Foto

ജലം നമ്മുടെ മനുഷ്യാവകാശം - മാര്‍ച്ച്  22: ലോക ജലദിനം

ടോണി ചിറ്റിലപ്പിള്ളി,

നാം ഇന്ന് ലോക ജലദിനം ജലം ആഘോഷിക്കുമ്പോള്‍,സുരക്ഷിതമായ ജലം ലഭിക്കാതെ ജീവിക്കുന്ന 2.2 ബില്യണ്‍ ജനങ്ങളുണ്ടെന്ന് ഓര്‍ക്കുക.2030-ഓടെ എല്ലാവര്‍ക്കും സുസ്ഥിര വികസന ലക്ഷ്യമായ വെള്ളവും ശുചിത്വവും കൈവരിക്കുന്നതിന് പിന്തുണ നല്‍കുക എന്നതാണ് ലോക ജലദിനത്തിന്റെ പ്രധാന ലക്ഷ്യം.ഈ വര്‍ഷത്തെ ലോക ജലദിന പ്രമേയം 'ഭൂഗര്‍ഭജലം' ആണ്. സുസ്ഥിര വികസന നയരൂപീകരണത്തില്‍ എല്ലായ്പ്പോഴും നിര്‍ണായക പ്രാധാന്യമുള്ളതും എന്നാല്‍ പൂര്‍ണ്ണമായി അംഗീകരിക്കപ്പെടാത്തതുമായ മറഞ്ഞിരിക്കുന്ന ജലവിഭവത്തിലേക്ക് ലോകശ്രദ്ധയെ കൊണ്ടുവരുന്നതിനായാണ് യു.എന്‍ ശ്രമങ്ങള്‍.

കൊള്ളക്കൊടുക്കകലുകള്‍ക്കും,പോരിനും, കലാപങ്ങള്‍ക്കും സാക്ഷിയും കാരണവുമായി ജലത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്താം.ഇതിനെല്ലാം അപ്പുറം മനുഷ്യന്റെ ഓര്‍മ്മകളുടേയും വൈകാരികതകളുടെയും സൂക്ഷിപ്പിടമായി ജലം നിലകൊള്ളുന്നു.ജലത്തിന്റെയും ശുചീകരണ സൗകര്യങ്ങളുടെയും ലഭ്യത മൗലികമായ മനുഷ്യാവകാശമായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ചിട്ടുണ്ട്.
 
ജല ദൗര്‍ലഭ്യം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ലോകത്ത് നിലവിലുള്ള ജലത്തില്‍ 97 ശതമാനവും സമുദ്രത്തിലാണ്. ബാക്കിവരുന്ന മൂന്ന് ശതമാനമുള്ള ശുദ്ധജലത്തിന്റെ മുക്കാല്‍ പങ്കും മഞ്ഞുമലകളിലും ഹിമപാളികളിലുമാണുള്ളത്.1.6 ശതമാനമാണ് ആകെ ഭൂഗര്‍ഭജലമുള്ളത്. ഈ വെള്ളം നശിപ്പിച്ചു തീര്‍ത്തതിന്റെ അല്ലങ്കില്‍ അതിന്റെ പുനചംക്രമണ സാധ്യതകളെ ഇല്ലാതാക്കിയതിന്റെ ഫലമാണ് നമ്മള്‍ അനുഭവിക്കാന്‍ പോകുന്നത്.ഇതിന്  എന്താണ് പരിഹാരം എന്ന് നമ്മള്‍ ഗൗരവതരമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഭൂഗര്‍ഭജലം ലോകമെമ്പാടുമുള്ള കുടിവെള്ളത്തിന്റെ പകുതിയോളം നല്‍കുന്നു, ജലസേചനമുള്ള കൃഷിക്ക് 40% വെള്ളവും വ്യവസായത്തിന് ആവശ്യമായ ജലവിതരണത്തിന്റെ 1/3 ഭാഗവും നല്‍കുന്നു. ഇത് ആവാസവ്യവസ്ഥയെ നിലനിറുത്തുന്നു, നദികളുടെ അടിത്തട്ടിനെ നിലനിറുത്തുന്നു, ഭൂമിയുടെ തകര്‍ച്ചയും കടല്‍ വെള്ളത്തിന്റെ കടന്നുകയറ്റവും തടയുന്നു. അതിന്റെ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, ഭൂഗര്‍ഭജലം പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍ നിന്ന് അകലെയാണ്.പലപ്പോഴും അദൃശ്യമാണ്.

ജലത്തിനു വേണ്ടി ലോകത്ത് എത്രയോ തര്‍ക്കങ്ങളും യുദ്ധങ്ങളും നടന്നിട്ടുണ്ട്. എത്രയോ പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ജലം ഒരിക്കലും ഉത്പാദിപ്പിക്കപ്പെടാന്‍ കഴിയില്ലെന്നത് തന്നെയാണ് അടിസ്ഥാന കാരണം. എല്ലാം ശാസ്ത്രീയമായി കണ്ടുപിടിക്കാമെന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ ജലത്തിന്റെ വിഷയത്തില്‍ നിസ്സഹായനാണ്.ഇന്ത്യയുടെ കാര്യമെടുത്താല്‍ ആഗോള ജനസംഖ്യയുടെ 17% ഇന്ത്യയിലാണ്. പക്ഷേ ജലസമ്പത്തിന്റെ 4 ശതമാനം മാത്രമേ ഇന്ത്യയില്‍ ഉള്ളൂ.

നമ്മുടെ കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിനും ജലദൗര്‍ലഭ്യത്തിനും ഒരു കാരണം നെല്‍പ്പാടങ്ങള്‍ കുറഞ്ഞതാണെന്നു പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷം കൊണ്ട് കേരളത്തില്‍ അപ്രത്യക്ഷമായത് 6,60,000 ഹെക്ടറിലെ നെല്‍കൃഷിയാണ്.ഇതില്‍ മറ്റു കൃഷിയിടങ്ങളായി രൂപാന്തരപ്പെട്ടത് 30% മാത്രം. നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ, പ്രളയം കേരളത്തെ അത്രയൊന്നും ബാധിക്കുമായിരുന്നില്ല.

കേരളത്തില്‍ പ്രതിവര്‍ഷം ലഭിക്കുന്ന മഴ ദേശിയ ശരാശരിയേക്കാള്‍ 2.78 മടങ്ങാണ്.പക്ഷേ വേനല്‍ കാലം എത്തും മുമ്പ് തന്നെ ഭൂമിയുടെ നീരുറവകളെ ഊറ്റിയെടുക്കുന്നു.വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയും ശുഷ്‌കിച്ചു വരുന്ന ജലസ്രോതസുകളും കേരളത്തെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ജലദുരുപയോഗത്തില്‍ മലയാളികള്‍ മുന്‍പന്തിയിലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോക ആളോഹരി ഉപയോഗം പ്രതിദിനം 120 ലി. വെള്ളമാണ്. കേരളീയര്‍ 200 ലിറ്റര്‍  ഉപയോഗിക്കുന്നു.ശരാശരി 80 ലിറ്റര്‍ നാം ദുരുപയോഗം ചെയ്യുന്നു.

വിലപ്പെട്ട ഒന്നിനും പകരം വയ്ക്കാന്‍ കഴിയാത്തതാണ് ജലം എന്ന വ്യക്തമായ സന്ദേശം നല്‍കാനാണ് ഓരോ ലോക ജല ദിനവും നാം ആഘോഷിക്കുന്നത്.എല്ലാറ്റിനെക്കാളും അമൂല്യമാണ് ജലമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നതിനൊപ്പം ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഈ ദിനം നമ്മെ ബോധ്യപ്പെടുത്തുന്നു.  

ജലത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്ന ചിന്തയിലേക്ക് കേരളീയര്‍ എത്തേണ്ടതുണ്ട്.ജല ധൂര്‍ത്ത് ഒഴിവാക്കി ഒരു മാതൃകാ സമൂഹമായി എങ്ങനെ മാറാം എന്നതാകട്ടെ നമ്മുടെ ചിന്ത. അല്ലാത്ത പക്ഷം വരാനിരിക്കുന്ന നാളെയുടെ അതിവരള്‍ച്ചയെ നേരിടുവാനുള്ള ശേഷി നമുക്ക് ഉണ്ടാവില്ല. ഇതൊരു വേനല്‍ക്കാല ചിന്തയില്‍ മാത്രം അവസാനിക്കാതെ നമ്മുടെ ജീവിതരീതിയായി മാറട്ടെ.

Comments

leave a reply

Related News