Foto

കേരളം അങ്ങയെ മറന്നു മാപ്പ് 

കേരളം അങ്ങയെ മറന്നു മാപ്പ് 

കെ. ആര്‍. നാരായണനെന്ന അതുല്യ പ്രതിഭയെ മറന്ന് കേരളം

കൊച്ചി: രാഷ്ട്രപതിയുടെ പദവിയില്‍ എത്തിയ ഏക മലയാളിയുടെ നൂറ്റിയൊന്നാം ജന്‍മദിനം ആയിരുന്നു ഇന്ന്. എന്നാല്‍, അദ്ദേഹം ജനിച്ചുവളര്‍ന്ന കേരളത്തിന് ഓര്‍മ്മയേയില്ല ആ ദിനം. കേരള സര്‍ക്കാറോ മലയാള മാധ്യമങ്ങളോ ഓര്‍ക്കാത്ത കെ.ആര്‍ നാരായണന്റെ ജന്‍മശതാബ്ദി ആയിരുന്നു കഴിഞ്ഞ വര്‍ഷം ഈ ദിവസം. വിരല്‍ തൊട്ട മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച് മുന്നേറിയ ഒരു അസാമാന്യ വ്യക്തിത്വം ആര്‍ക്കും വേണ്ടാത്ത ഒരാളായി പില്‍ക്കാലത്ത് മാറുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പത്താമത്തെ പ്രസിഡന്റായിരുന്നു കെ. ആര്‍. നാരായണന്‍. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലും ഇന്ത്യയെ നയിച്ചത് ഇദ്ദേഹമായിരുന്നു. ഉപരാഷ്ട്രപതിയില്‍ നിന്നും നേരിട്ട് രാഷ്ട്രപതിയിലേക്ക് നാമനിര്‍ദ്ദേശം ലഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നോമിനേഷനെ എതിര്‍ക്കാന്‍ പ്രബല ശക്തികള്‍ ആരുമില്ലായിരുന്നു. സമര്‍ത്ഥനായ നയതന്ത്രജ്ഞന്‍ എന്നായിരുന്നു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നിട്ടും അദ്ദേഹത്തിനൊപ്പം ഇന്ത്യയെ നയിച്ച പ്രഥമ  പൗരന്‍മാര്‍ അനുസ്മരണക്കുറിപ്പുകളില്‍ ആഘോഷിക്കപ്പെടുമ്പോള്‍ അദ്ദേഹം മാത്രമെങ്ങനെയാണ് മറവിയിലേക്ക് മറയുന്നത്? രാഷ്ട്രപതി ആയിരിക്കെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കെ. ആര്‍ നാരായണനെ രാഷ്ട്രപതി ഭവന്‍ മാത്രം ഓര്‍ത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കെ. ആര്‍ നാരായണന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 16 വര്‍ഷം മുമ്പാണ് കെ. ആര്‍ നാരായണന്‍ മരിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു പ്രതിമപോലും ജന്‍മനാട്ടിലില്ല. ഭാര്യയുടെയും മക്കളുടെയും ആഗ്രഹപ്രകാരം കോച്ചേരില്‍ തറവാട്ടിലെ സ്മൃതിമണ്ഡപത്തില്‍ ചിതാഭസ്മം  സൂക്ഷിച്ചിട്ടുണ്ട്. ഈ സ്മൃതിമണ്ഡപം അടക്കം അദ്ദേഹത്തിന്റെ തറവാട് വീട് സംരക്ഷിക്കുമെന്ന് നിയമസഭാ സ്പീക്കറായിരിക്കെ ഇപ്പോഴത്തെ പട്ടികജാതി പട്ടിവര്‍ഗ ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്‍ ഇവിയെത്തിയപ്പോള്‍ പറഞ്ഞിരുന്നു. കോട്ടയത്തെ കോഴായിലുള്ള നൂറ് ഏക്കറില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി കാര്‍ഷിക സര്‍വകലാശാല അടക്കം പലതും സ്ഥാപിക്കുമെന്നും വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒന്നും നടപ്പായില്ല. 

മലയാളിയായ ആദ്യ രാഷ്ട്രപതി കൂടിയായിരുന്നു കെ. ആര്‍. നാരായണന്‍. ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും നിന്ന് സ്വപ്രയത്‌നം കൊണ്ട് മാത്രം ഉയര്‍ന്നു വന്നൊരാള്‍. ജീവിതം കൊണ്ട് ദരിദ്രനെങ്കിലും പ്രതിഭ കൊണ്ടും കഴിവു കൊണ്ടും ധനികനായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത് കുറിച്ചിത്താനം സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം. ലോകപ്രശസ്തനായ രാഷ്ട്രമീമാംസകന്‍ ഹാരോള്‍ഡ് ലാസ്‌കിയുടെ പ്രിയപ്പെട്ട ശിഷ്യന്‍.  പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രത്യേക താത്പര്യ പ്രകാരം ബര്‍മ്മയില്‍ ഇന്ത്യന്‍ വിദേശ കാര്യാലയത്തിലെ നയതന്ത്ര ഉദ്യോഗം. ഇന്തോ- ചൈന യുദ്ധത്തിന് ശേഷം ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍. പിന്നീട് അമേരിക്കന്‍ അംബാസിഡര്‍. ഇന്ത്യ-- അമേരിക്ക നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ കെ. ആര്‍. നാരായണന്‍ വഹിച്ച പങ്ക് ചെറുതല്ല. 1985 -ല്‍ രാജീവ് ഗാന്ധി നയിച്ച മന്ത്രിസഭയില്‍ ഒറ്റപ്പാലത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട്  ആസൂത്രണ വകുപ്പ് സഹമന്ത്രിയായി. വന്‍ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മന്ത്രിപദവിയിലേക്കുളള പ്രവേശനം.ഒരിക്കലും സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന ഒരു ലക്ഷ്യത്തിലേക്കാണ് പിന്നീട് അദ്ദേഹം എത്തിയത്. 1992 -ല്‍ ആഗസ്റ്റ് -21 ന് ഭാരതത്തിന്റെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി. രണ്ട് വര്‍ഷത്തിന് ശേഷം 1997 -ല്‍ തൊണ്ണൂറ്റഞ്ച് ശതമാനം വോട്ട് നേടി അദ്ദേഹം ഭാരതത്തിന്റെ രാഷ്ട്രപതിയായി.രാജ്യത്തെ പരമോന്നത പദവി അഭിമാനകരമാം വിധം കൈയാളിയെങ്കിലും കേരളത്തിന്റെ ഓര്‍മ്മയില്‍ അദ്ദേഹമില്ല. നമ്മുടെ സര്‍ക്കാറോ രാഷ്ട്രീയ കക്ഷികളോ ഭരണകര്‍ത്താക്കളോ സാംസ്‌കാരിക സംഘടനകളോ ഒന്നും അദ്ദേഹത്തെ ഓര്‍ക്കുന്നുമില്ല. 


 

Foto
Foto

Comments

  • Sal
    27-10-2021 07:07 PM

    Its not today

leave a reply

Related News