Foto

നൂറിനും അപ്പുറത്തു കുതിച്ച് പെട്രോള്‍

നൂറിനും അപ്പുറത്തു
കുതിച്ച് പെട്രോള്‍

ക്രൂഡ് ഓയില്‍ വില മാത്രം കണക്കാക്കിയാണ് പെട്രോള്‍, ഡീസല്‍ വില
നിശ്ചയിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ 35 രൂപയ്ക്ക് അവ ലഭിക്കുമായിരുന്നു

ഇന്ധന വില ഇന്നും വര്‍ധിച്ചു. തിരുവനന്തപുരം നഗരത്തിലും കാസര്‍കോടും പെട്രോള്‍ വില ലിറ്ററിന് നൂറ് കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് ഉയര്‍ന്നത്.

തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് വില 100.15 രൂപയും ഡീസലിന് 95.99 രൂപയുമായി. കാസര്‍കോട് പെട്രോളിന് 100.16 രൂപ. കൊച്ചിയില്‍ പെട്രോളിന്  98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് വില. ഇന്ധന വില വര്‍ദ്ധിക്കുന്നതിന്റെ പ്രതിഫലനം നിത്യോപയോഗ സാധനങ്ങളുടെ ദീര്‍ഘകാല വില നിലവാരത്തിലും പ്രകടം.പെട്രോളിന്റെയും ഡീസലിന്റെയും ഉത്പന്നങ്ങളുടെ വില ഉയരുമ്പോള്‍ അതിന്റെ ആഘാതം വിലക്കയറ്റമായും പണപ്പെരുപ്പമായും സമ്പദ്വ്യവസ്ഥയില്‍ മൊത്തമായി പ്രതിഫലിക്കും. ദിനം തോറുമുള്ള ഇന്ധനവില വര്‍ധന സമ്പന്നരെയും മധ്യവര്‍ഗത്തെയും ബാധിക്കുന്നതിനെക്കാള്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ വാങ്ങല്‍ ശേഷിയെയും അവരുടെ ജീവിതനിലവാരത്തെയുമാണ് തകരാറിലാക്കുന്നത്.
 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ചു ചുമത്തുന്ന നികുതികളാണ് ഇന്ധനവില വര്‍ധനവിന്റെ പ്രധാന കാരണം.ആഗോളതലത്തില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുമ്പോള്‍ അത് കൃത്യമായി ഉപഭോക്താക്കളിലേക്ക് കൈമാറും. അതേസമയം ഇന്ധനവില കുറയുമ്പോള്‍ സര്‍ക്കാരുകള്‍ പുതിയ നികുതിയും മറ്റും ചുമത്തി സ്വന്തം വരുമാനം വര്‍ധിപ്പിക്കും. അതിനാല്‍ വില കൂടിയിരുന്നപ്പോള്‍ നല്‍കിയിരുന്ന പണംതന്നെ ഉപഭോക്താക്കള്‍ തുടര്‍ന്നും നല്‍കേണ്ടതായിവരുന്നു. ക്രൂഡ് ഓയിലിന്റെ വില മാത്രമാണ് പെട്രോള്‍-ഡീസല്‍ വിലയെ നിശ്ചയിക്കുന്നതെങ്കില്‍ ഇന്ന് ഇന്ത്യയില്‍ 35 രൂപയ്ക്ക് പെട്രോളും ഡീസലും ലഭിക്കണം. 2014 മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഏഴ് വര്‍ഷത്തിനുള്ളില്‍ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയിലുള്ള വര്‍ധന 258 ശതമാനമാണ്; ഡീസലിന്റേത് 828 ശതമാനവും. ക്രൂഡ് ഓയിലിന്റെ വില മാത്രമാണ് പെട്രോള്‍-ഡീസല്‍ വിലയെ നിശ്ചയിക്കുന്നതെങ്കില്‍ ഇന്ന് ഇന്ത്യയില്‍ 35 രൂപയ്ക്ക് പെട്രോളും ഡീസലും ലഭിക്കുമായിരുന്നു.
 
എസ്.ബി.ഐ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യകാന്ത് ഘോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം  പെട്രോളിന്റെയും ഡീസലിന്റെയും വില ജി.എസ്. ടി. പരിധിയിലേക്ക് വന്നാല്‍ പെട്രോള്‍ 75 രൂപയ്ക്കും ഡീസല്‍ 68 രൂപയ്ക്കും ലഭിക്കാവുന്നതാണ്.പക്ഷേ, അതിലൂടെ കേന്ദ്ര-സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം ഏകദേശം ഒരു ലക്ഷം കോടി രൂപയോ അല്ലെങ്കില്‍ ജി.ഡി.പി.യുടെ 0.4 ശതമാനമോ ആകും. അതിനാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില്പന നികുതി, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ നികുതികള്‍ക്ക് പകരം ഈ ഉത്പന്നങ്ങളെ ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തിനാല്‍ ഇന്ധനവില നിര്‍ണയത്തില്‍ ജി.എസ്.ടി അന്യമായി നില്‍ക്കുന്നു.
 
2002ല്‍ വാജ്‌പേയ് സര്‍ക്കാര്‍ വിമാന ഇന്ധനത്തിന്റെയും 2010 ജൂണില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പെട്രോളിന്റെയും 2014 ഒക്ടോബറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഡീസലിന്റെയും എണ്ണവിലയിലെ നിയന്ത്രണം ഒഴിവാക്കി.വിലനിയന്ത്രണം ഒഴിവാക്കിയതിലൂടെ എണ്ണവിതരണ കമ്പനികളായ ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ക്ക് തങ്ങളുടെ ചെലവിനെയും ലാഭത്തെയും അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വിലനിര്‍ണയാവകാശം നല്‍കി. അവര്‍ക്ക് എണ്ണ വില്‍ക്കുന്ന ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ എന്നീ കമ്പനികള്‍ക്ക് ആഗോളവിപണിയിലെ വിലയ്ക്കനുസരിച്ചാണ് ക്രൂഡോയില്‍ ലഭിച്ചിരുന്നത്. ഇന്ധനവില നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിനുശേഷം ആദ്യകാലത്ത് മാസത്തില്‍ ഒരു തവണയും പിന്നീട് മാസത്തില്‍ രണ്ടുതവണയും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റങ്ങള്‍ പ്രകടമായി. 2017 ജൂണ്‍ 17 മുതല്‍ എല്ലാ ദിവസവും രാവിലെ 6 മണിക്ക് ഇന്ധനവില പുനര്‍ നിശ്ചയിക്കുന്നു.
 
വിപണിയില്‍ ലഭിക്കുന്ന ഗുണങ്ങള്‍ രാജ്യത്തെ ഓരോ പൗരനും ലഭിക്കണമെങ്കില്‍ ഓയില്‍പൂള്‍ അടക്കമുള്ള വിലനിയന്ത്രണ നടപടികള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു ചിലരുടെ വാദം. അങ്ങനെ വരുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറയുമ്പോള്‍ ഇന്ത്യയിലും കുറയും, കൂടുമ്പോള്‍ ഇന്ത്യയിലും കൂടും. അതായത് അന്താരാഷ്ട്ര വിപണിയിലെ എല്ലാ ആനുകൂല്യങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഗുണകരമായ നടപടിയാണ് ഓയില്‍പൂള്‍ എടുത്തുകളയല്‍ എന്നായിരുന്നു വാദം. എന്നാല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടിയാലും കുറഞ്ഞാലും ഇവിടെ ഉയര്‍ന്ന വില തന്നെ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയുടെ വര്‍ധനയ്ക്കനുസരിച്ച് ആഭ്യന്തര വിപണിയിലെ നിരക്കുകള്‍ പുനഃക്രമീകരിക്കുന്നതിലൂടെ ഇന്ത്യയില്‍ ദിനംപ്രതി ഇന്ധനവില വര്‍ധിക്കുന്നു.
 
ആഗോളതലത്തില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുമ്പോള്‍ അത് കൃത്യമായി ഉപഭോക്താക്കളിലേക്ക് കൈമാറും. അതേസമയം ഇന്ധനവില കുറയുമ്പോള്‍ സര്‍ക്കാരുകള്‍ പുതിയ നികുതിയും മറ്റും ചുമത്തി സ്വന്തം വരുമാനം വര്‍ധിപ്പിക്കും. അതിനാല്‍ വില കൂടിയിരുന്നപ്പോള്‍ നല്‍കിയിരുന്ന പണംതന്നെ ഉപഭോക്താക്കള്‍ തുടര്‍ന്നും നല്‍കേണ്ടതായിവരുന്നു. ഇന്ധനവിലയുടെ കയറ്റിറക്കത്തില്‍ വന്‍ നേട്ടം കൊയ്യുന്നു സര്‍ക്കാര്‍.കമ്പനികളും ലാഭം കൂട്ടുന്നു.

ബാബു കദളിക്കാട്

Foto

Comments

leave a reply