Foto

ജോർ ജോറായി കളിക്കേണ്ട ജോക്കോവിച്ച് തവിടുപൊടി

ജോർ ജോറായി കളിക്കേണ്ട
ജോക്കോവിച്ച്  തവിടുപൊടി

റോജർ ഫെഡററുടെയും, റഫേൽ  നദാലിന്റെയും പുരുഷ ടെന്നിസിലെ 20 ഗ്രാൻസ്‌ലാം വിജയങ്ങൾക്കൊപ്പം ബിഗ്ത്രീയിലെ നൊവാക് ജോക്കോവിച്ച് എത്തിയത് ഇക്കഴിഞ്ഞ വിംബിൾഡൺ കിരീട വിജയത്തോടെയാണ്. ഫെഡററും, നദാലും നിറം മങ്ങിയ വർഷം തുടർച്ചയായി മൂന്ന് മേജർ കിരീടങ്ങൾ- ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പൺ, ജൂണിൽ ഫ്രഞ്ച് കിരീടം, ജൂലൈയിൽ വിംബിൾഡൺ- തുടർച്ചയായി നേടിയ ജോക്കോവിച്ച് ടോക്കിയോ ഒളിംപിക്‌സിലും, തുടർന്ന് യു.എസ്. ഓപ്പണിലും ഫൈനൽ വിജയങ്ങളോടെ 52 വർഷങ്ങൾക്കു ശേഷം കലണ്ടർ ഗ്രാൻസ്‌ലാമിനൊപ്പം ഗോൾഡൻ സ്‌ലാം തന്നെ നേടുമെന്നായിരുന്നു കണക്കുകൂട്ടൽ. ടോക്കിയോ ഒളിംപിക്‌സിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവ് , ജോക്കോവിന്റെ വിശ്വകായിക മേളയിലെ പുരുഷസിംഗ്ൾസ് മെഡൽ സ്വപ്നങ്ങൾ തകർത്തിരുന്നു. ന്യൂയോർക്കിലെ ആർതർ  ആഷേ സ്റ്റേഡിയത്തിൽ, ഇത്തവണത്തെ യു.എസ് ഓപ്പണിൽ ഒരെയൊരു സെറ്റ് മാത്രം വഴങ്ങിയിട്ടുള്ള റഷ്യയുടെ ഡാനിൽ മെദ്‌വേദേവ് കന്നി  ഗ്രാൻസ്‌ലാം യു.എസ്. ഓപ്പണിലൂടെ നേടുമ്പോൾ അത് ജോക്കോവിച്ചിനെ നിലം പരിശാക്കിക്കൊണ്ടായിരിക്കണമെന്ന് ടെന്നീസ് പ്രേമികൾ കരുതിയിരുന്നില്ല. രണ്ട് മണിക്കൂർ നീണ്ടുനിന്ന ഫൈനൽ പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജോക്കോ വഴങ്ങിയതാണ് അൽഭുതപ്പെടുത്തിയ മറ്റൊരു കാര്യം. ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ ജോക്കോമെദ്‌വെദേവിനെ തോൽപ്പിച്ചാണ് തന്റെ കരിയറിലെ പതിനെട്ടാമത്തെ ഗ്രാൻസ്‌ലാം സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ യു.എസ്. ഓപ്പണിൽ ജോക്കോ അനായാസം ജയിച്ചു കയറുമെന്നു കരുതിയിരുന്നു. ആർതർ ആഷേ സ്റ്റേഡിയത്തിൽ ജോക്കോ തന്റെ 52 വർഷങ്ങൾക്ക് മുൻപുള്ള നേട്ടത്തിനൊപ്പമെത്തുന്നത്  കാണാൻ 23700 കാണിക്കൾക്കൊപ്പം ഓസ്‌ട്രേലിയൻ ടെന്നീസ് ഇതിഹാസം റോഡ്  ലേവറും 83-ാം വയസ്സിൽ എത്തിയിരുന്നു. എന്നാൽ തന്നൊടൊപ്പം ഗ്രാൻസ് ലാം കിരീട നേട്ടങ്ങൾ പങ്കുവയ്ക്കുന്ന റോജറും, റാഫേലും  പരിക്കുമൂലം മൽസരിക്കുവാനിറങ്ങാത്ത വർഷാദ്യത്തിലെ മേജർ ഫൈനലിൽ അവരെ മറികടക്കുവാൻ ജോക്കോയ്ക്കു കഴിഞ്ഞില്ല. ഫ്രഞ്ച് ഓപ്പണിൽ നദാലിനോടും, സിറ്റ് ഡിപാസിനോടും, രണ്ടു തവണ വിംബിൾഡണിൽ റോജർ ഫെഡററോടും കളിച്ച കളി ബേസ് ലൈനിൽ നിന്നും എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന പതിവു ശൈലി യു.എസ് ഓപ്പണിലെ നിർണായക മൽസരത്തിൽ വിലപ്പോയില്ല.
    
തന്റെ മൂന്നാമത്തെ ഗ്രാൻസ്‌ലാം ഫൈനലിലാണ് മെദ്‌വദേവ് 16 തീ പാറുന്ന എയിസുകൾ പായിച്ചു  നേരിട്ടുള്ള സെറ്റുകളിൽ ജോക്കോവിനെ വീഴ്ത്തിയത്. കളിയുടെ അന്തിമ വിശകലനത്തിൽ നെറ്റ് പോയിന്റ്‌സ് വിജയങ്ങളിൽ ജോക്കോ പതിവുപോലെ മുന്നിൽ നിന്നെങ്കിലും, ബ്രേക്ക് പോയിന്റുകൾ കിട്ടിയതിൽ പകുതിയും വിന്നറുകൾ ആക്കി മാറുവാൻ റഷ്യൻ താരത്തിന് കഴിഞ്ഞു. ഡബിൾ ഫാൾട്ടുകളും മെദ്‌വദേവിനായിരുന്നു കൂടുതലും (9). പക്ഷെ 99 പോയിന്റുകൾക്കെതിരെ 83 പോയിന്റുകൾ നേടുവാനേ  ജോക്കോയ്ക്കു സാധിച്ചുള്ളു.
    
ഏതു കളിയും, പ്രത്യേകിച്ചും ബിഗ്ത്രീയിലെ റോജർക്കും, നദാലിനുമെതിരെ മുന്നു സെറ്റുകൾക്കപ്പുറം കൊണ്ടു പോകുവാനും സമ്മർദ്ദമില്ലാതെ തനിക്ക് അനുകൂലമാക്കുവാനും കഴിഞ്ഞിട്ടുള്ള സെർബിയൻ താരത്തിന് ഒളിംപിക്‌സിലും, തുടർന്ന് യു. എസ്. ഓപ്പണിലും തിരിച്ചു വരുവാനും, തിരിച്ചടിക്കുവാനും കഴിയാതെ പോയതാണ് നന്നേ പുലർച്ചെ ഉറക്കച്ചടവോടെ ജോക്കോ വിജയത്തിനായി ഉണർന്നിരുന്ന ഇന്ത്യയിലെ ആയിരക്കണക്കിന് ടെന്നീസ് പ്രേമികളെ നിരാശരാക്കിയത്. ഓസ്‌ട്രേലിയൻ ഓപ്പൺ മുതൽ യു.എസ്. ഫൈനൽ വരെ തുടർച്ചയായ 27 മൽസരങ്ങളിലെ വിജയക്കുതിപ്പാണ് പുതുതലമുറയുടെ കരുത്തന്മാരിൽ ഒരാളായ മെദ്‌വദേവ് തടഞ്ഞു നിറുത്തിയത്.
    
2020-ൽ കലണ്ടർ ഗ്രാൻസ്‌ലാം യാഥാർത്ഥ്യമാക്കുവാൻ കിട്ടിയ അപൂർവ്വ അവസരം മുതലാക്കുവാൻ കഴിയാത്ത ജോക്കോവിന് ഇനിയുള്ള വർഷങ്ങളിൽ അത്തരമൊരു നേട്ടത്തിന് അർഹനാകുവാൻ കഴിയണമെന്നില്ല. മറ്റൊന്നുമല്ല പുരുഷ ടെന്നിസീലെ സമവാക്യങ്ങൾ മാറുകയായി. റോജർ, റഫേൽ , ജോക്കോമാരുടെ ആധിപത്യത്തിന് ഇളക്കം തട്ടിക്കുവാൻ ഇനിയുള്ള ദിനങ്ങളിൽ മെദ്‌വദേവും, സിറ്റ് സി പാസും, ഡൊമിനിക് തീമുമൊക്കെ കാത്തിരിക്കുന്നു. തങ്ങളുടെ പിൻ തലമുറക്കാർക്ക് ഒരിക്കലും ബിഗ് ത്രീ ഇംപാക്ട് ടെന്നിസിൽ ഉണ്ടാക്കുവാൻ കഴിയണമെന്നില്ല. നീണ്ട കാലയളവുകളിൽ അപൂർവം മാത്രമേ  ഇങ്ങനെയൊരു ഇതിഹാസ താരങ്ങളുടെ ഉജ്ജ്വല പ്രകടനം കാണുവാൻ കഴിയുകയുള്ളൂ. ഫെഡറർ, നദാൽ, ജോക്കോവിച്ചുമാർ ടെന്നീസിന് നൽകിയ വിലപ്പെട്ട സംഭാവനകൾ, ആദരവ് തോന്നിക്കുന്ന സൗഹൃദങ്ങൾ അടുത്ത സീസണിലും ഈ മൂവർ സംഘത്തെ അവരുടെ പ്രായത്തെ മറികടക്കുന്ന പ്രകടനങ്ങളുമായി ടെന്നീസ് കോർട്ടുകളെ പുളകം കൊള്ളിക്കുവാൻ പ്രാപ്തരാക്കട്ടെ. ഒപ്പം അവർക്കെതിരെ മികച്ച പോരാട്ടമൊരുക്കുവാൻ യുവതാരങ്ങൾക്കു കഴിയട്ടെ. നല്ല കളിയാണല്ലോ നമുക്കാവശ്യം.  
                                    
എൻ എസ്  വിജയകുമാർ

 

Video Courtesy : US Open  Tennis championships

Foto

Comments

  • Professor M T Thomas
    15-09-2021 07:10 AM

    Superb, Mr Vijayakumar. Keep it up.

leave a reply