖയിലുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന പോസ്റ്റാണ് വിവാദമായ ടൂള്‍കിറ്റ്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റയാണ് ഇത് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. കര്‍ഷക സമരത്തിന്റെ മറവില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുകയാണ് ടൂള്‍കിറ്റ് തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ലക്ഷ്യമെന്നാണ് പത്രസമ്മേളനത്തില്‍ ഡല്‍ഹി പോലീസ് (സൈബര്‍ സെല്‍) കുറ്റപ്പെടുത്തിയത്. കര്‍ഷക സമരം നിരീക്ഷിക്കാനോ അതോടൊപ്പം ചേരാനോ ഉള്ള ആഹ്വാനമുണ്ടായി. റിപ്പബ്ലിക് ദിനത്തിലോ അതിനു മുന്നോടിയായോ ഹാഷ്ടാഗുകളിലൂടെ 'ഡിജിറ്റല്‍ സ്ട്രൈക്ക്' നടത്താന്‍ ടൂള്‍കിറ്റില്‍ ആഹ്വാനമുണ്ടായെന്നും പോലീസും കേന്ദ്ര ഭരണകൂടവും ആരോപിക്കുന്നു. രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി ഗുരുതര വകുപ്പുകളാണ് ദിശക്കെതിരെ ചുമത്തിയത്.
നികിത ജേക്കബും കുടുങ്ങി
രേഖയുടെ ഒന്നിലധികം സ്‌ക്രീന്‍ഷോട്ടുകള്‍ അന്വേഷിച്ച് മുംബൈയിലെ അഭിഭാഷക നികിത ജേക്കബിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയതായും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ദിശ രവിയും നികിത ജേക്കബും മറ്റൊരു കൂട്ടാളിയായ ശന്തനുവും ചേര്‍ന്നാണ് രേഖ തയ്യാറാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര സിഖ് മാതൃരാജ്യത്തിനായുള്ള പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരുമായി മൂവരും ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇവര്‍ തയ്യാറാക്കിയ രേഖയില്‍ വിഘടനവാദി ബന്ധങ്ങളും ഖാലിസ്ഥാന്‍ അനുകൂല ഉള്ളടക്കവും അടങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മുംബൈ കോടതിയി അനുകൂല ഉത്തരവിട്ട ജാമ്യാപേക്ഷയില്‍ നികിത ജേക്കബിന്റെ അഭിഭാഷകന്‍ തന്റെ കക്ഷി പ്രതിഷേധക്കാരായ കര്‍ഷകരുടെ സമാധാനപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവേഷണം നടത്തുകയും പ്രചരിപ്പിക്കുകയും മാത്രമാണ് ചെയ്തതെന്നും ആക്രമണത്തിന് പ്രേരണ നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
ദിശ രവിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തകയും മലയാളി അഭിഭാഷകയുമായ നിഖിത ജേക്കബ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ദിശ രവിയും നിഖിതയും ശന്തനുവും ചേര്‍ന്ന് കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ അനുകൂല പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ടൂള്‍കിറ്റ് തയ്യാറാക്കിയതെന്ന് സ്പെഷ്യല്‍ സെല്ലിന്റെ സൈബര്‍ യൂനിറ്റ് കണ്ടെത്തിയത്രെ. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണം ആസൂത്രണം ചെയ്യുന്നതിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് ഭാഷ്യം. അതേസമയം താനൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നും തീവ്രവാദസംഘവുമായി ഒരു ബന്ധവുമില്ലെന്നുമാണ് ദിശ കോടതിയില്‍ പറഞ്ഞത്. ടൂള്‍കിറ്റ് ക്രിയേറ്റ് ചെയ്തതും താനല്ല. രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ട ഭക്ഷണം ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുക മാത്രമേ ചെയ്തുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
ശനിയാഴ്ചയാണ് ബെംഗളൂരുവിലെ വീട്ടില്‍ നിന്ന് ദിശ രവിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അവരെ ഡല്‍ഹിയിലേക്കു കൊണ്ടുപോയി.തുടര്‍ന്ന് കോടതി ജാമ്യത്തില്‍ വിട്ടു. ബെംഗളൂരു മൗണ്ട് കാര്‍മല്‍ കോളജില്‍ ബി ബി എ പൂര്‍ത്തിയാക്കി ഭക്ഷ്യോത്പന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ദിശ രവി ഒരു പരിസ്ഥിതി പ്രവര്‍ത്തക കൂടിയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവത്കരണ പരിപാടികള്‍ നടത്താന്‍ ഗ്രേറ്റ 2018ല്‍ ആരംഭിച്ച ''ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍' (എഫ് എഫ് എഫ്) എന്ന പരിസ്ഥിതി കൂട്ടായ്മയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ സ്ഥാപകയുമാണ്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാറുള്ള ദിശ രവി, പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും വന നശീകരണത്തിനും ഇടവരുത്തുന്ന പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കാറുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം നേരത്തേ തന്നെ സര്‍ക്കാറിന്റെയും കോര്‍പറേറ്റ് ഭീമന്മാരുടെയും നോട്ടപ്പുള്ളിയാണവര്‍.
അറസ്റ്റ് തെറ്റായ നടപടി: ജസ്റ്റീസ് ദീപക് ഗുപ്ത
ദിശ രവിയുടെ അറസ്റ്റും തുടര്‍ന്നു നടന്ന കോടതി നടപടികളും വ്യാപകമായ വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. അക്രമത്തിനോ സംഘര്‍ഷത്തിനോ ആഹ്വാനം ചെയ്യാത്ത സമാധാനപരമായ സമരത്തെ പിന്തുണക്കുന്ന ഒരു ടൂള്‍കിറ്റിന്റെ പേരില്‍ അവരെ അറസ്റ്റ് ചെയ്തതും ബെംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അവരെ ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതും ചട്ടലംഘനമാണെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം. ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിശക്കു വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല. അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ ദിശയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു വേണ്ടത്. പകരം പോലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതി മുന്‍ ജഡ്ജി ദീപക് ഗുപ്തയും ദിശയെ അറസ്റ്റ് ചെയ്തതിന്റെ സാധുതയെ ചോദ്യം ചെയ്യുന്നു. ഏതൊരു പൗരനും ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അക്രമാസക്തമാകാത്ത കാലത്തോളം അതിനെതിരെ കേസെടുക്കാനാകില്ലെന്ന് ദീപക് ഗുപ്ത ചൂണ്ടിക്കാട്ടി. ടൂള്‍കിറ്റ് വായിച്ചു. അതില്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഒന്നും തന്നെയില്ല. ടൂള്‍കിറ്റിനെ ചൊല്ലി ദിശക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലമാണ്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ദ്വിഗ്വിജയ് സിംഗ് തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ദിശയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നു. കര്‍ഷകരെ പിന്തുണച്ചുവെന്നത് മാത്രമാണ് അവര്‍ ചെയ്ത തെറ്റ്. മുത്തച്ഛനും മുത്തശ്ശിയുമെല്ലാം കര്‍ഷകരായതിനാല്‍ കാര്‍ഷിക മേഖലയുമായി ഇവര്‍ക്ക് ചെറുപ്പത്തിലേ ബന്ധമുണ്ട്. ഇതാണ് കര്‍ഷകരുടെ പ്രശ്നത്തില്‍ അവര്‍ താത്പര്യമെടുക്കാനിടയായത്. മറ്റാരുടെയോ പ്രേരണയോ സമ്മര്‍ദമോ ഇതിനു പിന്നിലില്ല. ഖലിസ്ഥാന്‍ അനുകൂല സംഘടനയുമായി ബന്ധമുണ്ടെന്നത് കേവലം പോലീസ് ആരോപണമാണ്.
കര്‍ഷക സമരത്തെ കരിവാരിത്തേക്കാന്‍ ബി ജെ പി നേതൃത്വം ആസൂത്രണം ചെയ്തതാണ് സമരത്തിനു പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളാണെന്ന ആരോപണമെന്ന് അടിക്കടി തെളിഞ്ഞുവരികയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ കാര്‍ഷിക നിയമത്തോട് വിയോജിക്കുന്നവരെയെല്ലാം എന്തെങ്കിലും വ്യാജ കുറ്റങ്ങള്‍ ചുമത്തി വേട്ടയാടിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര ഭരണകൂടവും അവരുടെ ചട്ടുകമായ ഡല്‍ഹി പോലീസുമെന്നാണ് ആക്ഷേപം. യഥാര്‍ഥത്തില്‍ ടൂള്‍കിറ്റല്ല, നിരായുധയായ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ ഭീതിയും അതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടലുമാണ് ആഗോളതലത്തില്‍ രാജ്യത്തെ നാണം കെടുത്തുന്നതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നു.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'സെന്‍സേഷണലിസ'വും' order by id desc' at line 1
SELECT * FROM Comments where isActive = 2 AND heading = 'ടൂള്‍കിറ്റ് വേട്ടയും കേസും: പ്രതിക്കൂട്ടിനരികിലേക്ക് 'സെന്‍സേഷണലിസ'വും' order by id desc;
Filename: views/News/view.php
Line Number: 96