Foto

ഐഎസ്ആര്‍ഒ കേസില്‍ സിബി മാത്യൂസും ശ്രീകുമാറും പ്രതി സ്ഥാനത്തേക്ക്

ഐഎസ്ആര്‍ഒ കേസില്‍
സിബി മാത്യൂസും ശ്രീകുമാറും
പ്രതി സ്ഥാനത്തേക്ക്

നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി ബി ഐയുടെ എഫ് ഐ ആര്‍

ഐ.എസ്.ആര്‍.ഒ ചാരവൃത്തിക്കേസിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ കൈകാര്യം ചെയ്യാനുള്ള ദൗത്യം സി. ബി. ഐ ഏറ്റെടുത്തെന്ന അഭ്യൂഹം ശക്തമായതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുന്‍ ഡിജിപിമാരായ സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, എസ് പിമാരായിരുന്ന എസ് വിജയന്‍, കെ കെ ജോഷ്വ എന്നിവരെ പ്രതി ചേര്‍ത്തു.കേരള പോലീസ്, ഐ ബി ഉദ്യോഗസ്ഥരടക്കം 18 പേരെ പ്രതി ചേര്‍ത്താണ് സി ബി ഐ തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.

ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിര്‍ദേശം നല്‍കിയത്. സംഭവ സമയത്ത് പേട്ട സിഐ ആയിരുന്ന എസ് വിജയന്‍ ഒന്നാം പ്രതിയും പേട്ട എസ് ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് രണ്ടാം പ്രതിയുമാണ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി ആര്‍ രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂ നാലാം പ്രതിയും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാര്‍ ഏഴാം പ്രതിയുമാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കവേ വര്‍ഗീയ കലാപം അരങ്ങേറുമ്പോള്‍ ഗുജറാത്തില്‍ ഡി.ജി.പി ആയിരുന്ന ആര്‍.ബി. ശ്രീകുമാറിനെ പൂട്ടാന്‍  പ്രധാനമന്ത്രിയുടെ ഇംഗിതപ്രകാരം സി. ബി. ഐ ഉന്നമിടുന്നുണ്ടെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.

നേരത്തെ, കേസ് അന്വേഷിച്ച സിബിഐ നമ്പി നാരായണന്‍ അടക്കമുള്ളവര്‍ക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കി. ഇത് സംബന്ധിച്ച് നടന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.ഗൂഢാലോചനയില്‍ ഉമ്മന്‍ ചാണ്ടി തുടങ്ങിയുള്ള ചില രാഷ്ട്രീയ പ്രമുഖരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും കെ. കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു തെറിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നുമുള്ള ആരോപണവും സി. ബി. ഐ  അന്വേഷിക്കുമോയെന്ന കാര്യം ഇനിയും വ്യക്തമല്ല.നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍  ബി ജെ പി കേരളത്തിലെ രണ്ട് മുന്നണികള്‍ക്കെതിരെയും ചാരവൃത്തിക്കേസ് ആയുധമാക്കുകയും തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചാരക്കേസ് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് വഴക്കാണ് നമ്പി നാരായണന്റെ ശാസ്ത്രജീവിതം അവസാനിപ്പിച്ചതെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം കേരള രാഷ്ട്രീയത്തില്‍ വീണ്ടുമൊരു കോളിളക്കത്തിനു വഴിയൊരുക്കുമോ എന്ന സംശയം തീവ്രമാണ്.

അടിസ്ഥാനമില്ലാതെ കെട്ടിപ്പൊക്കിയതെന്നു പറയപ്പെടുന്ന ചാരക്കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള ചുമതല സി. ബി. ഐ ഏറ്റെടുക്കുന്നത് മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ട രണ്ടു ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്ന ആരോപണം പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. മുന്‍ ഡിജിപി: സിബി മാത്യൂസ്, മുന്‍ എസ്പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവരുടെ പേരുകള്‍ എഫ്.ഐ.ആറില്‍ സ്ഥാനം പിടിക്കുമെന്ന സൂചന ആദ്യം തന്നെ പുറത്തുവന്നിരുന്നു. ചാരക്കേസ് നടക്കുമ്പോള്‍ തിരുവനന്തപുരത്ത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാറിനും കുടുക്കിടുന്നു ഇപ്പോള്‍ എഫ്.ഐ.ആറിലൂടെ.

ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് പിന്നില്‍ സംഘ് പരിവാര്‍ ആണെന്നതിന് താന്‍ തെളിവ് ഹാജരാക്കിയിരുന്നു. അതാണ് തനിക്കെതിരെയുള്ള പകയ്ക്ക് കാരണം. അന്ന് ഒപ്പം പ്രവര്‍ത്തിച്ച മറ്റൊരു ഐ പി എസ് ഓഫീസര്‍ ആയ സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചത് പോലെ വേട്ടയാടാനുള്ള നീക്കത്തിന്റെ ഭാഗമാണ് സി.ബി.ഐ അന്വേഷണമെന്നും ആര്‍.ബി ശ്രീകുമാര്‍ പറഞ്ഞിരുന്നു. 'ഒരു വ്യക്തിക്കു പറയാനുള്ളത് കേള്‍ക്കാതെ അയാളെ വിധിക്കരുതെന്നും കുറ്റക്കാരനെന്ന് മുദ്ര കുത്തരുതെന്നുമുള്ള സ്വഭാവിക നീതിയുടെ ബലത്തിലുള്ള നിയമം സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ബാധകമല്ലെന്നുണ്ടോ?' - ചാരവൃത്തിക്കേസില്‍ സിബി മാത്യൂസ് അനാവശ്യമായി പഴി കേള്‍ക്കേണ്ടിവരുന്നു എന്നു വിശ്വസിക്കുന്ന ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചതിങ്ങനെ. അതോ സി.ബി.ഐ അന്വേഷണം നടക്കണമെന്നത് മുന്‍കൂട്ടിയുള്ള തീരുമാനമാണോ? ഈ കേസിലേക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യം ആകര്‍ഷിച്ചെടുക്കാന്‍ നമ്പി നാരായണനു കഴിഞ്ഞത് നിര്‍ണ്ണായകമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ചില പിന്നാമ്പുറ സംഭവങ്ങള്‍ അയവിറക്കിയാണ്..  

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ ഉണ്ടായ 2002 ലെ ഗോധ്ര ട്രെയിന്‍ തീവയ്പും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപവും രാജ്യം ഞെട്ടലോടെ ഇപ്പോഴും ഓര്‍മിക്കുന്നു. രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട തീവയ്പും ലഹളയും കൊള്ളയും ആണ് അരങ്ങേറിയത്. അക്കാലത്ത് ഗുജറാത്തില്‍ അഡീഷണല്‍ ഡി.ജി.പി ആയിരുന്ന അര്‍. ബി. ശ്രീകുമാര്‍ ഇന്റലിജന്‍സ് മേധാവിയെന്ന നിലയില്‍ മനസിലാക്കിയ ഭരണകൂടത്തിന്റെ വര്‍ഗീയ അജന്‍ഡ ജസ്റ്റീസ് നാനാവതിയുടെ ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ പിന്നീട് അനാവരണം ചെയ്തു. കമ്മീഷന്‍ മോദിയെ കുറ്റവിമുക്തനാക്കിയെങ്കിലും തന്നെ കുരിശിലേറ്റാന്‍ ഉദ്യമിച്ച ശ്രീകുമാറിനെ അദ്ദേഹത്തിനു മറക്കാനായില്ല. രാജ്യത്തിനകത്തും പുറത്തും തനിക്കെതിരെ പ്രസംഗവേദികളില്‍ കത്തിക്കയറിയ ശ്രീകുമാറിനെ മോദി നോട്ടമിട്ടിരുന്നു.ഗുജറാത്ത് സര്‍ക്കാര്‍ ശ്രീകുമാറിന് അര്‍ഹമായ പ്രമോഷന്‍ നിഷേധിച്ചെങ്കിലും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്ന് 2006ല്‍ അദ്ദേഹത്തിന് അനുകൂല വിധി ലഭിക്കുകയായിരുന്നു.1994 ല്‍ ഐബി ഉദ്യോഗസ്ഥനായിരിക്കെ ശ്രീകുമാറും ചാരവൃത്തിക്കേസ് അന്വേഷിച്ചിരുന്നു.

കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ജസ്റ്റീസ് ജയിന്‍ കമ്മീഷന്‍ രണ്ടര വര്‍ഷം തെളിവെടുപ്പു നടത്തിയെങ്കിലും നമ്പി നാരായണനില്‍ നിന്നു മാത്രമാണു മൊഴിയെടുത്തതെന്ന ന്യൂനത നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.  ഉദ്യോഗസ്ഥരെ തീര്‍ത്തും ഒഴിവാക്കി. 2021 ഏപ്രില്‍ 3 ന് മുദ്ര വച്ച കവറിലാണ് സുപ്രീം കോടതിക്ക് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഏപ്രില്‍ 15ന് ഈ റിപ്പോര്‍ട്ട് ജസ്റ്റീസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായുള്ള സുപ്രീം കോടതി ബഞ്ച് പരിഗണിക്കവേ സിബി മാത്യുവിനുവേണ്ടി ഹാജരായ അഡ്വ.അമിത് ശര്‍മ്മ ചൂണ്ടിക്കാട്ടി: എന്റെ കക്ഷിക്ക് പറയാനുള്ളത് ജസ്റ്റീസ് ജയിന്‍ കേട്ടില്ല. 'അതിന്റെ അവശ്യമില്ല' എന്നായിരുന്നു മറുപടി. എങ്കില്‍ റിപ്പോര്‍ട്ടിന്റെ പതിപ്പ് എനിക്ക് നല്‍കണം; എനിക്കെതിരായ ആരോപണങ്ങള്‍ അതിലാണല്ലോ? അവ എന്തെന്ന് അറിയണമല്ലോ - അഡ്വ.ശര്‍മ്മ വാദിച്ചു. റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്നും അന്വേഷണ വേളയില്‍ സി.ബി.ഐ അക്കാര്യങ്ങള്‍ പറയും എന്നുമായിരുന്നു ജഡ്ജിമാരുടെ നിലപാട്.സിബി മാത്യുവിനു  പറയാനുള്ളതെല്ലാം അപ്പോള്‍ പറയാമെന്നും അഭിപ്രായപ്പെട്ടു ജഡ്ജിമാര്‍.

ഇതിനിടെ, നമ്പി നാരായണനെ കണ്ടിട്ടുപോലുമില്ലെന്നും ഒരന്വേഷണത്തിലും ആശങ്കയില്ലെന്നുമാണ് തനിക്കെതിരെ സി. ബി. ഐയുടെ ചടുല നീക്കം വരുന്നതായുള്ള അഭ്യൂഹത്തോടു പ്രതികരിക്കവേ  ആര്‍.ബി. ശ്രീകുമാര്‍ പറഞ്ഞത്. 'നമ്പി നാരായണനുമായോ കേസുമായോ ഒരു ബന്ധവുമില്ല. നമ്പി നാരായണനെ ഞാന്‍ ചോദ്യം ചെയ്തിട്ടില്ല, അറസ്റ്റു ചെയ്തിട്ടില്ല. അന്വേഷണമുണ്ടായാല്‍ത്തന്നെ ഭയമില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഒരിടത്തും ഒരിക്കല്‍പ്പോലും വകുപ്പുതല നടപടികള്‍ നേരിട്ടിട്ടില്ല.ന്യായമായ കാര്യങ്ങളേ ചെയ്തിട്ടുള്ളൂ അന്വേഷണത്തിന്റെ ഭാഗമായി സര്‍ക്കാരുകള്‍ക്ക് ഇഷ്ടപ്പെട്ട റിപ്പോര്‍ട്ട് എഴുതിക്കൊടുക്കാനാവില്ല. '- അദ്ദേഹം പറഞ്ഞതിങ്ങനെ.

അതേസമയം, ആര്‍.ബി. ശ്രീകുമാറിനോട് പ്രതികാരം ചെയ്യാനാണ് സി.ബി.ഐ. അന്വേഷണമെന്ന ആരോപണത്തെ 'കുറ്റം ചെയ്തവര്‍ പരിഭ്രമിച്ചാല്‍ മതി. ഒരിക്കലും കോടതികളുടെ നിഷ്പക്ഷതയെ ഞങ്ങള്‍ ചോദ്യം ചെയ്തിട്ടില്ലെ'ന്നുള്ള പ്രതികരണവുമായാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. കോടതികളുടെ നിഷ്പക്ഷത ചോദ്യം ചെയ്തതുകൊണ്ട് ശ്രീകുമാറിന് എന്തെങ്കിലും രക്ഷ കിട്ടുമെന്നു തോന്നുന്നില്ല. എന്തൊക്കെ അന്വേഷിക്കണമെന്നു സി.ബി.ഐ.യാണ് തീരുമാനിക്കുന്നത് -മുരളീധരന്‍ പറഞ്ഞു.

ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കേസില്‍ കുടുക്കിയ മുന്‍ പൊലീസ് ഓഫീസര്‍മാരുടെ പങ്ക് അന്വേഷിച്ച ജസ്റ്റിസ് ഡി.കെ. ജയിന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി ഏപ്രില്‍ 15ന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് പഠിച്ച ശേഷം, അന്വേഷണം ഏതെങ്കിലും യൂണിറ്റിന് കൈമാറണോ അതോ ഡല്‍ഹിയിലെ പ്രത്യേക കുറ്റാന്വേഷണ സംഘത്തിന് നല്‍കണോയെന്ന് തീരുമാനിക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ രഹസ്യമായിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ അന്വേഷണ വിഷയങ്ങള്‍ എഫ്.ഐ.ആറിലൂടെ മാത്രമേ പുറത്തു വരൂ. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള ഗൂഢാലോചന, വ്യാജ തെളിവുകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാം.

ചാരവൃത്തിക്കേസില്‍ തെളിവുകളില്ലെന്നും കള്ളക്കേസാണെന്നും സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് 1996 മേയ് രണ്ടിന് എറണാകുളം സി.ജെ.എം കോടതി സ്വീകരിച്ചിരുന്നു. അതില്‍ തൃപ്തി വരാത്ത സര്‍ക്കാര്‍ കേസന്വേഷണത്തിന് സി.ബി.ഐക്ക് അനുമതി നല്‍കിയ വിജ്ഞാപനം പിന്‍വലിച്ച് പോലീസ് പുനരന്വേഷണം നടത്തണമെന്ന് 1996 ജൂണ്‍ 27 ന് വിജ്ഞാപനമിറക്കി. ഇത് സുപ്രീം കോടതി റദ്ദാക്കി. അതിനുശേഷവും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി വേണ്ടെന്ന് 2011 ജൂണ്‍ 29 ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന്റെ ഉത്തരവു റദ്ദാക്കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ നിലപാട് ശരിവച്ചു. തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ 2018 സെപ്തംബര്‍ 14 നാണ് സുപ്രീം കോടതി ജസ്റ്റിസ് ഡി.കെ. ജയിന്‍ കമ്മിഷനെ നിയോഗിച്ചത്.

നേരത്തെ കേസന്വേഷിച്ച സി ബി ഐ പ്രത്യേക സംഘം ഗൂഢാലോചന സംബന്ധിച്ച ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു വിധിയെഴുതിയത്. എന്നാല്‍ കേസില്‍ കഴമ്പുണ്ടെന്നും ഗൗരവതരമായ ഒരു ഗൂഢാലോചന ഇതിനു പിന്നില്‍ അരങ്ങേറിയിട്ടുണ്ടെന്നുമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ് ഇതേക്കുറിച്ചന്വേഷിക്കാന്‍് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ കോടതി ബഞ്ച് സി ബി ഐയോട് ആവശ്യപ്പെട്ടത്. കേസ് കെട്ടിച്ചമച്ചതാണോ, കേരള പോലീസ് നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചോ, എങ്കില്‍ ആരൊക്കെ ചേര്‍ന്ന് എന്തിനു വേണ്ടി  എന്നിവയാണന്വേഷിക്കേണ്ടത്. ജസ്റ്റിസ് ജെയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നു വ്യക്തമാക്കിയ കോടതി മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സി ബി ഐയോട് ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം തന്നെ ഇക്കാര്യത്തില്‍ വേണമെന്ന നിഗമനത്തിലാണ് കോടതി.

27 വര്‍ഷം മുമ്പു നടന്ന അറസ്റ്റിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നോ എന്നതാണ് മുഖ്യ അനേഷണ വിഷയം.ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ പുതിയ അധ്യായമാണ് ഇതിലൂടെ രചിക്കപ്പെടുന്നത്. സിബിഐ അന്വേഷണം സത്യസന്ധമായിരിക്കുമോയെന്ന ചോദ്യം ഗൗരവ സ്വഭാവമുള്ളതായി മാറുന്നു, വ്യവഹാര നടപടികളുടെ പിന്നാമ്പുറം അവലോകനം ചെയ്യുമ്പോള്‍. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പുണ്ടാക്കാന്‍ പോന്ന കണ്ടെത്തലുകള്‍ സി ബി ഐ യുടെ റിപ്പോര്‍ട്ടിലുണ്ടാകുമെന്ന അഭ്യൂഹം ശരിയാകുമോയെന്ന ചോദ്യവും ഉയരുന്നു.

1994 നവംബര്‍ 30 നാണ്് നമ്പി അറസ്റ്റിലായത്. 4 ദിവസം കഴിഞ്ഞ് ഡിസംബര്‍ 4 ന് കേസന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന അഭിപ്രായം സിബി മാത്യൂസ് രേഖപ്പെടുത്തി. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകന്‍ പ്രഭാകര റാവുവിന് ഐ എസ് ആര്‍ ഒയിലെ വന്‍ കോണ്‍ട്രാക്ടുകള്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കു നല്‍കിയതിലുള്ള പങ്ക് അന്വേഷണത്തിനിടെ വ്യക്തമായതാണ് സിബി മാത്യുവിന്റെ ഈ നടപടിക്കു കാരണമായത്. തൊട്ടുപിന്നാല റാവു തിരുവനന്തപുരത്തു വന്നു. കേരള പോലീസിന്റെയും ഐബിയുടെയും അന്വേഷണം അട്ടിമറിക്കാന്‍ സിബിഐക്ക് റാവു നിര്‍ദേശം നല്‍കി. ഹൈദരാബാദ് സ്വദേശിയായ സിബിഐ ഡയറക്ടര്‍ വിജയരാമ റാവു ഇക്കാര്യങ്ങള്‍ സുഗമമാക്കി.

'ചാരവൃത്തിക്കേസ് കളവാണ്;തെളിവില്ലാത്ത ആരോപണം മാത്രമാണ് ' എന്ന റിപ്പോര്‍ട്ട് 1996 ഏപ്രില്‍ 30ന് എറണാകുളം സിജെഎം കോടതിയില്‍ സിബിഐ നല്‍കി.തുടര്‍ന്ന് എല്‍ ഡി എഫ് അധികാരത്തില്‍ വന്നശേഷം കേസ് വീണ്ടും അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി നായനാര്‍ ഉത്തരവിട്ടു. ഇതിനെതിരെ 1998 ഏപ്രില്‍ 29ന് സുപ്രീം കോടതിയില്‍ നിന്ന് വിധിയുണ്ടായി, കേരള സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന നിരീക്ഷണത്തോടെ. തുടര്‍ന്നാണ് പ്രതികള്‍ വിവിധ കേസുകള്‍ ഫയല്‍ ചെയ്തത്.
 
കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും  കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിക്കുകയും ചെയ്ത കേസാണിത്.
'സ്മാര്‍ട്ട് വിജയന്‍' എന്ന് അറിയപ്പെട്ടിരുന്ന എസ്. വിജയന്‍ ആയിരുന്നു 1994 ഒക്ടോബറില്‍  ചാരക്കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍. സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ഋഷിരാജ് സിങ്ങിനുവേണ്ടി വിജയന്‍ വാടകവീട്  അന്വേഷിച്ചിറങ്ങിയതാണ്  കേസിനിടയാക്കിയത്. സിറ്റിയില്‍ വാടകവീട് കിട്ടാന്‍ ബുദ്ധിമുട്ടി. ഒട്ടുമിക്ക വീടുകളും മാലദ്വീപുകാര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നതായി കണ്ടെത്തി. ഇതേക്കുറിച്ച് നടത്തിയ അന്വേഷണം മാലദ്വീപുകാരിയായ മറിയം റഷീദയിലെത്തി.

വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് വിസ കാലാവധി നീട്ടിക്കിട്ടാന്‍ ശ്രമിക്കുന്നതിനിടെ, നഗരത്തിലെ ഒരു ഹോട്ടലില്‍നിന്ന്  മറിയം റഷീദ അറസ്റ്റിലായി. ഹോട്ടലില്‍ കഴിയവേ, അവര്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ശാസ്ത്രജ്ഞനെ ഫോണ്‍ ചെയ്തതായി പോലീസ് കണ്ടെത്തി. ഇതെന്തിനെന്ന ചോദ്യത്തിന് തൃപ്തികരമായിരുന്നില്ല മറിയം റഷീദയില്‍ നിന്നു കിട്ടിയ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് രാജ്യരക്ഷാ താത്പര്യങ്ങളുടെ ലംഘനം സ്പെഷ്യല്‍ ബ്രാഞ്ച് സംശയിച്ചതോടെ ചാരക്കേസ് പൊട്ടിപ്പുറപ്പെട്ടു.അമൂല്യ ശാസ്ത്ര രഹസ്യം മറ്റൊരു പാകിസ്ഥാന് ചോര്‍ത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.

നവംബര്‍ 30 ന് ഐ.എസ്.ആര്‍.ഒ.യിലെ എല്‍.പി.എസ്.സി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന നമ്പി നാരായണനെ അറസ്റ്റ് ചെയ്തു.പിന്നാലെ ഐ.എസ്.ആര്‍.ഒ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ശശികുമാരന്‍, മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ എന്നിവരും അറസ്റ്റിലായി. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ഔദ്യോഗിക രഹസ്യനിയമത്തിന്റെ മൂന്ന്, നാല്, അഞ്ച് വകുപ്പുകള്‍ ചേര്‍ത്തിരുന്നു. നമ്പി നാരായണനെ 18 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. അറസ്റ്റിലായി 52 ാം ദിവസമാണ് ജാമ്യം ലഭിച്ചത്.

'ഇതില്‍ ചാരമൊന്നുമില്ല, ആകെ ഒരു ചാരമേയുള്ളൂ. അത് വ്യഭിചാരമാണ്' എന്നാണ് കേസിനെ മുഖ്യമന്ത്രി കെ. കരുണാകരന്‍ വിശേഷിപ്പിച്ചത്.ചാരക്കേസ് വരുന്നതിനു മുമ്പുതന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ എ ഗ്രൂപ്പ് നീക്കം തുടങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കരുണാകരന്‍ മുസ്ലിം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ ചാണ്ടി രാജിവെച്ചതോടെ എ, ഐ ഗ്രൂപ്പ് യുദ്ധം തീവ്രമായി. നേതൃമാറ്റത്തിനായി മുറവിളി കൂട്ടിയവര്‍് കേസ് ആയുധമാക്കി. ആരോപണവിധേയനായ ദക്ഷിണമേഖലാ  ഐ.ജി. രമണ്‍ ശ്രീവാസ്തവയെ കരുണാകരന്‍ സംരക്ഷിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. ഇതുവഴി പരോക്ഷമായി ചാരക്കേസില്‍ കരുണാകരനും തെറ്റുകാരനായി ചിത്രീകരിക്കപ്പെട്ടു. മാധ്യമവിചാരണയും കരുണാകരനെതിരായി.

ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ കരുണാകരന്‍ കരിങ്കൊടി കണ്ടു. പൊതുവേദിയില്‍ അദ്ദേഹം കൂക്കുവിളി കേട്ടു. കേസില്‍ പ്രതിയല്ലെങ്കിലും പ്രതിക്ക് സമമായി കരുണാകരന്‍ പൊതുവിചാരണയ്ക്ക് ഇരയായി. കോണ്‍ഗ്രസില്‍നിന്ന് തന്നെയാണ് ഇതിന് ഇന്ധനം പകര്‍ന്ന് കിട്ടിയത്. ഘടകകക്ഷികള്‍കൂടി കൈവിട്ടതോടെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട്  പഴയ പ്രതാപത്തിലേക്ക് അദ്ദേഹത്തിന് മടങ്ങാനായില്ല.ചാരക്കേസ് കെ കരുണാകരനെതിരെ ചിലര്‍ ഒരു രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോസ്ഥര്‍ മാത്രമല്ല, അഞ്ച് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കൂടി കേസിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും 2018 സെപ്തംബറില്‍ തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചിരുന്നു. മുന്‍ മന്ത്രി ടി എച്ച് മുസ്തഫ ഉള്‍പ്പെടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കേസിനു പിന്നില്‍ കളിച്ച ചില പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ തുറന്നു പറയുകയും ചെയ്തു.


ഐ.ജി. ആയിരുന്ന രമണ്‍ ശ്രീവാസ്തവയെ കേസിലെ പ്രതികളുമായി  ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
സസ്പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ തിരികെ പ്രവേശിച്ച ശ്രീവാസ്തവ പിന്നീട് ഡെപ്യൂട്ടേഷനില്‍ കേന്ദ്ര സര്‍വീസിലേക്ക് പോയി. മുന്‍ മുഖ്യമന്ത്രി കരുണാകരനുമായി ഏറെ അടുപ്പംപുലര്‍ത്തിയിരുന്നു അദ്ദേഹം. 2006ല്‍  അധികാരത്തിലെത്തിയ യു.ഡി.എഫ്. സര്‍ക്കാര്‍ ശ്രീവാസ്തവയെ സംസ്ഥാന പോലീസ് മേധാവിയാക്കി. മുതിര്‍ന്ന രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരെ  മറികടന്നായിരുന്നു നിയമനം. പിന്നീട് അധികാരത്തിലെത്തിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രീവാസ്തവയെ നിലനിര്‍ത്തി. വിരമിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവായിരുന്നു മുന്‍ സര്‍ക്കാരിന്റെ കാലത്ത്  രമണ്‍ ശ്രീവാസ്തവ.

ഡി.ഐ.ജി. ആയിരിക്കവേയാണ് സിബി മാത്യൂസ്  ചാരക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനു നേതൃത്വം നല്‍കിയത്. കരിക്കിന്‍വില്ല കൊലപാതകം, സൂര്യനെല്ലി പെണ്‍വാണിഭം, കല്ലുവാതുക്കല്‍ മദ്യദുരന്തം, ഐസക് വധം തുടങ്ങിയ  പ്രമാദമായ കേസുകള്‍ അന്വേഷിച്ചു തെളിയിച്ച മികവാര്‍ന്ന ട്രാക്ക് റെക്കോര്‍ഡും സത്യസന്ധതയും സ്വന്തമായുള്ളയാള്‍. ഇന്റലിജന്‍സ്   മേധാവിയും ഡി.ജി.പി.യുമായി സ്ഥാനക്കയറ്റം ലഭിച്ചു.പിന്നീട് മുഖ്യ വിവരാവകാശ കമ്മീഷണറായി.

സി.ബി.ഐ. അന്വേഷിച്ച് തള്ളിയ കേസ് ആദ്യമായാണ് സംസ്ഥാന പോലീസ് പുനരന്വേഷിച്ചത്. ഇതിനെതിരേ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രത്യേകസംഘത്തെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി. ഇതിനെതിരേ 1997ല്‍ അദ്ദേഹം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. 1998ല്‍ കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കേസില്‍ പ്രതിചേര്‍ത്ത മറിയം റഷീദ, ഫൗസിയ ഹസന്‍, നമ്പി നാരായണന്‍ തുടങ്ങിയവര്‍ക്ക് കോടതി ചെലവിനത്തില്‍ ഒരു ലക്ഷം രൂപ പിഴയായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.സി.ബി.ഐ. സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള വീഴ്ചകള്‍ സംബന്ധിച്ചും പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ തുടങ്ങിയവര്‍ക്കെതിരെ നടപടികളൊന്നുമുണ്ടായില്ല.

2011ല്‍  രഹസ്യ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കുന്നതിന്  സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.  ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്ന് അടുത്ത വര്‍ഷം സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരേ വീണ്ടും നമ്പി നാരായണന്‍ ഹൈക്കോടതിയിലെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി സംഗിള്‍ ബെഞ്ച് ഉത്തരവായി.ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2013ല്‍ ഒരു ഉന്നതതല സമിതി രൂപവത്കരിച്ചു. തുടര്‍ന്ന് സിബി മാത്യൂസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് തള്ളി. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്ന 2012ലെ സര്‍ക്കാര്‍ തീരുമാനം ശരിവെച്ചു. ഇതിനെതിരേ 2015ല്‍ നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചു. 2018 സെപ്റ്റംബര്‍ 14ന് 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിനും സുപ്രീം കോടതി ഉത്തരവിട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ എങ്ങനെ, എന്തെല്ലാം നടപടികള്‍ സ്വീകരിക്കാമെന്നത് ജെയിന്‍ സമിതിക്ക്  നിര്‍ദേശിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന നമ്പി നാരായണന്റെ ആവശ്യം പരിഗണിച്ചാണ് പിന്നീട് സുപ്രീം കോടതി കേസ് നടപടികളുമായി മുന്നോട്ടു പോയതും ജെയിന്‍ സമിതിക്ക് രൂപം നല്‍കിയതും.

നമ്പി നാരായണന് 3 കേസുകളിലായി ഇതുവരെ 1.90 കോടി രൂപ നഷ്ടപരിഹാരമായി ലഭിച്ചു.2018 സെപ്റ്റംബര്‍ 14 നാണ് സുപ്രീം കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്. 7 മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നമ്പിയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. 50 ലക്ഷം നല്‍കി.ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നമ്പി നാരായണന് നേരത്തേ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഒരു കോടി രൂപയും 1999 മുതലുള്ള പലിശയും ആവശ്യപ്പെട്ട് നമ്പി നാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം 1.30 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.

നമ്പിയുടെ സിദ്ധാന്ത പ്രകാരം ആര്‍.ബി. ശ്രീകുമാര്‍ രാജ്യ ദ്രോഹിയാണ്. നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ട ഈ കണ്ടുപിടുത്തമാണ് ഐ എസ് ആര്‍ ഒ കേസിന് പുതിയ വിതാനങ്ങളേകിയത്. 2018ല്‍ നമ്പിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കവേ സുപ്രീം കോടതി അതിനുതകുന്ന പഴുതിട്ടു നല്‍കി:ശ്രീകുമാറിനെ കുരുക്കാന്‍ ജെയിന്‍ സമിതി.' ഞെട്ടിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി'യെന്ന പ്രഖ്യാപനവുമായാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ 15 ന് സുപ്രീം കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ലക്ഷ്യങ്ങള്‍ രണ്ടാണെന്നു വ്യക്തം. 1 - ശ്രീകുമാറിനെ ക്രിമിനല്‍ കേസില്‍ കുടുക്കി അകത്താക്കുക. 2 - കേരളത്തിലെ കോണ്‍ഗ്രസില്‍ ആളിക്കത്തി നിന്ന ഗ്രൂപ്പിസം മൂലമാണ് ചാരവൃത്തി കേസ് ഉണ്ടായതെന്ന് സ്ഥാപിക്കുക. ഉത്തരം കണ്ടെത്തിയ ശേഷം അതിലേക്കുള്ള മാര്‍ഗം വെട്ടിത്തെളിക്കാനുള്ള ദൗത്യമാണ് സിബിഐയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന് കേരളത്തിലെ ഒരു വിഭാഗം പോലീസ് ഓഫീസര്‍മാര്‍ കരുതുന്നു.

തിരുവനന്തപുരം ജില്ലയിലെ ഊരുട്ടമ്പലം സ്വദേശിയാണ് ആര്‍.ബി. ശ്രീകുമാര്‍. 1947 ഫെബ്രുവരി 12 ന് ജനനം. ചരിത്രത്തിലും ഗാന്ധി ചിന്തയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം 1971 ല്‍ ഐ.പി.എസ്. കാരനായി. 'ഗുജറാത്ത് ഇരകള്‍ക്കുവേണ്ടി ഒരു പോരാട്ടം' എന്ന പുസ്തകത്തിന്റ രചയിതാവാണ്.' തന്റെ ഉള്‍ക്കാഴ്ചയുടെയും ദീര്‍ഘദര്‍ശനത്തിന്റെയും പേരില്‍ ഇന്നും ശ്രീകുമാര്‍ വേട്ടയാടപ്പെടുകയാണ്. ധീരനും നട്ടെല്ലുള്ളവനുമായി ഈ ഓഫീസര്‍ ഇപ്പോള്‍ മനുഷ്യാവകാശപ്രസ്ഥാനങ്ങളുടെ നട്ടെല്ലായിമാറിയിരിക്കുന്നു. മോദി സര്‍ക്കാര്‍ മാറുന്നതിന്റെ ഒരു ലക്ഷണവും ഇപ്പോള്‍ കാണുന്നില്ല. കോടതികള്‍ പോലും ഇവിടെ അനുസരണശീലം കാണിക്കുകയാണ്. ഈ അവസ്ഥ ഇന്ത്യന്‍ ഭരണഘടനയ്ക്കും നീതിന്യായവ്യവസ്ഥയ്ക്കും എക്സിക്യൂട്ടീവിനും ഒരു ലിറ്റ്മസ് ടെസ്റ്റാണ്.'- ശ്രീകുമാറിനെപ്പറ്റി ടീസ്റ്റ സെതെല്‍വാദ് പറഞ്ഞതിങ്ങനെ.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News