Foto

കൈയ്യടിച്ചോളൂ ദേ ഒരു കിരീടധാരണം

ഫുട്‌ബോളിനെ പ്രധാന കായിക വിനോദമായി കാണുന്ന നാടാണ് കേരളം. മൈതാനങ്ങളിൽ കാണുന്ന ആൾക്കൂട്ടങ്ങൾ മാത്രമല്ല, ദേശീയ ഫുട്‌ബോളിന് മികവുറ്റ കളിക്കാരെ കാലാകാലങ്ങളിൽ സംഭാവന ചെയ്തിട്ടുള്ള മണ്ണാണിത്. ദേശീയ കിരീടവും, ക്ലബ്ബ് കിരീടങ്ങളും നേടിയിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി പറയത്തക്ക നേട്ടങ്ങളൊന്നും കേരള ഫുട്‌ബോളിന്റെ പെർഫോമൻസ് ഡയറിയിലില്ല.  ഈ വറുതിക്ക് അറുതി വരുത്തിക്കൊണ്ടാണ് ഗോകുലം കേരള എഫ് സി ഐ ലീഗ് കിരീടം നേടിയിരിക്കുന്നത്.
    കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ, ചാംപ്യൻ ടീമിനൊത്ത പെരുമ കാഴ്ചവച്ചാണ് ഗോകുലം കേരള എഫ് സി മണിപ്പൂർ ക്ലബ്ബ് ട്രാവു എഫ് സിക്കെതിരെ 4-1 വിജയത്തോടെ പതിനാലാം ഐ ലീഗ് ഫുട്‌ബോൾ കിരീടത്തിൽ മുത്തമിട്ടത്. കേരളത്തിലുടനീളം ആകാംക്ഷയോടെ ടെലിവിഷന്റെ മുൻപിൽ ഇമ വെട്ടാതെ കളി കണ്ട ഫുട്‌ബോൾ പ്രേമികൾക്ക് നല്ലൊരു കളി വിരുന്നായിരുന്നു ഗോകുലത്തിന്റെ ട്രാവു എഫ് സിയുമായുള്ള നിർണ്ണായകമായ മത്സരം. 69 മിനിറ്റു വരെ ഒരു ഗോളിനു മുമ്പിൽ നിന്ന മണിപ്പൂർ ക്ലബ്ബിനെതിരെ ഇൻജൂറി ടൈമിലേതുൾപ്പെടെ തുടർച്ചയായി നേടിയ മറുപടിയില്ലാത്ത നാലു ഗോളുകളിലൂടെയാണ് ഐ ലീഗിൽ ഗോകുലം  കിരീടം കൈപ്പിടിയിൽ ഒതുക്കിയത്. ഇതിൽ മലയാളി താരങ്ങളായ എമിൽ ബെന്നിയുടെ രണ്ടാം ഗോളും, അവസാന നിമിഷത്തെ മുഹമ്മദ്  റാഷിദിന്റെ  നാലാം ഗോളും  എടുത്തു പറയേണ്ടതാണ്. 2017 ജനുവരിയിൽ രുപീകരിച്ച ഗോകുലം കേരള എഫ് സി, നാലാമത്തെ വർഷം തന്നെ ഐ ലീഗ് കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ ക്ലബ്ബായി മാറിയിരിക്കുകയാണ്. 2018 ൽ  കേരള പ്രീമിയർ ലീഗ് ചാംപ്യന്മാരായാണ് ആദ്യ നേട്ടം. 2019 - ൽ കൊൽക്കത്ത ക്ലബ്ബ് മോഹൻ ബഗാനെ തോൽപിച്ച് ഡ്യുറാൻഡ് കപ്പ് നേടിയതോടെയാണ് ഗോകുലം എഫ് സി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 2019-ൽ തന്നെ ബംഗ്ലാദേശിൽ ഷെയിഖ് കമാൽ ഇന്റർ നാഷണൽ ക്ലബ്ബ് കപ്പിൽ സെമിഫൈനൽ വരെ എത്തി. 2020 സീസണിൽ ഇന്ത്യൻ വനിതാ ലീഗ് ചാംപ്യൻ പട്ടം ഗോകുലം എഫ് സിക്കായിരുന്നു.
    ഐ ലീഗിൽ 2017-18 ലെ ആദ്യ സീസണിൽ 21 പോയിന്റുകളോടെ ഏഴാം സ്ഥാനത്തെത്തിയ ഗോകുലം എഫ് സി ഈ സീസണിൽ 29 പോയിന്റുകളോടെയാണ് ചാംപ്യന്മാരായത്. ഐ ലീഗിൽ പ്രവേശനം കിട്ടിയതു മുതൽ ലക്ഷ്യമിട്ടിരുന്ന ലീഗ് കിരീടം, കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ സീസൺ ഇടക്കുവച്ച് അവസാനിപ്പിക്കുമ്പോൾ നേരിയ വ്യത്യാസത്തിലാണ് 22 പോയിന്റുകളോടെ ഗോകുലം എഫ് സി അഞ്ചാം സ്ഥാനത്തെത്തിയത്.
    കോവിഡ് മഹാമാരി വരുത്തിയ ആഘാതത്തിൽ നിന്നും, കരുതലോടെയാണ് ഗോകുലം                എഫ് സി വിജയ തൃഷ്ണയുള്ള ഒരു ടീമായി മാറിയത്. മുപ്പത്തി ആറുകാരനായ, ഇറ്റലിയിൽ നിന്നുള്ള പരിശീലകൻ വിഞ്ചൻസോ  ആൽബർട്ടോ അനൈസേ അഞ്ചു മാസം കൊണ്ട്  ആക്രമണത്തിനു ഊന്നൽ നല്കിക്കൊണ്ട് കരുത്തുറ്റ ഒരു ടീമാക്കി ഗോകുലത്തെ മാറ്റിയത്. പതിനൊന്നു കളിക്കാരും ആക്രമിച്ചു കളിക്കുകയും, എന്നാൽ പ്രതിരോധത്തിൽ കരുതലെടുക്കുകയും ചെയ്യുന്ന ഒരു ടീമിനെ അനൈസേ ചുരുങ്ങിയ സമയം കൊണ്ടാണ്
രൂപപ്പെടുത്തിയത്. പതിന്നാലാമത്തെ ഐ ലീഗിൽ ഒമ്പതാമത്തെ പുതിയ ചാംപ്യനെ സൃഷ്ടിക്കുവാൻ അനൈസേയുടെ കുട്ടികൾക്കായി.
    നന്നായി കളിക്കുകയും കിരീടം നേടുകയും ചെയ്യണമെന്ന മാനേജ്‌മെന്റിന്റെ നിബന്ധനയാണ് ഗോകുലം എഫ് സി ടീം പാലിച്ചത്. തികച്ചും പ്രൊഫഷണലായ ഒരു മാനേജ്‌മെന്റാണ് ക്ലബ്ബ് പ്രസിഡണ്ട് വി.സി. പ്രവീൺ മുന്നിൽ നിന്നു നയിക്കുന്ന ഗോകുലം എഫ് സിക്കുള്ളത്. മികവുറ്റ ആസൂത്രണവും, ലക്ഷ്യങ്ങൾ കീഴടക്കണമെന്ന നിശ്ചയദാർഢ്യവും , വിജയത്തിൽ കുറഞ്ഞൊന്നുമില്ല എന്ന ആത്മവിശ്വാസവുമാണ് ഗോകുലം എഫ് സിയെ ഇന്ന് ക്ലബ് ഫുട്‌ബോളിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നത്. 24 വർഷങ്ങൾക്ക് മുൻപ് ദേശീയ തലത്തിൽ എഫ് സി കൊച്ചിൻ നേടിയ വിജയത്തിനു ശേഷം, കേരളത്തിൽ നിന്നും ഒരു പ്രൊഫഷണൽ ക്ലബ്ബ് നേടിയ ഈ വലിയ നേട്ടം ഒരു തുടർക്കഥയാകട്ടെ. ഒപ്പം ഫുട്‌ബോളിലെ നഷ്ട വസന്തങ്ങൾ നമുക്ക് വീണ്ടെടുക്കാം.

N . S . വിജയകുമാർ

 

Foto
Foto

Comments

leave a reply