Foto

നിപ വൈറസ് ഭയം വേണ്ട ജാഗ്രത മതി

ആരോഗ്യവിചാരം

ജോബി ബേബി

കുവൈറ്റ് : കോവിഡ് നിയന്ത്രണവിധേയമായി വരുന്ന ഘട്ടത്തിൽ നിപ രോഗം കൂടി കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത് സ്വാഭാവികമായും ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം വൈറസ് രോഗങ്ങളെ ശാസ്തീയമായി മനസ്സിലാക്കി സമീപിക്കുകയും  ഉചിതമായ കരുതൽ നടപടികൾ സ്വീകരിക്കയും ചെയ്ത്  അമിതമായ പരിഭ്രമം  ഒഴിവാക്കേണ്ടതാണ്. കോവിഡ് രോഗത്തിൽ നിന്നും വ്യത്യസ്ഥമായി കടുത്ത രോഗലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ പ്രകടിപ്പിക്കയും അടുത്തിടപെടുന്നവരിലേക്ക് മാത്രം പകരുകയും ചെയ്യുന്നതിനാൽ  നിപ,എബോള, കോറോണ വൈറസുകൾ മൂലമുള്ള സാർഴ് സ്,
മെഴ്സ് തുടങ്ങിയ പകർച്ചവ്യാധികൾ അതിവേഗം നിയന്ത്രണ വിധേയമാക്കാൻ കഴിയും. രോഗികളെ വേർതിരിച്ച് ചികിത്സിച്ചും സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്തുമാണ് രോഗനിയന്ത്രണം കൈവരിക്കുന്നത്..  എന്നാൽ കോവിഡുമായി തട്ടിച്ച് നോക്കുമ്പോൾ ഇത്തരം വൈറസ് രോഗങ്ങളൊന്നും  മഹാമാരികളായി (Panademic) മാറിയിട്ടില്ല.  ഏതാനും രാജ്യങ്ങളിൽ മാത്രമായി വ്യാപിച്ച എപ്പിഡെമിക്കുകൾ (Epidemic) മാത്രമായി  പരിമിതപ്പെട്ടാണ് കാണപ്പെടുന്നത്,. എന്നാൽ ഇവയുടെ  മരണനിരക്ക് വളരെ കൂടുതലാണ്. നിപ ഇതിനകം വിവിധ രാജ്യങ്ങളിലായി 500 നടുത്താളുകളെ മാത്രമാണ് ബാധിച്ചത്. 252 പേർ മരണമടഞ്ഞു.  40 മുതൽ 75 ശതമാനം വരെയായിരുന്നു വിവിധ രാജ്യങ്ങളിലെ മരണനിരക്ക്.  ഈ രോഗങ്ങൾക്കെല്ലാം കാരണമായ വൈറസുകളുടെ വാഹകർ വവ്വാലുകളാണ്. .  പരിസ്ഥിതിവിനാശവും ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാതെ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതും മൂലമാണ് വൈറസുകൾ വവ്വാലുകളിൽ നിന്നും  നേരിട്ടോ മറ്റൊരു ഇടത്താവള ജീവിയിലൂടെയോ (Intermediate Host) മനുഷ്യരിലെത്തുന്നത്. 

ചൈനയിൽ 2002ൽ  ആരംഭിച്ച് 29 രാജ്യങ്ങളിലായി സാർഴ് സ്  (SARS: Severe Acute Respiratory Syndrome) 8096 പേരെ രോഗം ബാധിച്ചു.  774 പേർ മരണമടഞ്ഞു. മരണനിരക്ക്  9.6%.  2012 ൽ സൌദിഅറേബ്യയിൽ പൊട്ടിപ്പുറപ്പെട്ട് 27 രാജ്യങ്ങളിൽ വ്യാപിച്ച  മെഴ് സിന്റെ (MERS: Middle East Respiratory Syndrome) മരണനിരക്ക് സാർഴ് സിനേക്കാൾ വളരെ കൂടുതലായിരുന്നു. രോഗം ബാധിച്ചവരിൽ മൂന്നിലൊന്നും  മരണമടഞ്ഞു. രോഗം ബാധിച്ച 2519 പേരിൽ 866 പേർ മരണമടഞ്ഞു. (മരണനിരക്ക് 34.3%),  1976 ൽ കോംഗോയിലും (സുഡാൻ എന്നീ മധ്യാഫ്രിക്കൻ രാജ്യങ്ങളിലാണ് എബോള ആദ്യമായി കാണപ്പെട്ടത്. പിന്നീട് ഗാബൺ, ഉഗാണ്ട സിറലിയോൺ ലൈബീരിയ, ഗിനി (Guinea) എന്നീ രാജ്യങ്ങളിലേക്കും രോഗം വ്യാപിച്ചു.  ഇതിനകം  28,616 പേരെയാണ് എബോള ബാധിച്ചത് മരണം 11,310 മരണനിരക്ക് 39.5%.  

1998 ൽ മലേഷ്യയിലും തുടർന്ന് സിംഗപ്പൂരിലുമാണ് നിപ  (Nipah) വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എൽ നിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്നാണ്  പ്രധാനമായും  കാട്ടിലെ കായ് കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന   വവ്വാലിൽ  നിന്നും  നിപ്പാ വൈറസ്, പന്നി തുടങ്ങിയ നാട്ട്മൃഗങ്ങളിലേക്ക് വ്യാപിച്ചത്.  പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടർന്നു. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെട്ടത്.  മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നീപ വൈറസ് ജനിതകമാറ്റം സംഭവിച്ചത് കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട്  മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പടരുന്നത്.  ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ   പാരമിക്സോ വിറിഡേ (Paramyxoviridae), വിഭാഗത്തിൽ പെട്ട  ആർ എൻ എ വെറസുകളാണ് നിപ വൈറസുകൾ.  പ്രധാനമായും പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ്   (Pteropus) ജനുസ്സി പെട്ട  വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ.,. വവ്വലിന്റെ  കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. മലേഷ്യയിൽ വവ്വാലുകളിൽ നിന്നും പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകർന്നു.  വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിൽ പനയിലും മറ്റും കലങ്ങളിൽ ശേഖരിക്കുന്ന വവ്വാലുകൾ കഴിക്കാനെത്തുന്ന പാനീയങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 
രോഗിയുടെ സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. പനി, തലവേദന, തലകറക്കം, ചുമ, ബോധക്ഷയം മുതലായവയാണ് നിപ രോഗലക്ഷണങ്ങൾ. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് മരണത്തിന് കാരണമാവും. 40 മുതൽ 60 ശതമാനം വരെയാണ് മരണനിരക്ക്. ആർ ടി പി സി ആർ, എലിസ (ELISA) ടെസ്റ്റുകൾ വഴി രോഗനിർണ്ണയം നടത്താം, മരണമടയുന്ന രോഗികളുടെ അവയവകോശങ്ങൾ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി (Immunohistochemistry)  പരിശോധനക്ക് വിധേയമാക്കി രോഗം കൃത്യമായി നിർണ്ണയിക്കാൻ കഴിയും.  
മലേഷ്യയിൽ 1998-99 കാലത്ത് 265 പേരെ രോഗം ബാധിച്ചു 105 പേർ മരണമടഞ്ഞു.  സിംഗപ്പൂരിൽ 11 പേരിൽ രോഗം കണ്ടെത്തി ഒരാൾ മാത്രമാണ് മരണമടഞ്ഞത്. ബംഗ്ലാദേശിലെ മെഹർപൂർ ജില്ലയിൽ നീപ വൈറസ് രോഗം 2001 ൽ പ്രത്യക്ഷപ്പെട്ടു.  തുടർന്ന് ബംഗ്ലാദേശിലെ നിരവധി ജില്ലകളിലേക്ക് രോഗം പടർന്നു. 2012 മാർച്ച് വരെ ബംഗ്ലാദേശിൽ  263 പേരെയാണ് രോഗം ബാധിച്ചത്. ഇവരിൽ 196 (74.5%) പേരും മരിച്ചു 2001 ൽ ഇന്ത്യയിൽ പശ്ചിമബംഗാളിലെ സിലിഗുരിയിൽ 71 പേരെ നീപ വൈറസ് രോഗം ബാധിക്കയും 50 പേർ മരണമടയുകയും ചെയ്തു. 2007 ൽ നാദിയായിൽ 30 പേർക്ക് രോഗബാധയുണ്ടായി 5 പേർ മരണമടഞ്ഞു..  . 

2018 മേയ് മാസത്തിൽ കേരളത്തിൽ നിപ വൈറസ് ബാധ ഉണ്ടായി.  28 പേരിൽ  രോഗ ലക്ഷണം കണ്ടെങ്കിലും 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ മരണമടഞ്ഞു  പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്രാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്ടുള്ള പേരാബ്രാ എന്ന ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് വ്യക്തമായിട്ടുണ്ട്. രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപ വൈറസ് ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്തിൽ നിന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. 2019 ജൂണിൽ കൊച്ചിയിൽ 23 കാരനായ വിദ്യാർത്ഥിയെ നിപ വൈറസ് ബാധിച്ചെങ്കിലും  ചികിത്സയെ തുടർന്ന് രോഗം ഭേദമായി. 

ഇപ്പോൾ കോഴിക്കോട് നിപ ബാധിച്ച രോഗിയിൽ വൈറസ് എങ്ങിനെയെത്തിയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. വവ്വാലിന്റെ ആവാസകേന്ദ്രങ്ങളിൽ പോവുന്നത് ഒഴിവാക്കയും  വവ്വാൽ കടിച്ചുപേക്ഷിച്ചവയാവാൻ സാധ്യതയുള്ള  പഴങ്ങൾ സ്പർശിക്കാതിരിക്കാൻ ശ്രമിക്കേണ്ടതാണ്. മാസ്ക് ധാരണം, ശരീരദൂരം പാലിക്കൽ, ആവർത്തിച്ച് കൈ കഴുകൾ തുടങ്ങിയ കോവിഡ് പെരുമാറ്റചട്ടങ്ങൾ തന്നെയാണ് രോഗം പകരാതിരിക്കാൻ പിന്തുടരേണ്ടത്.വേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുന്ന ഒന്നാണ്‌ ഇതിന്റെ വ്യാപനം.

 നിപ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്സിനോ കണ്ടെത്തിയിട്ടില്ല.   വൈറസുകളെ നശിപ്പിക്കുന്ന  റിബാവിറിൻ  (Ribavirin) എന്ന മരുന്ന് പരീക്ഷണ ഘട്ടത്തിലാണ്.വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നു വരുന്നു.

(കുവൈറ്റിൽ നഴ്‌സാണ്‌ ലേഖകൻ).

Comments

leave a reply

Related News