കല്ലാവോ (പെറു): പന്ത്രണ്ട് ദിവസം നീണ്ട ലാറ്റിനമേരിക്കൻ പര്യടനത്തിന്റെ അവസാന പരിപാടിയായി പെറുവിലെ കല്ലാവോ നഗരത്തിലുള്ള ലാസ് പാൽമാസ് എയർബേസിൽ ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു. ഒന്നര ദശലക്ഷത്തോളം (15 ലക്ഷം) ആളുകൾ പങ്കെടുത്ത വിശുദ്ധ ബലി പെറുവിലെ ജനതയുടെ വിശ്വാസ സാക്ഷ്യമായി മാറി. "ഞാൻ പെറുവിനെ എപ്പോഴും എന്നോടൊപ്പം കൊണ്ടുനടക്കും"- രാജ്യത്തോട് വിടപറഞ്ഞുകൊണ്ട് സംസാരിച്ച പാപ്പയുടെ വാക്കുകൾ ജനക്കൂട്ടം ആവേശത്തോടെയാണ് സ്വീകരിച്ചത്.
പെറുവിലെ ആറു ദിവസം നീണ്ട സന്ദർശനത്തിലുടനീളം രാജ്യത്തെ 3.6 കോടി ജനങ്ങളോടും തദ്ദേശീയ ജനവിഭാഗങ്ങളോടുമുള്ള തന്റെ സ്നേഹം പാപ്പ പ്രകടിപ്പിച്ചിരുന്നു. വലിയ ആഹ്ളാദം പങ്കുവെച്ചുക്കൊണ്ടാണ് പെറുവിലെ ജനതയും ഈ ദിവസങ്ങളെ സ്വീകരിച്ചത്. രാജ്യത്തു രണ്ടു പതിറ്റാണ്ട് കാലം മിഷ്ണറിയായി സേവനം ചെയ്ത ആള് ആഗോള സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തു ആദ്യമായി എത്തിയപ്പോള്‍ പെറുവിലെ ജനം ഒരുക്കിയത് വാക്കുകള്‍ക്ക് അതീതമായ സ്നേഹ പ്രകടനമായിരിന്നു. വിവിധയിടങ്ങളില്‍ "പാപ്പ ഒരു പെറുവിയൻ ആണ്" എന്ന മുദ്രാവാക്യങ്ങളുമായി വിശ്വാസികൾ അദ്ദേഹത്തെ സ്വീകരിച്ചത്.
സന്ദർശനത്തിന്റെ അവസാനദിനം, വിശുദ്ധ തെരേസ ജോർനെറ്റ് ഇബാർസ് സ്ഥാപിച്ച 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ അബാൻഡൻഡ് എൽഡർലി' സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനവും പാപ്പ സന്ദർശിച്ചു. "ആത്മാക്കളെ രക്ഷിക്കാൻ ശരീരങ്ങളെ പരിചരിക്കുക" എന്ന സ്ഥാപകയുടെ ആപ്തവാക്യം അനുസ്മരിച്ച പാപ്പ, സ്ഥാപനത്തിന്റെ ശുശ്രൂഷകള്‍ക്ക് നന്ദി പറഞ്ഞു. ഏറ്റവും ദുർബലരും സംരക്ഷണം ആവശ്യമുള്ളവരുമായവർ സംരക്ഷിക്കപ്പെടേണ്ടതിന് പകരം ചൂഷണത്തിന് ഇരയാകുന്നു. ജീവനെ സ്നേഹിക്കുന്നതിന് പകരം നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന മുന്നറിയിപ്പും പാപ്പ നൽകി.
റോമിലെ സമയം രാത്രി 7.39നു കാറിൽ 'ബേസ് ഏരിയ ഡെൽ കല്ലാവോ'യിൽ എത്തിച്ചേർന്നു. അവിടെ എത്തിയ പാപ്പയെ, പ്രോട്ടോക്കോൾ പവലിയന്റെ പ്രവേശന കവാടത്തിൽവെച്ച്, വൈസ് പ്രസിഡന്റും മന്ത്രിസഭാ കൗൺസിൽ പ്രസിഡന്റുമായ ലൂയിസ് ഫെർണാണ്ടോ ഗലാറെറ്റ സ്വീകരിച്ചു. ഔദ്യോഗിക യാത്രയയപ്പിന് ശേഷം 'ലാറ്റാം എയർലൈൻസ്' (LATAM Airlines) ബോയിംഗ് 787-9 വിമാനത്തിൽ റോമിലേക്ക് മടങ്ങി. പാപ്പ സഞ്ചരിക്കുന്ന വിമാനം ഇന്നു നവംബർ 17 ചൊവ്വാഴ്ച റോം സമയം രാവിലെ 10.25-ന് ( ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 02.55) റോമിലെ ലിയോനാർഡോ ഡാവിഞ്ചി - ഫിയുമിസിനോ വിമാനത്താവളത്തിൽ എത്തിച്ചേരും. റോമിൽ എത്തിയ ശേഷം, ലെയോ പാപ്പ കാർ മാർഗ്ഗം വത്തിക്കാനിലേക്ക് പോകും.










Comments