Foto

കോര്‍പ്പറേറ്റ് വലക്കണ്ണികള്‍ പൊട്ടിക്കാന്‍ ലക്ഷദ്വീപ്; പിന്തുണയേകി കേരളം

കോര്‍പ്പറേറ്റ് വലക്കണ്ണികള്‍
 പൊട്ടിക്കാന്‍ ലക്ഷദ്വീപ്;
 പിന്തുണയേകി കേരളം

അമിത് ഷായുടെ അനുരഞ്ജന സൂചന തന്ത്രപരമായ ചുവടുവയ്പ്പു മാത്രമെന്ന് നിരീക്ഷകര്‍

ലക്ഷദ്വീപിലെ ജനവിരുദ്ധ നടപടികളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ ജനകീയ പ്രതിഷേധം ദ്വീപിനു പുറത്തേക്കും വ്യാപിച്ചതോടെ അനുരഞ്ജന വഴിയിലേക്കു വരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ സൂചന തന്ത്രപരമായ ചുവടുവയ്പ്പു മാത്രമാണെന്നും നേരത്തെ അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിച്ചതിനപ്പുറമായി യാതൊരു വിധ വാഗ്ദാനങ്ങളും അമിത് ഷായില്‍ നിന്നുണ്ടായില്ലെന്നും നിരീക്ഷകര്‍ ചൂണ്ടിക്കൊട്ടുന്നു.

ദ്വീപ് നിവാസികളുടെ അഭിപ്രായം തേടാതെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കില്ലെന്നാണ് ദ്വീപിലെ ബി.ജെ.പി ഭാരവാഹികള്‍ക്കൊപ്പം പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയും, എന്‍ സി പി നേതാവ് കൂടിയായ ദ്വീപിലെ എം.പി മുഹമ്മദ് ഫൈസലും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയില്‍ ഷാ പറഞ്ഞത്. ഇപ്പോഴത്തേത് കരട് വിജ്ഞാപനമാണ്. അതിലെ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിജ്ഞാപനം അതേപടി നടപ്പാക്കില്ല. ലക്ഷദ്വീപിന്റെ പാരമ്പര്യം സംരക്ഷിക്കുന്ന പരിഷ്‌കാരങ്ങളില്‍ ദ്വീപുകാരെ ദ്രോഹിക്കുന്ന നടപടികള്‍ ഉണ്ടാവില്ല-അഡ്മിനിസ്‌ട്രേറ്ററും കളക്ടറും പറഞ്ഞ കാര്യങ്ങള്‍ തന്നെ അമിത് ഷായും ആവര്‍ത്തിച്ചു.അതേസമയം, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ ലക്ഷദ്വീപിനെ വരിഞ്ഞുമുറുക്കുമ്പോള്‍ കേന്ദ്രം ഇടങ്കോലിടില്ലെന്ന കാര്യം അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന ആവശ്യത്തില്‍ ഷാ പ്രതികരിക്കാതിരുന്നതിലൂടെ വ്യക്തമായെന്ന് ലക്ഷദ്വീപുകാര്‍ പറയുന്നു.

ഇതിനിടെ, ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജികളില്‍ ഇടപെടാന്‍ കേരള  ഹൈക്കോടതി തയ്യാറാകാതിരുന്നത് പ്രതിഷേധക്കാര്‍ക്ക് തിരിച്ചടിയും ഭരണകൂടത്തിന് ആശ്വാസവുമായി. പരാതിക്കാരന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചതോടെ പന്ത് അമിത് ഷായുടെ കോര്‍ട്ടിലാണെന്നു വ്യക്തമായി.

കരട് നിയമത്തില്‍ എതിര്‍പ്പറിയിക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ഭരണപരിഷ്‌കാരങ്ങള്‍ സംബന്ധിച്ച കരട് നിയമത്തില്‍ എതിര്‍പ്പറിയിക്കാന്‍ മുപ്പത് ദിവസമാണ് സാധാരണയായി അനുവദിക്കേണ്ടത്. പക്ഷേ 20 ദിവസം മാത്രമാണ് ലക്ഷദ്വീപ് ഭരണകൂടം അനുവദിച്ചത്. ലോക്ക്ഡൗണ്‍ സാഹചര്യമായതിനാല്‍ നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങളെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.

ലക്ഷദ്വീപ് വിഷയം കേന്ദ്രസര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്നും കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡ്വ. നടരാജ ചൂണ്ടിക്കാട്ടി. പരാതിക്കാരന് വേണമെങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ മുഖേന കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി അമിത് ഷായെ കണ്ട മുഹമ്മദ് ഫൈസല്‍ എം.പി മാദ്ധ്യമങ്ങളോടു പറഞ്ഞു. കേരള നിയമസഭ പാസാക്കിയ പ്രമേയം ലക്ഷദ്വീപ് ജനതയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരള ഒപ്പമുണ്ടെന്നത് ദ്വീപിലെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതാണെന്നും മുഹമ്മദ് ഫൈസല്‍ പ്രതികരിച്ചു. പരിഷ്‌കാരങ്ങളെക്കുറിച്ച് ദ്വീപുവാസികളുടെ ആശങ്ക പരിഹരിക്കുമെന്നും, ഏതെല്ലാം പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നതില്‍ ജനാഭിപ്രയം തേടുമെന്നും അമിത് ഷാ പറഞ്ഞതായി എ.പി. അബ്ദുള്ളക്കുട്ടി, ലക്ഷദ്വീപ് ബി.ജെ.പി അദ്ധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജി, വൈസ് പ്രസിഡന്റ് അഡ്വ.കെ.പി. മുത്തുക്കോയ എന്നിവര്‍ പറഞ്ഞു.അബ്ദുള്ളക്കുട്ടിയും ദ്വീപ് നേതാക്കളും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയെയും കണ്ടിരുന്നു.

അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന ആവശ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അതിനായുള്ള പോരാട്ടം തുടരുമെന്നും ഫൈസല്‍ പറഞ്ഞു. അഞ്ചു മാസത്തിനിടെ അഡ്മിനിസ്ട്രേറ്റര്‍ 15 ദിവസം മാത്രമാണ് ദ്വീപില്‍ താമസിച്ചതെന്നും ഫൈസല്‍ അമിത് ഷായെ അറിയിച്ചു. അതിനിടെ, കൊച്ചിയില്‍ നിന്ന് ദ്വീപ് സന്ദര്‍ശനത്തിനൊരുങ്ങിയ യു.ഡി.എഫ് എം.പിമാരായ ബെന്നി ബഹനാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, എം.കെ.രാഘവന്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് ലക്ഷദ്വീപ് ഭരണകൂടം  അനുമതി നിഷേധിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദ്വീപ് സന്ദര്‍ശനത്തിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. സന്ദര്‍ശക പാസില്‍ തങ്ങുന്നവര്‍ ഒരാഴ്ചയ്ക്കകം മടങ്ങാനും നിര്‍ദ്ദേശിച്ചിരുന്നു. ലക്ഷദ്വീപില്‍ കഴിഞ്ഞ തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ ജൂണ്‍ ഏഴു വരെ നീട്ടി ജില്ലാ കളക്ടര്‍ എസ്. അസ്‌കര്‍ അലി ഉത്തരവ് പുറപ്പെടുവിച്ചു. കില്‍ത്താന്‍ ഉള്‍പ്പെടെ അഞ്ച് ദ്വീപുകളില്‍ നിശാനിയമവും പ്രഖ്യാപിച്ചിട്ടുണ്ട്. ദ്വീപില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ജനസഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടച്ചിടല്‍ നീട്ടുന്നതെന്നാണ് വിശദീകരണം.

'ദൈവത്തിന്റെ സ്വന്തം നാടെ'ന്ന ഔദ്യോഗിക വിശേഷണം ചാര്‍ത്തിക്കിട്ടിയിട്ടില്ലെങ്കിലും ജൈവ സൗന്ദര്യത്തിന്റെ അക്ഷയ സമ്പത്തും നിഷ്‌കളങ്ക ജനസ്നേഹത്തിന്റെ ലാവണ്യ നിറവും സമന്വയിച്ച അലൗകിക പ്രഭാവലയമാണ് ശാന്ത സുന്ദരമായ ലക്ഷദ്വീപിലേക്ക് വിനോദ സഞ്ചാരികളെ എക്കാലവും മാടിവിളിച്ചുപോന്നത്. പക്ഷേ,  ടൂറിസത്തിന്റെയും മല്‍സ്യ സമ്പത്തിന്റെയും കേര നിരകളുടെയും പിന്‍ബലത്തില്‍ അതിമോഹങ്ങളില്ലാതെ എളിമയോടെ ജീവിച്ചുപോന്ന മുക്കാല്‍ ലക്ഷത്തില്‍ താഴെ വരുന്ന അവിടത്തെ ജനങ്ങള്‍ എക്കാലവും കൊതിച്ചത് കേരളത്തിന്റെ സ്നേഹോഷ്മളത നുകരാന്‍. ചരിത്രപരവും ഭാഷാപരവും വ്യക്തിപരവുമാണ് ലക്ഷദ്വീപും മലയാള നാടുമായുള്ള ബന്ധമെന്നതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ വ്യാകുലതയില്‍ പങ്കു ചേര്‍ന്ന് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ശത്രുരാജ്യങ്ങള്‍ എന്നും കണ്ണ് വെച്ചിട്ടുള്ള തന്ത്രപ്രധാന ഇടമായ ലക്ഷദീപില്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയായായാലും അല്ലെങ്കിലും അസ്ഥിരത സൃഷ്ടിക്കപ്പെട്ടാല്‍ അത് രാജ്യത്തിനുണ്ടാക്കാവുന്ന വിപത്ത് വളരെ വലുതാകുമെന്ന ഭീതി വന്‍കരയിലെ സാധാരണ ജനങ്ങള്‍ക്കുണ്ട്.

പൃഥ്വിരാജ് നായകനായ അനാര്‍ക്കലി സിനിമ കണ്ടവരെല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്, ലക്ഷദ്വീപില്‍ ഒന്നു പോവുക എന്നത്.
കേരളത്തിന്  200-440 കി.മീ പടിഞ്ഞാറ്, മാലദ്വീപുകള്‍ക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപ സമൂഹം. പവിഴപ്പുറ്റുകള്‍ പലയിടത്തും വലയം ചെയ്യുന്നു  32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും ചെറുതാണ്. 1973 ലാണ് ലക്ഷദ്വീപ് എന്ന് പേര് ലഭിച്ചത്.കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ഇന്ത്യന്‍-അറബി സങ്കരവംശമായ ലക്ഷദ്വീപ് നിവാസികള്‍. മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ. എന്നാല്‍ മിനിക്കോയി ദ്വീപില്‍ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹല്‍ ഭാഷയാണു സംസാരിക്കുന്നത്.

ലക്ഷദ്വീപില്‍ കുറ്റവാളികളെ കിട്ടാതിരുന്നതിനാലാണ് പണ്ടു സ്ഥാപിച്ച ജയിലിന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ അടയ്ക്കേണ്ടിവന്നത്. എന്നിട്ടും ഇവിടെ ഇപ്പോള്‍ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. ദ്വീപിന്റെ മനസ്സറിയാത്ത ഭരണകൂടത്തെ തിരിച്ചറിയാന്‍ മറ്റെന്തു വേണമെന്ന ചോദ്യമാണ് സാമൂഹിക നിരീക്ഷകര്‍ക്കൊപ്പം പൃഥ്വിരാജും മധുപാലും ഉള്‍പ്പെടെയുള്ള പ്രമുഖ സിനിമാ പ്രവര്‍ത്തകരും പങ്കുവയ്ക്കുന്നത്. ഇവരെ സംഘപരിവാര്‍ വളഞ്ഞിട്ടാക്രമിക്കുന്നു. ദ്വീപില്‍ ക്രൈം നടക്കുന്നില്ല. പൂജ്യമായിരുന്നു  കുറ്റകൃത്യനിരക്ക്. അത് കൊണ്ട് ജയില്‍ പൂട്ടിയിട്ടിരിക്കുന്നു.ജയിലിനെ തികച്ചും അനാവശ്യമായൊരു സാമൂഹികസ്ഥാപനമാക്കി പരിഹസിച്ചു കളയാന്‍ ഒരു കൂട്ടം മനുഷ്യര്‍ക്ക് കഴിയുമെന്ന് തെളിയിച്ചവരാണ് ദ്വീപുകാര്‍. പാമ്പ് ഉള്‍പ്പെടെ വിഷജീവികളില്ലാത്ത നാട്. ചില ദ്വീപുകളിലാകട്ടെ കാക്കയുമില്ല.

പോലീസിംഗും നീതിനിര്‍വഹണവും വലിയ പ്രാധാന്യമുള്ള സംഗതിയായി മാറിയിട്ടില്ല ദ്വീപുകളിലെന്ന് അവിടെ അധ്യാപക വൃത്തി അനുഷഠിച്ചിരുന്ന മലയാളികള്‍ പറയുന്നു. വീടുകളടയ്ക്കാതെ ആളുകള്‍ ഉറങ്ങാന്‍ പോകുന്ന പ്രദേശമെന്ന് ചെറിയൊരു അതിശയോക്തിയുമുണ്ട് ലക്ഷദ്വീപിനെ സംബന്ധിച്ച്.എന്നിട്ടും അവിടെ അഡ്മിനിസ്‌ട്രേറ്ററായി എത്തിയ പ്രഫുല്‍ പട്ടേല്‍ ആദ്യം ശ്രമിച്ചത് ഗുണ്ടാ നിയമം കൊണ്ടുവരാനാണ്. പൊതുവില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഒരു പ്രദേശത്ത് എന്തിന് ഗുണ്ടാ നിയമമെന്ന് ചോദിച്ചാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ തുടര്‍ന്നെടുത്ത തീരുമാനങ്ങളിലൂടെ  ഉത്തരം കിട്ടും.തീര സംരക്ഷണത്തിന്റെ പേരില്‍ ദ്വീപ് വാസികളുടെ മുഖ്യ ഉപജീവന മാര്‍ഗമായ മത്സ്യ ബന്ധനത്തെ തടയാന്‍ പാകത്തിലുള്ള നടപടികള്‍, സ്മാര്‍ട്ട് സിറ്റി കൊണ്ടുവരാനെന്ന പേരില്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകളും വീടുകള്‍ ഇടിച്ചുനിരത്തലും, വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ താത്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ അങ്ങനെ പലതുണ്ടാകുന്നു. ഇതിലൊക്കെ പ്രതിഷേധമുയര്‍ന്നാല്‍ നേരിടാന്‍ നിലവിലുള്ള നിയമങ്ങള്‍ക്കൊപ്പം ഗുണ്ടാ നിയമം കൂടി സഹായകമാകും.

ലക്ഷദ്വീപ് മനുഷ്യരുടേത് മാത്രമല്ല. അതിവിശിഷ്ടമായ കടല്‍ ജീവികളടക്കമുള്ളവയുടേത് കൂടിയാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ദ്വീപ് വാസികള്‍ ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ സമ്പത്ത് കൂടി ചൂഷണം ചെയ്ത് കൂടുതല്‍ ചീര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കോര്‍പ്പറേറ്റുകള്‍ മണം പിടിച്ചുകഴിഞ്ഞു. അവര്‍ക്ക് കൂടി ഇടം കണ്ടെത്തുക എന്നത് അഡ്മിനിസ്‌ട്രേറ്ററുടെ അവതാരോദ്ദേശ്യങ്ങളിലുണ്ടെന്ന സംശയം വ്യാപകം. കടലിനെയും പ്രകൃതിക്ഷോഭങ്ങളെയും നേരിട്ട പരിചയമേ ദ്വീപ് വാസികള്‍ക്കുള്ളൂ. ഗൂഢ അജന്‍ഡകളുടെ ഉത്പന്നങ്ങളായ ദുരന്തങ്ങളെ നേരിട്ട് പരിചയം അശേഷമില്ല. വലിയ കച്ചവടക്കാരുടെ അധിനിവേശ ശ്രമങ്ങള്‍ കണ്ടുള്ള ശീലവുമില്ല.കോവിഡ് പോലൊരു മഹാമാരിയെ അവസരമാക്കുന്ന ഭരണാധികാരിക്കെതിരായ ചെറുത്തുനില്‍പ്പ് അവര്‍ക്കത്ര എളുപ്പവുമല്ല.

പവിഴദ്വീപ സമൂഹത്തില്‍ നിന്ന്  മുമ്പു കദന ഗാനമുയര്‍ന്നത് സുനാമി വന്നപ്പോഴുള്‍പ്പെടെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രം. പക്ഷേ, ഏതാനും മാസങ്ങളായി ദ്വീപിന്റെ സ്വത്വം തകര്‍ക്കുന്ന പുതു നടപടികളിലൂടെ ഭരണകൂടം അഴിച്ചുവിട്ട നിര്‍ദ്ദയ സുനാമിക്കു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്തെന്ന ചോദ്യത്തിന്റെ പരിഭ്രാന്തിയാലാണ് ദ്വീപു വാസികള്‍. ടൂറിസം, ഫിഷറീസ്, നാളികേര ഇനങ്ങളിലെ വരുമാന സാധ്യതകള്‍ പരമാവധി മുതലാക്കാനും  ദ്വീപുകളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള സമഗ്ര പദ്ധതികളാണ് ഭരണകൂടം നടപ്പാക്കുന്നതെന്ന ഔദ്യോഗിക വിശദീകരണത്തിലെ പഴുതുകള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, സിംഗപ്പൂര്‍, ഹോങ്കോങ്,  കെയ്മന്‍, ബെര്‍മുഡ തുടങ്ങിയവയെപ്പോലെ 'ടാക്സ് ഹാവന്‍' ആക്കി  ലക്ഷദ്വീപിനെ മാറ്റാനുള്ള രഹസ്യ അജണ്ടയും സംശയിക്കപ്പെടുന്നു.

ലക്ഷദ്വീപ് അടക്കമുള്ള ചില കേന്ദ്രഭരണ പ്രദേശങ്ങളുടെ കാര്യത്തില്‍ രാഷ്ട്രപതിക്കാണു പരമാധികാരമെന്നതിനാല്‍  നികുതിനിയമങ്ങള്‍ ഇവിടെ ബാധകമല്ലാതാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി തേടാതെ പോലും ഭരണകൂടത്തിനു കഴിയും. നികുതി ഒഴിവാക്കിയ സ്ഥലങ്ങളില്‍ ഒന്നാകുന്നപക്ഷം യാഥാസ്ഥിതിക പവിഴദ്വീപിന് ചൂതാട്ട കേന്ദ്രമായി മാറിയ മക്കാവോ ദ്വീപിന്റെ ദുരവസ്ഥ വരുമെന്ന ആശങ്കയും വ്യാപകം. ഇതിനെല്ലാം വഴിയൊരുക്കിയേക്കാം ഭരണഘടനയുടെ 240(2) അനുഛേദം പകര്‍ന്നു നല്‍കിയിട്ടുള്ള സര്‍വാധികാരം. മനുഷ്യവാസമുള്ള അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നിവയുള്‍പ്പെടെയുള്ള 36 ചെറുദ്വീപുകളെ  അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികളും തീവ്രവാദി സംഘങ്ങളും വമ്പന്‍ വ്യവസായ ഗ്രൂപ്പുകളും ഒരു പോലെ നോട്ടമിട്ടതായുള്ള കിംവദന്തി മുമ്പേ പടരുന്നുണ്ടായിരുന്നു. അതേസമയം,  ലക്ഷദ്വീപിനെ വന്‍ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് പധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്ന് ബിജെപിയുടെ ലക്ഷദ്വീപ് പ്രഭാരിയായ എ.പി.അബ്ദുല്ലക്കുട്ടി പറയുന്നു.

ചരിത്രപരമായി, 1973 ല്‍ ജനവാസമില്ലാത്ത ദ്വീപായ ബംഗാരം അന്താരാഷ്ട്ര ടൂറിസത്തിനായി പ്രഖ്യാപിച്ചപ്പോള്‍ മുതലാണ് ദ്വീപില്‍ യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള ടൂറിസം ആരംഭിച്ചത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ നോഡല്‍ ഏജന്‍സിയായ സ്പോര്‍ട്സ് (സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് നേച്ചര്‍ ടൂറിസം ആന്‍ഡ് വാട്ടര്‍ സ്പോര്‍ട്സ്) 1983 ല്‍ നിലവില്‍ വന്നു. അതിനുശേഷം സൊസൈറ്റി കടമത്ത്, കവരത്തി എന്നീ ജനവാസ ദ്വീപുകളില്‍ ആഭ്യന്തര ടൂറിസം ഏറ്റെടുക്കാന്‍ തുടങ്ങി. അന്തര്‍ദ്ദേശീയ വിനോദസഞ്ചാരികളെ പരിപാലിക്കുന്നതിനായി ജനവാസമില്ലാത്ത ദ്വീപായ ബംഗാരത്ത് ഒരു ചെറിയ റിസോര്‍ട്ട് സ്ഥാപിച്ചു. കപ്പല്‍ അധിഷ്ഠിതവും വിമാനാധിഷ്ഠിതവുമായ പാക്കേജുകള്‍ക്കും സ്പോര്‍ട്സ് തുടക്കമിട്ടു. ഈ പദ്ധതികള്‍ക്കു വലിയ പുരോഗതിയുണ്ടാകാത്തതിനു കാരണങ്ങള്‍ പലതാണെന്ന് നിരീക്ഷകര്‍ പറയുന്നു.

ആസൂത്രണത്തിന്റെ അഭാവത്തില്‍ വര്‍ഷങ്ങളായി ദ്വീപിലെ ടൂറിസം സ്തംഭിച്ചിരിക്കുകയാണെന്ന് കണക്കുകള്‍ നിരത്തി ഭരണകൂടം ചൂണ്ടിക്കാട്ടുന്നു.മികച്ചതല്ലാത്ത ഗതാഗതവും, പരമിതമായ താമസ സൗകര്യങ്ങളും , ഇടയ്ക്കിടെ നേരിടുന്ന വൈദ്യുതി വിതരണ തടസ്സവും , ഡീസലൈനേഷന്‍ പ്ലാന്റുകളുടെ പോരായ്മയാലുള്ള ശുദ്ധജല ക്ഷാമവും , ശരിയായ മാലിന്യ നിര്‍മാര്‍ജന സംവിധാനത്തിന്റെ അഭാവവുമെല്ലാം  ടൂറിസം വളര്‍ച്ചയെ ബാധിച്ചു. മാലിദ്വീപ് പോലുള്ള അന്താരാഷ്ട്ര ടൂറിസ്റ്റ് ലൊക്കേഷനുകളോട് മത്സരിക്കാനുള്ള എല്ലാ സാധ്യതകളൂം ഉള്ള ലക്ഷദ്വീപ് അടക്കം എല്ലാ ദ്വീപുകളുടെയും അടിസ്ഥാന സൗകര്യ വികസനം മുതല്‍ , ആഡംബര വികസനം വരെ ഉള്ള എല്ലാം ഉള്‍പ്പെടുത്തി കൊണ്ടുള്ള സമഗ്രമായ പദ്ധതിക്കു കേന്ദ്രം തുടക്കമിട്ടു ഇതിനിടെ. 2016ല്‍ നീതി ആയോഗ് ഇതിനായി കരുക്കള്‍ നീക്കിത്തുടങ്ങി.

ലക്ഷദ്വീപില്‍ ഉയര്‍ന്ന നിലവാരമുള്ള ടൂറിസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ടൂറിസം മന്ത്രാലയം നിലവിലെ സാഹചര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി സമഗ്രമായ ഒരു പദ്ധതി അവതരിപ്പിച്ചെന്നാണ് ഇപ്പോഴത്തെ വിവാദം സംബന്ധിച്ച ചര്‍ച്ചകളില്‍ ആമുഖമായുള്ള ഔദ്യോഗിക വിശദീകരണം. പദ്ധതി പ്രകാരം, ദ്വീപ് വികസന പരിപാടിയില്‍ വിനോദസഞ്ചാരത്തിനായി 12 പുതിയ ദ്വീപുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചു.
പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസത്തിനായി ആസൂത്രണം ചെയ്ത മൊത്തം 12 ദ്വീപുകളില്‍ 10 ദ്വീപുകള്‍ വികസിപ്പിക്കുന്നതിന് അനുമതി നല്‍കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള താമസ സൗകര്യം ഒരുക്കുക , അഗത്തി വിമാനത്താവളം വികസിപ്പിക്കുന്നതിലൂടെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുക, വ്യോമസേനയ്‌ക്കൊപ്പം മിനിക്കോയിയില്‍ ഒരു അധിക വിമാനത്താവളം വികസിപ്പിക്കുക, വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക , വിനോദ സഞ്ചാരികള്‍ക്കായി മാത്രം കപ്പലുകള്‍ തയ്യാറാക്കുക , സീപ്ലെയിനുകള്‍ അവതരിപ്പിക്കുക തുടങ്ങിയവ കൂടാതെ  ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് സൗരോര്‍ജ്ജ നിലയങ്ങള്‍, ആര്‍ ഒ പ്ലാന്റുകള്‍ സ്ഥാപിക്കുക തുടങ്ങി പലതും ലക്ഷദ്വീപില്‍ ടൂറിസത്തിന്റെ വികസനം മാത്രം ലക്ഷ്യമാക്കി ആരംഭിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ടൂറിസം പ്രോത്സാഹനത്തിലൂടെ ദ്വീപുവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണു വാഗ്ദാനം. ദ്വീപുകളിലെ സമുദ്രോല്‍പ്പന്നങ്ങളും കേരോല്‍പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചതായാണ് അവകാശവാദം. മാതൃകാ ടൂറിസം പദ്ധതികള്‍ വഴി വാട്ടര്‍ വില്ലകളുള്‍പ്പെടെ ആസൂത്രണം ചെയ്യുകയും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിനായി ലേലം വിളിക്കുകയും ചെയ്തു. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്, ആസൂത്രിതമായ പ്രോജക്ടുകള്‍ മുന്‍കൂട്ടി നടപ്പാക്കുന്നതിന് അനുമതി നേടാന്‍ തീരുമാനിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മാതൃകാപരമായ നാല് ടൂറിസം പദ്ധതികള്‍ക്കായി പരിസ്ഥിതി, തീരദേശ നിയന്ത്രണ മേഖല (സിആര്‍സെഡ്) അനുമതി ഇതിനകം നേടിക്കഴിഞ്ഞു.അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്, വായു, കടല്‍, ഡിജിറ്റല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും  നടന്നു വരികയാണ്.

അതേസമയം, ദ്വീപുകളില്‍ ശുദ്ധവും ഹരിതവും ആരോഗ്യകരവുമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് പ്രത്യേക നയം സര്‍ക്കാര്‍ രൂപീകരിച്ചെന്ന വിശദീകരണവുമായി അടിസ്ഥാന സൗകര്യ വികാസത്തിനെന്നു പറഞ്ഞ് ചില നടപടികളുണ്ടായതോടെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചു തുടങ്ങിയത്. ദ്വീപുകള്‍ക്ക് ചുറ്റുമുള്ള എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ലഭ്യമായ മത്സ്യബന്ധന വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിന് അനുയോജ്യമായ പദ്ധതികളും നടപ്പിലാക്കിത്തുടങ്ങി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 16 ദ്വീപുകളും ഇത് പോലെ വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തി സമഗ്രമായ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ ഏകോപിപ്പിച്ചു വരുന്നുണ്ട്. അവിടത്തെ ജനസംഖ്യയില്‍ 70% ഹിന്ദുക്കളാണെന്നതും ലക്ഷദീപില്‍ 99 % മുസ്ലിങ്ങളാണെന്നതും ഓര്‍മ്മിപ്പിച്ചാണ്, ഈ പദ്ധതികളില്‍ വംശീയ ലക്ഷ്യങ്ങളുണ്ടെന്ന് കാശ്മീരിനെ ചൂണ്ടിക്കാട്ടിയുള്ള ആരോപണങ്ങളെ സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രതിരോധിക്കുന്നത്.

ഒരു എം പിയും പിന്നെ പ്രാദേശിക ഭരണ സമിതികളും; ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങള്‍ ഇത്രമാത്രം. നിയമസഭയില്ല. ഭരണാധികാരം ഏതാണ്ട് പൂര്‍ണമായും അഡ്മിനിസ്‌ട്രേറ്ററില്‍ നിക്ഷിപ്തം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും.ഈ ജനതയ്ക്ക് വേണ്ടിയൊരു നിയമസഭയുണ്ടാകുമെന്നോ ദ്വീപ് നിവാസികള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ അവരെ ഭരിക്കുമെന്നോ പ്രതീക്ഷിക്ക വയ്യ. അതായത്, ദ്വീപില്‍ ജനാധിപത്യ രീതിയിലൂടെ അധികാരം പിടിക്കുക എന്നത് അവിടുത്തെ പ്രാദേശിക സര്‍ക്കാരുകളുടെ കാര്യത്തില്‍ മാത്രമാണ്. അതിനപ്പുറത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഏക ലക്ഷ്യം എം പി സ്ഥാനമാണ്. ജനസംഖ്യയില്‍ ഏതാണ്ട് 96 ശതമാനം മുസ്ലിങ്ങളായതുകൊണ്ട് ബിജെപിക്ക് വേരോട്ടമുണ്ടാകുക പ്രയാസം.

ഗുജറാത്തില്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി എത്തിയ ശേഷം ലക്ഷദ്വീപില്‍ നടക്കുന്ന സംഭവങ്ങള്‍ അത്ഭുതത്തിനും കൗതുകത്തിനുമപ്പുറത്ത് ആ ജനതയ്ക്ക് അവരുടെ സ്വന്തം ദേശത്തെ തുടര്‍വാസത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തുന്നു.സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമക്കാരനായ പട്ടേല്‍ രാഷ്ട്രീയത്തിലിറങ്ങും മുമ്പ് റോഡ് കോണ്‍ട്രാക്റ്ററായിരുന്നു. സബര്‍ കണ്‍സ്ട്രക്ഷന്‍ എന്ന പട്ടേലിന്റെ നിര്‍മ്മാണ ക്കമ്പനിയാണ് ഗുജറാത്തില്‍ പല റോഡ് പദ്ധതികളും പൂര്‍ത്തിയാക്കിയത്. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനുമുള്ള പട്ടേലിന്റെ കഴിവാണ് മോദിയെ ആകര്‍ഷിച്ചതത്രേ.

മിക്ക ദ്വീപുകളിലെയും പോലെ മത്സ്യബന്ധനം തന്നെയാണ് ഇവിടുത്തുകാരുടെയും മുഖ്യ ജീവനോപാധി. വിനോദ സഞ്ചാര സാധ്യതകളും നിബന്ധനകള്‍ക്ക് വിധേയമായി വിനിയോഗിക്കപ്പെടുന്നു. മുഖ്യ വിള നാളികേരമാണ്. പച്ചക്കറിയും പഴവുമൊക്കെ കൃഷി ചെയ്യപ്പെടുന്നത് അത്ര സാധാരണമല്ല. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും പരിമിതമായ സൗകര്യങ്ങള്‍ മാത്രം. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു മുനിസിപ്പല്‍ പ്രദേശവുമായി മാത്രമേ താരതമ്യമുള്ളൂ. ജനസംഖ്യയുടെ കാര്യത്തില്‍ അതുപോലുമില്ല.

ദ്വീപ് വാസികളുടെ ഭക്ഷണശീലത്തിലും കൈകടത്തല്‍ വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ പട്ടികയില്‍ നിന്ന് മാട്ടിറച്ചി നീക്കം ചെയ്തു. ഗോവധ നിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ദ്വീപിലെ എല്ലാ ഫാമുകളും പൂട്ടാനും തീരുമാനിച്ചു. പാല്‍ വിതരണത്തിന് അമുല്‍ വരും. പാലുത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ദ്വീപ് നിവാസികളുടെ ചുമതലയല്ലാതെയായി മാറും.  ദ്വീപ് നിവാസികള്‍ കാലങ്ങളായി ചെയ്തുവരുന്ന തൊഴിലുകളില്‍ നിന്നൊക്കെ അവരെ പതുക്കെ ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് ഇതിനെല്ലാം പിന്നിലെന്നാണു പറയപ്പെടുന്നത്. അവരുടെ ഭക്ഷണ ശീലങ്ങളും നിര്‍ബന്ധിതമായി മാറ്റുന്നതോടെ ദ്വീപില്‍ തുടരുക  പ്രയാസമായിത്തീരും. ബുദ്ധിമുട്ടുകള്‍ സഹിച്ച് തുടരാന്‍ പഴയ തലമുറ തീരുമാനിച്ചാലും പുതിയ തലമുറ അതിന് തയ്യാറാകണമെന്നില്ല. അങ്ങനെ നിലവിലുള്ള നിവാസികളില്‍ വലിയൊരളവിനെ സ്വന്തം നാട്ടില്‍ നിന്ന് പുറന്തള്ളുക എന്നതാണ് പ്രഫുല്‍ പട്ടേലിന്റെ ആദ്യത്തെ ദൗത്യമെന്നാണ് ആരോപണം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇപ്പോള്‍ തന്നെ യുവാക്കളെ ദ്വീപിന് പുറത്തേക്ക് നയിക്കുന്നുണ്ട്. ലഭ്യമായ സൗകര്യങ്ങള്‍ കൂടി ഇല്ലാതായാല്‍,ആ ഒഴുക്കിന് വേഗം കൂടുക സ്വാഭാവികം.

ആള്‍ താമസമില്ലാത്ത ദ്വീപുകളില്‍ വിനോദ സഞ്ചാരികള്‍ക്കായി ആരംഭിച്ച റിസോര്‍ട്ടുകളില്‍ മാത്രമേ ഇതുവരെ മദ്യം അനുവദിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ആള്‍ താമസമുള്ള ദ്വീപുകളിലെ റിസോര്‍ട്ടുകളിലും മദ്യം വിളമ്പാന്‍ അനുവാദം നല്‍കിയിരിക്കുന്നു അഡ്മിനിസ്‌ട്രേറ്റര്‍. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഉദ്ദേശ്യം. നിലവില്‍ വിനോദ സഞ്ചാരിയായി പോകണമെങ്കില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ എന്‍ ഒ സി ആവശ്യമാണ്. മെയിന്‍ ലാന്‍ഡില്‍ നിന്ന് നിയന്ത്രണമില്ലാതെ ആളുകളെത്തിയാല്‍ ദ്വീപ് സമൂഹത്തിലെ ആവാസ വ്യവസ്ഥയെയും ജനജീവിതത്തെയും വലിയ തോതില്‍ ബാധിക്കുമെന്നതുകൊണ്ടാണ് ഇത്തരമൊരു വ്യവസ്ഥ നിലനിര്‍ത്തിയത്. ഈ നിയന്ത്രണം വൈകാതെ നീക്കുമെന്ന് വ്യക്തം. അതോടെ ദ്വീപിലേക്കുള്ള കുടിയേറ്റത്തിനും വഴിതുറന്നേക്കാം. അതായത് നിലവിലുള്ളവരെ കുടിയൊഴിപ്പിച്ച്, പുറമെ നിന്നുള്ളവരെ കുടിയേറ്റുക എന്ന തന്ത്രം.

നിലവിലുള്ള തൊഴിലവസരങ്ങള്‍ കുറഞ്ഞാല്‍, ദ്വീപ് നിവാസികള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ വേണം. അതിലേറ്റം പ്രധാനം വിനോദ സഞ്ചാരവും അതിന് പാകത്തിലുള്ള അടിസ്ഥാന സൗകര്യ വികസനവുമാണ്. ആഭ്യന്തര  വിദേശ വിനോദ സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമ്പോള്‍, അതിനനുസരിച്ച് ഇതര സൗകര്യങ്ങളുണ്ടാകേണ്ടിവരും. മനുഷ്യ വാസമുള്ളതും ഇല്ലാത്തതുമായ ദ്വീപുകളില്‍ വേണ്ട സൗകര്യമൊരുക്കാന്‍ വന്‍കിട കമ്പനികള്‍ രംഗപ്രവേശം ചെയ്യാന്‍ വലിയ താമസമുണ്ടാകില്ല. അത് അംബാനിയാണോ  അദാനിയാണോ എന്ന ചര്‍ച്ച കൊഴുത്തുവരുന്നുണ്ട്.

മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെ മരണത്തെത്തുടര്‍ന്നാണ് പ്രഫുല്‍ പട്ടേല്‍ എത്തിയത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കുന്ന കീഴ് വഴക്കം ലംഘിച്ച്് സംഘ്പരിവാറുകാരനും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്ഥനുമായ പ്രഫുല്‍ പട്ടേലിനെ കേന്ദ്രം പുതിയ ലക്ഷദ്വീപ് ഭരണമേധാവിയായി നിയോഗിക്കുകയായിരുന്നു.2010ല്‍ ഷൊറാബുദ്ദിന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ പ്രതിയായി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജയിലില്‍ പോകേണ്ടി വന്നപ്പോഴാണ്  മൂന്നു കൊല്ലം മുമ്പ് മാത്രം നിയമസഭയിലെത്തിയ പട്ടേല്‍ ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായത്. കൊതിക്കണ്ണുകളുമായി കോര്‍പറേറ്റുകള്‍ ലക്ഷദ്വീപിന് ചുറ്റും വട്ടമിട്ട് പറക്കവേ അവരെ തുണയ്ക്കാനാണ് പ്രഫുല്‍ കെ. പട്ടേലിനെ കൊണ്ടുവന്നിരിക്കുന്നതെന്ന അഭ്യൂഹം ശക്തമാണ്.

2012-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടേല്‍ തോറ്റ ശേഷമാണ് 2014-ല്‍ പ്രധാനമന്ത്രി മോദി സ്വന്തക്കാരനെ ദാദ്ര ആന്റ് നാഗര്‍ ഹവേലി കേന്ദ്ര ഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററാക്കിയത്.അവിടെയും അതുവരെ ഈ പദവി കൈയ്യാളിയിരുന്നത് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായിരുന്നു. മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ എന്ന ഐ.എ.എസ് ഓഫീസറുമായി ഇവിടെ വെച്ച് പട്ടേല്‍ ഉരസിയത് രാജ്യം ശ്രദ്ധിച്ച വാര്‍ത്തയായി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഗോപിനാഥന് പട്ടേല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തതിന് കാരണം വ്യക്തമാക്കണമെന്നാണ് പട്ടേല്‍ ഗോപിനാഥനോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് കാലമായിരുന്നതിനാല്‍ ഗോപിനാഥന്‍ നേരെ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടിസ് കൈമാറി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടേലിനോട് നോട്ടിസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, ഉരസല്‍ പിന്നീടു രൂക്ഷമായി. 2019 ഓഗസ്റ്റില്‍ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസില്‍നിന്ന് രാജിവെച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് ദാദ്ര ആന്റ് നഗര്‍ ഹവേലി എം.പി. മോഹന്‍ ദെല്‍ക്കറുടെ മൃതദേഹം  മുംബൈയിലെ ഹോട്ടല്‍ സീ ഗ്രിനില്‍ കണ്ടെത്തിയപ്പോള്‍ പോലിസിനു ലഭിച്ച ആത്മഹത്യക്കുറിപ്പില്‍ മോഹന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു പ്രഫുല്‍ പട്ടേലിനെ.
ഏഴു തവണ ഈ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് -ബിജെപി ടിക്കറ്റുകളില്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് ദെല്‍ക്കര്‍. ഇക്കുറി ഒരു പാര്‍ട്ടിയുടെയും ലേബലില്ലാതെ വിജയിച്ചയാളാണ് മുംബൈയിലെ ഹോട്ടലില്‍ പോയി ജീവിതം ഒടുക്കിയത്. മുംബൈയില്‍ വെച്ചാണ് മരിച്ചതെന്നതു കൊണ്ടാണ് മോഹന്റെ ജഡമെങ്കിലും കിട്ടിയതെന്ന്് അടുത്ത ബന്ധുക്കള്‍ പറയുന്നു.

മോഹന്‍ ദെല്‍ക്കറിന് ദാദ്രയില്‍ അനേകം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നതായി ആരോപണമുണ്ട്. ഗുജറാത്തിനും മഹാരാഷ്്രടയ്ക്കുമിടയിലുള്ള കണ്ണായ സ്ഥലമാണ് ദാദ്ര. ഇവിടെ ഭൂമിക്ക് വലിയ വിലയുണ്ട്. മോഹന്‍ ദെല്‍ക്കറുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെടുത്തി പട്ടേല്‍ കുരുക്കു മുറുക്കിയെന്നാണു വാര്‍ത്ത വന്നത്. മോഹന്റെ മകന്‍ അഭിനവ് ദെല്‍ക്കര്‍  രണ്ട് മാസം മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ കണ്ട് പട്ടേലിനെതിരെ കേസെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. 25 കോടി രൂപ ആവശ്യപ്പെട്ട് പട്ടേല്‍ തന്റെ പിതാവിനെ ശല്യപ്പെടുത്തിയിരുന്നെന്നും പണം കൊടുത്തില്ലെങ്കില്‍ ഗുണ്ടാ ചട്ട പ്രകാരം ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അഭിനവ് പോലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. പട്ടേലിനെതിരെ മുംബൈ പോലിസ് എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയിട്ടുണ്ട്.

ജനപ്രതിനിധികളുമായി കൂടിയാലോചിച്ചായിരുന്നു മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നത്. എന്നാല്‍ ആരുമായും കൂടിയാലോചിക്കാതെ വര്‍ഗീയ അജന്‍ഡകള്‍ അടിച്ചേല്‍പ്പിക്കുകയാണ് പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റതു മുതല്‍ എന്ന് എം പി ഉള്‍പ്പെടെ ദ്വീപിലെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കള്‍ പറയുന്നു തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും ജീവനോപാധികളും പൊളിച്ചു നീക്കുക വഴി ദ്വീപ് നിവാസികളുടെ മുഖ്യമായ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കി. സര്‍ക്കാര്‍ ഓഫീസുകളിലെ ദ്വീപ് നിവാസികളായ താത്കാലിക ജീവനക്കാരെയും സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും മൃഗസംരക്ഷണ വകുപ്പ്, കാര്‍ഷിക വകുപ്പ് എന്നിവയില്‍ ജോലി ചെയ്യുന്ന നിരവധി പേരെയും പിരിച്ചുവിട്ടു. ഇവര്‍ക്കു പകരം പുറമെ നിന്ന് മുസ്ലിംകളല്ലാത്ത ഉദ്യോഗസ്ഥരെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായും പ്രചാരണമുണ്ട്. ഗോമാംസ നിരോധനത്തിനു തുടക്കമിട്ടുകൊണ്ട് വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന, രാജ്യത്ത് മറ്റെവിടെയും ഇല്ലാത്ത ചട്ടവും കൊണ്ടുവന്നിട്ടുണ്ട്.

ലോകമാസകലം കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ഒരു വര്‍ഷക്കാലത്തോളം ആ മഹാമാരി കടന്നുവരാത്ത പ്രദേശമായിരുന്നു ലക്ഷദ്വീപ്. പ്രതിരോധ തന്ത്രജ്ഞന്‍ കൂടിയായിരുന്ന മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്രക്കാര്‍ക്കുള്ള ക്വാറന്റൈനും കൊവിഡ് നിയന്ത്രണങ്ങളുമായിരുന്നു രോഗത്തെ തടഞ്ഞു നിര്‍ത്തിയത്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്നതിനു പിന്നാലെ ഈ നിയന്ത്രണങ്ങളില്‍ അയവു വരുത്തി.ജനുവരി മധ്യം വരെ ഒരൊറ്റ കൊവിഡ് കേസും റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപ് ജനസംഖ്യയില്‍ പത്ത് ശതമാനത്തോളം രോഗബാധിതരാണ് ഇപ്പോള്‍. ആവശ്യത്തിന് ആശുപത്രി സംവിധാനമില്ലാത്ത, ചികിത്സക്ക് കേരളത്തെയും മറ്റും ആശ്രയിക്കുന്ന ദ്വീപ് നിവാസികളെ ഇത് ഭീതിയിലാഴ്ത്തിയിട്ടുണ്ട.് ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ഗസ്റ്റ് ഹൗസിലോ ഹോസ്റ്റലുകളിലോ ഒരാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്നു കണ്ടാല്‍ മാത്രമേ നേരത്തേ കൊച്ചിയില്‍ നിന്ന് ദ്വീപിലേക്ക് യാത്ര അനുവദിച്ചിരുന്നുള്ളൂ. ഈ നിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് ദ്വീപില്‍ കൊറോണ വൈറസ് കടന്നുവന്നത്.

വികസന പദ്ധതികള്‍ക്കെന്നു പറഞ്ഞ് ഭരണകൂടത്തിന് ഭൂമി ഏകപക്ഷീയമായി ഏറ്റെടുക്കുന്നതിനുള്ള അധികാരം ലഭ്യമാക്കുന്ന ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റഗുലേഷന്‍ 2021 (എല്‍.ഡി.എ.ആര്‍.) എന്ന കരട് നിയമമാണ് ജനങ്ങളെ സമരപാതയിലെത്തിച്ചത്. നിയമത്തിനെതിരെ നീങ്ങുന്നവര്‍ക്ക് ജിവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ശിക്ഷയാകും. കാരണം വ്യക്തമാക്കാതെ ഒരു കൊല്ലം വരെ ഒരാളെ തടവിലടുന്നതിന് അധികാരം നല്‍കുന്ന ഗുണ്ടാ ആക്റ്റ് (ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഒഫ് ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് റഗുലേഷന്‍)  പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് ഉപയോഗിക്കുമെന്ന ആശങ്കയും ഉയരുന്നു. ബീഫ് നിരോധനം ലക്ഷ്യമിടുന്ന ലക്ഷദ്വീപ് മൃഗസംരക്ഷണ നിയമ നിര്‍മ്മാണത്തിനുള്ള നീക്കവും ഒരു ജനതയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായിക്കഴിഞ്ഞു.വികസനത്തിന്റെ മറവില്‍ ലക്ഷദ്വീപിനെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതിനുള്ളതാണ് പുതിയ നിയമ നിര്‍മ്മാണങ്ങളത്രയുമെന്ന് ജനങ്ങള്‍ കരുതുന്നു.

മിനിക്കോയ് ദ്വീപുകള്‍ക്ക് സമീപം കണ്ടെത്തിയ തീവ്രവാദ പ്രവര്‍ത്തനം, മയക്കുമരുന്ന്- ആയുധക്കടത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ സുരക്ഷാ തീരുമാനങ്ങള്‍ എന്ന്് ഔദ്യോഗിക വിശദീകരണം വന്നിരുന്നു. 3,000 കോടിയുടെ മയക്ക് മരുന്ന് ശ്രീലങ്കന്‍ ബോട്ടില്‍ നിന്ന് പിടിച്ചെടുത്തു. ഒപ്പം അഞ്ച് എ.കെ. 47 റൈഫിളുകളും. പക്ഷേ, ഇതിന്റെ പേരില്‍ ഒരു ജനതയെ മുഴുവന്‍ ശത്രപക്ഷത്തോ സംശയത്തിന്റെ മുള്‍മുനയിലോ നിര്‍ത്തി എത്രനാള്‍ മുന്നോട്ട് പോകാനാകുമെന്ന് ഭരണകൂടം ചിന്തിക്കുന്നില്ല.ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി, ആഭ്യന്തര സുരക്ഷാക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്ന അഭിപ്രായമാണു ശക്തമാകുന്നത്.

ദ്വീപുനിവാസികളുടെ നിരന്തര പങ്കാളിത്തം ഓരോ തീരുമാനങ്ങളിലും ഉറപ്പുവരുത്താന്‍ അഡ്മിനിസ്ട്രഷന് ആയാല്‍, ഇരുകൂട്ടര്‍ക്കും പരസ്പരം വിശ്വാസത്തിലെത്താന്‍ കഴിയും. അത് കാര്യങ്ങളില്‍ ഒരു വലിയ മാറ്റം കൊണ്ടുവരും.ബഹുഭൂരിപക്ഷം വരുന്ന ദ്വീപുനിവാസികളുടെ ക്ഷേമത്തിനായാണ് അധികൃതര്‍ പ്രവര്‍ത്തിക്കുന്നതെന്ന ബോധ്യം ഉരുത്തിരിയുകയെന്നതാണു പ്രധാനം. ഒപ്പം കടലിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുകയുമാകാം.നാവിക സേനയെയും കോസ്റ്റ് ഗാര്‍ഡിനെയും ആരും വില കുറച്ചു കാണേണ്ടതില്ല.-ദ്വീപിനെ അടുത്തറിയുന്നവര്‍ പറയുന്നു.

അടുത്ത ദിവസം വന്‍കരയുടെ തീരത്ത് ഒരു ബോട്ടില്‍ കുറച്ച് അജ്ഞാതമനുഷ്യര്‍ ആയുധങ്ങളുമായി എത്തിയെന്നറിഞ്ഞാല്‍ ആ പ്രദേശത്തെ മുഴുവന്‍ പേരെയും ശത്രുപക്ഷത്ത് നിറുത്തിയും അവരുടെ സൈ്വരജീവിതം തകിടം മറിച്ചും അല്ലല്ലോ ഇതുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് നീങ്ങുക? അതിന് രാജ്യത്ത് വ്യവസ്ഥാപിത സംവിധാനങ്ങളും പ്രോട്ടോകോളും നിലവിലുണ്ട്. അങ്ങനെയല്ല, മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അതിനു പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ സംശയിക്കപ്പെടുക സ്വാഭാവികം. ഭരണകൂടത്തിന്റെ വിശ്വാസ്യതയ്ക്ക് അത് കളങ്കമേല്‍പ്പിക്കുമെന്ന നിരീക്ഷണം തള്ളിക്കളയാനാകില്ല.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News